21 Aug 2023 1:22 PM IST
Summary
- ചാന്ദ്ര സമ്പദ്ഘടനക്കു ശ്രമം
- ചൈനയുടെ കണ്ണ് അപൂർവ ധാതുവിൽ
ഇന്ത്യയുടെ ചന്ദ്രയാൻ -3 ഉം , റഷ്യയുടെ ലൂണ - 25 ഉം ശൂന്യാകാശത്തിലൂടെ ചന്ദ്രനിലേക്കു കുതിക്കുമ്പോൾ, ഇങ്ങു താഴെ ഭൂമിയിൽ ചാന്ദ്ര ദൗത്യങ്ങളുടെ ഒരു മത്സരം തന്നെ ആരംഭിച്ചതിന്റെ ചർച്ചയിലായിരുന്നു ലോകം. മത്സരത്തെക്കുറിച്ച് ലോകത്തോട് ആദ്യം പറഞ്ഞത് അമേരിക്കൻ സൈനികശക്തിയുടെ സിരാകേന്ദ്രമായ പെന്റഗൺ ആണ്. ബഹിരാകാശ ശാസ്ത്ര-സാങ്കേതിക രംഗത്തെ എല്ലാ വമ്പന്മാരും ചാന്ദ്ര പര്യവേക്ഷണ രംഗത്തേക്ക് തിരിച്ചു വന്നിരിക്കുന്ന എന്നായിരുന്നു പെന്റഗണിറ്റിന്റെ കണ്ടെത്തൽ.
മനുഷ്യനെ ചന്ദ്രനിൽ ഇറക്കിയ അതിന്റെ അപ്പോളോ ദൗത്യങ്ങൾ 1972 ൽ അവസാനിപ്പിച്ചതിനു ശേഷം, അമേരിക്ക ചാന്ദ്ര പര്യവേക്ഷണം ഏതാണ്ട് അവസാനിപ്പിച്ച നിലയിലായിരുന്നു. അവരുടെ അടുത്തകാലം വരെയുള്ള ശ്രദ്ധ ചൊവ്വയിലും, ഛിന്നഗ്രഹങ്ങളിലും മറ്റുമായിരുന്നു. അമേരിക്കക്കു ചന്ദ്രനിൽ താല്പര്യ൦ ഇല്ലന്ന് പ്രസിഡന്റ് ബരാക് ഒബാമ കെന്നഡി ശൂന്യാകാശ കേന്ദ്രത്തിൽ 2010 ൽ സൂചിപ്പിച്ചിരുന്നു.
``നാസ ഇപ്പോൾ അതിന്റെ പ്രധാന ലക്ഷ്യമായ ചന്ദ്രനിൽ നിന്ന് മാറി, ചൊവ്വയിലേക്കും, ചിന്നഗ്രഹങ്ങളിലേക്കുമുള്ള ദൗത്യങ്ങളിലേക്കു തിരിഞ്ഞിരിക്കുകയാണ്. 2010 ൽ ഒബാമയെ ഉദ്ധരിച്ചുകൊണ്ട് വാഷിംഗ്‌ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
``ഞാൻ ഇവിടെ തുറന്നു പറയാൻ ആഗ്രഹിക്കുന്നു . നമ്മൾ അവിടെ (ചന്ദ്രനിൽ ) നേരത്തെ തന്നെ എത്തിയതാണ്. നമുക്ക് ശൂന്യാകാശത്തു മറ്റു എത്രയോ ഇടങ്ങളിൽ പര്യവേക്ഷണം നടത്തി പുതിയ അറിവുകൾ സമ്പാദിക്കാൻ ഉണ്ട് '' വാഷിംഗ്‌ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്ത ഒബാമയുടെ വാക്കുകൾ.
എന്നാൽ അടുത്തകാലത്ത് അമേരിക്ക അവരുടെ നയം മാറ്റുകയും, അവരുടെ ബഹിരാകാശ പരിപാടിയിൽ ചന്ദ്രൻ മുഖ്യ വിഷയമാവുകയും ചെയ്തു.
സോവിയറ്റ് യൂണിയന്റെ അവസാനത്തെ ചാന്ദ്ര ദൗത്യം ലൂണ 24 ബ്രെഷ്നേവിന്റെ കാലത്തു 1976 ലായിരുന്നു. ചന്ദ്രോപരിതലത്തിൽ തകർന്നു വീണ ലൂണ 25 , സോവിയറ്റ് യൂണിയൻ റഷ്യ ആയ്യി മാറി 47 വർഷത്തിന് ശേഷം നടത്തുന്നു ആദ്യ ചാന്ദ്ര ദൗത്യമാണ്. യു എസ്സും സോവിയറ്റ് യൂണിയനും കഴിഞ്ഞാൽ ചന്ദ്രനിൽ ആൾരഹിത ദൗത്യം വിജയകരമായി ഇറക്കിയത് ചൈനയാണ്.
ചൈനയും പുതിയ ചാന്ദ്ര പര്യവേഷണത്തിനു രൂപം കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇസ്രായേലും ജപ്പാനുമെല്ലാം ചന്ദ്രനിൽ എത്താൻ മോഹമുള്ള രാജ്യങ്ങളാണ്.
ഇന്ത്യയുൾപ്പെട ഈ മത്സരത്തിലുള്ള എല്ലാ രാജ്യങ്ങളുടെയും ലക്‌ഷ്യം ഒരു ചാന്ദ്ര സമ്പത്ഘടന വികസിപ്പിക്കുക എന്നതാണ്. അമേരിക്കയുടെ പ്രതിരോധ വകുപ്പിന്റെ ഭാഗമായ ഡിഫെൻസ് അഡ്വാൻസ്ഡ് റിസർച്ച് പ്രോജെക്ടസ് ഏജൻസി ( ഡി എ ആർ പി എ ) ഒരു ചാന്ദ്ര സമ്പത്ഘടന വികസിപ്പിക്കാൻ അമേരിക്ക 10 വര്ഷം നീണ്ടു നിൽക്കുന്ന ഒരു പരിപാടിക്ക് രൂപം കൊടുത്തതായി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. മനുഷ്യനെ ചന്ദ്രനിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഏജൻസി ആണ് ഡി എ ആർ പി എ .
``നാസ വീണ്ടും ചന്ദ്രനിലേക്ക് തിരിച്ചു പോവുകയാണ് . ഇപ്പോൾ ഞങ്ങൾ തിരിച്ചുപോകുന്നത് അന്ന് അപ്പോളോ ദൗത്യ കാലത്തു ഞങ്ങൾ കണ്ട ചന്ദ്രനിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ചന്ദ്രനിലേക്കാണ്. അന്ന് ഞങ്ങൾ വിചാരിച്ചതു ചന്ദ്രൻ വരണ്ട ഒരു ഉപഗ്രമാണെന്നായിരുന്നു. എന്നാൽ പിന്നീടുള്ള കണ്ടെത്തലുകൾ ആ ധാരണ മാറ്റി. വിവിധ രാജ്യങ്ങളുടെ അനവധി ദൗത്യങ്ങൾ ചന്ദ്രനിൽ വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തി,'' നാസയുടെ മുൻ സയൻസ് ഡയറക്ടർ തോമസ് സുർബുചെൻ വാഷിങ്ടൺ പോസ്റ്റ്നു നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു. .
`` ഈ കണ്ടെത്തൽ ചൊവ്വ ഉൾപ്പെടയുള്ള സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളിലേക്കുള്ള ദൗത്യങ്ങൾ ചന്ദ്രനിൽ നിന്ന് വിക്ഷേപിക്കാനനുള്ള സാധ്യത ഞങ്ങൾ ആരായും. ഇത് ഒരു ദീർഘകാല പരിപാടിയാണ്. അതുകൊണ്ടു തന്നെ ഞങ്ങളുടെ ശ്രദ്ധ വളരെക്കാലത്തേക്കു ചന്ദ്രിനിലായിരിക്കും. ''
``വെള്ളത്തിന്റെ രണ്ട് ഘടകങ്ങൾ ഹൈഡ്രജനും ഓക്സിജനുമാണല്ലോ. ഇത് റോക്കറ്റിന്റെ ഇന്ധനമായും ഉപയോഗിക്കാം. ഇപ്പോൾ തന്നെ അമേരിക്ക റോക്കറ്റിന്റെ ഇന്ധനമായി ദ്രവ ഹൈഡ്രജനും ഓക്സിജനും ഉപയോഗിക്കുന്നുണ്ട്,'' അദ്ദേഹം പറഞ്ഞു.
ശൂന്യാകാശ ദൗത്യങ്ങൾ ചന്ദ്രനിൽ നിന്ന് വിക്ഷേപിക്കുന്നതു, ഭൂമിയിൽ നിന്നുള്ളതിനേക്കാൾ എളുപ്പമായിരിക്കും എന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. ചന്ദ്രനിൽ, ഭൂമിയിലുള്ളതിന്റെ ആറിലൊന്നു ഗുരുത്വാകര്ഷണമേ ഉള്ളു. കൂടാതെ അന്തരീക്ഷം ശൂന്യമാണ്. അതുകൊണ്ടു തന്നെ ചന്ദ്രനിൽ ദീർഘകാല സാന്നിധ്യം ഉള്ള രാജ്യങ്ങൾക്കും വാണിജ്യ അടിസ്ഥാനത്തിൽ ശൂന്യാകാശ ദൗത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾക്കും വലിയ ശൂന്യാകാശ ദൗത്യങ്ങൾ നടത്തുന്നതിൽ മറ്റുള്ളവരെക്കാൾ മുൻകൈ ഉണ്ടായിരിക്കും.
പക്ഷേ, ഈ ലക്ഷ്യത്തിലെത്താൻ കാതങ്ങൾ ഏറെ താണ്ടണം. അതിന്റെ മുന്നോടിയായി വേണ്ടത് ചാന്ദ്ര സമ്പദ്ഘടന വികസിപ്പിക്കലും ഡി എ ആർ പി എ വിഭാവന ചെയ്യുന്ന ഇൻഫ്രാസ്ട്രക്ച്ചർ ഉറപ്പാക്കുകയുമാണ്. ഇതിനു വമ്പിച്ച നിക്ഷേപം ആവശ്യമാണ്. ദൗത്യങ്ങളുടെ വിജയങ്ങൾ ഈ നിക്ഷേപങ്ങളെ സാധൂകരിക്കാൻ കഴിയണം. അത് സാദ്ധ്യമായാൽ ചന്ദ്രൻ മറ്റു ഗ്രഹങ്ങളിലേക്കുള്ള കവാടമായി മാറാം. ചന്ദ്രനിൽ ഒരു അണുശക്തിനിലയം എന്ന നാസയുടെ സ്വപ്നം പൂവണിഞ്ഞേക്കാം.
ചൈന അടുത്ത പത്തു വർഷത്തിനുള്ളിൽ മനുഷ്യനില്ലാത്ത മൂന്നു ദൗത്യങ്ങൾ ചന്ദ്രനിലേക്ക് നടത്താന്‍ തയ്യാറെടുക്കുന്നു എന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു . എന്നാൽ ചൈനയുടെ നോട്ടം ചന്ദ്രനിലെ പാറയിലും മറ്റും അടങ്ങിയിരിക്കുന്ന ചാങ്ങിസൈറ്റ് എന്ന ധാതുവാണ്. ചന്ദ്രനിലെ പാറക്കല്ലുകളിൽ നിന്ന് ചൈന വേർതിരിച്ചെടുത്ത ഈ ധാതു ( ഇതിനു ചാങ്ങിസൈറ്റ് എന്ന് പേര് ചൈന കൊടുത്തതാണ് ) ന്യൂക്ലിയർ റിയാക്ടറുകളിൽ ഇന്ധനമായി ഉപയോഗിക്കാൻ നല്ല സാധ്യത ചൈനീസ് ശാസ്ത്രജ്ഞന്മാർ കാണുന്നു. .
ലൂണ - 25 തകർന്നത് റഷ്യക്ക് ഈ മത്സരത്തിൽ വലിയ തിരിച്ചടിയായി എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. തന്നെയുമല്ല അത്യാധുനിക സാങ്കേതികവിദ്യയിൽ റഷ്യ പുറകോട്ടു പോകുന്നു എന്ന പ്രതീതിയും ഇത് ജനിപ്പിച്ചിട്ടുണ്ട്. റഷ്യയുടെ സമ്പദ്ഘടനയെ ഇത് ബാധിക്കും.
ചന്ദ്രയാൻ -3 വിജയിക്കുകയാണെങ്കിൽ, ബഹിരാകാശ സാങ്കേതിക വിദ്യയിൽ ഇന്ത്യയും അവഗണിക്കാൻ വയ്യാത്ത ശക്തിയായി മാറും. ഇതുവരെ ഒരു രാജ്യവും ചന്ദ്രന്റെ തെക്കൻ ദ്രുവ പ്രദേശത്തു ഒരു ദൗത്യം എത്തിച്ചിട്ടില്ല.