1 March 2023 7:00 AM GMT
Summary
- പോക്കറ്റ് മണിക്കായി ലഹരി വസ്തു വില്‍പന നടത്തുന്ന കുട്ടികളുണ്ട്. ഇത്തരം അപകടകരമായ വഴിക്ക് നീങ്ങാതെ മാന്യമായ രീതിയില്‍ വരുമാനം നേടാന്‍ വഴിയുണ്ട്
വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് പല തരത്തില്‍ പോക്കറ്റ് മണി നേടാന്‍ മാര്‍ഗങ്ങളുണ്ട്. അധ്വാന ശീലം കുട്ടികളില്‍ വളര്‍ത്താന്‍ നല്ല ഒരു ഉപാധിയാണ് പോക്കറ്റ് മണിക്കുള്ള പണം അവരെക്കൊണ്ട് തന്നെ ഉണ്ടാക്കാന്‍ ശീലിപ്പിക്കുക എന്നത്. പോക്കറ്റ് മണിക്കായി ലഹരി വസ്തു വില്‍പന നടത്തുന്ന കുട്ടികളുണ്ട്. ഇത്തരം അപകടകരമായ വഴിക്ക് നീങ്ങാതെ മാന്യമായ രീതിയില്‍ വരുമാനം നേടാന്‍ വഴിയുണ്ട്. അവയില്‍ ചിലത് താഴെ:
സര്‍വ്വേയിലൂടെ വരുമാനം
വിദ്യാര്‍ഥികള്‍ക്ക് വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതും വരുമാനം ഉണ്ടാക്കാവുന്നതുമായ ജോലിയാണ് സര്‍വ്വേ ജോലികള്‍. വിവിധ കമ്പനികള്‍ പലതരം സര്‍വ്വേകള്‍ നടത്തുന്നുണ്ട്. അവരുടെ പ്രൊഡക്ടുകള്‍ വാങ്ങാന്‍ തല്‍പര്യം ജനങ്ങള്‍ക്കുണ്ടോ എന്നറിയാനും ജനങ്ങളുടെ സ്വഭാവ സവിശേഷത എങ്ങനെ എന്നൊക്കെ അറിയാനുമാണ് ഭൂരിഭാഗം സര്‍വ്വേകളും. ഈ സര്‍വ്വേകളില്‍ പങ്കെടുക്കുന്നതിന് പണവും നല്‍കും. ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കില്‍ ഈ ജോലി ചെയ്യാം. പക്ഷേ വരുമാനം കുറവാണ്.
ബ്ലോഗിങ്ങ് - വ്ളോഗിംഗ്
ബ്ലോഗിങ്ങും വ്ളോഗിങ്ങും വഴി പ്രതിമാസം ആയിരങ്ങള്‍ വരുമാനമുണ്ടാക്കുന്ന കുട്ടികളുണ്ട്. അക്ഷരാഭ്യാസവും എഴുത്തില്‍ പ്രാവീണ്യവുമുള്ള ഏതൊരാള്‍ക്കും ചെയ്യാവുന്ന ജോലിയാണ് ബ്ലോഗിങ്. വിദ്യാര്‍ഥികള്‍ക്കും പഠനം കഴിഞ്ഞുള്ള സമയങ്ങളില്‍ ചെയ്ത് വരുമാനമുണ്ടാക്കാവുന്ന ജോലിയാണിത്. പലരും സ്വന്തമായി ബ്ലോഗ് തുടങ്ങി അതില്‍ ഇഷ്ടമുള്ള വിഷയങ്ങളെപ്പറ്റി എഴുതി അതില്‍ വരുന്ന പരസ്യങ്ങളിലൂടെ വരുമാനമുണ്ടാക്കുന്നുണ്ട്. നിരവധി കമ്പനികള്‍ ബ്ലോഗ് എഴുത്തുകാരെ തേടുന്നുണ്ട്. അത്തരം ജോലികളും ചെയ്ത് വരുമാനമുണ്ടാക്കാം.
കുറച്ചുകൂടി ശ്രമകരമായ ജോലിയാണ് വ്ളോഗിംഗ്. വീഡിയോ വ്‌ളോഗിങ്ങിന്റെ ചുരുക്കപ്പേരാണ് വ്ളോഗിംഗ്. ഇപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ച് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി വ്ളോഗിംഗ് ചെയ്യുന്ന നിരവധി ആള്‍ക്കാരുണ്ട്. യാത്ര, സിനിമാ നിരൂപണം, പുസ്തക ആസ്വാദനം, പാചകം, ഫാഷന്‍ എന്നീ മേഖലകള്‍ വ്ളോഗിംഗ് കൂടുതലായി വരുമാനം ഉണ്ടാക്കി കൊടുക്കുന്നു. പാര്‍ട്ട് ടൈം ജോലിയായി വ്‌ലോഗിങ് തുടങ്ങി പിന്നീട് വരുമാനം അനുസരിച്ച് മുഴുവന്‍ സമയ ജോലിയായി സ്വീകരിക്കുന്ന വരുണ്ട്.
ഇ-കൊമേഴ്‌സ്
ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ കാലമാണല്ലോ ഇത്. അതിലൂടെ തന്നെ കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ പറ്റിയാലോ. ഇ-കൊമേഴ്‌സ് ജോലി അതിനു ഊന്നല്‍ നല്‍കിയുള്ളതാണ്. ഇന്റെര്‍നെറ്റിലൂടെയുള്ള കൊടുക്കല്‍ വാങ്ങലുകളെയാണ് പൊതുവില്‍ ഇ-കൊമേഴ്‌സ് എന്നു പറയുന്നത്. ആമസോണ്‍, മീഷോ പോലുള്ള സൈറ്റുകള്‍ തങ്ങളുടെ ഓണ്‍ലൈന്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിവുള്ളവര്‍ക്ക് തക്ക കമ്മീഷന്‍ കൊടുക്കുന്നുണ്ട്. അഫിലിയേറ്റ് മാര്‍ക്കറ്റിങ് എന്നാണ് ഇതിന് പേര്.
കമ്മീഷന്‍ ചിലപ്പോള്‍ പണമായും ചിലപ്പോള്‍ ഗിഫ്റ്റ് കൂപ്പണുകളുമായിട്ടാണ് തരാറുള്ളത്. ഇതിലൂടെ പണം സമ്പാധിക്കാനോ വാങ്ങുന്ന വസ്തുക്കളില്‍ വിലകിഴിവ് ലഭിക്കാനോ ഇടയുണ്ട്. കൂട്ടുകാര്‍ക്കും കുടുംബത്തിലുള്ളവര്‍ക്കും വേണ്ടി പലതും വാങ്ങി നല്‍കുന്നതിലൂടെ, അല്ലെങ്കില്‍ അവരോടു വാങ്ങാന്‍ നിര്‍ദ്ദേശിക്കുക വഴി അവര്‍ വാങ്ങുന്നതിലൂടെയും വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് തന്നെ വരുമാനമുണ്ടാക്കാം. സ്മാര്‍ട്ട് ഫോണ്‍ കയ്യില്‍ ഉണ്ടായാല്‍ മതി.
നിങ്ങളൊരു എഴുത്തുകാരനോ അല്ലെങ്കില്‍ ചിത്രകാരനോ ഒക്കെ ആണെങ്കില്‍, ഇപ്പൊഴും പ്രസിദ്ധീകരിക്കാത്ത സൃഷ്ടികള്‍ ഉണ്ടെങ്കില്‍, ഇ-കൊമേഴ്‌സിന്റെ സാധ്യത മുന്‍നിര്‍ത്തി ആമസോണ്‍ പോലുള്ള സൈറ്റുകളില്‍ സ്വയം പ്രസിദ്ധീകരണങ്ങള്‍ ചെയ്യാനുള്ള മാര്‍ഗവും ഉണ്ട്. അതിലൂടെയും ഒരു വരുമാനം ഉണ്ടാക്കാം.
കോള്‍ സെന്റര്‍
ഇമെയില്‍ കൈകാര്യം ചെയ്യല്‍, യാത്ര ഷെഡ്യൂള്‍ ചെയ്യല്‍, മീറ്റിങ്ങുകള്‍ ഷെഡ്യൂള്‍ ചെയ്യല്‍ പോലുള്ള കാര്യങ്ങള്‍ക്ക് പലരും സഹായിയെ വയ്ക്കാറുണ്ട്. അത് ഓണ്‍ലൈന്‍ വഴി ചെയ്തു കൊടുക്കുന്നതാണ് വെര്‍ച്യുല്‍ അസിസ്റ്റന്റ് ജോലി. ഓഫീസ് കോളുകള്‍ ചെയ്യുന്നതിനും ഇ-മെയില്‍ കൈകാര്യം ചെയ്യാനും കൂടാതെ വീട്ടിലിരുന്നു ചെയ്യാവുന്ന എല്ലാ ഓഫീസ് ജോലികളും വെര്‍ച്യുല്‍ സഹായത്തോടെ ചെയ്തുകൊടുക്കാം. അതിന് അവര്‍ നമുക്ക് പണം നല്‍കുന്നു.
ഉപഭോക്താവ് സേവനങ്ങളും സാങ്കേതികമായ പിന്തുണ നല്‍കുന്നതുമായ ജോലികളാണ് കോള്‍ സെന്റര്‍ ജോലികള്‍. കുറെ പേരെ വച്ച് കോള്‍ സെന്റര്‍ ജോലി നടത്തുന്ന കമ്പനികള്‍ ധാരാളമുണ്ട്. എന്നാല്‍ ഈയിടെ ഇത്തരം ജോലികള്‍ ഓണ്‍ലൈന്‍ ആയും ലഭ്യമാണ്. ഒരു കമ്പനിയുടെ മുറിക്കുള്ളില്‍ ഒതുങ്ങാതെ നമ്മുടെ വീട്ടില്‍ തന്നെ ഒരു ലാപ്‌ടോപ്പും ഇന്റര്‍നെറ്റ് കണക്ഷനും ജോലിക്ക് വേണ്ട അനുബന്ധ ഘടകങ്ങളും ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും ഒരു കോള്‍ സെന്റര്‍ ജോലി ചെയ്യാം.
ശാന്തമായ ഒരു അന്തരീക്ഷവും മികച്ച സംഭാഷണ കഴിവുകളും സാങ്കേതിക പിന്തുണയും ഈ ജോലി ആവശ്യപ്പെടുന്നു. ഫ്രീലാന്‍സ് വെബ്‌സൈറ്റുകളും മറ്റും ഇത്തരം ജോലികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പഠനം കഴിഞ്ഞ് വെറുതെ ഇരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു മുഴുവന്‍ സമയ ജോലിയായി ഇത് തിരഞ്ഞെടുക്കാവുന്നതാണ്.
ഫ്രീലാന്‍സ് ജോലികള്‍
മിക്കവര്‍ക്കും ഒരാളുടെ കീഴിലോ ഒരു കമ്പനിയുടെ കീഴിലോ പണിയെടുക്കാന്‍ ബുദ്ധിമുട്ടുന്നവരാണ്. സ്വതന്ത്രരായി നമ്മുടേതായ സമയത്ത് ജോലി ചെയ്യുക എന്നത് മനസ്സിന് സന്തോഷം തരുന്ന കാര്യവുമാണ്. അതേ രീതിയിലാണ് ഫ്രീലാന്‍സിങ് ജോലികള്‍ നടത്തുന്നത്. ഫ്രീലാന്‍സര്‍ ആയി നിങ്ങള്‍ക്ക് നിരവധി ജോലികള്‍ ചെയ്യാനാകും. കണ്ടന്റ് റൈറ്റിങ്, ഗ്രാഫിക്ക് ഡിസൈന്‍, വെബ് ഡെവെലപ്പര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, വീഡിയോ എഡിറ്റിങ്, ഫോട്ടോ എഡിറ്റിങ്, വിവര്‍ത്തനം എന്നിവ ഇവയില്‍ പെടുന്നു.
കണ്ടന്റ് എഴുത്ത്
പല കമ്പനികളും അവരുടെ വെബ്‌സൈറ്റ് മെച്ചപ്പെടുത്താനായി നല്ല കണ്ടന്റുകള്‍ എഴുതാനറിയുന്നവരെ തേടുന്നുണ്ട്. അവരുടെ പരസ്യങ്ങള്‍ക്ക് ക്യാപ്ഷന്‍ എഴുതാനും ഉല്‍പന്നങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കാനും ജോലിക്കാരെ വയ്ക്കുന്നു. പല ഫ്രീലാന്‍സ് വെബ് സൈറ്റുകളും ഇത്തരം ജോലികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കണ്ടന്റ് റൈറ്റിങ്, കോപി റൈറ്റിങ്, ടെക്‌നിക്കല്‍ റൈറ്റിങ് എന്നിങ്ങനെ പല രീതിയില്‍ എഴുത്ത് ജോലികള്‍ ലഭ്യമാണ്.
ഡിസൈനിങ്
വെബ്‌സൈറ്റും ആപ്ലിക്കേഷനുകളും ഡിസൈന്‍ ചെയ്യാന്‍ ഗ്രാഫിക്ക് ഡിസൈനര്‍, വെബ് ഡിസൈനര്‍ അറിയുന്നവരെ അന്വേഷിക്കുന്നുണ്ട്. നിങ്ങള്‍ക്കും പ്രാഗത്ഭ്യം ഉണ്ടെങ്കില്‍ അതിലൂടെ വരുമാനം ഉണ്ടാക്കാവുന്നതാണ്. ചിത്രങ്ങളും വീഡിയോകളും എഡിറ്റ് ചെയ്യുന്ന ജോലിയും സുലഭമാണ്. മൊബൈലില്‍ പോലും ചെയ്യാന്‍ പറ്റുന്ന ഇത്തരം ജോലികള്‍ ചെയ്തും വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനം ഉണ്ടാക്കാം. എളുപ്പമുള്ള മറ്റൊരു ജോലിയാണ് വിവര്‍ത്തനം. ബഹുഭാഷാ പ്രവീണ്യം ഉള്ളവര്‍ക്ക് ഒരു ഭാഷയില്‍ നിന്നും മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു കൊടുക്കുന്ന ജോലിയും ഫ്രീലാന്‍സര്‍ ആയി ചെയ്യാവുന്നതാണ്.
ടാലന്റ് ഉണ്ടോ കാശ് റെഡി
നിങ്ങള്‍ ഫോട്ടോഗ്രഫിയില്‍ പ്രാഗത്ഭ്യം തെളിയിച്ച ആളാണോ? അതോ പേപ്പറുകൊണ്ടോ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചോ കരകൗശല വസ്തുക്കള്‍ ഉണ്ടാക്കാന്‍ അറിയുന്ന ആളാണോ? എങ്കില്‍ നിങ്ങളുടെ ഇത്തരം കഴിവുകള്‍ കൊണ്ട് ഉണ്ടാക്കുന്ന സാധനങ്ങള്‍ വിറ്റു അതൊരു വരുമാനമാര്‍ഗം ആക്കാം.
ഫോട്ടോഗ്രഫി അറിയുന്ന ഒരാള്‍ക്ക് വിലകൂടിയ ക്യാമറ വേണ്ടിവരില്ല കഴിവുക തെളിയിക്കാന്‍. ഒരു ഉയര്‍ന്ന നിലവാരമുള്ള ഫോണ്‍ ക്യാമറയും എഡിറ്റിങ് ചെയ്യാനുള്ള ആപ്ലിക്കേഷനും ഉണ്ടായാല്‍ മതി. ഇങ്ങനെ എടുക്കുന്ന ഫോട്ടോകള്‍ ഓണ്‍ലൈനില്‍ വില്‍ക്കാം. പലരും അത് വാങ്ങുന്നതിന് അനുസരിച്ചുള്ള വില നിങ്ങള്‍ക്ക് തരും.
ഇനി ചിലര്‍ക്ക് കൗശല വസ്തുക്കള്‍ ഉണ്ടാക്കുന്നതിലാവും കഴിവ്. അവര്‍ക്കും അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇന്റെര്‍നെറ്റില്‍ വില്‍പ്പന നടത്തി വരുമാനം ഉണ്ടാക്കാവുന്നതാണ്. അത് ഈ-കൊമേഴ്‌സ് രീതിയില്‍ ആമസോണ്‍ പോലുള്ള സൈറ്റ് വഴി വില്‍ക്കാം. അല്ലെങ്കില്‍ ഇന്‍സ്റ്റഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി ക്ലൈന്റ്‌സിനെ സമ്പാദിക്കാം. വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനൊപ്പം തന്നെ മറ്റ് കഴിവുകള്‍ വളര്‍ത്തുകയും അതുവഴി വരുമാനം ഉണ്ടാക്കുകയും ചെയ്യാം.
ഓണ്‍ലൈന്‍ കോഴ്‌സുകള്‍
വിവിധ കോഴ്‌സുകള്‍ തേടിക്കൊണ്ടിരിക്കുന്നവരുണ്ട്. അത്തരം ഒരു കോഴ്‌സ് നല്‍കാന്‍ സാധിച്ചാല്‍ അതും ഒരു വരുമാനമാര്‍ഗമായി മാറ്റാന്‍ കഴിയും.
കോഴ്‌സിന്റെ ഇ-ബുക്കുകള്‍ നിര്‍മ്മിച്ചോ വീഡിയോകള്‍ നിര്‍മ്മിച്ചോ കോഴ്‌സുകള്‍ കൊടുക്കുന്ന സൈറ്റിലോ സ്വന്തം സൈറ്റിലോ ഒക്കെ വിപണനം ചെയ്താല്‍ അതുവഴി വരുമാനം ഉണ്ടാക്കാന്‍ പറ്റും. പല സൈറ്റുകളും ഇത്തരം കാര്യങ്ങള്‍ക്ക് സഹായം ചെയ്തു തരുന്നുണ്ട്.
സ്വന്തം സംരംഭം (Startup)
ലോക കോടീശ്വരനായ ഇലോണ്‍ മസ്‌ക് പഠനകാലത്ത് തന്റെ മുറിയുടെ വാടക കൊടുക്കാനായി ആ മുറി കൂട്ടുകാര്‍ക്ക് പാര്‍ട്ടി നടത്താനായി വാടകയ്ക്ക് കൊടുത്ത് വരുമാനമുണ്ടാക്കുമായിരുന്നു. ലോക സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര പഠന കാലത്ത് തന്നെ തന്റെ കൂട്ടുകാര്‍ക്ക് വേണ്ടി പുസ്തകം ബൈന്റ് ചെയ്ത് കൊടുത്ത് അതില്‍ നിന്നും വരുമാനം കണ്ടെത്തുമായിരുന്നു.
നിങ്ങളില്‍ എന്താണോ കൂടുതലായി തോന്നുന്നത്, അത് വില്‍ക്കുകയോ അല്ലെങ്കില്‍ വാടകയ്ക്ക് കൊടുത്തോ പണം നേടാം. ബൈക്കോ കാറോ ക്യാമറയോ ഒക്കെ വാടകയ്ക്ക് കൊടുത്തു വരുമാനം ഉണ്ടാക്കാം.
ട്യൂഷന്‍ ക്ലാസ്സ്
ഓണ്‍ലൈന്‍ ട്യൂഷന്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന കാലമാണ്. പല കമ്പനികളും ഇപ്പോള്‍ ട്യൂഷന്‍ ആപ്പുകള്‍ തുടങ്ങുന്നുണ്ട്. അവിടെയൊക്കെ പഠിപ്പിക്കാന്‍ അദ്ധ്യാപകരുടെ സ്ഥാനത്ത് ആളുകളെ ആവശ്യമുണ്ട്. അതില്‍ ചേരുകയാണെങ്കില്‍ മുഴുനീള ജോലിയായി തുടരാവുന്നതുമാണ്. ഓണ്‍ലൈന്‍ ട്യൂഷന് വീട്ടില്‍ ഒരു കമ്പ്യൂട്ടറും നല്ല നെറ്റ് കണക്ഷനും ഉണ്ടായിരിക്കണം.
ഓണ്‍ലൈന്‍ അസൈന്‍മെന്റ്
വിവിധ രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവിടത്തെ സ്ഥാപനങ്ങള്‍ അസൈന്‍മെന്റ് കൊടുക്കും. അവര്‍ അത് ഒരു സൈറ്റില്‍ വിശദവിവരങ്ങള്‍ വച്ച് ആര്‍ക്കെങ്കിലും ചെയ്തു തരാന്‍ പറ്റുമോ എന്ന് അന്വേഷിക്കും. അതിനുള്ള പണവും അവര്‍ നിശ്ചയിച്ചിട്ടുണ്ടാകും. അവര്‍ക്ക് പണിയെടുക്കാതെ അസൈന്‍മെന്റ് ചെയ്തു കിട്ടും. ഇത്തരം അസൈന്‍മെന്റ് ജോലികള്‍ ചെയ്തു കൊടുത്ത് വിദ്യാര്‍ഥികള്‍ക്ക് വരുമാനമുണ്ടാക്കാം. ആവശ്യത്തിനുള്ള പ്രാവീണ്യം ആ മേഖലയില്‍ ഉണ്ടാകണമെന്ന് മാത്രം.