17 Feb 2023 8:30 AM GMT
Summary
- കഴിഞ്ഞവര്‍ഷം 130 മില്യന്‍ ഡോളര്‍, ആകെ ആസ്തി 620 മില്യന്‍ ഡോളര്‍
ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായിക താരമായി അര്‍ജന്റീനയുടെ ലയണല്‍ മെസ്സി. ഫോര്‍ബ്സ് പട്ടിക പ്രകാരം 2021-22 വര്‍ഷം ആകെ 130 മില്യണ്‍ ഡോളറാണ് മെസ്സി വരുമാനമായി നേടിയത്. 75 മില്യണ്‍ ഡോളര്‍ ശമ്പളമായും മത്സര വിജയങ്ങളിലൂടെയും ബാക്കി 55 മില്യണ്‍ സ്പോണ്‍സര്‍മാര്‍, അംഗീകാരങ്ങള്‍, മറ്റു സംരംഭങ്ങള്‍ എന്നിവയില്‍ നിന്നും നേടി.
മെസ്സിയുടെ ആകെ ആസ്തി 620 മില്യണ്‍ ഡോളറാണ്. 2021ല്‍ ബാഴ്സലോണ വിട്ട് പിഎസ്ജിയിലെത്തിയ അദ്ദേഹം പരസ്യയിനത്തിലും ഏറെ വരുമാനം നേടി. പിഎസ്ജിയില്‍ 22 മില്യന്‍ ഡോളറാണ് മെസ്സിയുടെ വരുമാനം. ഇത് ബാഴ്സലോണയില്‍ ലഭിച്ചതിനേക്കാള്‍ കുറവാണ്. അഡിഡാസ്, പെപ്സി, ലെയ്സ് എന്നീ വന്‍കിട കമ്പനികള്‍ക്കുവേണ്ടി മെസ്സി പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. 100 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച മെസ്സി അന്താരാഷ്ട്ര തലത്തില്‍ 90 ഗോളുകള്‍ നേടിയിട്ടുണ്ട്. ഏഴു തവണ ബാലന്‍ ഡിഓര്‍ പുരസ്‌കാരം നേടിയ കായികതാരം കൂടിയാണ് മെസ്സി.
121.2 മില്യണ്‍ ഡോളറുമായി ലെബ്രോണ്‍ ജെയിംസ്
പട്ടികയില്‍ രണ്ടാമതെത്തിയത് ലോസ് ഏഞ്ചല്‍സ് ലേക്കേഴ്സിന്റെ പവര്‍ ഫോര്‍വേഡ് ലെബ്രോണ്‍ ജെയിംസാണ്. 121.2 മില്യണ്‍ ഡോളര്‍ ആണ് ഇദ്ദേഹത്തിന്റെ വരുമാനം. ഇതില്‍ 41.2 മില്യണ്‍ അദ്ദേഹത്തിന്റെ കായിക വരുമാനമാണ്. 80 മില്യണ്‍ ഡോളര്‍ ഓഫ് ഫീല്‍ഡില്‍ നിന്നാണ് അദ്ദേഹം നേടിയത്.
മൂന്നാമന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
കായിക താരങ്ങളുടെ വരുമാനത്തില്‍ മൂന്നാം സ്ഥാനത്താണ് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 115 മില്യണ്‍ ഡോളറാണ് റൊണാള്‍ഡോയുടെ വരുമാനം. ഇതില്‍ 60 മില്യന്‍ കളിയിലൂടെയും 55 മില്യന്‍ മറ്റു ഇനങ്ങളിലുമാണ്. നേരത്തെ വരുമാനത്തില്‍ മെസ്സിയുടെ മുന്നിലായിരുന്നു ക്രിസ്ത്യാനോ. അര്‍ജന്റീന ലോകകപ്പ് ജേതാക്കളായതോടെ മെസ്സിയുടെ പരസ്യ വരുമാനവും കുതിച്ചുയര്‍ന്നു.
നാലാമനായി നെയ്മര്‍
95 മില്യണ്‍ ഡോളറുമായി നെയ്മര്‍ ജൂനിയറും പിന്നാലെയുണ്ട്. 92.5 മില്യണ്‍ ഡോളറുമായി അഞ്ചാം സ്ഥാനത്താണ് ഗോള്‍ഡന്‍ സ്റ്റേറ്റ് വാരിയേഴ്സിന്റെ പോയിന്റ് ഗാര്‍ഡ് സ്റ്റീഫന്‍ കറി. ആറാം സ്ഥാനത്ത് അമേരിക്കന്‍ പ്രൊഫഷണല്‍ ബാസ്‌ക്കറ്റ്ബോള്‍ താരം കെവിന്‍ ഡ്യൂറന്റാണ്. ചെറിയ വ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്. 92.1 മില്യണ്‍ ഡോളറാണ് കെവിന്‍ ഡ്യൂറന്റിന്റെ ആസ്തി.