18 Feb 2023 7:15 AM GMT
Summary
- സൂപ്പര്‍ ശരണ്യയാണ് 2022ലെ ആദ്യ ഹിറ്റ്. ഒടുവില്‍ പുറത്തിറങ്ങിയ മാളികപ്പുറം ഉള്‍പ്പെടെ 17 ചിത്രങ്ങള്‍ മാത്രമാണ് തിയറ്ററില്‍ നേട്ടമുണ്ടാക്കിയത്
ബിഗ് ബജറ്റ് സിനിമകള്‍ എട്ടുനിലയില്‍ പൊട്ടുമ്പോള്‍ ചലച്ചിത്ര വ്യവസായത്തിന് ആശ്വാസം നല്‍കുന്ന കൊച്ചു സിനിമകള്‍ സംഭവിക്കാറുണ്ട്. ആ ശ്രേണിയില്‍ പെടുന്നു നവാഗതനായ ജിത്തു മാധവന്റെ രോമാഞ്ചം. നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ബോക്സോഫീസില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്.
കേരളത്തില്‍ 16 കോടി, വിദേശത്ത് 10.5 കോടി
ആറു കോടി ബജറ്റിലെടുത്ത കൊച്ചു സിനിമ രണ്ടാഴ്ച കൊണ്ട് 28.75 കോടി രൂപയാണ് ഗ്രോസ് നേടിയത്. കേരളത്തില്‍ നിന്ന് മാത്രം നേടിയത് 16 കോടി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നായി 1.5 കോടിയും വിദേശത്തുനിന്ന് 10.5 കോടിയും കരസ്ഥമാക്കി.
ആദ്യ ദിനം 75 ലക്ഷം, പത്താം ദിനം 2 കോടി
റിലീസ് ദിവസം ഒരു കോടി നേടിയ സിനിമ ഒരാഴ്ച പിന്നിടുന്നതോടെ കലക്ഷന്‍ 50 ലക്ഷമായി ഇടിയുന്നതാണ് പതിവു കാഴ്ച. എന്നാല്‍ ഓപണിങ് ഡേയില്‍ 75 ലക്ഷം നേടിയ സിനിമ പത്താം ദിനത്തില്‍ രണ്ടുകോടി നേടിയ കഥയാണ് രോമാഞ്ചത്തിന് പറയാനുള്ളത്. രണ്ടാം ദിനം 80 ലക്ഷം, മൂന്നാം ദിനം 1.6 കോടി, ഒമ്പതാം ദിവസം 1.75 കോടി എന്നിങ്ങനെയാണ് ഈ അദ്ഭുത ചിത്രത്തിന്റെ കലക്ഷന്‍. കേരളത്തില്‍ 150 സ്‌ക്രീനുകളിലായി 500 ഷോകളാണ് കളിച്ചുവരുന്നത്.
11 ദിവസം കൊണ്ട് ചിത്രം 25 കോടി
ഫെബ്രുവരി മൂന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം റിലീസ് ചെയ്ത് 11 ദിവസം കൊണ്ട് ചിത്രം 25 കോടിയാണ് തിയേറ്ററുകളില്‍ നിന്നും നേടിയത്. മൗത്ത് പബ്ലിസിറ്റിയിലൂടെ വന്‍വിജയമായി തീര്‍ന്ന ചിത്രത്തിന് വിദേശത്തും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നിവയുടെ ബാനറില്‍ ജോണ്‍പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം വിതരണം ചെയ്തത്. 2007ല്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.
കാസ്രോട്ടന്‍ സ്ലാങ് ഹിറ്റ്
സിനിമയിലെ കരിക്കുട്ടനെ ഹിറ്റാക്കിയത് പിഎച്ച് അഫ്സല്‍ എന്ന കാസര്‍കോട്ടുകാരന്‍ തകര്‍ത്താടിയത് സ്വന്തം ഭാഷ തന്നെയാണെന്നത് പലര്‍ക്കുമറിയില്ല. ജോലിക്കായി പ്രവാസ ലോകത്തെത്തിയെങ്കിലും സിനിമാ ഭ്രാന്ത് തലയ്ക്കുപിടിച്ച് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയയാളാണ് കാസര്‍കോട് മൊഗ്രാല്‍പൂത്തൂര്‍ സ്വദേശിയായ അഫ്സല്‍.
ഏഴു നായകന്മാര്‍
ഈ സിനിമയിലെ നായകനാരെന്ന ചോദ്യത്തിന് സംവിധായകന്‍ ജിത്തുവിന്റെ മറുപടി ഏഴു നായകന്മാര്‍ ഉണ്ടെന്നാണ്. എല്ലാവര്‍ക്കും തുല്യ പ്രാധാന്യമുള്ളതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്. തന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു കാര്യമാണ് സംവിധായകന്‍ സിനിമയായി മാറ്റിയത്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്നാണ് കേള്‍ക്കുന്നത്.
2022ല്‍ റിലീസ് ചെയ്തത് 176 സിനിമകള്‍; വിജയിച്ചത് 17 എണ്ണം മാത്രം
2022ല്‍ തിയറ്ററില്‍ റിലീസ് ചെയ്ത മലയാള സിനിമകളില്‍ 90 ശതമാനവും സാമ്പത്തികമായി പരാജയമായിരുന്നു. 176 മലയാള ചിത്രങ്ങളില്‍ വിജയിച്ചത് 17 എണ്ണം മാത്രം. കന്നഡ ചിത്രം കെജിഎഫ്2 കേരളത്തിലെ തിയറ്ററുകളില്‍നിന്ന് 30 കോടിയോളം രൂപ നേടിയപ്പോഴാണ് മലയാള ചിത്രങ്ങളില്‍ ഭൂരിപക്ഷവും തകര്‍ന്നടിഞ്ഞത്.
ആദ്യ ഹിറ്റ് സൂപ്പര്‍ ശരണ്യ
സൂപ്പര്‍ ശരണ്യയാണ് 2022ലെ ആദ്യ ഹിറ്റ്. ഒടുവില്‍ പുറത്തിറങ്ങിയ മാളികപ്പുറം ഉള്‍പ്പെടെ 17 ചിത്രങ്ങള്‍ മാത്രമാണ് തിയറ്ററില്‍ നേട്ടമുണ്ടാക്കിയത്. അതില്‍തന്നെ ഹൃദയം, ഭീഷ്മപര്‍വം, കടുവ, ജനഗണമന, ന്നാ താന്‍ കേസ് കൊട്, തല്ലുമാല, റോഷാക്ക്, ജയ ജയ ജയ ജയ ഹേ എന്നീ എട്ട് ചിത്രങ്ങള്‍ മാത്രമാണ് നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും പത്ത് കോടിക്ക് മുകളില്‍ തിയറ്റര്‍ വിഹിതം നേടിക്കൊടുത്തത്.
കന്നഡ ചിത്രമായ കെജിഎഫ് 2 നേടിയ മുപ്പത് കോടിക്ക് പിന്നിലായി വിക്രം, ആര്‍.ആര്‍.ആര്‍, കാന്താര അടക്കമുള്ള ഇതരഭാഷ സിനിമകള്‍ ഇവിടുത്തെ തിയറ്ററുകളില്‍ നിന്ന് പണംവാരിയപ്പോള്‍ 176 മലയാള ചിത്രങ്ങളില്‍ 159 എണ്ണവും പൊട്ടി.
ഒടിടിയിലേക്ക് മാറിയ പ്രേക്ഷകനെ തിരികെ തിയറ്ററിലേക്ക് എത്തിക്കണമെങ്കില്‍ പ്രമേയത്തിലും ആഖ്യാനത്തിലും സാങ്കേതിക തികവിലും മലയാളചിത്രങ്ങള്‍ നിലവാരമുണ്ടാക്കണമെന്നാണ് പരാജയ സിനിമകള്‍ വ്യക്തമാക്കുന്നത്. സിനിമ കാണുന്നതിന് ജി.എസ്.ടിക്ക് പുറമെ വിനോദനികുതി കൂടി നല്‍കേണ്ടിവരുന്ന പ്രേക്ഷകര്‍ കൃത്യമായ തെരഞ്ഞെടുപ്പ് നടത്തുവെന്നാണ് പരാജയ സിനിമകളുടെ പട്ടിക വെളിപ്പെടുത്തുന്നത്.