image

1 March 2023 6:45 AM GMT

Premium

ബാങ്കില്‍ നിക്ഷേപിക്കുന്ന തുക മുഴുവനും സുരക്ഷിതമാണോ; ഡിഐസിജിസി ഇന്‍ഷൂറന്‍സിനെ പറ്റി അറിയാം

MyFin Bureau

ബാങ്കില്‍ നിക്ഷേപിക്കുന്ന തുക മുഴുവനും സുരക്ഷിതമാണോ; ഡിഐസിജിസി ഇന്‍ഷൂറന്‍സിനെ പറ്റി അറിയാം
X

Summary

  • 2020 ഫെബ്രുവരിയില്‍ ഇന്‍ഷൂറന്‍സ് തുക ഒരു ലക്ഷം രൂപയില്‍ നിന്ന് നിന്ന് 5 ലക്ഷമാക്കി ഉയര്‍ത്തി


റിസ്‌ക് ഫ്രീ നിക്ഷേപമാണെന്ന് കരുതിയാണ് പലരും ബാങ്കില്‍ നിക്ഷേപിക്കുന്നത്. കരുതുന്നത്രത്തോളം റിസ്‌ക് ഫ്രീയാണോ ബാങ്ക് നിക്ഷേപങ്ങള്‍....

റിസ്‌ക് ഫ്രീ നിക്ഷേപമാണെന്ന് കരുതിയാണ് പലരും ബാങ്കില്‍ നിക്ഷേപിക്കുന്നത്. കരുതുന്നത്രത്തോളം റിസ്‌ക് ഫ്രീയാണോ ബാങ്ക് നിക്ഷേപങ്ങള്‍. ഇല്ലെന്നാണ് ഉത്തരം. അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ബാങ്കില്‍ നിന്ന് സുരക്ഷിതത്വം ലഭിക്കുന്നത്. അതായത് ബാങ്ക് പൊളിഞ്ഞാല്‍ നിക്ഷേപകന്റെ അഞ്ച് ലക്ഷം രൂപ വരെ തിരികെ ലഭിക്കും. ഇതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴില്‍ ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ (ഡിഐസിജിസി) പ്രവര്‍ത്തിക്കുന്നുണ്ട്.

ഡിഐസിജിസിയില്‍ രജിസ്റ്റര്‍ ചെയ്ത ബാങ്കുകള്‍ക്കാണ് പരിരക്ഷ ലഭിക്കുക. 1961 ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ നിയമം പ്രകാരമാണ് ഡിഐസിജിസി പ്രവര്‍ത്തിക്കുന്നത്. 2020 ഫെബ്രുവരിയില്‍ ഇന്‍ഷൂറന്‍സ് തുക ഒരു ലക്ഷം രൂപയില്‍ നിന്ന് നിന്ന് 5 ലക്ഷമാക്കി ഉയര്‍ത്തി. 1993 ല്‍ 30,000 രൂപയുടെ ഇന്‍ഷൂറന്‍സായിരുന്നു അനുവദിച്ചിരുന്നത്.

ഏതൊക്കെ ബാങ്കുകള്‍ക്ക് ഇന്‍ഷൂറന്‍സ്

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വാണിജ്യ ബാങ്കുകള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. വിദേശ ബാങ്കുകളുടെ ശാഖകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്ക്, അര്‍ബന്‍ സഹകരണ ബാങ്ക് എന്നിവയ്ക്കും ഇന്‍ഷൂറന്‍സ് ആവശ്യമാണ്. ഈ ബാങ്കുകള്‍ക്ക് ഇന്‍ഷൂറന്‍സ് ഉണ്ടെങ്കില്‍ മാത്രമെ നിക്ഷേപം സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ.

2023 ഫെബ്രുവരി 21നുള്ള കണക്ക് പ്രകാരം 12 പൊതുമേഖലാ ബാങ്കുകള്‍ 21 സ്വകാര്യ ബാങ്കുകള്‍, 45 വിദേശ ബാങ്കുകള്‍, 12 സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, 6 പേയ്മെന്റ് ബാങ്കുകള്‍ എന്നിവയ്ക്ക് ഡിഐസിജിസി ഇന്‍ഷൂറന്‍സ് ഉണ്ട്. ഇതോടൊപ്പം 43 റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, 2 ലോക്കല്‍ ഏരിയ ബാങ്കുകള്‍, 33 സംസ്ഥാന സഹകരണ ബാങ്കുകള്‍, 352 ജില്ലാ സെന്‍ട്രല്‍ സഹകരണ ബാങ്കുകള്‍ 1503 അര്‍ബര്‍ സഹകരണ ബാങ്കുകള്‍ എന്നിവയ്ക്കും ഇന്‍ഷൂറന്‍സ് ഉണ്ട്.

ഏതൊക്കെ നിക്ഷേപങ്ങള്‍ക്ക് പരിരക്ഷ ലഭിക്കും

ബാങ്കുകളുടെ സ്ഥിര നിക്ഷേപം, സേവിംഗ്സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, റിക്കറിംഗ് ഡെപ്പോസിറ്റ് തുടങ്ങിയ എല്ലാ തരം നിക്ഷേപങ്ങള്‍ക്കും ഡിഐസിജിസിയുടെ ഇന്‍ഷൂറന്‍സ് ലഭിക്കും. സംസ്ഥാന സര്‍ക്കാറുകളുടെയോ കേന്ദ്ര സര്‍ക്കാരുകളുടെയോ നിക്ഷേപങ്ങള്‍, വിദേശ സര്‍ക്കാരുകളുടെ നിക്ഷേപങ്ങള്‍, സംസ്ഥാന സഹകരണ ബാങ്കിലെ സംസ്ഥാന ലാന്‍ഡ് വികസന ബാങ്കുകളുടെ നിക്ഷേപം, ബാങ്കുകള്‍ തമ്മിലുള്ള നിക്ഷേപങ്ങള്‍ തുടങ്ങിയവയ്ക്ക് പരിരക്ഷയില്ല

എങ്ങനെ അറിയാം

ഡിഐസിജിസിയില്‍ ഇന്‍ഷൂര്‍ ചെയ്ത ബാങ്കുകളില്‍, നിക്ഷേപകര്‍ക്ക് കോര്‍പ്പറേഷന്‍ നല്‍കുന്ന പരിരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ലഘുലേഖകള്‍ നല്‍കുന്നുണ്ട്. ബാങ്കിലെ ഉദ്യോഗസ്ഥനില്‍ ചോദിച്ച് കാര്യം മനസിലാക്കാം. ഡിഐസിജിസയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.dicgc.org.in/ ല്‍ രജിസ്റ്റര്‍ ചെയ്ത ബാങ്കുകളുടെ പേര് വിവരം കാണാന്‍ സാധിക്കും.

പലിശയ്ക്കും ഇന്‍ഷൂറന്‍സ്

ഡിഐസിജിസി നിക്ഷേപിച്ച തുകയോടൊപ്പം പലിശയ്ക്കും ഇന്‍ഷൂറന്‍സ് നല്‍കുന്നു. രണ്ടും ചേര്‍ന്ന പരമാവധി അഞ്ച് ലക്ഷം വരെ മാത്രമെ ഇന്‍ഷൂറന്‍സ് ലഭിക്കുകയുള്ളൂ. ഉദാഹരണത്തിന് ഒരു വ്യക്തിക്ക് 4,95,000 നിക്ഷേപവും 4,000 പലിശയും ഉണ്ടെങ്കില്‍ 4,99,000 രൂപയ്ക്കും ഇന്‍ഷൂറന്‍സ് ലഭിക്കും. എന്നാല്‍ 4,50,000 ലക്ഷം രൂപ നിക്ഷേപവും 75,000 രൂപ പലിശയുമുള്ള അക്കൗണ്ടില്‍ ആകെ 5,,25,000 രൂപ വരും. ഈ അക്കൗണ്ടിന് അഞ്ച് ലക്ഷം രൂപ വരെ മാത്രമെ പരിരക്ഷ ലഭിക്കുകയുള്ളൂ. ഒന്നിലധികം ബാങ്കുകളില്‍ നിക്ഷേപമുണ്ടെങ്കില്‍ ഓരോ ബാങ്കിലെയും നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കും.