image

11 April 2023 8:45 AM GMT

Premium

ഇന്‍ഷൂറന്‍സ് കമ്പനിയുടെ സോള്‍വന്‍സി അനുപാതം എന്ത്; എന്തുകൊണ്ട് ഇക്കാര്യം ശ്രദ്ധിക്കണം?

MyFin Desk

ഇന്‍ഷൂറന്‍സ് കമ്പനിയുടെ സോള്‍വന്‍സി അനുപാതം എന്ത്; എന്തുകൊണ്ട് ഇക്കാര്യം ശ്രദ്ധിക്കണം?
X

Summary

  • ക്ലെയിം ചെയ്യുമ്പോൾ തുക തിരിച്ചടയ്ക്കാനുള്ള ഇൻഷുററുടെ കഴിവ് നിർണയിക്കുന്നു
  • കുറഞ്ഞ സോൾവൻസി അനുപാതമാണെങ്കിൽ സമയബന്ധിതമായി പണം ലഭിക്കണമെന്നില്ല
  • ഉയർന്ന സോൾവൻസി അനുപാതം ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ്


ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന അതിഥിയെ പോലെയാണ് അസുഖങ്ങള്‍. അസുഖം വരാനും ചെലവേറിയ ചികിത്സകള്‍ ആവശ്യമായി വരാനുമുള്ള സാധ്യതകള്‍ എപ്പോഴുമുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ കയ്യിലൊരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കയ്യിലുണ്ടെങ്കില്‍ സൗകര്യമാണ്. ചികിത്സ കുടുംബത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടാതിരിക്കാന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സഹായിക്കും. ചെറിയ തുക പ്രീമിയം അടയ്ക്കുന്നതിലൂടെ ഒരു സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സെടുക്കാം. എന്നാല്‍ ക്ലെയിം ചെയ്യുന്ന തുക നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് സാധിക്കേണ്ടതുണ്ട്. ഇത് പരിശോധിച്ച് വേണം ഏത് കമ്പനിയില്‍ നിന്ന് ഇന്‍ഷുറന്‍സ് എടുക്കണം എന്ന് തീരുമാനിക്കാന്‍.

സോള്‍വന്‍സി അനുപാതം

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി വാങ്ങാന്‍ ആഗ്രഹിക്കുന്നൊരാള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ഘടകങ്ങളിലൊന്ന് ഇന്‍ഷുററുടെ സോള്‍വന്‍സി അനുപാതം. ക്ലെയിം ചെയ്യുമ്പോള്‍ തുക തിരിച്ചടയ്ക്കാനുള്ള ഇന്‍ഷുററുടെ കഴിവ് നിര്‍ണയിക്കുന്നതിന് ഇത് സഹായിക്കും. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഐ) യുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും പാപ്പരത്ത ഭീഷണി ഒഴിവാക്കുന്നത് 150% അല്ലെങ്കില്‍ 1.5 എന്ന തലത്തില്‍ സോള്‍വന്‍സി അനുപാതം നിലനിര്‍ത്തണം. എല്ലാ ക്ലെയിമുകളും പരിഹരിക്കാന്‍ കമ്പനിക്ക് മതിയായ സാമ്പത്തികമുണ്ടോ എന്ന് തിരിച്ചറിയാന്‍ സോള്‍വന്‍സി അനുപാതം സഹായിക്കും.

ഒരു കമ്പനിയുടെ ബാധ്യതകളെ കമ്പനിയുടെ നിലവിലെ ആസ്തികളുമായി താരതമ്യം ചെയ്താണ് സോള്‍വന്‍സി മാര്‍ജിന്‍ കണക്കാക്കുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഒരു കമ്പനിയുടെ നികുതിക്ക് ശേഷമുള്ള പ്രവര്‍ത്തന വരുമാനത്തെ അതിന്റെ കടബാധ്യതകള്‍ കൊണ്ട് ഹരിച്ചാണ് സോള്‍വന്‍സി അനുപാതം നിര്‍ണയിക്കുന്നത്.

സോള്‍വന്‍സി അനുപാതത്തിന്റെ പ്രധാന്യം

ഇന്‍ഷുറര്‍മാര്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് പതിവായി നൂറുകണക്കിന് ക്ലെയിമുകള്‍ ലഭിക്കും. ഈ ക്ലെയിമുകളെല്ലാം പ്രോസസ് ചെയ്യുന്നതിനും ഗുണഭോക്താക്കള്‍ക്ക് പണം നല്‍കുന്നതിനും കമ്പനിക്ക് സാമ്പത്തികമായി സ്ഥിരതതയും മതിയായ ഫണ്ടുകളും ആവശ്യമാണ്. ഒരു ഇന്‍ഷുററുടെ സാമ്പത്തിക ശക്തി എത്ര നല്ലതോ ചീത്തയോ എന്ന് സോള്‍വന്‍സി അനുപാതം വെച്ച് പരിശോധിക്കാന്‍ സാധിക്കും.

കുറഞ്ഞ സോള്‍വന്‍സി അനുപാതം

കുറഞ്ഞ സോള്‍വന്‍സി അനുപാതമുള്ള കമ്പനിയില്‍ നിന്ന് ഇന്‍ഷുറന്‍സ് വാങ്ങുന്നൊരാള്‍ക്ക്, കമ്പനിയില്‍ ക്ലെയിം സമര്‍പ്പിച്ചാല്‍ സമയബന്ധിതമായി പണം ലഭിക്കുമെന്ന് ഉറപ്പ് നല്‍കാന്‍ സാധിക്കില്ല. ഉയര്‍ന്ന സോള്‍വന്‍സി അനുപാതം സൂചിപ്പിക്കുന്നത് കോര്‍പ്പറേഷന് അതിന്റെ സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ മതിയായ ഫണ്ടുണ്ടെന്നാണ്. ഉയര്‍ന്ന സോള്‍വന്‍സി അനുപാതം സാധാരണയായി വിശ്വാസ്യതയുടെ സൂചനയായി കണക്കാക്കപ്പെടുന്നു.

എങ്ങനെ സോള്‍വന്‍സി അനുപാതം അറിയാം

2021-22ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ എല്ലാ ലൈഫ്, ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെയും സോള്‍വന്‍സി അനുപാതം ഐആര്‍ഡിഐ വ്യക്തമാക്കിയിട്ടുണ്ട്. 2022 മാര്‍ച്ച് 31 വരെ 24 ലൈഫ് ഇന്‍ഷുറര്‍സ് കമ്പനികളും ഐആര്‍ഡിഐ നിശ്ചയിച്ച 1.5 എന്ന നിര്‍ബന്ധിത സോള്‍വന്‍സി അനുപാതം നിലനിര്‍ത്തിയിട്ടുണ്ട്.

ഐആര്‍ഡിഐ ഡാറ്റ പ്രകാരം ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സിനാണ് ഉയര്‍ന്ന സോള്‍വന്‍സി അനുപാതമുള്ളത്. 5.81. ഭാരതി ആക്‌സ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡും ഇന്ത്യാഫസ്റ്റ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡും യഥാക്രമം 1.62, 1.65 എന്നിങ്ങനെ സോള്‍വന്‍സി അനുപാതം. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സോള്‍വന്‍സി റേഷ്യോ 1.85 ആയിരുന്നു.