image

13 Feb 2023 7:00 AM GMT

Premium

ആറ് മാസം കൊണ്ട് ഈ മുട്ട കമ്പനിയുടെ ഓഹരിവില കുതിച്ചുയര്‍ന്നത് 210 ശതമാനം

MyFin Bureau

ആറ് മാസം കൊണ്ട് ഈ മുട്ട കമ്പനിയുടെ ഓഹരിവില കുതിച്ചുയര്‍ന്നത് 210 ശതമാനം
X

Summary

  • ഈ കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന നിലയും ഇതാണ്


ആറ് മാസത്തിനിടെ ഓഹരി വിപണിയില്‍ വന്‍നേട്ടം സമ്മാനിച്ച് മുട്ട ഉത്പന്ന വിതരണ കമ്പനിയായ എസ്‌കെഎം എഗ്ഗ് പ്രോഡക്ട്സ് എക്സ്പോര്‍ട്ട് ലിമിറ്റഡ്. അന്താരാഷ്ട്ര വിപണികളിലെ പ്രധാന മുട്ട ഉല്‍പ്പന്ന വിതരണ കമ്പനിയായ എസ്‌കെഎം എഗ്ഗ് പ്രോഡക്ട്സ് എക്സ്പോര്‍ട്ടിന്റെ ഓഹരി വില ഇക്കാലയളവില്‍ 210 ശതമാനത്തോളമാണ് കുതിച്ചുയര്‍ന്നത്. അതായത്, ഓഗസ്റ്റ് 12ന് 68.40 രൂപയായിരുന്ന ഓഹരി വില വെള്ളിയാഴ്ച വിപണി വ്യാപാരം ക്ലോസ് ചെയ്യുമ്പോള്‍ തൊട്ടത് 212.05 രൂപയിലാണ്.

ആറ് മാസത്തിനിടെ ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്സ് രണ്ട് ശതമാനം മാത്രം നേട്ടമുണ്ടാക്കിയപ്പോഴാണ് എസ്‌കെഎം എഗ്ഗ് പ്രോഡക്ട്സിന്റെ കുതിച്ചുചാട്ടം. ഈ കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന നിലയും ഇതാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 48 ശതമാനത്തിന്റെ ഉയര്‍ച്ചയും ഈ ഓഹരി കണ്ടു. അഞ്ച് ദിവസത്തിനിടെ 34 ശതമാനത്തിന്റെ നേട്ടം കൈവരിച്ച ഓഹരി വെള്ളിയാഴ്ച അപ്പര്‍സര്‍ക്യൂട്ടിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിലവില്‍ 558 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

അറ്റാദായം കുത്തനെ ഉയര്‍ന്നു

തമിഴ്നാട്ടിലെ ഈറോഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനി, 2022-23 സാമ്പത്തിക വര്‍ഷത്തെ പാദത്തില്‍ മികച്ച പ്രവര്‍ത്തനഫലമാണ് റിപ്പോര്‍ട്ട് ചെയ്തത്. സെപ്റ്റംബര്‍ പാദത്തില്‍ മാത്രം കമ്പനിയുടെ അറ്റവില്‍പ്പന 169.36 ശതമാനം വര്‍ധിച്ച് 163.69 കോടി രൂപയിലെത്തി. മുന്‍വര്‍ഷത്തെ കാലയളവില്‍ 60.77 കോടി രൂപയായിരുന്നു അറ്റവില്‍പ്പന.

കൂടാതെ, അറ്റാദായത്തിലും വന്‍കുതിപ്പാണ് എസ്‌കെഎം എഗ്ഗ് പ്രോഡക്ട്സ് എക്സ്പോര്‍ട്ട് ലിമിറ്റഡ് രേഖപ്പെടുത്തിയത്. 2022 ജുലൈ-സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം 1256.52 ശതമാനമാണ് ഉയര്‍ന്നത്. മുന്‍വര്‍ഷത്തെ കാലയളവിലെ 0.92 കോടി രൂപയില്‍നിന്ന് അറ്റാദായം 12.48 കോടി രൂപയായാണ് ഉയര്‍ന്നത്. എബിറ്റ്ഡയും 414.32 ശതമാനം വര്‍ധിച്ച് 21.91 കോടി രൂപയിലെത്തി. 2021 സെപ്റ്റംബര്‍ പാദത്തില്‍ ഇത് 4.26 കോടി രൂപയായിരുന്നു.

അവസാനമായി പുറത്തുവിട്ട ഡിസംബര്‍ പാദത്തിലും വന്‍കുതിപ്പാണ് കമ്പനി രേഖപ്പെടുത്തിയത്. മൊത്തവരുമാനം 79.81 കോടി രൂപയില്‍നിന്ന് 177.07 കോടി രൂപയായാണ് ഉയര്‍ന്നത്. അതായത്, 123 ശതമാനത്തിന്റെ വര്‍ധന.

ചെറിയ തുടക്കം

ജനറല്‍ സ്റ്റോര്‍ വ്യാപാരിയായ എസ്‌കെഎം മൈലാനന്ദന്‍ 1995ലാണ് എസ്‌കെഎം സ്ഥാപിച്ചത്. ഇതിന്റെ കീഴിലായി 1997ല്‍ പൂര്‍ണമായും മുട്ട ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന സ്ഥാപനമായി എസ്‌കെഎം എഗ്ഗ് പ്രോഡക്ട്സ് എക്സ്പോര്‍ട്ട്(ഇന്ത്യ) യ്ക്കും തുടക്കമിട്ടു. അത്യാധുനിക സംസ്‌കരണ പ്ലാന്റും ഏറ്റവും മികച്ച സാങ്കേതികവിദ്യയും ഉപയോഗിച്ചായിരുന്നു വാണിജ്യ ഉത്പാദനം ആരംഭിച്ചത്.

നിലവില്‍ 200 ലധികം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. പ്രതിദിനം 1.2 ദശലക്ഷം മുട്ടകള്‍ പ്രോസസ് ചെയ്ത് ആല്‍ബുമിന്‍ പൊടി, മഞ്ഞക്കരു, മുട്ടപ്പൊടി തുടങ്ങിയവയാണ് അന്താരാഷ്ട്ര വിപണിയിലെത്തിക്കുന്നത്. ഉത്പന്ന ശ്രേണിയിലേക്ക് കൂടുതല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളും കൂടി എത്തിക്കാനുള്ള ഒരുക്കത്തിലാണ് എസ്‌കെഎം എഗ്ഗ് പ്രോഡക്ട്സ് എക്സ്പോര്‍ട്ട് ലിമിറ്റഡ്.