25 March 2023 7:30 AM GMT
Summary
- പ്രമുഖ ജപ്പാനീസ് കമ്പനിയായ സോഫ്റ്റ് ബാങ്ക് 27.5 കോടി ഡോളര്‍ കൂടി നിക്ഷേപിച്ചതോടെ ലെന്‍സ്‌കാര്‍ട്ടിന്റെ മൂല്യം 100 കോടി കടന്നു
ലക്ഷക്കണക്കിനാളുകള്‍ക്കു കാഴ്ചയുടെ പ്രകാശം നല്‍കുന്ന ഇന്ത്യന്‍ മള്‍ട്ടിനാഷനല്‍ കമ്പനിയാണ് ലെന്‍സ്‌കാര്‍ട്ട്. 2010ല്‍ ഹരിയാനയിലെ ഫരീദാബാദില്‍ തുടങ്ങിയ സ്ഥാപനത്തിന് ഇന്ന് ഇന്ത്യയിലെ 223 നഗരങ്ങളിലായി ആയിരത്തിലേറെ ഷോറൂമുകളുണ്ട്. ഡെല്‍ഹിയിലെ ഇതിന്റെ കമ്പനിയില്‍ ഒരുമാസം നിര്‍മിക്കുന്നത് മൂന്നുലക്ഷം കണ്ണടകളാണ്.
നിലവില്‍ രാജസ്ഥാനിലെ ഭിവാദിയില്‍ പ്രതിവര്‍ഷം അഞ്ചുകോടി കണ്ണടകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള ആധുനിക ഫാക്ടറി നിര്‍മിച്ചുവരുകയാണ് ലെന്‍സ്‌കാര്‍ട്ട്. 37,000 കോടി രൂപയാണ് ലെന്‍സ്‌കാര്‍ട്ടിന്റെ മൂല്യം.
തുടക്കം വാച്ച്, ബാഗ്, ആഭരണ കച്ചവടം
മൈക്രോസോഫ്റ്റ് ജീവനക്കാരനായിരുന്ന പീയൂഷ് ബന്‍സാലാണ് അമിത് ചൗധരി, സുമീത് കപാഹി എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് 2010ല്‍ ലെന്‍സ്‌കാര്‍ട്ട് സ്ഥാപിച്ചത്. തുടക്കത്തില്‍ കണ്ണട നിര്‍മാണം മാത്രമായിരുന്നില്ല കമ്പനിയുടെ മേഖല. 25 ലക്ഷം രൂപയായിരുന്നു മൂലധനം.
ഒരുവര്‍ഷത്തിനകം രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഐഡിജി വെഞ്ച്വേഴ്സ് ഇന്ത്യ 40 ലക്ഷം ഡോളര്‍ നിക്ഷേപിച്ചതോടെ കമ്പനിയുടെ രാശി തെളിഞ്ഞു. നിക്ഷേപമിറക്കുമ്പോള്‍ ഐഡിജി വെഞ്ച്വേഴ്സ് ഒരു നിബന്ധനവച്ചിരുന്നു. റിസ്റ്റ് വാച്ചുകള്‍, ബാഗുകള്‍, ജ്വല്ലറി ആഭരണങ്ങള്‍ എന്നിവ വില്‍പന നടത്തി ടൈറ്റന്‍ കമ്പനിയുടെ പകരക്കാരനാകണം. വില്‍പന ഓണ്‍ലൈന്‍ വഴിയായിരിക്കും. അതോടെ കമ്പനി വാച്ച്കാര്‍ട്ട് ഡോട്ട് കോം, ബാഗ്സ്‌കാര്‍ട്ട് ഡോട്ട് കോം, ജ്വല്‍സ്‌കാര്‍ട്ട് ഡോട്ട് കോം എന്നിവ തുടങ്ങി. എന്നാല്‍ 2014 അവസാനമായപ്പോഴേക്കും ഇവ മൂന്നും പൂട്ടേണ്ടിവന്നു.
നിക്ഷേപകനായി രത്തന്‍ ടാറ്റയും
2015 ജനുവരിയില്‍ അമേരിക്കന്‍ സ്ഥാപനമായ ടിപിജി ഗ്രോത്ത്, ടിആര്‍ ക്യാപിറ്റല്‍, ഐഡിജി വെഞ്ച്വേഴ്സ് ഇന്ത്യ എന്നിവയില്‍ നിന്നായി 135 കോടി രൂപ ലെന്‍സ്‌കാര്‍ട്ട് സമാഹരിച്ചു. ആറുകോടി ഡോളറിന്റെ നിക്ഷേപം കൂടി കമ്പനിയിലെത്തി. ഇക്കാലത്താണ് വ്യവസായ അതികായന്‍ രത്തന്‍ ടാറ്റയും ക്രിസ് ഗോപാലകൃഷ്ണനും ലെന്‍സ്‌കാര്‍ട്ടിനെ ശ്രദ്ധിക്കുന്നത്.
രത്തന്‍ ടാറ്റ ലെന്‍സ്‌കാര്‍ട്ടിലെ നിക്ഷേപകനായത് 2016ലാണ്. 10 ലക്ഷം രൂപയാണു നിക്ഷേപിച്ചത്. കമ്പനിക്കു മികച്ച അടിത്തറ നല്‍കിയ നിക്ഷേപങ്ങളില്‍ ഒന്നായിരുന്നു ഇത്. കമ്പനിക്ക് ഫണ്ട് ഏറ്റവും ആവശ്യമായിരുന്ന സമയത്തായിരുന്നു ടാറ്റയുടെ ഇടപെടല്‍.
അമിത് ചൗധരിയും ടാറ്റയും
ലെന്‍സ്‌കാര്‍ട്ട് ഉയരങ്ങള്‍ കീഴടക്കുന്നതില്‍ ടാറ്റയ്ക്ക് വലിയ പങ്കുണ്ട്. ടാറ്റയെയും ലെന്‍സ്‌കാര്‍ട്ടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നത് ലെന്‍സ്‌കാര്‍ട്ടിന്റെ സഹസ്ഥാപകനായ അമിത് ചൗധരിയാണ്. അനലിറ്റിക്സ് മേഖലയില്‍ അഗ്രഗണ്യനാണ് അമിത്. കമ്പനിയെ ഇന്നത്തെ നിലയില്‍ എത്തിക്കാന്‍ വളരെ കഷ്ടപ്പെട്ട വ്യക്തിയാണ് ഇദ്ദേഹം. ലെന്‍സ്‌കാര്‍ട്ടിന്റെ ഓഫ്ലൈന്‍ സ്റ്റോറുകളുടെ ശൃംഖല വളര്‍ത്തുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. കൊല്‍ക്കത്തയില്‍ ജനിച്ച അമിത് കൊല്‍ക്കത്തയിലെ ഭാരതീയ വിദ്യാഭവനിലാണു പഠിച്ചത്. ബിഐടി മെസ്രയില്‍ നിന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കി.
രത്തന്‍ ടാറ്റയെ ഗുരുവായാണ് അമിത് വിശേഷിപ്പിക്കുന്നത്. 2019ലാണ് അമിത് ആദ്യമായി ടാറ്റയെ കാണുന്നത്. ഈ കൂടിക്കാഴ്ചയെ പറ്റി അമിത് ലിങ്ക്ഡിനില്‍ ഏറെ വൈകാരികമായി എഴുതിയത് വൈറലായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിനവും നിമിഷവുമായാണ് അമിത് ആ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. കോളജ് പഠന കാലത്ത് രത്തന്‍ ടാറ്റയെ കുറിച്ചുള്ള ഒരു പുസ്തകം വായിച്ചതാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്നും പുസ്തകം വായിച്ചതോടെ തന്റെ ചിന്തയും വീക്ഷണവും മാറിയെന്നും അമിത് പറയുന്നു.
പുതിയ ബ്രാന്‍ഡുകള്‍, അംബാസഡറായി കത്രീന കൈഫ്
2017ല്‍ ജോണ്‍ ജാകോബ്സ് എന്ന കണ്ണട ബ്രാന്‍ഡിന് ലെന്‍സ്‌കാര്‍ട്ട് തുടക്കമിട്ടു. ഒക്ടോബറില്‍ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് സൂപ്പര്‍ താരം കത്രീന കൈഫ് എത്തി. അടുത്തവര്‍ഷം വിപ്രോ ചെയര്‍മാന്‍ അസീം പ്രേംജി നാലുകോടി രൂപ കൂടി നിക്ഷേപിച്ചതോടെ കമ്പനിയുടെ മൂല്യം 3000 കോടി രൂപയായി. 2018 ആയതോടെ കമ്പനി ലാഭത്തിലെത്തി. 2019ല്‍ ഭുവന്‍ ബാമിനെ പുരുഷ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു.
പ്രമുഖ ജപ്പാനീസ് കമ്പനിയായ സോഫ്റ്റ് ബാങ്ക് 27.5 കോടി ഡോളര്‍ കൂടി നിക്ഷേപിച്ചതോടെ ലെന്‍സ്‌കാര്‍ട്ടിന്റെ മൂല്യം 100 കോടി കടന്നു. ഇപ്പോള്‍ പുതിയ വിജയപഥങ്ങള്‍ തേടി യാത്രയാരംഭിച്ചിരിക്കുകയാണ് ലെന്‍സ്‌കാര്‍ട്ട്. കഴിഞ്ഞവര്‍ഷം ജൂണിലാണ് ജപ്പാന്‍ കണ്ണട ബ്രാന്‍ഡായ ഓണ്‍ഡേയുടെ ഓഹരികളില്‍ സിംഹഭാഗവും ലെന്‍സ്‌കാര്‍ട്ട് സ്വന്തമാക്കിയത്. കമ്പനി എംഡിയും സിഇഒയുമായ പിയൂഷ് ബന്‍സാലിന്റെ ആസ്തി 600 കോടി രൂപയാണ്. ലെന്‍സ്‌കാര്‍ട്ട് കമ്പനിയുടെ വിപണി മൂല്യമാകട്ടെ 37,000 കോടി രൂപയോളം വരും. 2019ല്‍ ഫോര്‍ച്യൂണ്‍ ഇന്ത്യ 40 വയസിനു താഴെയുള്ള മികച്ച 40 സംരംഭകരില്‍ പിയൂഷ് സ്ഥാനംപിടിച്ചു. 1503 കോടി രൂപയായിരുന്നു കഴിഞ്ഞവര്‍ഷം കമ്പനിയുടെ ലാഭം. 5000ത്തിലേറെ ജീവനക്കാരാണ് ലെന്‍സ്‌കാര്‍ട്ടില്‍ ജോലി ചെയ്യുന്നത്.
ഇന്ന് ലക്ഷക്കണക്കിന് ആളുകള്‍ വര്‍ണാഭമായ ലോകം കാണുന്നത് ലെന്‍സ്‌കാര്‍ട്ടിലൂടെയാണ്. അബൂദബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ലെന്‍സ്‌കാര്‍ട്ടിന്റെ ഓഹരികള്‍ വാങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. ഏകദേശം 500 ദശലക്ഷം ഡോളര്‍ മൂല്യമുള്ളതാകും ഇടപാടെന്നു ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 48 മാസത്തിനുള്ളില്‍ ലെന്‍സ്‌കാര്‍ട്ടിന്റെ ഐ.പി.ഒയും ഉണ്ടായേക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.