image

28 Dec 2022 9:00 AM GMT

Premium

2022 ല്‍ നിന്ന് പഠിക്കേണ്ട അഞ്ച് സാമ്പത്തിക പാഠങ്ങള്‍

MyFin Bureau

5 Financial Lessons to Learn from 2022
X

Summary

  • 2022ല്‍ നിന്ന് നമുക്ക് പഠിക്കാവുന്ന ചില സാമ്പത്തിക പാഠങ്ങളിതാ..


മാറിമറിയുന്ന വിപണിയില്‍ ചാഞ്ഞുലയാതെ, ദീര്‍ഘകാല ലക്ഷ്യത്തോടെ മുന്നേറാം

ഒരു വര്‍ഷം കൂടി നമ്മളില്‍ നിന്ന് വിടപറയുകയാണ്. കോവിഡിന് ശേഷമൊരു ഉണര്‍വുണ്ടാക്കിയ വര്‍ഷമാണെങ്കിലും പല സാമ്പത്തിക പ്രതിസന്ധികള്‍ക്കും ക്രിപ്റ്റോ തകര്‍ച്ചയ്ക്കും ഈ വര്‍ഷം സാക്ഷിയായി.

2022ല്‍ നിന്ന് നമുക്ക് പഠിക്കാവുന്ന ചില സാമ്പത്തിക പാഠങ്ങളിതാ...

1. ക്രിപ്റ്റോ തകര്‍ച്ച: റെഗുലേറ്റ് ചെയ്യാത്തയിടങ്ങളിലെ നിക്ഷേപം ഒഴിവാക്കുക

ക്രിപ്റ്റോ വിപണിയില്‍ ഭൂകമ്പമുണ്ടായ വര്‍ഷമാണ് 2022. മിന്നുന്നതെല്ലാം പൊന്നല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു തന്നു. വിവിധ കോയിനുകളിലൂടെ ക്രിപ്റ്റോ നിക്ഷേപകര്‍ക്ക് 2022ല്‍ മാത്രം നഷ്ടപ്പെട്ടത് രണ്ട് ട്രില്യണ്‍ ഡോളറാണ്!

ഏറെ ജനപ്രിയമായ ബിറ്റ് കോയിനിന്റെ മൂല്യം 2022 ല്‍ മാത്രം 60 ശതമാനം നഷ്ടമായി. ടെറ കോയിനിന്റെ മൂല്യം പൂര്‍ണമായും കൂപ്പുകുത്തി.

തകര്‍ച്ച ഇങ്ങനെ

Terra: -100%

Solana: -93%

AMP: -93%

Cardano: -80%

Ether: -67%

Bitcoin: -63%

Dogecoin: -55%

നിയന്ത്രണങ്ങളോ, നിയമങ്ങളോ ബാധകമല്ലാത്ത ഇടപാടുകളില്‍ ഏര്‍പ്പെടാതിരിക്കുകയാണ് ചെയ്യാവുന്ന ഒരു കാര്യം.

2. പലിശ നിരക്ക്: വായ്പ തിരിച്ചടക്കാനുള്ളതാണ്

2022 മെയില്‍ തുടങ്ങി പലിശ നിരക്കില്‍ 225 ബേസിസ് പോയിന്റ് വര്‍ധനയാണുണ്ടായത്. ഇത് വായ്പയെടുത്തവരെ കാര്യമായി ബാധിച്ചു. തവണ അടക്കേണ്ട സംഖ്യ ഉയര്‍ന്നു, ലോണ്‍ തിരിച്ചടവ് ചെലവും കൂട്ടി. നിലവിലുള്ളതും പുതിയ വായ്പയെടുത്തവരും ഒരുപോലെ പ്രതിസന്ധിയിലായി. മാസ ബജറ്റില്‍ നിന്ന് കൂടുതല്‍ തുക മാറ്റിവെക്കേണ്ടി വന്നു.

വായ്പാ കാലാവധി പരമാവധി ചുരുക്കാന്‍ ശ്രമിക്കുന്നതും, ഇഎംഐയ്ക്ക് പകരം പ്രീപെയ്മെന്റ് സംവിധാനത്തെ ആശ്രയിക്കുന്നതും സാമ്പത്തിക നില ഭദ്രമാക്കും.

3. നാണയപ്പെരുപ്പം: പര്‍ച്ചേസിംഗ് കപ്പാസിറ്റി കൂട്ടിക്കോളൂ

വലിയ രീതിയിലാണ് ഇക്കൊല്ലമുണ്ടായ നാണയപ്പെരുപ്പ നിരക്കിലെ വര്‍ധന കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയത്. അവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും വസ്ത്രങ്ങളുടെയും വിദ്യാഭ്യാസത്തിന്റെയും യാത്രയുടെയും ചെലവുകളെല്ലാം വര്‍ധിച്ചു.

സേവിങ്‌സിൽ മാത്രം ആശ്രയിക്കുന്നത് മതിയാവില്ല. പകരം, വളര്‍ച്ചാ സാധ്യതയുള്ള നിക്ഷേപങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുകയും അതിലൂടെ സാമ്പത്തിക കാര്യങ്ങള്‍ നിവര്‍ത്തിക്കുകയും ആവാം.

4. എഫ് ഡി: നിക്ഷേപം കൂട്ടിയാല്‍ നേട്ടം

റിപ്പോ നിരക്കിലെ വര്‍ധനയ്ക്കു പിന്നാലെ സ്ഥിര നിക്ഷേപ (എഫ്ഡി) ത്തിനുള്ള പലിശ നിരക്കിലും വര്‍ധനയുണ്ടായി. 38 ബാങ്കുകള്‍ ഈയിടെ എഫ്ഡിക്കുള്ള പലിശ നിരക്ക് 7 ശതമാനമായി വര്‍ധിപ്പിച്ചിരിക്കുകയാണ്.

നിരക്ക് വര്‍ധനയുടെ ഗുണമെടുക്കാന്‍ എഫ്ഡിയില്‍ ദീര്‍ഘകാലത്തേക്ക് കൂടുതല്‍ നിക്ഷേപിക്കുന്നത് ഗുണം ചെയ്യും.

5. പിരിച്ചുവിടല്‍: കരുതല്‍ ശേഖരം ഉണ്ടായിക്കോട്ടെ...

കൂട്ടപ്പിരിച്ചുവിടലിന്റെ കാഴ്ചകളാണ് 2022 ല്‍ ഏറ്റവും കൂടുതല്‍ കണ്ടത്. വമ്പന്‍ കോര്‍പ്പറേറ്റുകള്‍ പൊടുന്നനെ തലപ്പത്തുള്ളവരെ പോലും പിരിച്ചുവിട്ടു.

കുട്ടികളുടെ വിദ്യാഭ്യാസം, താമസച്ചെലവ്, ഭക്ഷണച്ചെലവ് തുടങ്ങി പലരും വലിയ പ്രതിസന്ധിയിലായി. ഇങ്ങനെയുള്ള സാഹചര്യങ്ങളെ നേരിടാന്‍ ചെയ്യാവുന്നൊരു കാര്യമാണ് എമര്‍ജന്‍സി ഫണ്ട് വകയിരുത്തുക എന്നത്.

കുറഞ്ഞത് 12 മാസത്തെ ചെലവുകളെങ്കിലും നടന്നുപോകാന്‍ വിധത്തില്‍ ഓരോ മാസവും എമര്‍ജന്‍സി ഫണ്ടിലേക്ക് മാറ്റിവെക്കണം. ആവശ്യമായ ഇന്‍ഷുറന്‍സുകള്‍ എടുത്തുവെക്കുന്നതിലും ശ്രദ്ധ കൊടുക്കണം.

ബജറ്റില്‍ പ്ലാന്‍ ചെയ്തതു പോലെ എല്ലാം നടക്കണമെന്നില്ല. പക്ഷേ, ഓരോ കൊല്ലം കഴിയുമ്പോഴും ഒരുപാട് പാഠങ്ങള്‍ ജീവിതം പഠിപ്പിച്ചിട്ടുണ്ടാവും. അവയില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയാണ് ഒരു വിജയിയുടെ ലക്ഷണം.