image

18 March 2023 9:15 AM GMT

Technology

കസ്റ്റമറെ വലവീശിപ്പിടിക്കണ്ടേ? എങ്കില്‍ അതിനും വേണമൊരു വെബ്സൈറ്റ്-പാര്‍ട്ട് 2

MyFin Bureau

website to canvas customer
X

Summary

  • പ്രവര്‍ത്തനപരവും ആകര്‍ഷകവുമായ ഒരു വെബ്സൈറ്റ് നിര്‍മ്മിക്കുന്നതിന് നിരവധി പ്രധാനപ്പെട്ട ഘടകങ്ങള്‍ തടസ്സങ്ങളില്ലാതെ ഒത്തുചേരേണ്ടതുണ്ട്


ഈ ലേഖനത്തിന്റെ കഴിഞ്ഞ ഭാഗത്ത് ഒരു വെബ്സൈറ്റ് എന്താണെന്നും എങ്ങനെയൊക്കെ ഒരു ബിസിനസിനെ അത് സഹായിക്കുന്നു എന്നും പറഞ്ഞിരുന്നു. അത് വായിക്കാത്തവര്‍ ഈ ലിങ്കില്‍ പോയി ഒന്നാം ഭാഗം വായിച്ചശേഷം മുന്നോട്ട് വായിക്കൂ.

ഓരോ വെബ്സൈറ്റും വ്യത്യസ്തമാണ്, അതുകൊണ്ടുതന്നെ നിങ്ങളുടെ ബിസിനസ് വെബ്സൈറ്റില്‍ എന്തൊക്കെ വേണമെന്ന് തീരുമാനിക്കാന്‍ നിങ്ങള്‍ക്കാകണം. ഇന്റര്‍നെറ്റില്‍ ലഭ്യമായ ഒരുകൂട്ടം പേജുകളുടെ സംഘടിത രൂപം എന്ന് ഒരു വെബ്‌സൈറ്റിനെ വിളിക്കാവുന്നതുകൊണ്ടുതന്നെ ഏതൊക്കെ പേജുകള്‍ നിങ്ങളുടെ വെബ്സൈറ്റില്‍ ഉണ്ടാകണമെന്ന് ആദ്യമേ ഒരു ധാരണ ഉണ്ടാകണം. ആ പേജുകള്‍ എന്നതിനെക്കുറിച്ചാണ്, അതില്‍ എന്തൊക്കെ പറയുന്നുണ്ടാകും, എങ്ങിനെയുള്ള ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിക്കും എന്നൊക്കെയുള്ള മിനിമം ധാരണകളെങ്കിലും നിങ്ങളുടെ സ്വന്തം വെബ്‌സൈറ്റിനെക്കുറിച്ച് വേണം. അതിനോടൊപ്പം തന്നെ വിവിധ ഫീച്ചറുകളും ഒരു വെബ്സൈറ്റില്‍ ഉണ്ടാകും. നിങ്ങളുമായി ബന്ധപ്പെടാനായി വെബ് ഫോം, വാട്‌സാപ്പ് ഇന്റഗ്രേഷന്‍, ന്യൂസ്ലെറ്റര്‍ സബ്സ്‌ക്രിപ്ഷന്‍ തുടങ്ങി ഒട്ടനേകം ഫീച്ചറുകള്‍ ഇതില്‍ ഉള്‍ക്കൊള്ളിക്കാം.

പ്രവര്‍ത്തനപരവും ആകര്‍ഷകവുമായ ഒരു വെബ്സൈറ്റ് നിര്‍മ്മിക്കുന്നതിന് നിരവധി പ്രധാനപ്പെട്ട ഘടകങ്ങള്‍ തടസ്സങ്ങളില്ലാതെ ഒത്തുചേരേണ്ടതുണ്ട്. അവയില്‍ ചിലത് ഏതൊക്കെയാണെന്ന് നോക്കാം.

ഡൊമെയ്ന്‍ നെയിം (Domain Name): ഇന്റര്‍നെറ്റിലെ ഒരു വെബ്സൈറ്റിന്റെ വിലാസമാണ് ഡൊമെയ്ന്‍ നെയിം, അതായത് നിങ്ങളുടെ വെബ്സൈറ്റിനെ തിരിച്ചറിയുകയും അത് കണ്ടെത്താന്‍ ഉപയോക്താക്കളെ സഹായിക്കുകയും ചെയ്യുന്ന അതുല്യമായ ഒരു പേരാണിത്. ഒരു ഡൊമെയ്ന്‍ നെയിമില്‍ സാധാരണയായി .com .org അല്ലെങ്കില്‍ .net പോലുള്ള ഒരു ടോപ്പ്-ലെവല്‍ ഡൊമെയ്ന്‍ (TLD) ഉള്‍പ്പെടുന്നു, അതില്‍ ഏതാണ് നിങ്ങളുടെ ബിസിനസിന് അഭിലഷണീയം എന്ന് മനസ്സിലാക്കി വേണം ഒരു ഡൊമെയ്ന്‍ നെയിം തിരഞ്ഞെടുക്കാന്‍. ഓര്‍ക്കാന്‍ എളുപ്പമുള്ളതും നിങ്ങളുടെ ബ്രാന്‍ഡും ബിസിനസ്സ് ലക്ഷ്യങ്ങളും പ്രതിഫലിപ്പിക്കുന്നതുമായ ഒരു ഡൊമെയ്ന്‍ നെയിം തിരഞ്ഞെടുക്കേണ്ടത് നിങ്ങളുടെ ബിസിനസിന്റെ ഡിജിറ്റല്‍ പ്രസന്‍സിന് വളരെ പ്രധാനമാണ്.

വെബ് ഹോസ്റ്റിംഗ് (Web Hosting): ഒരു വെബ്സൈറ്റ് എന്നാല്‍ പേജുകളും, വിവരങ്ങളും, ചിത്രങ്ങളും ഒക്കെ അടങ്ങുന്നതാണെന്ന് പറഞ്ഞല്ലോ? ഇത്തരത്തിലുണ്ടാകുന്ന ഫയലുകള്‍ ഒരു സെര്‍വറില്‍ സംഭരിക്കാന്‍ നമ്മളെ അനുവദിക്കുന്ന ഒരു സേവനമാണ് വെബ് ഹോസ്റ്റിംഗ്. നമ്മുടെ ഡൊമെയ്ന്‍ നെയിമിലേക്ക് വിവരങ്ങള്‍ അന്വേഷിച്ചുവരുന്ന ഉപയോക്താവിന് ഈ ഹോസ്റ്റിംഗില്‍ നിന്നുള്ള വിവരങ്ങളാണ് കാണിച്ചുകൊടുക്കുക. പല സ്റ്റോറേജ് അളവുകളിലും, ഫീച്ചറുകളോടെയും നിരവധി തരം വെബ് ഹോസ്റ്റിംഗ് സര്‍വീസുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. ഇതില്‍ ഏതാണ് മികച്ചത് എന്ന് മനസ്സിലാക്കി തിരഞ്ഞെടുക്കാന്‍ നിങ്ങളുടെ വെബ് ഡെവലപ്പര്‍ നിങ്ങളെ സഹായിക്കും. സാമ്പത്തിക ലാഭം നോക്കി വിലകുറഞ്ഞതും, സ്പേസ് കുറഞ്ഞതും, ബാന്‍ഡ്വിഡ്ത് കുറഞ്ഞതുമായ ഹോസ്റ്റിംഗുകള്‍ തിരഞ്ഞെടുത്താല്‍ ഭാവിയില്‍ ഇവ നിന്നുപോകാനോ പ്രവര്‍ത്തനക്ഷമം അല്ലാതെയാകാനോ സാധ്യതയുണ്ട് എന്നും മനസ്സിലാക്കണം. വെബ്സൈറ്റുമായി ബന്ധപ്പെട്ട് എന്തെകിലുമൊരു ദുരനുഭവം ഉണ്ടായിക്കഴിഞ്ഞാല്‍ 88 ശതമാനം ആളുകളും വീണ്ടും ആ വെബ്സൈറ്റിലേക്ക് വരാന്‍ വിമുഖത കാണിക്കുന്നു എന്ന് പഠനങ്ങള്‍ പറയുന്നുണ്ട്.

ഉള്ളടക്കം (Content): ഒരു വെബ്സൈറ്റിന്റെ ഉള്ളടക്കത്തില്‍ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്ന വാചകങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, മറ്റ് മീഡിയകള്‍ എന്നിവ ഉള്‍പ്പെടുന്നു. നിങ്ങളുടെ ബിസിനസിനെയും, സേവനകളെയും, ഉത്പന്നങ്ങളെയും ഏറ്റവും മികച്ചതാക്കി അവതരിപ്പിക്കുക എന്നതാണ് ഇവിടത്തെ കാര്യം. എത്രത്തോളം ആകര്‍ഷകമായും നിലവാരത്തോടെയും അവയെ നിങ്ങളുടെ ടാര്‍ഗെറ്റ് ഓഡിയന്‍സിന് മുന്നില്‍ എത്തിക്കുകവഴി കൂടുതല്‍ ഉപഭോക്താക്കളെയും വില്‍പനയും നേടാന്‍ കഴിയും. ഒരു വെബ്സൈറ്റിലെ ഉള്ളടക്കവും ഡിസൈനും മോശമായാല്‍ 38 ശതമാനം ആളുകളും അവരുടെ ആ വെബ്‌സൈറ്റുമായുള്ള ഇടപെടല്‍ തല്‍ക്ഷണം നിര്‍ത്താന്‍ സാധ്യതയുണ്ടന്ന് പഠനങ്ങള്‍ പറയുന്നു.

ഒരു വെബ്സൈറ്റ് നിര്‍മ്മിക്കുന്നതിന് വേണ്ട ടെക്‌നിക്കലായ ചില കാര്യങ്ങള്‍ പറഞ്ഞെങ്കിലും അതിലും പ്രധാനപ്പെട്ട പല കാര്യങ്ങളെയും അങ്ങേയറ്റം പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുകകൂടി വേണം. അവയില്‍ ചിലത് താഴെപ്പറയാം.

ഡിസൈന്‍, യൂസര്‍ ഇന്റര്‍ഫെയ്സ്, യൂസര്‍ എക്‌സ്പീരിയന്‍സ് (Design, UI/UX): ഒരു വെബ്‌സൈറ്റിന്റെ രൂപകല്‍പ്പനയില്‍ ഉള്‍പ്പെടുന്ന പ്രധാന ഘടകങ്ങളാണ് ലേഔട്ട്, കളര്‍ സ്‌കീം, ടൈപ്പോഗ്രാഫി, യൂസര്‍ ഇന്റര്‍ഫെയ്സ്, യൂസര്‍ എക്‌സ്പീരിയന്‍സ്, മറ്റ് ദൃശ്യ ഘടകങ്ങള്‍ എന്നിവ. നിങ്ങളുടെ ബ്രാന്‍ഡിനെ പ്രതിഫലിപ്പിക്കുന്നതും, ബിസിനസ്സ് ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതുമായ കാഴ്ചയ്ക്ക് ആകര്‍ഷകവും ഉപയോക്തൃ-സൗഹൃദവുമായ ഡിസൈന്‍ സൃഷ്ടിക്കേണ്ടത് ഒരു വെബ്‌സൈറ്റിനെ സംബന്ധിച്ച് പ്രധാനമാണ്. മാത്രമല്ല പലതരം ഡിവൈസുകള്‍ ഉപയോഗിക്കപ്പെടുന്ന ഈ കാലത്ത് ഡിസൈന്‍ റെസ്‌പോണ്‍സീവ് ആയിരിക്കാനും ശ്രദ്ധിക്കണം, അതായത് എല്ലാ ഉപകരണങ്ങളിലും ഇത് മികച്ചതായി ഉപയോക്താക്കള്‍ക്ക് അനുഭവഭേദ്യമാകണം. ഒപ്പം തന്നെ ഉപയോക്താക്കള്‍ ആഗ്രഹിക്കുന്ന വിവരങ്ങള്‍ ഏറ്റവും കുറഞ്ഞ ക്ലിക്കുകളിലോ, ടച്ചുകളിലോ അവര്‍ക്ക് എളുപ്പത്തില്‍ നാവിഗേറ്റ് ചെയ്ത് കണ്ടുപിടിക്കാന്‍ കഴിയണം. എല്ലാ ഉപകരണങ്ങളിലും തടസ്സമില്ലാത്ത അനുഭവം വളരെ പ്രധാനമാണെന്ന് 83 ശതമാനം ഉപയോക്താക്കളും അഭിപ്രായപ്പെടുന്ന കാലഘട്ടത്തിലാണ് നമ്മെളെന്ന് എപ്പോഴും ഓര്‍ക്കണം.

വെബ്സൈറ്റ് ഡെവലപ്‌മെന്റ്: ഓരോ വെബ്സൈറ്റിനും അതിന്റേതായ വ്യക്തിത്വവും രീതിയുമുണ്ട്. അത് മുന്നില്‍ക്കണ്ടുവേണം വെബ്സൈറ്റ് ഡെവലപ്‌മെന്റ് ചെയ്യാന്‍. വെബ്സൈറ്റിന്റെ ഘടന എങ്ങനെ വേണം, ഏത് പ്രോഗ്രാമിംഗ് ലാംഗ്വേജ് ഉപയോഗിക്കണം, കൃത്യസമയത്ത് ഡെവലപ്‌മെന്റ് പൂര്‍ത്തിയാക്കാന്‍ എത്ര ആളുകള്‍ ഒരേസമയം പണിയെടുക്കണം, ഇ-കൊമേഴ്സ് പ്രവര്‍ത്തനം ഉണ്ടെങ്കില്‍ അതിനുവേണ്ട കാര്യങ്ങള്‍ ചെയ്യണം അങ്ങനെതുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രക്രിയകള്‍ വെബ്സൈറ്റ് ഡെവലപ്‌മെന്റില്‍ ഉള്‍പ്പെടുന്നു. ഇതെല്ലാം കൃത്യമായി ഏകോപിപ്പിച്ച് ഡെവലപ്‌മെന്റ് പൂര്‍ത്തിയാക്കുന്നതിന് മികച്ച ടെക്‌നിക്കുകളും, ഉയര്‍ന്ന പ്രവൃത്തി പരിചയവുമുള്ള ഒരു വിദഗ്ധ വെബ് ഡെവലപ്പിംഗ് കമ്പനി/ഡെവലപ്പര്‍ ആവശ്യമാണ്.

വെബ് ഡെവലപ്പിംഗ് കമ്പനി/ഡെവലപ്പര്‍: ഒരു സംരംഭത്തിനായി ഒരു വെബ്സൈറ്റോ വെബ് ആപ്ലിക്കേഷനോ സൃഷ്ടിക്കുമ്പോള്‍, നിങ്ങള്‍ എടുക്കുന്ന ഏറ്റവും നിര്‍ണായകമായ തീരുമാനങ്ങളിലൊന്ന് ശരിയായ വെബ് ഡെവലപ്മെന്റ് കമ്പനിയെയോ ഡവലപ്പറെയോ തിരഞ്ഞെടുക്കുന്നതാണ്. ഒരു വെബ് ഡെവലപ്മെന്റ് കമ്പനിയെയോ ഡെവലപ്പറേയോ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് അവരുടെ എക്‌സ്പീരിയന്‍സ്.

നിങ്ങള്‍ക്ക് ആവശ്യമുള്ളതിന് സമാനമായ വെബ്സൈറ്റുകളോ വെബ് ആപ്ലിക്കേഷനുകളോ വികസിപ്പിക്കുന്നതില്‍ മുന്‍പരിചയമുള്ള ഒരു കമ്പനിയെയോ ഡവലപ്പറെയോ തിരഞ്ഞെടുക്കുക വഴി നിങ്ങളുടെ ആവശ്യകതകള്‍ മനസിലാക്കുന്നതിനും ആവശ്യമുള്ള ഫലങ്ങള്‍ നല്‍കുന്നതിനുമുള്ള വൈദഗ്ധ്യം അവര്‍ക്ക് ഉണ്ടെന്ന് ഉറപ്പാക്കാന്‍ കഴിയും. അവര്‍ മുന്‍പ് ചെയ്ത പ്രോജക്റ്റുകള്‍ കാണാനും മനസ്സിലാക്കാനും ഇതോടൊപ്പം ശ്രമിക്കുന്നതും നല്ലതാണ്. നേരത്തെ പറഞ്ഞതുപോലെ വെബ്സൈറ്റിന്റെ ഘടന എങ്ങനെ വേണം, ഏത് പ്രോഗ്രാമിംഗ് ലാംഗ്വേജ് ഉപയോഗിക്കണം എന്നതിലെല്ലാം തീരുമാനെമെടുത്ത് നടപ്പിലാക്കാനുള്ള സാങ്കേതിക വൈദഗ്ദ്ധ്യം അവര്‍ക്കുണ്ടെന്ന് ഉറപ്പുവരുത്തണം. ഇല്ലെങ്കില്‍ പാതിവഴിയില്‍ പ്രോജക്റ്റുകള്‍ ഉപേക്ഷിക്കപ്പെടാന്‍ സാധ്യതയുണ്ട്.

ആശയവിനിമയം (Communication): ഏതൊരു ബിസിനസ് പ്രവര്‍ത്തനത്തിനും നല്ലൊരു ആശ്യാവിനിമയം അത്യാവശ്യമാണെന്ന് പറയുന്നതുപോലെ ഒരു വെബ് ഡെവലപ്മെന്റ് കമ്പനിയുമായോ ഡവലപ്പറുമായോ പ്രവര്‍ത്തിക്കുമ്പോള്‍ ഫലപ്രദമായ ആശയവിനിമയം നിര്‍ണായകമാണ്. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന കമ്പനിയ്ക്കോ ഡെവലപ്പര്‍ക്കോ നല്ല ആശയവിനിമയ കഴിവുകള്‍ ഉണ്ടെന്നും, നിങ്ങളുടെ ചോദ്യങ്ങളോട് കൃത്യമായും ക്രിയാത്മകമായും പ്രതികരിക്കുന്നുണ്ടെന്നും, നിങ്ങളുടെ ആവശ്യങ്ങള്‍ ശ്രദ്ധിക്കാന്‍ തയ്യാറാണെന്നും ഉറപ്പാക്കുക. അതുപോലെതന്നെ അവരോടും തുറന്ന മനസ്സോടെ നിങ്ങളുടെ ആവശ്യങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും തുറന്നുപറഞ്ഞ് ആശയവിനിമയം നടത്തുന്നതുവഴി അവര്‍ക്കും നിങ്ങളുദ്ദേശിക്കുന്നതുപോലെയുള്ള ഔട്പുട് നല്‍കാന്‍ സാധിക്കും.

പരിപാലനവും പിന്തുണയും: ഒരിക്കല്‍ നിങ്ങളുടെ വെബ്സൈറ്റോ വെബ് ആപ്ലിക്കേഷനോ ലൈവായിക്കഴിഞ്ഞാല്‍, അതോടുകൂടി കാര്യങ്ങള്‍ കഴിഞ്ഞെന്ന് കരുതേണ്ട. അതിന് തുടര്‍ച്ചയായ അറ്റകുറ്റപ്പണികളും പിന്തുണയും അത്യാവശ്യമാണ്. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന വെബ് ഡെവലപ്മെന്റ് കമ്പനിയോ ഡെവലപ്പറോ നിലവിലുള്ള അറ്റകുറ്റപ്പണികളും പിന്തുണസേവനങ്ങളും നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുക ഇതിനാല്‍ത്തന്നെ പ്രധാനമാണ്. പല മികച്ച കമ്പനികളും ആനുവല്‍ മെയിന്റനന്‍സ് നല്‍കാറുണ്ട്, കൂടാതെ മറ്റുചിലര്‍ കൂടുതലായി വരുന്ന ജോലിക്ക് മാത്രം ചാര്‍ജ് ചെയ്യുന്ന രീതിയുമുണ്ട്.

ചെലവ്/വില (Cost): എല്ലാവരും ഏറ്റവും ആദ്യം കണക്കിലെടുക്കുന്ന കാര്യം തന്നെ ഏറ്റവും അവസാനമായി പറയാം. ശരിക്കും പറഞ്ഞാല്‍ ആദ്യമേ ചെലവ് നോക്കുന്നത് വെബ്സൈറ്റുകളെ സംബന്ധിച്ച് അത്ര നല്ലതല്ല, കാരണം പ്രോജക്റ്റിന്റെ സങ്കീര്‍ണ്ണത, ഉള്‍പ്പെട്ടിരിക്കുന്ന സാങ്കേതികവിദ്യകള്‍, കമ്പനിയുടെയോ ഡെവലപ്പറുടെയോ അനുഭവം എന്നിവയെ അടിസ്ഥാനമാക്കി വെബ് ഡെവലപ്‌മെന്റ് ചെലവുകള്‍ ഗണ്യമായി വ്യത്യാസപ്പെടാം. നിങ്ങള്‍ പരിഗണിക്കുന്ന ഒരേയൊരു ഘടകം ചെലവ് മാത്രം ആയിരിക്കരുത്. മികച്ച സര്‍വീസിന് മികച്ച ചെലവ് വരാം എന്ന് മുന്‍കൂട്ടിത്തന്നെ മനസ്സിലാക്കുക. കുറഞ്ഞ ചെലവ് നോക്കിപ്പോയാല്‍ ചിലപ്പോള്‍ പ്രൊജക്റ്റും നടക്കില്ല, കയ്യിലെ കാശും പോകും, ഒപ്പം സമയനഷ്ടം കൂടെയായാലോ? എന്നിരുന്നാലും പ്രോജക്റ്റ് ഏല്‍പ്പിക്കുന്നതിനുമുന്‍പ് മുന്‍കൂറായി ഉള്‍പ്പെട്ടിരിക്കുന്ന ചെലവുകളെക്കുറിച്ച് നിങ്ങളും വെബ് ഡെവലപ്പിംഗ് കമ്പനിയുമായോ, വെബ് ഡവലപ്പറുമായോ വ്യക്തമായ ധാരണയില്‍ എത്തിച്ചേര്‍ന്നിരിക്കണം.

അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഈ ടെക്ക് ലോകത്ത് വെബ്‌സൈറ്റ് ഡെവലപ്പ്‌മെന്റ് എന്നുപറയുന്ന സര്‍വീസും കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുന്നു. ഇതിനെപ്പറ്റിയുള്ള എല്ലാ കാര്യങ്ങളും മനസ്സിലാക്കിയശേഷം വെബ്സൈറ്റ് തുടങ്ങാം എന്നു കരുതിയാല്‍ തിരയൊടുങ്ങിയിട്ട് കടലില്‍ ഇറങ്ങാം എന്നുകരുതുന്ന അവസ്ഥയാകും. എന്നിരുന്നാലും ഈ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ നിങ്ങളുടെ സംരംഭത്തിന് ഒരു വെബ്സൈറ്റ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ ഈ വിവരങ്ങള്‍ നിങ്ങളെ തീര്‍ച്ചയായും സഹായിക്കും.

PS: നമ്മള്‍ ഇപ്പറഞ്ഞതൊക്കെ പൊതുവേ വേള്‍ഡ് വൈഡ് വെബ്ബില്‍ കാണപ്പെടുന്ന വെബ്സൈറ്റുകളെയും, സംരംഭങ്ങള്‍ക്ക് അത് എങ്ങിനെ ഉപയോഗപ്രദമാക്കാന്‍ കഴിയും എന്നുമൊക്കെയാണ്. ഇതിനടിയില്‍, ഒരുപാട് ഒരുപാട് അടിയില്‍ ഡീപ്പ് വെബ്, ഡാര്‍ക്ക് വെബ് തുടങ്ങിയ മറ്റുപല സങ്കേതങ്ങളുമുണ്ട്. അതിനെക്കുറിച്ചൊന്നും നമ്മള്‍ സംസാരിക്കുന്നേയില്ല.