22 Feb 2023 6:00 AM GMT
Summary
രാജ്യത്തെ ശതകോടീശ്വരന്മാരായ വ്യവസായികളില്‍ നന്മ നിറഞ്ഞ ഹൃദയത്തിന്റെ ഉടമയായി അറിയപ്പെടുന്ന ഒരാളുണ്ട്. രത്തന്‍ ടാറ്റ. സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ എന്നും മുന്‍നിരയിലാണ് ഈ വലിയ മനുഷ്യന്‍.
റീപോസ് എനര്‍ജി
ഇന്ത്യയില്‍ പെട്രോളിയം വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചുരുക്കം വനിതകളില്‍ ഒരാളാണ് അദിതി ഭോസലെ എന്ന മഹാരാഷ്ട്രക്കാരി. പൂനെ ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ ഇന്ധന ഡെലിവറി സ്റ്റാര്‍ട്ടപ്പായ റീപോസ് എനര്‍ജിയുടെ സഹസ്ഥാപകയാണ് അദിതി. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ച അദിതിയുടെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കിയത് രത്തന്‍ ടാറ്റയാണ്. ടാറ്റ ബിസിനസില്‍ നിക്ഷേപം നടത്തിയതോടെ അദിഥിയുടെ വരുമാനം 180 കോടി രൂപയിലധികമായി ഉയര്‍ന്നു.
സ്റ്റാര്‍ട്ടപ്പ് ആശയം
വിവിധ ജോലികള്‍ ചെയ്തശേഷമാണ് അദിതിയും ഭര്‍ത്താവ് ചേതനും ബിസിനസിന് രത്തന്‍ ടാറ്റയുടെ സഹായം തേടുന്നത്. അവരുടെ സ്റ്റാര്‍ട്ടപ്പില്‍ അദ്ദേഹം നിക്ഷേപം നടത്തിയതോടെ സ്റ്റാര്‍ട്ടപ്പ് കൂടുതല്‍ ശ്രദ്ധേയമായി.
ബിസിനസ് രംഗത്തേക്ക്
ഫോറന്‍സിക്സ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് മേഖലകളില്‍ പഠനം നടത്തിയ അദിതി 26ാം വയസിലാണ് ഭര്‍ത്താവ് ചേതന് ഒപ്പം ഒരു ബിസിനസ് തുടങ്ങാന്‍ ഇറങ്ങി പുറപ്പെടുന്നത്. പ്രത്യേക വാഹനങ്ങളില്‍ ഡീസലും പെട്രോളുമൊക്കെ ഓര്‍ഡറനുസരിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയെന്നതായിരുന്നു ആശയം.
12 മണിക്കൂര്‍ നീണ്ട കാത്തിരിപ്പ്
അദിതി ആദ്യം ചെയ്തത് കത്തുകള്‍ എഴുതി ടാറ്റയ്ക്ക് അയക്കുകയായിരുന്നു. പിന്നീട് ടാറ്റയുടെ മാനേജര്‍മാരെ സമീപിച്ചു. ഒരു ദിവസം മുംബൈയിലെ രത്തന്‍ ടാറ്റയുടെ വീട്ടില്‍ അദ്ദേഹത്തെ കാണാന്‍ പോയ അവര്‍ 12 മണിക്കൂര്‍ വരെ കാത്തിരുന്നു. പക്ഷേ അദ്ദേഹത്തിന് തിരക്കുകള്‍ ഉണ്ടായിരുന്നത് കൊണ്ട് കാണാന്‍ കഴിഞ്ഞില്ല. എങ്കിലും ഹതാശയായി ഇരിക്കാന്‍ അദിതി തയാറായിരുന്നില്ല. രത്തന്‍ ടാറ്റയെ കാണണമെന്ന് തീരുമാനിച്ച് ഒരു കൂടിക്കാഴ്ചക്കായി ഓടി നടന്നിരുന്ന ദമ്പതികള്‍ ഒടുവില്‍ ടാറ്റയെ കണ്ടുമുട്ടി. അതൊരു അപൂര്‍വ്വ നിമിഷമായിരുന്നു
ഞാന്‍ ടാറ്റയാണ്, നമുക്കൊന്ന് ഇരിക്കാമോ
12 മണിക്കൂര്‍ കാത്തിരുന്നിട്ടും രത്തന്‍ ടാറ്റയെ കാണാന്‍ സാധിക്കാതെ ക്ഷീണിച്ച് ഹോട്ടലിലേക്ക് മടങ്ങിയതായിരുന്നു അദിതിയും ചേതനും. അപ്പോള്‍ ഒരു ഫോണ്‍ കോള്‍. അറ്റന്റ് ചെയ്തപ്പോള്‍ മറുതലയ്ക്കല്‍ നിന്നും ഒരു മാന്യന്റെ ശബ്ദം: ഇത് രത്തന്‍ ടാറ്റയാണ്. എനിക്ക് അദിതിയുമായി സംസാരിക്കാമോ. നിങ്ങളുടെ കത്ത് കിട്ടി. നമുക്ക് ഒരു മീറ്റിങ് നടത്താം.
കത്ത് ലഭിച്ച രത്തന്‍ ടാറ്റ തന്നെ നേരിട്ട് വിളിച്ചിരിക്കുന്നുവെന്നത് അദിതിക്ക് വിശ്വസിക്കാനായില്ല. അങ്ങനെ ആ കൂട്ടിക്കാഴ്ച നടന്നു. അദിതി തന്റെ ബിസിനസ് ആശയം ടാറ്റക്ക് മുമ്പില്‍ 3ഡി പ്രസന്റേഷനിലൂടെ അവതരിപ്പിച്ചു. ആശയം ഇഷ്ടപ്പെട്ട രത്തന്‍ ടാറ്റ ബിസിനസില്‍ നിക്ഷേപം നടത്തുകയായിരുന്നു. അടുത്ത തലമുറയിലെ സംരംഭകരെ വളര്‍ത്താനുള്ള രത്തന്‍ ടാറ്റയുടെ താല്‍പ്പര്യമാണ് അദിതിക്ക് തുണയായത്.
മൊബൈല്‍ പെട്രോള്‍ പമ്പുകള്‍
ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് വീടുകളില്‍ എത്തി വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതാണ് കമ്പനിയുടെ ബിസിനസ് മോഡല്‍. ഇതിന് അതീവ സുരക്ഷിതമായ ജിപിഎസ്, ജിയോ ഫെന്‍സിങ് സംവിധാനങ്ങളോടെയുള്ള പ്രത്യേക വാഹനങ്ങള്‍ ആവശ്യമാണ്. റീപോസിന് ഇപ്പോള്‍ ഇത്തരത്തില്‍ 320 ഓളം വാഹനങ്ങളുണ്ട്. നിലവില്‍ ഒരു ലക്ഷത്തോളം പെട്രോള്‍ പമ്പുകള്‍ രാജ്യത്ത് ആവശ്യമാണെങ്കിലും വളരെ കുറച്ചു പമ്പുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് മൊബൈല്‍ പെട്രോള്‍ പമ്പുകള്‍ എന്ന ആശയവുമായി ഈ ദമ്പതികള്‍ എത്തിയത്. ഇത് ടാറ്റയെ ആകര്‍ഷിച്ചു. അങ്ങനെ 2017ലാണ് റീപോസ് എനര്‍ജി ആരംഭിക്കുന്നത്.
ലക്ഷ്യം 300 കോടി രൂപയുടെ നിക്ഷേപം
രണ്ടു തവണ രത്തന്‍ ടാറ്റ അദിതിയുടെ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപിച്ചു. 2022 മേയില്‍ ടാറ്റ ഗ്രൂപ്പ് 56 കോടി രൂപയാണ് റീപോസില്‍ നിക്ഷേപിച്ചത്. ഇന്ന് രാജ്യത്ത് 188 നഗരങ്ങളില്‍ ഈ കമ്പനിയുടെ സേവനം ലഭ്യമാണ്. ആയിരത്തിലേറെ ബിസിനസ് പങ്കാളികള്‍ ഇവര്‍ക്കുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65 കോടി രൂപയുടെ ബിസിനസ് നടന്നു. ഈ വര്‍ഷം 185 കോടിയുടെ ബിസിനസാണ് ലക്ഷ്യമിടുന്നതെന്ന് അദിതി പറയുന്നു. നിക്ഷേപം 300 കോടിയിലേക്ക് ഉയര്‍ത്താനും പദ്ധതിയുണ്ട്.
എടിഎം മോഡല്‍ പെട്രോള്‍ പമ്പുകള്‍
എടിഎമ്മില്‍ നിന്ന് പണം ലഭിക്കുന്ന പോലെ പെട്രോളും ഡീസലും ലഭിക്കുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ഇത് യാഥാര്‍ഥ്യമാക്കാന്‍ ഒരുങ്ങുകയാണ് അദിതി. ഇതിനകം രാജ്യത്ത് പല ഭാഗങ്ങളിലായി 2000 ത്തിലധികം ഇന്ധന കേന്ദ്രങ്ങള്‍ റീപോസിനു കീഴിലുണ്ട്. എല്‍പിജി, സിഎന്‍ജി, ഹൈഡ്രജന്‍ ഇന്ധനം, ഇലക്ട്രിക് വാഹന കമ്പനി എന്നിങ്ങനെ നീളുന്നു അദിതിയുടെ ഭാവി പദ്ധതികള്‍.