25 March 2023 10:15 AM GMT
Summary
- ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് AIS പരിശോധിച്ച് അതിലുള്ള എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
സിഎ എബ്രഹാം പിജെ - ജാക്‌സ് ആന്‍ഡ് അസോസിയേറ്റ്‌സ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ്
വാര്‍ഷിക വിവരപ്പട്ടിക [Annual Information Statement (AIS)] അറിയേണ്ടതെല്ലാം
വീണ്ടും ഒരു ആദായ നികുതി റിട്ടേണ്‍ സീസണ്‍ തുടങ്ങാന്‍ പോകുന്നു. നമ്മുടെ ഇക്കോണമി കൂടുതല്‍ കൂടുതല്‍ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് പോകുന്നത് ആദായ നികുതി വകുപ്പിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കിയിട്ടുണ്ട്. അവര്‍ക്ക് ആവശ്യമുള്ള വിവരങ്ങളെല്ലാം ഞൊടിയിടയില്‍ നല്‍കാന്‍ പറ്റുന്ന വിധം അവര്‍ ഡാറ്റ ശേഖരിച്ചു വെക്കുന്നുണ്ട്. അതൊക്കെ മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഒന്ന് ക്രോഡീകരിച്ചെടുത്താല്‍ മാത്രം മതി അവര്‍ക്ക്.
അവര്‍ ശേഖരിക്കുന്ന കുറെ സ്ഥിതി വിവരക്കണക്കുകള്‍ വാര്‍ഷിക വിവര പട്ടിക (Anual Information Statement [AIS]) എന്ന ഓമനപ്പേരില്‍ അതിന്റെ ഉടമസ്ഥരെ അറിയിക്കുന്നുമുണ്ട്. ഇതില്‍ എന്താണ് ഉള്ളതെന്നും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും നമുക്ക് ഇന്നത്തെ ലേഖനത്തിലൂടെ പരിശോധിക്കാം.
2021 മുതലാണ് ആദായ നികുതി വകുപ്പ്, പല സ്രോതസ്സുകളില്‍ നിന്നും അവര്‍ ശേഖരിക്കുന്ന വിവരങ്ങളെല്ലാം സംഗ്രഹിച്ച് AIS എന്ന പേരില്‍ നികുതി ദായകര്‍ക്ക് തന്നെ തിരികെ കൊടുക്കാന്‍ തുടങ്ങിയത്. നികുതി ദായകരെ അവരുടെ റിട്ടേണ്‍ തയ്യാറാക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സമ്പ്രദായം ആരംഭിച്ചത്. നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതിന് ശേഷം, നികുതി ദായകന്‍ തന്റെ എല്ലാ വരുമാന വിവരങ്ങളും വെളിപ്പെടുത്തിയോ എന്ന് പരിശോധിക്കാന്‍ ആദായ നികുതി ഉദ്യോഗസ്ഥനെയും ഈ AIS സഹായിക്കുന്നുണ്ട്. അതോടൊപ്പം, ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവരെ കണ്ടുപിടിക്കാനും അവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാനും ഈ AIS ഉപയോഗിക്കപ്പെടുന്നു.
എന്താണ് AIS?
നേരത്തെ സൂചിപ്പിച്ചത് പോലെ തന്നെ വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള അതാത് സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ ശേഖരിച്ച്, ക്രോഡീകരിച്ച് നികുതിദായകന് തന്നെ കൊടുത്ത് ശരിയായ വരുമാനം കാണിച്ച് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സഹായിക്കുക എന്നുള്ളതാണ് ഇതിന്റെ പ്രാഥമിക ഉദ്ദേശം. സാമ്പത്തിക ഇടപാടുകളുടെ ഒരു സംക്ഷിപ്ത രൂപം ലഭിക്കുക വഴി നികുതി ദായകന് തെറ്റുകള്‍ ഒഴിവാക്കി ശരിയായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിക്കുന്നു. ഇത് തെറ്റായ വിവരങ്ങള്‍ റിട്ടേണില്‍ കടന്ന് കൂടാതിരിക്കാന്‍ സഹായിക്കുകയും അതുമൂലം ഉണ്ടാകുന്ന ശിക്ഷാ നടപടികളില്‍ നിന്നും രക്ഷ നേടുന്നതിനും സഹായിക്കും.
AIS താഴെ പറയുന്ന വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
* TDS/TCS വിവരങ്ങള്‍
* സാമ്പത്തിക ഇടപാടുകള്‍
* നികുതി അടച്ച വിവരങ്ങള്‍
* നികുതി അടക്കാനുള്ളതിന്റെയും തിരികെ കിട്ടാനുള്ളതിന്റെയും വിവരങ്ങള്‍
* മറ്റ് പ്രധാന വിവരങ്ങള്‍
ഇതില്‍ TDS/TCS, നികുതി അടച്ച വിവരങ്ങള്‍ തുടങ്ങിയവയെല്ലാം Form 26AS ലും ഉള്ളതാണ്. പ്രധാന ശ്രദ്ധ കൊടുക്കേണ്ടത് സാമ്പത്തിക ഇടപാടുകള്‍ എന്ന വിഭാഗത്തിനാണ്. ഈ വിഭാഗത്തിലാണ് നികുതി ദായകന്റെ സകല സാമ്പത്തിക ഇടപാടുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഏകദേശം 50 ഓളം വിവിധ ഇടപാടുകള്‍ ആണ് ഈ വിഭാഗത്തില്‍ വരുന്നത്. അതിനാല്‍ തന്നെ ഇവയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരു ഇടപാടും റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ വിട്ട് പോയിട്ടില്ല എന്ന് ഉറപ്പ് വരുത്തുന്നത് നന്നായിരിക്കും. അതില്‍ പ്രധാനപ്പെട്ട ഇടപാടുകള്‍ താഴെ കൊടുത്തിരിക്കുന്നു.
* ശമ്പളം
* വാടക
* ഡിവിഡന്‍ഡ്
* ബാങ്കില്‍ നിന്നോ മറ്റ് സ്ഥാപനങ്ങളില്‍ നിന്നോ നിക്ഷേപം, ബോണ്ട്, കടപ്പത്രം തുടങ്ങിയവയില്‍ നിന്ന് ലഭിച്ച പലിശ, ആദായ നികുതി റീഫണ്ട് ചെയ്തപ്പോള്‍ തന്നതുള്‍പ്പെടെ.
* ലോട്ടറി, ഓണ്‍ലൈന്‍ മത്സരങ്ങള്‍ തുടങ്ങിയവയില്‍ നിന്നുള്ള വരുമാനം
* ഇന്‍ഷുറന്‍സ് കമ്മീഷന്‍, ഇന്‍ഷുറന്‍സ് വരുമാനം.
* വസ്തു ഇടപാടുകള്‍
* രൊക്കം പണം നിക്ഷേപിച്ചത്, പിന്‍വലിച്ചത്, കൊടുത്തത്, കിട്ടിയത്.
* വിദേശ പണ ഇടപാടുകള്‍
* വിദേശ യാത്രക്ക് ചിലവാക്കിയ പണം
* വാഹനം വാങ്ങിയത്
* സ്ഥിര നിക്ഷേപങ്ങളുടെ വിവരം
* ഓഹരികളുടെയും മ്യൂച്ചല്‍ ഫണ്ടുകളുടെയും വിവരം
* ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍
* GST നമ്പര്‍ പ്രകാരമുള്ള വാങ്ങിയതിന്റെയും വിറ്റതിന്റെയും വിവരങ്ങള്‍.
മുകളില്‍ കൊടുത്തിരിക്കുന്ന പട്ടിക പൂര്‍ണമല്ല. സാധാരണ ഗതിയില്‍ വരാവുന്ന ഇടപാടുകള്‍ സൂചിപ്പിച്ചു എന്ന് മാത്രം.
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് AIS പരിശോധിച്ച് അതിലുള്ള എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. അതിലുള്ള ഏതെങ്കിലും ഇടപാട് (ഉദാഹരണത്തിന് ബന്ധുക്കളില്‍ നിന്ന് സമ്മാനം കിട്ടിയത്) നികുതി വിധേയമല്ല എങ്കില്‍ അത് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ വെളിപ്പെടുത്തുന്നത് നന്നായിരിക്കും. ഇത് ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങളില്‍ നിന്ന് രക്ഷിക്കും. അതുപോലെ തന്നെ, AIS ല്‍ ഉള്ള ഏതെങ്കിലും ഇടപാട് നിങ്ങളുടേത് അല്ല എങ്കില്‍ അത് നിഷേധിക്കാന്‍ ഉള്ള അവസരവും ഉണ്ട്. അത് പ്രയോജനപ്പെടുത്താന്‍ മറക്കരുത്. അത് നിഷേധിച്ചില്ല എങ്കില്‍ അത് നിങ്ങളുടെ ഇടപാടായി കരുതി കാരണം കാണിക്കല്‍ നോട്ടീസ് വരാന്‍ സാധ്യതയുണ്ട്.
നിങ്ങളുടെ AIS ല്‍ എന്തെല്ലാം വിവരങ്ങള്‍ ഉണ്ടെന്ന് പരിശോധിക്കാനായി ആദായ നികുതി വകുപ്പിന്റെ സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം സെര്‍വീസസ് എന്ന മെനുവില്‍ പോയാല്‍ AIS എന്ന ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക് ചെയ്താല്‍ AIS കാണാവുന്നതാണ്.
ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം AIS ഒരു ഡൈനാമിക് സ്റ്റേറ്റ്മെന്റ്് ആണെന്നുള്ളതാണ്. അതിനര്‍ത്ഥം, ഇത് ആദായ നികുതി വകുപ്പിന് വിവരങ്ങള്‍ കിട്ടുന്നതിന് അനുസരിച്ച് മാറിക്കൊണ്ടിരിക്കും എന്നതാണ്. ഇന്ന് നോക്കുമ്പോള്‍ കിട്ടുന്ന വിവരങ്ങള്‍ തന്നെ ആയിരിക്കും ഒന്നോ രണ്ടോ മാസം കഴിഞ്ഞ് നോക്കുമ്പോള്‍ കിട്ടുന്നത് എന്നതിന് യാതൊരു ഉറപ്പുമില്ല. അവര്‍ക്ക് കിട്ടുന്ന വിവരങ്ങള്‍ അതാത് വര്‍ഷങ്ങളിലെ പട്ടികയോട് അവര്‍ ചേര്‍ത്തുകൊണ്ടേ ഇരിക്കും. അതിനാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് ഏതെങ്കിലും വരുമാനത്തിന്റെ വിവരം AIS ല്‍ ഇല്ല എന്ന കാരണത്താല്‍ അത് ഒഴിവാക്കുന്നത് മണ്ടത്തരമായിരിക്കും. ജാഗ്രതൈ!