6 March 2023 5:15 AM GMT
Summary
- വ്യാജ ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ സ്റ്റാമ്പ് ചെയ്ത സ്വര്‍ണം ആണെങ്കില്‍ വാങ്ങുന്നയാള്‍ക്ക് അത് പരിശോധിക്കാനും ജ്വല്ലറിക്കെതിരെ പരാതി നല്‍കാനും മാര്‍ഗമുണ്ട്
ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ മുദ്രയില്ലാതെ ഇനി മുതല്‍ സ്വര്‍ണം വില്‍ക്കാന്‍ സാധിക്കില്ല. 2 ഗ്രാമില്‍ താഴെയുള്ള ആഭരണങ്ങള്‍ക്ക് ഇതു ബാധകമല്ല. പഴയ 4 മുദ്ര ഹാള്‍മാര്‍ക്കിംഗ് ഉള്ള ആഭരണങ്ങളുടെ വില്‍പ്പന അനുവദിക്കില്ലെന്നാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ഹാള്‍മാര്‍ക്കിംഗ്
സ്വര്‍ണത്തിന്റെ പരിശുദ്ധി വിലയിരുത്തി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് നല്‍കുന്ന സാക്ഷ്യപ്പെടുത്തലാണ് ഹാള്‍മാര്‍ക്കിംഗ്. 2021 ജൂലൈ 1 മുതല്‍ സ്വര്‍ണാഭരണങ്ങളില്‍ വരേണ്ട ഹാള്‍മാര്‍ക്കിംഗ് അടയാളങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയിട്ടുണ്ട്. ബിഐഎസ് ഹാള്‍മാര്‍ക്കുമായി ബന്ധപ്പെട്ട മൂന്ന് ചിഹ്നങ്ങളാണ് സ്വര്‍ണാഭരണത്തില്‍ ആവശ്യമായുള്ളത്. ബിഐസ് സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക്, പ്യൂരിറ്റി ഗ്രേഡ്, ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ എന്നിവ.
സ്വര്‍ണം ഹാള്‍മാര്‍ക്ക് ചെയ്തെന്ന് പരിശോധിക്കാനാണ് ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ ഉപയോഗിക്കുന്നത്. 6 അക്ക ആള്‍ഫ ന്യൂമെറിക് നമ്പര്‍ ഉപയോഗിച്ച് സ്വര്‍ണത്തിന്റെ പരിശുദ്ധി അറിയാന്‍ പറ്റും. ഓരോ സ്വര്‍ണാഭരത്തിലും പ്രത്യേക ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പറാണ് ഉണ്ടാവുക.
സ്വര്‍ണം വാങ്ങുന്ന എല്ലാവരും അതിന്റെ പരിശുദ്ധിക്ക് വലിയ പ്രധാന്യം നല്‍കുന്നുണ്ട്. വില്‍പന നടത്തുമ്പോഴോ പണയംവെയ്ക്കുമ്പോഴോ മാറ്റിവാങ്ങുമ്പോഴോ എല്ലാം പരിശുദ്ധി വലിയ ഘടകമാകും. ഇതിനാല്‍ ജ്വല്ലറികളില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണാഭരണമായാലും സ്വര്‍ണനാണയങ്ങളായാലും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (BIS) ഹാള്‍മാര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ വഴി സ്വര്‍ണാഭരണത്തിന്റെ പരിശുദ്ധി പരിശോധിക്കാം. ഇതിനാല്‍ സ്വര്‍ണത്തിന്റെ പരിശുദ്ധി സംബന്ധിച്ച് ജ്വല്ലറികളുടെ അവകാശവാദം സത്യമാണോ എന്ന് ഉറപ്പാക്കിയ ശേഷം മാത്രം വാങ്ങാന്‍ സ്വര്‍ണം വാങ്ങുന്നവരെ ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ സഹായിക്കുന്നു. സ്വര്‍ണാഭരണങ്ങളില്‍ സ്റ്റാമ്പ് ചെയ്തിരിക്കുന്ന ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ കോഡ് ബിഐഎസ് കെയര്‍ ആപ്പില്‍ പരിശോധിക്കാവുന്നതാണ്.
എച്ച്‌യുഐഡി നമ്പര്‍
അക്കങ്ങളും അക്ഷരങ്ങളും അടങ്ങുന്ന സവിശേഷമായ 6 അക്ക ആല്‍ഫാന്യൂമെറിക് കോഡാണ് എച്ച്‌യുഐഡി. മുദ്രയും മറ്റു 2 ഗുണമേന്മാ മാര്‍ക്കുകളുമുള്ള പുതിയ രീതി 2021ലാണ് നിലവില്‍വന്നത്. എങ്കിലും പഴയ 4 മുദ്ര ഹാള്‍മാര്‍ക്കിംഗ് ആഭരണങ്ങള്‍ വില്‍ക്കുന്നതിന് ഇതുവരെ തടസ്സമില്ലായിരുന്നു. രണ്ടുതരം ഹാള്‍മാര്‍ക്കിംഗും തമ്മിലുള്ള ആശയക്കുഴപ്പം പരിഹരിക്കാനാണ് പുതിയ നടപടി.
പഴയ സ്റ്റോക്ക് വിറ്റഴിക്കാന്‍ ജ്വല്ലറികള്‍ക്ക് 9 മാസം സാവകാശം നല്‍കിയിട്ടുണ്ട്. പഴയ മുദ്രണ രീതിയിലുള്ള ആഭരണങ്ങള്‍ മാറ്റിയെടുക്കാന്‍ തടസ്സമില്ല. രാജ്യത്തു വില്‍ക്കുന്ന ഓരോ ആഭരണവും അക്കൗണ്ടില്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് എച്ച്‌യുഐഡി മുദ്ര നിര്‍ബന്ധമാക്കുന്നത്.
സ്വര്‍ണവ്യാപാരം സുതാര്യമാക്കാന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2012ല്‍ തുടങ്ങിയ നടപടികളുടെ തുടര്‍ച്ചയാണിത്. കണക്കില്‍പെടാത്ത പഴയ സ്വര്‍ണം പോലും ഭാവിയില്‍ അക്കൗണ്ടില്‍പ്പെടുത്താനാകും. ഇതുമൂലം സ്വര്‍ണത്തിന്റെ കൃത്യമായ കണക്ക് ശേഖരിക്കാനാകുമെന്നതാണ് ഇതിന്റെ ഗുണം.
കേരളത്തില്‍
അതേസമയം രാജ്യത്തു തന്നെ ഏറ്റവും വേഗത്തില്‍ എച്ച്.യു.ഐ.ഡി നടപ്പാക്കുന്ന സംസ്ഥാനമായ കേരളത്തിലെ വ്യാപാരശാലകളില്‍ ഇപ്പോഴുള്ള ആഭരണങ്ങളില്‍ പകുതിയും പഴയ 4 മുദ്ര ഹാള്‍മാര്‍ക്കിങ് ഉള്ളവയാണ്. ബാക്കി ഒരുമാസത്തിനകം എച്ച്‌യുഐഡി ശ്രേണിയിലാക്കുക പ്രായോഗികമല്ലെന്നു വ്യാപാരികള്‍ പറയുന്നു.
40 ലക്ഷം രൂപയില്‍ താഴെ വിറ്റുവരവുള്ളവര്‍ക്ക് ജി.എസ്.ടി രജിസ്ട്രേഷന്‍ ആവശ്യമില്ലാത്തതിനാല്‍ നിലവില്‍ ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ്) ലൈസന്‍സും ആവശ്യമില്ല. എന്നാല്‍, ബിഐഎസ് ലൈസന്‍സ് ഇല്ലാതെ എച്ച്‌യുഐഡി ആഭരണം വില്‍ക്കാനാകില്ല. ഫലത്തില്‍, ചെറുകിടക്കാര്‍ക്കു ബിഐഎസ് ലൈസന്‍സ് നിര്‍ബന്ധമാകും. കേരളത്തില്‍ മാത്രം ഇത്തരം അയ്യായിരത്തിലേറെ സ്ഥാപനങ്ങളുണ്ട്. രാജ്യമാകെ 1.53 ലക്ഷം ജ്വല്ലറികള്‍ക്കാണ് ബിഐഎസ് രജിസ്ട്രേഷനുള്ളത്; കേരളത്തില്‍ 6012 എണ്ണത്തിനു മാത്രം.
സ്വര്‍ണം വാങ്ങുമ്പോള്‍
പരിശുദ്ധിയുള്ള സ്വര്‍ണം തന്നെയാണോ വാങ്ങുന്നതെന്ന് അറിയാന്‍ ബിഐഎസ് സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക്, പ്യൂരിറ്റി/ഫിറ്റ്നസ് ഗ്രേഡ് എന്നിവ കൂടി പരിശോധിക്കാം. സ്വര്‍ണാഭരണങ്ങളിലെ ഹാള്‍മാര്‍ക്കിന്റെ ആദ്യ അടയാളം ബിഐഎസ് ലോഗോയാണ്. ത്രികോണാകൃതിയിലാണ് ബിഐഎസ് ലോഗോ കാണുക. ബിഐഎസ് സാക്ഷ്യപ്പെടുത്തിയ കേന്ദ്രത്തില്‍ പരിശുദ്ധി പരിശോധിച്ച സ്വര്‍ണാഭരണങ്ങളില്‍ മാത്രമാണ് ബിഐഎസ് സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക് മുദ്രണം ചെയ്യുക.
സ്വര്‍ണത്തിന്റെ പരിശുദ്ധി എത്രയാണെന്നത് പ്യൂരിറ്റി ഗ്രേഡായി നല്‍കും. ഈ പരിശുദ്ധി അടിസ്ഥാനപ്പെടുത്തിയാണ് സ്വര്‍ണത്തിന് വില നിശ്ചയിക്കുന്നത്. 14 കാരറ്റ്, 18 കാരറ്റ്, 20 കാരറ്റ്, 22 കാരറ്റ്, 23 കാരറ്റ്, 24 കാരറ്റ് എന്നിങ്ങനെ 6 തരം ഗ്രേഡിംഗുണ്ട്. 22 കാരറ്റ് സ്വര്‍ണത്തിന് 22ഗ916 എന്നാണ് രേഖപ്പെടുത്തുക.
പരാതി നല്‍കാം
വ്യാജ ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ സ്റ്റാമ്പ് ചെയ്ത സ്വര്‍ണം ആണെങ്കില്‍ വാങ്ങുന്നയാള്‍ക്ക് അത് പരിശോധിക്കാനും ജ്വല്ലറിക്കെതിരെ പരാതി നല്‍കാനും മാര്‍ഗമുണ്ട്. ബിഐഎസ് കെയര്‍ ആപ്പില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളും ജ്വല്ലറി നല്‍കുന്ന വിവരങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ വാങ്ങുന്നയാള്‍ക്കു പരാതി നല്‍കാം.