3 April 2023 9:45 AM GMT
Summary
- ലിങ്കുകളെ നെഗറ്റീവായാണ് അല്‍ഗോരിഥം കണക്കാക്കുന്നത്
ദിവസേന 500 മില്യണ്‍ ട്വീറ്റുകള്‍. ഇതിലേത് നിങ്ങളെ കാണിക്കണം? മറ്റുള്ളവരെ കാണിക്കുന്ന കൂട്ടത്തില്‍ നിങ്ങളുടെ ട്വീറ്റുണ്ടാവുമോ? എല്ലാം കാണിക്കാന്‍ സാധ്യമല്ലെന്നു തന്നെ പറയാം. അപ്പോള്‍ For You എന്ന ടൈംലൈനില്‍ വരുന്നതോ? അവിടെയാണ് അല്‍ഗോരിഥം പ്രവര്‍ത്തിക്കുന്നത്.
ഫെയ്സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും അല്‍ഗോരിഥം മാറിമാറി വരുന്നത് വലിയ ചര്‍ച്ചയാണ്. അല്‍ഗോരിഥം നോക്കി പോസ്റ്റ് ചെയ്താലാണല്ലോ, മികച്ച റീച്ചുണ്ടാക്കാനാവുക. അപ്പോള്‍ സോഷ്യല്‍ മീഡിയകളുടെ അല്‍ഗോരിഥം നമ്മളുടെ പോസ്റ്റിനുണ്ടാക്കുന്ന റീച്ചില്‍ വളരെ പ്രധാനമാണ്. ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കിതാ അവര്‍ തന്നെ തങ്ങളുടെ അല്‍ഗോരിഥം വ്യക്തമാക്കി കൊണ്ട് ഒരു ബ്ലോഗ് തന്നെ പുറത്തുവിട്ടിരിക്കുന്നു.
ട്വീറ്റുകള്‍ എങ്ങനെ തെരഞ്ഞെടുക്കുന്നു?
ട്വീറ്റ്, യൂസര്‍, എന്‍ഗേജ്മെന്റ് ഡാറ്റ എന്നിവയെ അടിസ്ഥാനമാക്കിയാണ് ട്വിറ്റര്‍ ട്വീറ്റുകള്‍ റെക്കമന്റ് ചെയ്യാറുള്ളത്. ഭാവിയില്‍ നിങ്ങള്‍ മറ്റൊരു ഉപയോക്താവുമായി ഇടപഴകാനുള്ള സാധ്യത എന്താണ്?, ട്വിറ്ററിലെ കമ്മ്യൂണിറ്റികള്‍ ഏതൊക്കെയാണ്, അവയിലെ ട്രെന്‍ഡിംഗ് ട്വീറ്റുകള്‍ എന്തൊക്കെയാണ്? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് ട്വിറ്ററിനെ റെക്കമെന്റേഷനിലേക്ക് എത്തിക്കുന്നത്.
എന്തൊക്കെയാണ് മാനദണ്ഡം?
ലൈക്ക് തന്നെയാണ് സുപ്രധാനം. പിന്നെ റീട്വീറ്റും അതിനുശേഷം റീപ്ലൈകളും.
ഓരോ ലൈക്കിനും 30X ബൂസ്റ്റ് കിട്ടും
ഓരോ റീട്വീറ്റിനും 20X ബൂസ്റ്റ് കിട്ടും
ഓരോ റീപ്ലൈയ്ക്കും 1X ബൂസ്റ്റാണ് കിട്ടുക
ചിത്രങ്ങളും വീഡിയോകളും ബൂസ്റ്റ് ചെയ്യാന്‍ ഏറെ സഹായിക്കും. രണ്ടും ട്വീറ്റിന് 2X ബൂസ്റ്റ് നല്‍കും
ലിങ്കുകള്‍ ഉപയോഗിക്കരുത്! ലിങ്കുകളെ നെഗറ്റീവായാണ് അല്‍ഗോരിഥം കണക്കാക്കുന്നത്. പലപ്പോഴും സ്പാം ആയും മാര്‍ക്ക് ചെയ്യും. ലിങ്ക് ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ ത്രെഡിനു കീഴില്‍ ഇടുകയാണ് നല്ലത്
നിങ്ങള്‍ മ്യൂട്ട് ചെയ്യപ്പെടുകയോ, ബ്ലോക്ക് ചെയ്യപ്പെടുകയോ, അണ്‍ഫോളോ ചെയ്യപ്പെടുകയോ, സ്പാം, അബ്യൂസ് എന്നിവയ്ക്ക് റിപ്പോര്‍ട്ട് അടിക്കപ്പെടുകയോ ചെയ്താല്‍ വലിയ രീതിയില്‍ ബാധിക്കും
പണം കൊടുത്ത് നിങ്ങള്‍ ബ്ലൂ ടിക് വാങ്ങിക്കുകയാണെങ്കില്‍, ഓട്ടോമാറ്റിക്കായി നല്ല റീച്ച് കിട്ടും തെറ്റായ വിവരമെന്ന് തരംതിരിക്കപ്പെടുകയാണെങ്കില്‍ അതിനെ താഴ്ത്തിക്കെട്ടാന്‍ ട്വിറ്റര്‍ ആവുന്നതെല്ലാം ചെയ്യും. ഒപ്പം, അക്ഷരത്തെറ്റും ഉണ്ടാക്കിയെടുത്ത വാക്കുകളുടെ ഉപയോഗവും നെഗറ്റീവായി ബാധിക്കും
സമാനമായ പ്രൊഫൈലുകളുടെ കൂട്ടത്തിലേക്ക് ട്വിറ്റര്‍ നിങ്ങളെ ക്ലസ്റ്റര്‍ ചെയ്യും. നിങ്ങളുടെ ട്വീറ്റുകള്‍ അത്തരം താല്‍പ്പര്യക്കാരില്‍ എത്തിക്കുന്നതിന് വേണ്ടിയാണിത്. ഈ ക്ലസ്റ്ററിനു യോജിക്കാത്ത ട്വീറ്റാണ് നിങ്ങളുടേതെങ്കില്‍ നെഗറ്റീവായി ബാധിക്കും.