Summary
- വിചിത്ര രീതികളാണ് പലരും സ്വീകരിക്കുന്നത്.
- കൂടുതല്‍ യാത്രക്കാരും ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തുന്നത്
- അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത സ്വര്‍ണം
സ്വര്‍ണക്കടത്തിന് ഇന്ന് ഹൈടെക് രീതികളാണ് സ്വീകരിക്കുന്നത്. ഇലക്ട്രോണിക്സ് സാധനങ്ങളുടെ ഭാഗമായി സ്വര്‍ണം രൂപം മാറ്റുന്നതാണ്...
സ്വര്‍ണക്കടത്തിന് ഇന്ന് ഹൈടെക് രീതികളാണ് സ്വീകരിക്കുന്നത്. ഇലക്ട്രോണിക്സ് സാധനങ്ങളുടെ ഭാഗമായി സ്വര്‍ണം രൂപം മാറ്റുന്നതാണ് ഇതിലൊന്ന്. ഇസ്തിരിപ്പെട്ടി, ടെലിവിഷന്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവയില്‍ സ്വര്‍ണം ഉപകരണമായി വിളക്കിച്ചേര്‍ത്ത് കടത്തുന്നു. ഗ്രീസ്, ചായപ്പൊടി, ശീതളപാനീയം തുടങ്ങിയവയില്‍ ലയിപ്പിച്ചു കടത്തുന്നതാണ് മറ്റൊരു രീതി. ഇവയില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ ലബോറട്ടറികളെ സമീപിക്കേണ്ടി വരും. സ്വര്‍ണം ഈയവും വെള്ളിയും പൂശി രൂപം മാറ്റി കൊണ്ടുവരുന്നവരുമുണ്ട്. സ്പൂണ്‍, ഗ്ലാസ്, പാത്രങ്ങള്‍, കത്തി, ബെല്‍റ്റ് ബക്കിള്‍, ബട്ടന്‍സ് തുടങ്ങി സാരിപ്പിന്നില്‍ നിന്നു വരെ കള്ളക്കടത്ത് സ്വര്‍ണം കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.
എക്സ്റേ പരിശോധനകളില്‍ കണ്ടെത്താന്‍ കഴിയാത്ത വിധത്തിലാണ് ഒളിപ്പിക്കുന്നത്. ഇതിനായി പ്രത്യേക ചൈനാ സംഘം ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ ഇലക്ട്രിക് ഉപകരണങ്ങളുടെയും ഭാഗമെന്ന് തോന്നുന്ന വിധത്തിലാണ് ചൈനക്കാര്‍ സ്വര്‍ണം രൂപംമാറ്റുന്നത്.
ഒളിപ്പിച്ച സ്വര്‍ണം വിമാനത്താവളങ്ങളില്‍ എക്സറേ മെഷിനില്‍ വച്ച് പിടിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് ഇവര്‍ ഉപകരണങ്ങള്‍ കള്ളക്കടത്ത് ഏജന്റുമാര്‍ക്ക് നല്‍കുന്നത്. രണ്ടു വര്‍ഷമായി കേരളത്തില്‍ കൂടുതല്‍ യാത്രക്കാരും ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തുന്നത്.
സ്വര്‍ണം കടത്താന്‍ വഴികള്‍ പലത്
സ്വര്‍ണം ബിസ്‌കറ്റായും കട്ടികളായും ആഭരണങ്ങളായും മറ്റും കടത്തുന്ന രീതി പഴങ്കഥ. പരിശോധനാ സംവിധാനങ്ങളെ വെട്ടിച്ച് സ്വര്‍ണം കടത്താന്‍ സ്വര്‍ണത്തിന്റെ ലോഹരൂപം മാറ്റി കടത്തുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. അടുത്തിടെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ പിടികൂടിയ സ്വര്‍ണക്കടത്തു കേസുകളില്‍ ഏറിയ പങ്കും സ്വര്‍ണം മിശ്രിത രൂപത്തിലാക്കിയതാണ്. പ്രധാനമായി സ്വര്‍ണം കടത്തുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ഇതിനായി പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ദുബായില്‍ സ്വര്‍ണം അലിയിപ്പിച്ചു നല്‍കുന്നതിനു പ്രവര്‍ത്തിക്കുന്ന കേന്ദ്രം കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്.
ഒരു കിലോഗ്രാം സ്വര്‍ണം അലിയിപ്പിച്ചു കൊടുക്കുന്നതിന് 5000 രൂപ മുതല്‍ 10,000 രൂപ വരെ വാങ്ങുന്നു. എത്ര പണം നല്‍കിയാലും വഴിയില്‍ പിടിക്കപ്പെടാതെ സ്വര്‍ണം കടത്താനാകുമെന്നതിനാലാണു സ്വര്‍ണക്കടത്തുസംഘം ഇപ്പോള്‍ കൂടുതലായി ഈ മാര്‍ഗം അവലംബിക്കുന്നത്.
പേനയുടെ റീഫില്ലിനുള്ളിലും സ്വര്‍ണം!
കരിപ്പൂരില്‍ അടുത്തിടെ യാത്രക്കാരന്‍ ബാഗേജില്‍ കൊണ്ടുവന്ന നാലു പേനകളിലെ റീഫില്ലിനുള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ചത് 42 ഗ്രാം സ്വര്‍ണ റോഡുകളായിരുന്നു. പേനയിലും വസ്ത്രത്തിലും ശരീരത്തിലും ഒളിപ്പിച്ചെത്തിയ നാലു യാത്രക്കാര്‍ കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. ദുബായില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ മലപ്പുറം കെപുരം സ്വദേശി കൊണ്ടുവന്ന ബാഗേജില്‍ നിന്നാണ് എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നാലു ബോള്‍പോയിന്റ് പേനകള്‍ കണ്ടെടുത്തത്.
ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചപ്പോള്‍ അവയുടെ റീഫില്ലിനുള്ളില്‍ സ്വര്‍ണ റോഡുകള്‍ ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. ഏകദേശം 2 ലക്ഷം രൂപയുടെ 42 ഗ്രാം സ്വര്‍ണറോഡുകള്‍. സ്വര്‍ണം തേച്ചുപിടിപ്പിച്ച വസ്ത്രങ്ങള്‍ ധരിച്ചാണ് ദുബായില്‍നിന്ന് കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി എത്തിയതെന്നു കസ്റ്റംസ് കണ്ടെത്തി. പാന്റ്സും ഉള്‍വസ്ത്രവും കസ്റ്റഡിയിലെടുത്തു. 1.116 കിലോഗ്രാം സ്വര്‍ണമാണ് വസ്ത്രത്തില്‍ നിന്നു സ്വര്‍ണം വേര്‍തിരിച്ചെടുത്തത്.
സ്വര്‍ണക്കുഴമ്പ്
ലോഹരൂപത്തിലുള്ള സ്വര്‍ണത്തില്‍ 1:3 എന്ന അനുപാതത്തില്‍ ഹൈഡ്രോക്ലോറിക് ആസിഡും സള്‍ഫ്യൂറിക് ആസിഡും ചേര്‍ത്താണു സ്വര്‍ണം കുഴമ്പു രൂപത്തിലാക്കുന്നത്. ഈ കുഴമ്പിന്റെ 90 മുതല്‍ 95 ശതമാനം വരെ സ്വര്‍ണമായിരിക്കും. നാട്ടിലെത്തിച്ച ശേഷം ഇലക്ട്രോലിസിസ് പ്രക്രിയയിലൂടെയാണ് ഇതു വീണ്ടും സ്വര്‍ണമാക്കുന്നത്. കേരളത്തില്‍ മിക്കവാറും ആഭരണനിര്‍മാണ ശാലകളിലാണ് ഇതു നടക്കുന്നത്. ഈ മാറ്റിമറിക്കലിനിടെ വളരെ ചെറിയ അളവില്‍ സ്വര്‍ണം നഷ്ടപ്പെട്ടേക്കാം.
പൊടിയല്ല, സ്വര്‍ണപ്പൊടി
സ്വര്‍ണം പൊടിരൂപത്തിലാക്കുന്നതിനു പ്രത്യേകിച്ച് ഒന്നും ചേര്‍ക്കേണ്ടതില്ല. സ്വര്‍ണക്കട്ടികള്‍ ഗ്രൈന്‍ഡറിലിട്ട് പൊടിക്കുകയാണു ചെയ്യുന്നത്. പൊടി രൂപത്തിലായാൽ എക്സ്റേ മെഷിനുകളില്‍ ഇതു വ്യക്തമായി മനസ്സിലാക്കാനാകില്ല. എന്നാല്‍ പൊടിക്കുന്ന പ്രക്രിയ ഏറെ സങ്കീര്‍ണമായതിനാലാണു സ്വര്‍ണം കുഴച്ചു മിശ്രിതമാക്കുന്ന രീതി അധികപേരും പിന്തുടരാന്‍ കാരണം. യാത്രക്കാരെ നിരീക്ഷിച്ച് അതില്‍ നിന്നു കള്ളക്കടത്തുകാരെന്നു തോന്നുന്നവരെ പിടികൂടി ചോദ്യംചെയ്യുക മാത്രമാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ മുമ്പിലുള്ള പോംവഴി.
സ്വര്‍ണ പേസ്റ്റ്
അടുത്തകാലത്തായി സ്വര്‍ണം പേസ്റ്റാക്കി മാറ്റി കടത്തുന്ന രീതിയും കണ്ടുവരുന്നുണ്ട്. എളുപ്പത്തില്‍ ഒളിപ്പിക്കാന്‍ സാധിക്കും എന്നതാണ് ഈ രീതിക്കുള്ള പ്രത്യേകത. പാന്റ്സിന്റെ അരക്കെട്ടിലോ ഷര്‍ട്ടിന്റെ കോളറിലോ ഒക്കെയുള്ള പോക്കറ്റിലാണ് ഇത്തരം പേസ്റ്റ് ഒളിപ്പിക്കാറ്. സ്യൂട്ട്കേസ് പോലുള്ള വസ്തുക്കളിലും ഇത്തരം പേസ്റ്റ് തേച്ച് പിടിപ്പിക്കാറുണ്ട്. പെട്ടെന്ന് ആരും സംശയിക്കില്ല.
മലദ്വാരത്തില്‍ ഒളിപ്പിച്ച്
സര്‍, ഇതിലും വലിയ സ്‌ക്രീനിങ് കഴിഞ്ഞാണ് ഞാനെത്തുന്നത്. സ്വര്‍ണം വിഴുങ്ങിയെത്തിയ യാത്രക്കാരന്‍ പിടിയിലായപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞത് ഇങ്ങനെയായിരുന്നു. സ്വര്‍ണം വിഴുങ്ങിയും മലദ്വാരത്തില്‍ ഒളിപ്പിച്ചും കടത്തുന്നവര്‍ കസ്റ്റംസ് സ്‌ക്രീനിങ് മറികടക്കാന്‍ വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്.
സ്വര്‍ണഗുളികകള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തുന്നതിന് പ്രത്യേക പരിശീലനം നല്‍കുന്ന സംഘം ദുബായമ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടും മൂന്നും ദിവസം സ്വര്‍ണം ഒളിപ്പിച്ച് കസ്റ്റംസിന് സംശയം തോന്നാത്ത രീതിയില്‍ ആദ്യം നടത്തം പരിശീലിപ്പിച്ചെടുത്താണ് കരിയര്‍മാരെ തയാറാക്കുന്നത്. നിശ്ചിതസമയത്ത് വെള്ളവും ഭക്ഷണവും നിയന്ത്രിച്ച് പുറപ്പെടുന്നതിന്റെ മണിക്കൂര്‍ മുമ്പ് ജെല്ല് പുരട്ടിയാണ് സ്വര്‍ണഗുളികകള്‍ മലദ്വാരത്തില്‍ ഒളിപ്പിക്കുന്നത്. സ്വര്‍ണം ഒളിപ്പിച്ച ശേഷം ഭക്ഷണം കഴിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം.
വിദേശത്ത് നിന്നും സ്വര്‍ണം കൊണ്ടുവരുമ്പോഴുള്ള കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കാനാണ് വിദേശത്തു നിന്നുള്ള കള്ളക്കടത്തുകാര്‍ (ചിലപ്പോള്‍ സാധാരണ യാത്രക്കാരും) സ്യൂട്ട് കേസ് കമ്പികള്‍, സോക്സുകള്‍, ഡിയോഡറന്റ് കുപ്പികള്‍, അലാറം ക്ലോക്കുകള്‍ തുടങ്ങി മലദ്വാരത്തില്‍ വരെ സ്വര്‍ണം ഒളിപ്പിച്ച് കടത്തുന്നത്. ബാന്‍ഡേജുകള്‍, മൈക്രോവേവ് ഓവനുകള്‍ കൂടാതെ ആര്‍ടിപിസിആര്‍ സാമ്പിളുകള്‍ തുടങ്ങിയ രീതികളിലൂടെയും ഇപ്പോള്‍ സ്വര്‍ണക്കടത്ത് നടക്കാറുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ചെറിയ കളിപ്പാട്ടങ്ങള്‍, ട്രോളി ബാഗുകളുടെ ഭാഗങ്ങളില്‍, പ്രസ് ബട്ടണായി, മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍ക്ക് പകരം ഒക്കെ സ്വര്‍ണം കടത്തുന്നു. മറ്റു ചിലരാകട്ടെ വസ്ത്രങ്ങള്‍ക്കുള്ളില്‍ പോക്കറ്റ് ഉണ്ടാക്കി അതില്‍ സ്വര്‍ണം കടത്തുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 7.5 ശതമാനത്തില്‍ നിന്നും 12.5 ശതമാനമായി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു.
ഗര്‍ഭനിരോധന ഉറയില്‍
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഈയിടെ പിടികൂടിയ സ്വര്‍ണം കാപ്സ്യൂള്‍ രൂപത്തിലാക്കി ഗര്‍ഭനിരോധന ഉറയില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. 20 ലക്ഷം രൂപയുടെ 432.90 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയയാളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
അടിവസ്ത്രത്തില്‍
കഴിഞ്ഞ ഡിസംബറില്‍ കരിപ്പൂരില്‍ അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത സ്വര്‍ണം 19 കാരിയില്‍ നിന്ന് കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പൊലിസ് പിടികൂടിയിരുന്നു.
എമര്‍ജന്‍സി ലൈറ്റിനുള്ളില്‍
മാര്‍ച്ച് 12ന് രാവിലെ കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 50 ലക്ഷം രൂപ വില മതിക്കുന്ന 902 ഗ്രാം സ്വര്‍ണം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. എമര്‍ജന്‍സി ലൈറ്റിനുള്ളില്‍വച്ച് ഒളിപ്പിച്ചു കടത്തുന്നതിനിടെയാണ് പിടികൂടിയത്. റിയാദില്‍ നിന്നും ബഹ്റൈന്‍ വഴി ഗള്‍ഫ് എയര്‍ വിമാനത്തിലെത്തിയ പാലക്കാട് സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
യാത്രക്കാരന്‍ കൊണ്ടുവന്ന ബാഗേജ് എക്സ്റേ പരിശോധനയില്‍ സംശയകരമായി കണ്ടതോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചു. ഇതോടെയാണ് ബാഗിലെ എമര്‍ജന്‍സി ലൈറ്റിന്റെ ബാറ്ററിക്കുള്ളില്‍ ഇന്‍സുലേഷന്‍ ടേപ്പുകൊണ്ടു പൊതിഞ്ഞ സ്വര്‍ണക്കട്ടികളടങ്ങിയ മൂന്നു പാക്കറ്റുകള്‍ ലഭിച്ചത്. എമര്‍ജന്‍സി ലൈറ്റ് റിയാദിലുള്ള ഒരു വ്യക്തി കൊടുത്തുവിട്ടതാണെന്നാണ് യുവാവ് പറഞ്ഞത്.
കഴിഞ്ഞ നവംബര്‍ 14ന് സ്വര്‍ണം കടുക് രൂപത്തില്‍ ചെറുതാക്കി ലാപ്ടോപ് ചാര്‍ജറിന്റെ വയറിനോട് ചേര്‍ന്ന് ഒളിപ്പിച്ച നിലയില്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് പിടികൂടിയത് ദുബായില്‍ നിന്ന് വന്ന യാത്രക്കാരനില്‍ നിന്നായിരുന്നു.
കമ്പ്യൂട്ടര്‍ പ്രിന്ററിന്റെ പാര്‍ട്സായി, ന്യൂട്ടെല്ല സ്പ്രെഡ് ജാറില്‍...
ജനുവരി 23ന് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മൂന്ന് കോടി വിലവരുന്ന സ്വര്‍ണം പിടികൂടിയിരുന്നു. അഞ്ചു കേസുകളില്‍ നിന്നായി അഞ്ച് കിലോഗ്രാം സ്വര്‍ണമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
എയര്‍ അറേബ്യ വിമാനത്തില്‍ ജിദ്ദയില്‍ നിന്നും ഷാര്‍ജ വഴി കൊണ്ടുവന്ന കമ്പ്യൂട്ടര്‍ പ്രിന്ററിന്റെ പാര്‍ട്സായി വച്ചിരുന്ന 995 ഗ്രാം തങ്കമാണ് പിടികൂടിയത്. വിപണിയില്‍ 55 ലക്ഷം രൂപ വിലവരും. എയര്‍ ഇന്ത്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും വന്നയാളില്‍ നിന്ന് 1158 ഗ്രാം സ്വര്‍ണമിശ്രിതവും മറ്റൊരാളില്‍ നിന്ന് 1283 ഗ്രാം സ്വര്‍ണ മിശ്രിതം അടങ്ങിയ നാല് വീതം ക്യാപ്സൂളുകളുമാണ് പിടികൂടിയത്.
ദുബായില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ വന്ന യുവാവില്‍ നിന്നും ന്യൂട്ടെല്ല സ്പ്രെഡ് ജാറിനുള്ളില്‍ കലര്‍ത്തികൊണ്ടുവന്ന 45.69 ലക്ഷം രൂപ വിലയുള്ള 840.34 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഇതിന് പുറമെ ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിലെ വേസ്റ്റ്ബിന്നില്‍ നിന്നും 1145 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ മിശ്രിതവും കസ്റ്റംസ് പിടികൂടി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാര്‍ച്ച് 15ന് 1.1 കോടി രൂപ വില മതിക്കുന്ന സ്വര്‍ണവും എട്ട് ലക്ഷം രൂപയുടെ വിദേശ കറന്‍സിയും കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.
സ്വര്‍ണക്കടത്തിന്റെ ആദ്യ പാര്‍ട്ടുകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.