22 Feb 2023 9:45 AM GMT
Summary
- വേഗമേറിയതും സുരക്ഷിതവും സൗകര്യപ്രദവുമായ ഗതാഗതമാര്‍ഗമൊരുക്കുന്ന സില്‍വര്‍ ലൈന്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയാണെന്ന് കഴിഞ്ഞ നയപ്രഖ്യാപനത്തില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്
1,62,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡാണ് കേരളത്തിലുള്ളത്. അയല്‍ സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ അതിവേഗം വാഹനം ഓടിക്കാവുന്ന റോഡുകളും റെയില്‍ പാളങ്ങളും ഇവിടെയില്ല. ഇത് ഒരേസമയം സമയനഷ്ടവും സാമ്പത്തിക നഷ്ടവുമുണ്ടാക്കുന്നു. ഈ സാഹചര്യത്തില്‍ 63,940.67 കോടി രൂപ എസ്റ്റിമേറ്റ് കണക്കാക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രസക്തി വലുതാണ്. ഈ തുക ഏകദേശം 2019-20ലെ സംസ്ഥാന ബജറ്റ് ചെലവിന്റെ പകുതി വരും. എന്നാല്‍ 1.26 ലക്ഷം കോടി ചെലവിട്ടാലേ പദ്ധതി പൂര്‍ത്തിയാക്കാനാകൂവെന്നാണ് നിതി ആയോഗ് പറയുന്നത്.
അതെന്തായാലും കേരളത്തെ പുരോഗതിയുടെ പാളത്തില്‍ കയറ്റാന്‍ കരുത്തുറ്റ പദ്ധതിയാണ് സില്‍വര്‍ ലൈന്‍. കുറഞ്ഞത് 50,000 പേര്‍ക്കെങ്കിലും ഇതുവഴി തൊഴില്‍ ലഭിക്കുമെന്നാണ് സൂചന. പദ്ധതിയുടെ ആകെ ചെലവില്‍ 40,000 കോടിയും കേരളത്തിലെ ജനങ്ങളുടെ കൈയിലെത്തുമെന്നും ഇത് സാമ്പത്തിക പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറയുന്നു.
പദ്ധതി അകാല ചരമമടഞ്ഞോ?
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറിയെന്ന പ്രചാരണം നടക്കുന്നുണ്ട്. വാസ്തവത്തിലിത് ശരിയല്ല. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാല്‍ തല്‍ക്കാലത്തേക്ക് പദ്ധതിയുമായി മുന്നോട്ടുപോകുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവച്ചു എന്നതാണ് ശരി. പദ്ധതിക്കാവശ്യമായ അത്രയും ഭൂമി ഏറ്റെടുത്തുനല്‍കാന്‍ ഇതുവരെ സംസ്ഥാന സര്‍ക്കാരിനായില്ല. ഭൂവുടമകളുടെ പ്രതിഷേധമാണ് കാരണം. മാന്യമായ നഷ്ടപരിഹാരത്തുക അവര്‍ക്ക് നല്‍കുമെന്ന് ഉറപ്പുനല്‍കാത്തതാണ് പ്രശ്നം.
വേഗമേറിയതും സുരക്ഷിതവും സൗകര്യപ്രദവുമായ ഗതാഗതമാര്‍ഗമൊരുക്കുന്ന സില്‍വര്‍ ലൈന്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയാണെന്ന് കഴിഞ്ഞ നയപ്രഖ്യാപനത്തില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്.
പ്രതിബന്ധങ്ങള്‍
പദ്ധതിക്കായി ആകെ 1,383 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതില്‍ 1,198 ഹെക്ടറും സ്വകാര്യ ഭൂമിയാണ്. 9,314 കെട്ടിടങ്ങളും ഒഴിപ്പിക്കേണ്ടി വരും. സംസ്ഥാനത്തെ കടത്തില്‍ മുക്കുന്ന പദ്ധതിയാണിതെന്നാണ് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ ആരോപണം. 30,000 കുടുംബങ്ങള്‍ ഭവനരഹിതരാകുമെന്നും പറയപ്പെടുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതുവരെ തല്‍ക്കാലത്തേക്ക് പദ്ധതി നിര്‍ത്തിവെക്കാനാണ് 2022 നവംബറില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കണമെന്ന് കേന്ദ്ര ധനമന്ത്രി മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. 2020 ഒക്ടോബറില്‍ സംസ്ഥാനം സമര്‍പ്പിച്ച പദ്ധതി പ്രപോസല്‍ റെയില്‍വേ മന്ത്രാലയവും റെയില്‍വേ ബോര്‍ഡും ഇതുവരെ അംഗീകരിച്ചിട്ടില്ല.
പദ്ധതിക്കായി ആകെ 1,383 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതില്‍ 1,198 ഹെക്ടറും സ്വകാര്യ ഭൂമിയാണ്
കാസര്‍കോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് നാലു മണിക്കൂര്‍ മാത്രം
കാസര്‍കോഡ് മുതല്‍ തിരുവനന്തപുരത്തെ കൊച്ചുവേളി വരെ 532.185 കിലോമീറ്റര്‍ നീളുന്ന സെമി ഹൈസ്പീഡ് റെയില്‍ ഇടനാഴിയാണ് സില്‍വര്‍ ലൈന്‍ പദ്ധതി. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടിക്കാനാകും. അങ്ങനെ വന്നാല്‍ നാല് മണിക്കൂറിനകം തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്ട് എത്താം.
11 സ്റ്റേഷനുകള്‍
11 റെയില്‍വേ സ്റ്റേഷനുകളേ ഇതിന് ഉണ്ടാകൂ. തിരുവനന്തപുരത്തെ കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, കൊച്ചി വിമാനത്താവളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് സ്റ്റേഷനുകള്‍. സ്റ്റേഷനു വേണ്ടി ഒരേക്കര്‍ ഭൂമി വിട്ടുനല്‍കാമെന്ന് സിയാല്‍ അറിയിച്ചിട്ടുണ്ട്. കുറഞ്ഞത് 12 ട്രെയിനെങ്കിലും സില്‍വര്‍ ലൈനില്‍ സര്‍വീസ് നടത്തും.
പ്രതിദിനം 67,740 യാത്രക്കാര്‍
സില്‍വര്‍ ലൈന്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രതിദിനം 67,740 യാത്രക്കാരുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. തിരക്കേറിയ സമയത്ത് ഒരുഭാഗത്തേക്കു മാത്രം 1,330 യാത്രക്കാര്‍. കിലോമീറ്ററിന് 2.75 രൂപ യാത്രാനിരക്കായി ഏര്‍പ്പെടുത്താനും ഇത് പ്രതിവര്‍ഷം 7.5 ശതമാനം വച്ച് വര്‍ധിപ്പിക്കാനുമാണ് പദ്ധതി.
സ്വപ്ന പാതയുടെ തുടക്കം
2009 ഫെബ്രുവരിയിലാണ് അന്നത്തെ ധനമന്ത്രി തോമസ് ഐസക് തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍ കോറിഡോര്‍ പ്രഖ്യാപിച്ചത്. 2012 ജൂണില്‍ ഡിഎംആര്‍സി 12,700 കോടി രൂപയുടെ ഫീസബിലിറ്റി പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2014ല്‍ ഇരകളുടെ ഭാഗത്തുനിന്നുള്ള കടുത്ത പ്രതിഷേധം മുന്‍നിര്‍ത്തി പദ്ധതി തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
എല്‍ഡിഎഫ് അധികാരത്തില്‍ വന്നതോടെ 2016 ജൂണില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിപിആര്‍ തയാറാക്കി സമര്‍പ്പിക്കാന്‍ ഡിഎംആര്‍സിയോട് നിര്‍ദേശിച്ചു. പദ്ധതിക്ക് 5900 കോടി രൂപ ചെലവുവരുമെന്ന് ഫ്രാന്‍സിലെ സിസ്ട്ര സര്‍വേ റിപ്പോര്‍ട്ട് നല്‍കി.
സില്‍വര്‍ ലൈന്‍ എന്ന പേര്
2019 ഡിസംബറിലാണ് സംസ്ഥാന സര്‍ക്കാര്‍ സെമി-ഹൈസ്പീഡ് റെയില്‍ പദ്ധതിക്ക് സില്‍വര്‍ ലൈന്‍ എന്നു പേരിട്ടത്. അന്ന് ഏകദേശ പദ്ധതി ചെലവായി കണക്കാക്കിയത് 56,443 കോടി രൂപയായിരുന്നു. 2020ല്‍ ഹൈദരാബാദ് കേന്ദ്രമായ ജിയോക്നോ ഇന്ത്യ പദ്ധതിക്കായി ആകാശ സര്‍വേ നടത്തി. പദ്ധതിക്കായി 1,226.45 ഹെക്ടര്‍ ഏറ്റെടുക്കാനായി 10 ജില്ലകളില്‍ ലാന്‍ഡ് അക്വസിഷന്‍ സെല്ലുകള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2020 ഏപ്രിലില്‍ കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍(കെ-റെയില്‍) ബോര്‍ഡ് സില്‍വര്‍ ലൈനിന്റെ ഡിപിആര്‍ അംഗീകരിച്ചു.
കോടികള്‍ എത്തുന്നു
2021 മേയില്‍ ഹൗസിംഗ് ആന്‍ഡ് അര്‍ബണ്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ കേരള പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് 3,000 കോടി രൂപ വായ്പയായി അനുവദിച്ചു. ഓഗസ്റ്റില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് 2100 കോടി രൂപ ലോണായി അനുവദിച്ചു.
2024ഓടെ 532 കിലോമീറ്റര്‍ നീളമുള്ള റെയില്‍വേ ഇടനാഴി ഒരുക്കാനാണ് പദ്ധതി. ഇതിനായി 66,079 കോടി രൂപ ചെലവില്‍ റെയില്‍പാളങ്ങള്‍ നിര്‍മിക്കും. ഈ തുകയില്‍ 34,454 കോടി രൂപ ലോണായിരിക്കും. കേന്ദ്ര സര്‍ക്കാരും സംസ്ഥാനവും 7,720 കോടി രൂപ വീതമെടുക്കും. ഭൂമി ഏറ്റെടുക്കലിനും അനുബന്ധ കാര്യങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ 8,656 കോടി രൂപ ചെലവിടും. ബാക്കി തുക വായ്പയായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഴി ലഭിക്കും.
ചെലവഴിച്ചത് 65.72 കോടി രൂപ; കല്ലിടീലിനു മാത്രം 1.62 കോടി
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി 65.72 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവിട്ടിട്ടുണ്ട്. കല്ലിടീലിനു മാത്രമായി ചെലവായത് 1.62 കോടി രൂപ. സെല്ലുകള്‍ക്കായി നിയോഗിച്ച ജീവനക്കാര്‍ക്ക് ശമ്പളത്തിനും മറ്റുമായി 10.76 കോടി രൂപ, കണ്‍സള്‍ട്ടന്‍സി ഫീസായി 33 കോടി, സര്‍വേ വര്‍ക്കിന് 3.43 കോടി, മണ്ണു പരിശോധനയ്ക്ക് 75 ലക്ഷം, വാഹന വാടക 14 ലക്ഷം, കെട്ടിടവാടക 21 ലക്ഷം, ഫീസിബിലിറ്റി പഠനത്തിന് 79 ലക്ഷം എന്നിങ്ങനെയാണ് ചെലവ്.
മൂന്നു പദ്ധതികള്‍
സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് പദ്ധതികളില്‍ ഒന്നാണ് കെ-റെയില്‍ (സില്‍വര്‍ ലൈന്‍). കൊച്ചി-മംഗലാപുരം വ്യവസായ ഇടനാഴി, കൊച്ചി-പാലക്കാട് വ്യവസായ ഇടനാഴി എന്നിവയാണ് മറ്റ് രണ്ട് പ്രധാന പദ്ധതികള്‍. തിരുവനന്തപുരം നഗരത്തിന് ചുറ്റും വലിയ വ്യവസായ ഇടനാഴി വരുന്നുണ്ട്. അതേപോലെ പ്രധാന പദ്ധതിയാണ് കെ-റെയില്‍.