23 March 2023 4:45 AM GMT
Summary
- വില 15 ലക്ഷം രൂപ വരെ, ഇന്ധന ചെലവ് 35,000 രൂപ മാത്രം
മണ്ണെണ്ണ വില വര്‍ധന മത്സ്യത്തൊഴിലാളികളുടെ അന്നംമുട്ടിക്കുമ്പോള്‍ സോളാര്‍ മത്സ്യബന്ധന ബോട്ടു നിര്‍മിച്ച് പ്രതീക്ഷയാവുകയാണ് തൃശൂര്‍ തൃപ്രയാര്‍ സ്വദേശി സന്ദിത്ത് തണ്ടാശേരി. ഒറ്റ ചാര്‍ജിംഗില്‍ 35 കിലോമീറ്റര്‍ സഞ്ചരിക്കാവുന്ന സോളാര്‍ വൈദ്യുത ബോട്ടിന് സ്രാവ് എന്നാണ് പേരിട്ടിരിക്കുന്നത്. ആറുപേര്‍ക്ക് ജോലി ചെയ്യാനും രണ്ടു ടണ്‍ മത്സ്യം സംഭരിക്കാനും ഈ ബോട്ടുകള്‍ക്കു ശേഷിയുണ്ട്. പണി പൂര്‍ത്തിയായ അഞ്ചു ബോട്ടുകള്‍ കടലില്‍ പരീക്ഷണ ഓട്ടം നടത്തിവരുകയാണ്.
അനുമതി ലഭിക്കുന്നതോടെ വിപണിയില്‍
10 മുതല്‍ 15 ലക്ഷം രൂപ വരെയാണ് സ്രാവ് ബോട്ടിന്റെ വില. നിയമാനുസൃതമായ അനുമതികള്‍ ലഭിച്ചാലുടന്‍ വിപണിയിലെത്തുമെന്ന് സന്ദിത്ത് പറയുന്നു. നാല് മണിക്കൂര്‍ കൊണ്ട് ഈ ബോട്ട് ഫുള്‍ചാര്‍ജാകും. സൗരോര്‍ജശക്തിയില്‍ എട്ടുമണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കും. രാവിലെ കടലില്‍ പോയി രാത്രിയോടെ തിരിച്ചെത്തുന്ന മത്സ്യത്തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ബോട്ടിന്റെ രൂപകല്‍പന. സോളാര്‍ വൈദ്യുതി ലഭിക്കാത്തപ്പോള്‍ ഇലക്ട്രിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കും. ഇരുമ്പിലും പ്രത്യേകതരം പ്ലാസ്റ്റിക്കിലുമാണ് ബോട്ട് നിര്‍മിച്ചത്. മത്സ്യം സംഭരിക്കാന്‍ പ്രത്യേക അറകളുമുണ്ട്.
മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വസമാകും
ഭാരിച്ച ഇന്ധനച്ചെലവുമൂലം വലയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സോളാര്‍ ബോട്ട് വലിയ ആശ്വസമാകും. സാധാരണ മത്സ്യബന്ധന ബോട്ടിന് പ്രതിവര്‍ഷം ഇന്ധനച്ചെലവ് ആറുലക്ഷം രൂപയാണ്. എന്നാല്‍ സ്രാവിന്റെ ഊര്‍ജ ചെലവ് 35,000 രൂപയില്‍ ഒതുങ്ങും. കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് സോളാര്‍ ബോട്ടുകള്‍ പാട്ടത്തിന് നല്‍കാന്‍ ആലോചിക്കുന്നുണ്ടെന്ന് സന്ദിത്ത് തണ്ടാശേരി പറയുന്നു. സിംഗപ്പൂര്‍, അംഗോള, ചിലി, അര്‍ജന്റീന, ടാന്‍സാനിയ, കോംഗോ, തായ്ലാന്‍ഡ്, ഒമാന്‍ തുടങ്ങി വിവിധ രാജ്യങ്ങളിലെ കമ്പനികള്‍ 'സ്രാവി'നെ സ്വന്തമാക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്.
'ആദിത്യ'യുടെ നിര്‍മാതാവ്
സ്റ്റാര്‍ട്ടപ് രംഗത്ത് തിളങ്ങുന്ന സന്ദിത്ത് ഇതാദ്യമായല്ല ഇത്തരം വിപ്ലവകരമായ സംരംഭവുമായി രംഗത്തെത്തുന്നത്. ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ ഫെറി ബോട്ടായ 'ആദിത്യ' ജലഗതാഗത വകുപ്പിന് നിര്‍മിച്ചുനല്‍കിയത് ഈ യുവാവാണ്. ആലപ്പുഴ ജില്ലയിലെ പാണാവള്ളി യാര്‍ഡിലാണ് സ്രാവ് ബോട്ടുകളുടെ നിര്‍മാണം. കേരളത്തിലെ സ്റ്റാര്‍ട്ടപ്പായ നവാള്‍ട് സോളാര്‍ ആന്‍ഡ് ഇലക്ട്രിക് ബോട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് രൂപകല്‍പനയും നിര്‍മാണവും.
കപ്പല്‍ നിര്‍മാണ കമ്പനി ഉദ്യോഗസ്ഥന്‍
മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് നേവല്‍ ആര്‍ക്കിടെക്ചറില്‍ ബിരുദം നേടിയ സന്ദിത്ത് ദക്ഷിണ കൊറിയയിലെ പ്രമുഖ കപ്പല്‍ നിര്‍മാണ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. 2013ലാണ് നവാള്‍ട്ടിന് തുടക്കമിട്ടത്. ഇലക്ട്രിക്കല്‍ വാഹനങ്ങള്‍പോലും ക്ലച്ചുപിടിക്കാത്ത കാലത്താണ് വൈദ്യുതബോട്ടെന്ന ആശയം സന്ദിത്ത് അവതരിപ്പിച്ചത്. ഇതിനിടെയാണ് സോളാര്‍ ഫെറിയെന്ന ആശയം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. ടെന്‍ഡറിലൂടെ കരാര്‍ ഏറ്റെടുത്ത സന്ദിത്ത് രാജ്യത്തെ ആദ്യത്തെ സോളാര്‍ ഫെറി ബോട്ടായ ആദിത്യ നിര്‍മിച്ചുനല്‍കി. ആദിത്യയുടെ കുതിപ്പ് സന്ദിത്തിനും നവാള്‍ട്ടിനും ഇരട്ടി ഊര്‍ജമായി. ബോട്ടിന് ഫ്രഞ്ച് ഇലക്ട്രിക്കല്‍ എന്‍ജിനിയറും ഭൗതികശാസ്ത്രജ്ഞനുമായിരുന്ന ഗുസ്താവ് ട്രൂവേയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം ലഭിച്ചിരുന്നു.
നൂറു കടന്ന് മണ്ണെണ്ണ വില
പരമ്പരാഗത മത്സ്യത്തൊഴിലാളികളെ തീര്‍ത്തും പ്രതിസന്ധിയിലാക്കി മണ്ണെണ്ണ വിലയിലെ കുതിച്ചുകയറ്റം തുടരുന്നു. ലിറ്ററിന് 82 രൂപയായിരുന്നത് 102 രൂപയിലെത്തിയതോടെ തൊഴില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഒരുമാസം കൊണ്ട് 50 രൂപയുടെ വര്‍ധനയാണുണ്ടായത്. ഇപ്പോഴത്തെ വില നൂറിനു മുകളിലാണ്. റേഷന്‍ കടയിലൂടെ മാസത്തില്‍ അരലിറ്റര്‍ വീതം നല്‍കിവന്ന മണ്ണെണ്ണ ഇപ്പോള്‍ മൂന്നുമാസത്തിലൊരിക്കലാക്കി വിതരണം.
വറുതിയലമര്‍ന്ന തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ചാകര കാത്തിരിക്കുമ്പോഴാണ് വെല്ലുവിളിയായി മണ്ണെണ്ണ വിലവര്‍ധന എത്തിയത്. മീന്‍പിടിത്ത വള്ളങ്ങള്‍ക്ക് പെര്‍മിറ്റ് അനുസരിച്ച് മണ്ണെണ്ണ നല്‍കുന്നുണ്ടെങ്കിലും അത് നാല് ദിവസത്തേക്കുപോലും തികയില്ല. മണ്ണെണ്ണ വില കൂടുന്നത് അനുസരിച്ച് മീനിന് ന്യായവില കിട്ടുന്നില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
റേഷന്‍ കടകളില്‍ ഇനി മണ്ണെണ്ണ സ്റ്റോക്കെടുക്കേണ്ടെന്ന കൂട്ടായ തീരുമാനത്തിലേക്ക് നീങ്ങുകയാണ് റേഷന്‍ വ്യാപാരികള്‍. റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില അടിക്കടി വര്‍ധിപ്പിക്കുകയും വിഹിതം വെട്ടിക്കുറക്കുകയും ചെയ്യുന്ന കേന്ദ്ര നടപടി ഇവര്‍ ചോദ്യംചെയ്യുന്നു. റേഷന്‍ മണ്ണെണ്ണയുടെ വില കുറച്ചു മാസത്തിനിടെ 86 രൂപ വര്‍ധിപ്പിച്ചപ്പോഴും റേഷന്‍ വ്യാപാരികളുടെ കമീഷന്‍ തുകയില്‍ ഒരു പൈസപോലും വര്‍ധിപ്പിച്ചില്ല. ഒരു ലിറ്ററിന് 2.20 രൂപയെന്ന കമീഷന്‍ നിരക്ക് നാമമാത്രമാണെന്നും അവര്‍ പറയുന്നു.