image

25 March 2023 6:00 AM GMT

Banking

സേവിങ്സ് അക്കൗണ്ട്: ഈ നികുതി കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?

MyFin Bureau

savings account
X

Summary

  • സേവിങ്സ് അക്കൗണ്ടില്‍ നിന്നുള്ള പലിശയിന്മേലുള്ള നികുതികള്‍ എന്തെല്ലാം?
  • നികുതി ഇളവുകള്‍ എന്തെല്ലാം?


സിഎ എബ്രഹാം പി ജോസഫ് -ജാക്സ് ആന്‍ഡ് അസോസിയേറ്റ്സ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ്

ആള്‍ക്കാരില്‍ സമ്പാദ്യ ശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നത്. സ്ഥിരമായ വരുമാനം ഉള്ളവരും ഇല്ലാത്തവരും തങ്ങളുടെ ചെറിയ ചെറിയ സമ്പാദ്യങ്ങള്‍ സൂക്ഷിക്കാന്‍ പ്രധാനമായും ആശ്രയിക്കുന്നത് ഇത്തരം അക്കൗണ്ടുകളെ തന്നെയാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും ഇത്തരം അക്കൗണ്ടുകളില്‍ നിന്നുള്ള വരുമാനം ആദായ നികുതി നിയമങ്ങള്‍ പ്രകാരം നികുതി വിധേയമാണ്. ഈ വരുമാനം നികുതി വിധേയം ആണെന്ന് പറയുമ്പോള്‍ തന്നെ, ഈ വരുമാനത്തിന് ചില ഇളവുകള്‍ കൂടി നല്‍കിയിട്ടുണ്ട്. അത് എന്തെല്ലാമാണെന്നും ഈ ലേഖനത്തിലൂടെ നമുക്ക് മനസിലാക്കാം.

ഈ ലേഖനം, സേവിങ്സ് അക്കൗണ്ടില്‍ നിന്ന് ലഭിക്കുന്ന പലിശയിന്മേലുള്ള നികുതി ബാധ്യത, അതിന്മേലുള്ള ടിഡിഎസ്, ലഭിക്കുന്ന ഇളവുകള്‍ എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു.

1. നികുതി ബാധ്യത

സേവിങ്സ് അക്കൗണ്ടില്‍ നിന്നുള്ള പലിശ നികുതി വിധേയമാണ്. മറ്റ് സ്രോതസുകളില്‍ നിന്നുള്ള വരുമാനം എന്ന തലക്കെട്ടിലാണ് ഈ വരുമാനം വരുന്നത്. സേവിങ്സ് അക്കൗണ്ടില്‍ നിന്നുള്ള പലിശ എത്ര തന്നെ ആയാലും, ചെറുതോ വലുതോ ആയിക്കോട്ടെ, അത് നിങ്ങളുടെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ വരുമാന പട്ടികയില്‍ ഉള്‍പ്പെടുത്തുക. കാരണം, ഈ വരുമാനം കൃത്യമായി ബാങ്കുകള്‍ ആദായ നികുതി വകുപ്പിനെ അറിയിക്കുന്നുണ്ട്. ഇത് നിങ്ങളുടെ വാര്‍ഷിക വരുമാന വിവര പട്ടികയില്‍ പ്രതിഫലിക്കുകയും ചെയ്യും.

ഇതേവരെ ഏകദേശം 7 ലക്ഷം പേര്‍ക്കാണ് കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക വരുമാന പട്ടികയും സമര്‍പ്പിച്ച ആദായ നികുതി റിട്ടേണും തമ്മിലുള്ള അന്തരത്തിന് കാരണം കാണിക്കാന്‍ നോട്ടീസ് അയച്ചത്. സൂക്ഷ്മ പരിശോധന പുരോഗമിക്കുന്നതനുസരിച്ച് കൂടുതല്‍ നോട്ടീസുകള്‍ പ്രതീക്ഷിക്കാം. നിങ്ങളുടെ മൊത്ത വരുമാനത്തിന് അനുസൃതമായി ഉള്ള പട്ടിക അനുസരിച്ചാണ് ഈ വരുമാനത്തിന് നികുതി കണക്കാക്കുന്നത്.

2. സ്രോതസില്‍ നിന്നുള്ള നികുതി കിഴിക്കല്‍ (ടിഡിഎസ്)

സേവിങ്സ് അക്കൗണ്ടില്‍ നിന്നുള്ള പലിശ, സ്രോതസില്‍ നിന്നുള്ള നികുതി കിഴിക്കല്‍ നിയമങ്ങള്‍ക്ക് വിധേയമല്ല. എന്നിരുന്നാലും എന്‍ആര്‍ഒ അക്കൗണ്ടില്‍ നിന്ന് ലഭിക്കുന്ന പലിശയില്‍ നിന്നും ടിഡിഎസ് പിടിക്കും.

3. നികുതി ഇളവുകള്‍

a. ആദായ നികുതി നിയമം വകുപ്പ് 80ടിടിഎ പ്രകാരം ബാങ്കുകള്‍, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്കുകള്‍ എന്നിവയില്‍ നിന്ന് ലഭിക്കുന്ന സേവിങ്സ് ബാങ്ക് അക്കൗണ്ടിന്‍മേലുള്ള പലിശക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10,000 രൂപ വരെ ഇളവ് ലഭിക്കുന്നതാണ്. മുതിര്‍ന്ന പൗരന്മാര്‍ (60 വയസ്സ്) അല്ലാത്ത ഏതൊരാള്‍ക്കും ഈ ഇളവ് പ്രയോജനപ്പെടുത്താവുന്നതാണ്.

b. ആദായ നികുതി നിയമം വകുപ്പ് 80ടിടിബി പ്രകാരം ബാങ്കുകള്‍, പോസ്റ്റ് ഓഫിസ്, സഹകരണ ബാങ്കുകള്‍ എന്നിവയില്‍ നിന്ന് മുതിര്‍ന്ന പൗരന്മാര്‍ക്ക് (60 വയസ്) ലഭിക്കുന്ന പലിശക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 50,000 രൂപ വരെ ഇളവ് ലഭിക്കുന്നതാണ്. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങള്‍ ഉണ്ട്. 1. ഈ ഇളവ് പ്രവാസികള്‍ക്ക് ലഭ്യമല്ല. 2. സേവിങ്സ് അക്കൗണ്ടില്‍ നിന്നുള്ള പലിശക്ക് മാത്രമല്ല, ഏതൊരു നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശക്കും ഈ ഇളവ് ലഭ്യമാണ്.

c. പോസ്റ്റ് ഓഫീസില്‍ നിന്ന് ലഭിക്കുന്ന സേവിങ്സ് ബാങ്ക് അക്കൗണ്ടിന്‍മേലുള്ള പലിശക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 3,500 രൂപ വരെ വകുപ്പ് 10(15)(i) പ്രകാരം ഇളവ് ലഭിക്കുന്നതാണ്. ഈ ഇളവ് വകുപ്പ് 80ടിടിഎ, വകപ്പ് 80ടിടിബി എന്നിവ പ്രകാരം ലഭിക്കുന്ന ഇളവുകള്‍ക്ക് പുറമെ ആണ്. എന്നിരുന്നാലും ഒരു പലിശക്ക് രണ്ട് ഇളവുകള്‍ ലഭ്യമല്ല.

സേവിങ്സ് അക്കൗണ്ടില്‍ നിന്ന് ഇത്രയൊക്കെ നേട്ടങ്ങള്‍ ഉണ്ടെങ്കിലും, വളരെ കുറഞ്ഞ പലിശ നിരക്കാണ് സേവിങ്സ് അക്കൗണ്ടുകള്‍ നല്‍കുന്നത് എന്ന ഒറ്റ കാരണത്താല്‍, ഇതിനെ ഒരു നിക്ഷേപ മാര്‍ഗമായി സ്വീകരിക്കുന്നതില്‍ കാര്യമില്ല.