3 April 2023 11:00 AM GMT
Summary
- ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് മോശമായിക്കൊണ്ടിരിക്കുകയാണ്
ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് മോശമായിക്കൊണ്ടിരിക്കുകയാണ്. സ്റ്റാര്‍ട്ടപ്പ് ഡീലുകള്‍ ഒന്‍പത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. കഴിഞ്ഞ വര്‍ഷം ഓരോ മൂന്ന് മണിക്കൂറിലും ഇടപാടുകള്‍ നടന്നിരുന്ന സ്ഥാനത്ത് ഫെബ്രുവരിയില്‍ ഓരോ 10 മണിക്കൂറിലുമാണ് ഒരു സ്റ്റാര്‍ട്ടപ്പിന് ഫണ്ടിംഗ് ലഭിച്ചത്-മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2022ല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ധനസഹായം 33 ശതമാനം കുറഞ്ഞ് 24 ബില്യണ്‍ ഡോളറിലെത്തിയതായി പിഡബ്ല്യുസി ഇന്ത്യ പുറത്തുവിട്ട 'സ്റ്റാര്‍ട്ടപ്പ് ട്രാക്കര്‍- 22' റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം 2019, 2020 വര്‍ഷങ്ങളിലേതിന്റെ ഇരട്ടിയാണ് കഴിഞ്ഞവര്‍ഷം ലഭ്യമായത്. മാന്ദ്യത്തിനിടയിലും ആഗോള നിക്ഷേപകര്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നുണ്ടെന്ന് വേണമെങ്കില്‍ അനുമാനിക്കാം. 2019ല്‍ 13.2 ബില്യണ്‍ ഡോളറും 2020ല്‍ 10.9 ബില്യണ്‍ ഡോളറും 2021ല്‍ 35.2 ബില്യണ്‍ ഡോളറുമാണ് ഫണ്ടിംഗ് ഇനത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യമായത്.
2021, 2022 വര്‍ഷങ്ങളിലെ മൊത്തം ഫണ്ടിംഗിന്റെ 60-62 ശതമാനം പ്രാരംഭ ഘട്ട ഡീലുകളാണെന്നും ഒരു ഡീലിന്റെ ശരാശരി ടിക്കറ്റ് വലുപ്പം നാല് മില്യണ്‍ ഡോളറാണെന്നും റിപ്പോര്‍ട്ട് പറയുന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍, പ്രാരംഭ ഘട്ട ഡീലുകള്‍ 2022ലെ മൊത്തം ഫണ്ടിംഗിന്റെ ഏകദേശം 12 ശതമാനം സംഭാവന ചെയ്തു. 2021ല്‍ ഇത് ഏകദേശം ഏഴ് ശതമാനം ആയിരുന്നു. വളര്‍ച്ചാഘട്ട, അവസാന ഘട്ട ഫണ്ടിംഗ് ഡീലുകള്‍ 2022ലെ ഫണ്ടിംഗ് പ്രവര്‍ത്തനത്തിന്റെ 88 ശതമാനം ആണ്. മൊത്തം ഡീലുകളുടെ എണ്ണത്തിന്റെ 38 ശതമാനം ആണ് അവസാന ഘട്ട ഡീലുകള്‍. റിപ്പോര്‍ട്ട് അനുസരിച്ച്, വളര്‍ച്ചാഘട്ട ഡീലുകളിലെ ശരാശരി ടിക്കറ്റ് വലുപ്പം 43 മില്യണ്‍ ഡോളറും അവസാനഘട്ട ഡീല്‍ 2022ല്‍ 94 മില്യണ്‍ ഡോളറുമാണ്.
സ്റ്റാര്‍ട്ടപ്പ് ഡീലുകള്‍ ഒന്‍പത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍
ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് മോശമായിക്കൊണ്ടിരിക്കുകയാണ്. സ്റ്റാര്‍ട്ടപ്പ് ഡീലുകള്‍ ഒന്‍പത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. കഴിഞ്ഞ വര്‍ഷം ഓരോ മൂന്ന് മണിക്കൂറിലും ഇടപാടുകള്‍ നടന്നിരുന്ന സ്ഥാനത്ത് ഫെബ്രുവരിയില്‍ ഓരോ 10 മണിക്കൂറിലുമാണ് ഒരു സ്റ്റാര്‍ട്ടപ്പിന് ഫണ്ടിംഗ് ലഭിച്ചത്. ഇത് നല്‍കുന്ന സൂചന അത്ര നല്ലതല്ല. നിക്ഷേപകര്‍ പണമിറക്കാന്‍ മടിക്കുകയാണ്.
രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള ധനസമാഹരണം ഫെബ്രുവരിയില്‍ 38 ശതമാനമാണ് കുറഞ്ഞത്. ജനുവരിയിലെ 96.2 കോടി ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഫെബ്രുവരിയില്‍ ഇത് 59.8 കോടി ഡോളര്‍ മാത്രമാണെന്ന് സ്വകാര്യ നിക്ഷേപ ട്രാക്കറായ ട്രാക്സണ്‍ വ്യക്തമാക്കുന്നു.
മുന്‍ മാസത്തെ 84നെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ ഇടപാടുകളുടെ എണ്ണം 67 ഫണ്ടിംഗ് റൗണ്ടുകളായി കുറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. ധനസമാഹരണം കുറയുന്നത് തുടരുന്നുണ്ടെങ്കിലും ഇന്‍ഷുറന്‍സ് ദേഖോ, ഫ്രെഷ്ടുഹോം, ഫോണ്‍പേ എന്നിവയില്‍ നിന്ന് ഫെബ്രുവരിയില്‍ 10 കോടി ഡോളറിന് മുകളില്‍ മൂന്ന് ഫണ്ടിംഗ് റൗണ്ടുകളെങ്കിലും ഉണ്ടായിരുന്നു. കൂടാതെ കെറ്റില്‍ബറോ വിസി, എസ്ബിഐ ഹോള്‍ഡിംഗ്സ്, പെര്‍സോള്‍, ജെഎസ്പിഎല്‍, പൈപ്പര്‍ സെറിക്ക തുടങ്ങിയവ ഉള്‍പ്പെടെ 20 പുതിയ വെഞ്ച്വര്‍ ക്യാപ്പിറ്റലുകളും നിക്ഷേപകരും ഫെബ്രുവരിയില്‍ ഇന്ത്യയില്‍ തങ്ങളുടെ ആദ്യ നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട് പറയുന്നു.
ഫെബ്രുവരിയില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പില്‍ ഏകദേശം 125 നിക്ഷേപകരാണുള്ളത്. ആദ്യഘട്ട നിക്ഷേപകരായ ഏഞ്ചലിസ്റ്റും ലെറ്റ്‌സ്വെഞ്ച്വറും യഥാക്രമം 372, 365 ഇടപാടുകളോടെ മികച്ച നിക്ഷേപക സ്ഥാനം നേടി.
ഡെല്‍ഹി എന്‍സിആര്‍ സ്റ്റാര്‍ട്ടപ്പുകളാണ് ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ ധനം സമാഹരിച്ചത്. തുടര്‍ന്ന് 2023 ബെംഗളൂരു, ഗുഡ്ഗാവ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളും.
സ്റ്റാര്‍ട്ടപ്പുകളിലെ നിയമനത്തില്‍ 44 ശതമാനം ഇടിവ്
ആഗോള രാഷ്ട്രീയ സാഹചര്യങ്ങളെ തുടര്‍ന്ന് നിയമനത്തില്‍ കുറവുണ്ടായതോടെ 2022ല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ സമ്മര്‍ദത്തിലായിരുന്നതായി സി.ഐ.ഇ.എല്‍.എച്ച്.ആര്‍ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 2022ലെ ജനുവരി-മാര്‍ച്ച് കാലയളവിലെ നിയമനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒക്ടോബര്‍- ഡിസംബര്‍ മാസങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകളിലെ നിയമനത്തില്‍ 44 ശതമാനം ഇടിവുണ്ടായി. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച 60 സ്റ്റാര്‍ട്ടപ്പുകളില്‍ ജോലി ചെയ്യുന്ന 60,704 ജീവനക്കാരുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് പഠനം.
സ്ഥിരതയുള്ള ജോലി, ഉയര്‍ന്ന ശമ്പളം, മെച്ചപ്പെട്ട തൊഴില്‍-ജീവിത രീതി എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നതിനാല്‍ നിരവധി സ്റ്റാര്‍ട്ടപ്പ് ജീവനക്കാര്‍ മറ്റ് ജോലികളിലേക്ക് പോകുന്നതിന് ഈ മേഖല സാക്ഷ്യംവഹിച്ചു.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 64 ശതമാനത്തിലധികം പേരും സ്ഥിരതയുള്ള ജോലി ആഗ്രഹിക്കുന്നവരായിരുന്നു. 47 ശതമാനത്തിലധികം പേരും തൊഴില്‍ സുരക്ഷ ഒരു പ്രധാന ആശങ്കയാണെന്നും 27 ശതമാനം പേര്‍ മെച്ചപ്പെട്ട വേതനം വേണമെന്നും 26 ശതമാനം പേര്‍ സ്ഥാപിത സ്ഥാപനങ്ങളില്‍ ജോലി ചെയ്യണമെന്നും അഭിപ്രായപ്പെട്ടു.
സ്റ്റാര്‍ട്ടപ്പുകളില്‍ ആകെ 24 ശതമാനം സ്ത്രീ പ്രാതിനിധ്യവും നേതൃസ്ഥാനങ്ങളില്‍ 11 ശതമാനവുമാണുള്ളതെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തി. സ്ത്രീകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ നിലനില്‍ക്കാനും പുരോഗതി നേടാനും പല തടസ്സങ്ങളുള്ളതായി പഠനം പറയുന്നു.
എന്നിരുന്നലും നിലവിലെ സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ മുന്‍നിരയില്‍ ഇന്ത്യ തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയും വൈദഗ്ധ്യവുമുള്ള പ്രതിഭകള്‍ക്കായി സ്റ്റാര്‍ട്ടപ്പുകള്‍ ഇന്നും തിരച്ചില്‍ തുടരുകയാണെന്ന് സി.ഐ.ഇ.എല്‍. എച്ച്.ആര്‍ സര്‍വീസസ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ആദിത്യ നാരായണ്‍ മിശ്ര പറയുന്നു.
സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ച
അമേരിക്കയിലെ സുപ്രധാന ബാങ്കായ സിലിക്കണ്‍ വാലി ബാങ്കിന്റെ (SVB) തകര്‍ച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തിരിച്ചടിയാണ്. സ്റ്റാര്‍ട്ടപ്പുകളുടെ പ്രധാന സോഴ്സായിരുന്ന എസ്വിബിയുടെ തകര്‍ച്ച യു.എസിലെ ബിസിനസ് മേഖലയെ ഒന്നാകെ ബാധിച്ചേക്കുമെന്നാണു വിലയിരുത്തല്‍. സിലിക്കണ്‍ വാലി ബാങ്കില്‍ അക്കൗണ്ടുകളുള്ള ഏകദേശം 10,000 ചെറുകിട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ത്രിശങ്കുവിലയിരിക്കുകയാണ്. ബാങ്കിന്റെ തകര്‍ച്ച മൂലം ഏകദേശം 1 ലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതായേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
40 ഓളം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ വൈ കോമ്പിനേറ്ററുടെ സാന്നിധ്യമുണ്ട്. തൊഴില്‍ നഷ്ടത്തിനു പുറമേ ബാങ്കില്‍ അക്കൗണ്ടുകളുണ്ടായിരുന്ന വന്‍കിട സ്ഥാപനങ്ങളുടെയടക്കം പ്രവര്‍ത്തനം തുലാസിലാണ്. കാര്യങ്ങള്‍ ട്രാക്കിലെത്തിന്നതുവരെ ജീവനക്കാരുടെയടക്കം ശമ്പളം ബാധിക്കപ്പെടാം.
വൈ കോമ്പിനേറ്റര്‍ ഇക്കോസിസ്റ്റത്തിലെ മൂന്നിലൊന്ന് സ്ഥാപനങ്ങളും സിലിക്കണ്‍ വാലി ബാങ്കിലെ ഒരൊറ്റ അക്കൗണ്ടിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന് നല്‍കിയ നിവേദനത്തില്‍ വ്യക്തമാണ്. കാര്യങ്ങളുടെ രൂക്ഷാവസ്ഥ വ്യക്തമാക്കുന്നതിനാണിത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം എസ്വിബി ബാങ്കില്‍ മാത്രം 8,528 പേര്‍ ജോലി ചെയ്യുന്നുണ്ട്.
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എസ്.വി.ബിയിലുള്ളത് 100 കോടി ഡോളര്‍ നിക്ഷേപം
പ്രതിസന്ധിയിലായ സിലിക്കണ്‍ വാലി ബാങ്കില്‍(എസ്.വി.ബി) ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ നിക്ഷേപം 1 ബില്യണ്‍(100 കോടി) ഡോളര്‍. 209 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ബാങ്ക് മാര്‍ച്ച് 10ന് അടച്ചുപൂട്ടല്‍ നേരിട്ടിരുന്നു. ഒറ്റദിവസം കൊണ്ട് 42 ബില്യണ്‍ ഡോളര്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ബാങ്ക് അടച്ചുപൂട്ടിയത്. നിക്ഷേപകരുടെ സുരക്ഷയ്ക്ക് ഒടുവില്‍ യു.എസ് സര്‍ക്കാര്‍ തന്നെ രംഗത്തെത്തി.
നൂറുകണക്കിന് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എസ്.വി.ബിയില്‍ ഒരു ബില്യണ്‍ ഡോളറിലധികം ഫണ്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ത്യയുടേത്. സമീപ വര്‍ഷങ്ങളില്‍ നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണ്ണയം നേടുകയും വിദേശ നിക്ഷേപം ആകര്‍ഷിക്കുകയും ചെയ്തു.
61 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എസ്.വി.ബിയില്‍ നിക്ഷേപം
അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍ പൊളിഞ്ഞ സിലിക്കണ്‍ വാലി ബാങ്കില്‍ (എസ്.വി.ബി) നിക്ഷേപമുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ടപ് കമ്പനികള്‍ 61. കേരളത്തില്‍ നിന്നുള്ള കമ്പനികള്‍ക്കും വിദേശ ഫണ്ടിങ് ലഭിച്ച വകയില്‍ എസ്.വി.ബി നിക്ഷേപമുണ്ട്. അതില്‍ 2 കമ്പനികള്‍ക്ക് 80 കോടിയിലേറെ നിക്ഷേപമുണ്ടെന്നാണു സൂചന. എന്നാല്‍, ആശങ്ക വേണ്ടെന്നും ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും ഇല്ലെങ്കിലും മുഴുവന്‍ പണവും തിരികെ കിട്ടുമെന്നും യു.എസ് ഫെഡറല്‍ റിസര്‍വും യുഎസ് ട്രഷറിയും ഉറപ്പ് നല്‍കിയിട്ടുണ്ട്.
അമേരിക്കന്‍ വെഞ്ച്വര്‍ കമ്പനികളുടെ ഫണ്ടിങ് ലഭിച്ച സ്റ്റാര്‍ട്ടപ്പുകള്‍ അവിടെ ബാങ്കില്‍ പണം സൂക്ഷിക്കുകയും ആവശ്യാനുസരണം മാത്രം ഇന്ത്യയിലേക്കു കൊണ്ടുവരികയും ചെയ്തിരുന്നു. മാത്രമല്ല എസ്.വി.ബിയില്‍ നിന്ന് വായ്പ എടുത്തിട്ടുണ്ടെങ്കില്‍ മറ്റ് ഇടപാടുകളെല്ലാം ആ ബാങ്ക് വഴി തന്നെ നടത്തിയിരുന്നു. അങ്ങനെയാണ് കമ്പനികളുടെ പണമെല്ലാം അതേ ബാങ്കിലേക്കു ചെന്നത്.
സിലിക്കണ്‍ വാലിയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കു വേണ്ടി നിലകൊണ്ട ബാങ്ക് ആയിരുന്നു എസ്.വി.ബി. ചെറുപ്പക്കാരുടെ ചെറിയ കമ്പനികള്‍ക്ക് അവരുടെ ആശയങ്ങളുടെ പേരില്‍ വലിയ മൂല്യവും (വാല്യുവേഷന്‍) വന്‍ ഫണ്ടിങ്ങും ലഭിച്ചിരുന്നു.
2021ലാണ് ഏറ്റവും കൂടുതല്‍ തുക ഈ രീതിയില്‍ ലഭിച്ചത്. പ്രവര്‍ത്തന ചെലവിനെക്കാള്‍ കൂടുതല്‍ ലഭിച്ച പണം അവര്‍ ബാങ്കിലിട്ടു. ഇങ്ങനെ പണം കുമിഞ്ഞപ്പോള്‍ കാഷ് റിസര്‍വ് വളരെ കുറച്ച ശേഷം ബാക്കി തുക മുഴുവന്‍ ബാങ്ക് കടപ്പത്രങ്ങളില്‍ മുടക്കി. പണപ്പെരുപ്പം വരികയും ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കൂട്ടുകയും ചെയ്തപ്പോള്‍ കടപ്പത്രങ്ങളുടെ പലിശ അതിലും കുറവായി.
ഫണ്ടിങ് കുറഞ്ഞപ്പോള്‍ സ്റ്റാര്‍ട്ടപ്പുകള്‍ ചെലവുകള്‍ക്കായി പണം പിന്‍വലിക്കാന്‍ തുടങ്ങി. ലിക്വിഡിറ്റിക്കായി കടപ്പത്രങ്ങളെല്ലാം ബാങ്ക് വിറ്റൊഴിച്ചു. നഷ്ടം 180 കോടി ഡോളര്‍. മൂലധനത്തില്‍ കുറവു വന്നതിനാല്‍ ഓഹരി വിറ്റ് 200 കോടി ഡോളര്‍ സമാഹരിക്കാന്‍ ബാങ്ക് ശ്രമിച്ചപ്പോഴാണ് അപകടം മണത്ത് സ്റ്റാര്‍ട്ടപ്പുകള്‍ പണം പിന്‍വലിക്കാന്‍ തുടങ്ങിയും 'ബാങ്ക് റണ്‍' സംഭവിച്ചതും.
ബാങ്ക് ലിക്വിഡേറ്റ് ചെയ്താല്‍ എല്ലാ നിക്ഷേപകര്‍ക്കും തവണകളായി നിക്ഷേപം തിരികെ കിട്ടും. മറ്റേതെങ്കിലും ബാങ്ക് എസ്.വിബി.യെ ഏറ്റെടുത്താല്‍ മുഴുവന്‍ നിക്ഷേപവും സുരക്ഷിതമാകും. വേണ്ടവര്‍ക്ക് പിന്‍വലിക്കുകയും ചെയ്യാം.
കൊവിഡും വില്ലനായി
ഇന്ത്യയിലെ 70 ശതമാനം സ്റ്റാര്‍ട്ടപ്പുകളിലും കൊവിഡ് 19 പ്രതിസന്ധി സ്വാധീനം ചെലുത്തിയെന്നും ഇവയില്‍ 17 ശതമാനം പേര്‍ തങ്ങളുടെ ബിസിനസ് അവസാനിപ്പിച്ചതായും 2020ല്‍ നടത്തിയൊരു സര്‍വേ ഫലം വ്യക്തമാക്കുന്നു. ഇന്ത്യന്‍ ഏഞ്ചല്‍ നെറ്റ്വര്‍ക്കിനൊപ്പം (ഐ.എ.എന്‍) ചേര്‍ന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എഫ്.ഐ.സി.സി.ഐ) നടത്തിയ സര്‍വേയില്‍, കൊവിഡ് 19 പ്രതിസന്ധി തങ്ങളുടെ പതിവ് ബിസിനസ് പ്രഹാത്തെയും പ്രവര്‍ത്തനങ്ങളെയും തടസ്സപ്പെടുത്തിയതായി 60 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ വ്യക്തമാക്കി.
68 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തന, ഭരണപരമായ ചെലവുകള്‍ കുറയ്ക്കുന്നതായി സര്‍വേ കണ്ടെത്തി. ഇവരില്‍ 22 ശതമാനം പേര്‍ക്ക് 3-6 മാസത്തെ കാലയളവിലേക്ക് അവരുടെ നിശ്ചിത ചെലവുകള്‍ വഹിക്കാനുള്ള കരുതല്‍ ധനം ഉണ്ടായിരുന്നു. പ്രവര്‍ത്തന മൂലധനത്തിലെ പ്രതിസന്ധി പിരിച്ചുവിടലുകളിലേക്ക് നയിക്കുമെന്നാണ് ഏവരുടെയും ആശങ്ക. രാജ്യവ്യാപക ലോക്ക്ഡൗണ്‍ നീട്ടിയാല്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന് 30 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 20-40 ശതമാനം പരിധിയില്‍ ശമ്പള വെട്ടിക്കുറവ് നടപ്പാക്കിയിട്ടുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത 43 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ അഭിപ്രായപ്പെടുന്നു.