image

15 Dec 2022 7:11 AM GMT

Premium

പുതുവര്‍ഷത്തിലെങ്കിലും പണമുണ്ടാക്കണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Dr. Kochurani Joseph

പുതുവര്‍ഷത്തിലെങ്കിലും പണമുണ്ടാക്കണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
X

Summary

  • 2023 ലെ ലക്ഷ്യം സാമ്പത്തിക സ്വാതന്ത്ര്യമായാലോ. നമ്മുടെ മാത്രമല്ല, നമ്മളുമായി ചേര്‍ന്നു നില്‍ക്കുന്ന കുടുംബത്തിന്റെയും കൂട്ടുകാരുടെയും ബിസിനസിന്റെയും ഒക്കെ
  • ആല്‍ബര്‍ട്ട് ആന്റോ, ഫ്രാങ്കോ മോഡിഗ്ലാനി എന്നീ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ അവതരിപ്പിച്ച ലൈഫ് സൈക്കിള്‍ സിദ്ധാന്തമനുസരിച്ച് ജീവിതചക്രത്തെ മൂന്നായി തരംതിരിക്കാം
  • ബജറ്റിലൂടെ പണം വിവേകപൂര്‍വം ഘടനാന്മകമായി ആസൂത്രണം ചെയ്യാന്‍ പഠിക്കുന്നു


എല്ലാ കൊല്ലവും ജനുവരി എത്തുമ്പോള്‍ വലിയ പ്ലാനിങ്ങുകളായിരിക്കും. ഡയറി എടുക്കല്‍, ബജറ്റ് തയ്യാറാക്കല്‍, ന്യൂ ഇയര്‍ റെസല്യുഷന്‍. അങ്ങനങ്ങനെ...

എല്ലാ കൊല്ലവും ജനുവരി എത്തുമ്പോള്‍ വലിയ പ്ലാനിങ്ങുകളായിരിക്കും. ഡയറി എടുക്കല്‍, ബജറ്റ് തയ്യാറാക്കല്‍, ന്യൂ ഇയര്‍ റെസല്യുഷന്‍. അങ്ങനങ്ങനെ ഒന്നോ രണ്ടോ ആഴ്ച കടന്നുപോകും. പിന്നെ ഒന്നും ഓര്‍മയുണ്ടാവില്ല. ഡിസംബര്‍ ആവുമ്പോഴായിരിക്കും, അയ്യോ ഈ വര്‍ഷം കടന്നുപോയല്ലോയെന്ന നിശ്വാസം വിടല്‍. ഇതിനൊരു അന്ത്യം വേണ്ടേ?

2023 ലെ ലക്ഷ്യം സാമ്പത്തിക സ്വാതന്ത്ര്യമായാലോ. നമ്മുടെ മാത്രമല്ല, നമ്മളുമായി ചേര്‍ന്നു നില്‍ക്കുന്ന കുടുംബത്തിന്റെയും കൂട്ടുകാരുടെയും ബിസിനസിന്റെയും ഒക്കെ. അതൊക്കെ കുറെ പണം വരുമ്പോള്‍ ആയിക്കോളുമെന്നാണെങ്കില്‍ തെറ്റി. കിട്ടുന്ന പണം എങ്ങനെ വകയിരുത്തുന്നു, ചെലവഴിക്കുന്നു, കണക്കുണ്ടാവുന്നു എന്നതു കൂടി വലിയ പ്രധാന്യത്തോടെ കാണേണ്ടതാണ്. പുതുവര്‍ഷത്തിലെങ്കിലും നാല് കായുണ്ടാക്കാന്‍ നമുക്കെന്തൊക്കെ ചെയ്യാനാവുമെന്ന് നോക്കാം.

ഉള്ളതുപോലങ്ങനെ പോയാല്‍ മതിയോ?

ബജറ്റ് എന്ന പദം ബാസ്‌കറ്റ് എന്നും പേഴ്സ് എന്നുമൊക്കെ അര്‍ത്ഥമുള്ള ലത്തിന്‍ വാക്കായ ബുള്‍ഗയില്‍ നിന്നോ ഫ്രഞ്ച് വാക്കായ ബൊഗറ്റെയില്‍ നിന്നോ ഇംഗ്ലീഷ് ഭാഷയില്‍ ഉപയോഗിച്ചു തുടങ്ങി. ധനകാര്യമന്ത്രിമാര്‍ പെട്ടിയും തൂക്കി ബജറ്റ് അവതരിപ്പിക്കാന്‍ വരുന്നത് പലരുടേയും ഓര്‍മയിലുണ്ടല്ലോ. ബജറ്റിലൂടെ പണം വിവേകപൂര്‍വം ഘടനാന്മകമായി ആസൂത്രണം ചെയ്യാന്‍ പഠിക്കുന്നു. വീട്ടമ്മ മുതല്‍ ധനകാര്യമന്ത്രി വരെ നീളുന്ന വ്യത്യസ്ത തുറകളിലുള്ളവര്‍ക്ക് ബജറ്റ് അത്യാവശ്യ വിഷയമാണ്. എനിക്ക് അങ്ങനെ പ്രത്യേക പ്ലാനിന്റെ ആവശ്യമൊന്നുമില്ല, ഉള്ളതുപോലങ്ങനെ പോവണം എന്ന് ചിന്തിക്കുന്നവരുണ്ട്. അത് സ്വാര്‍ത്ഥതയാണ്. കാരണം ലോകത്തിനാവശ്യം മടിയന്മാരെയല്ല സ്ഥിരോല്‍സാഹികളെയാണ്.

പുതുവല്‍സരത്തെ വരവേല്‍ക്കാനുതകുന്ന തരത്തില്‍ കൃത്യമായ വാര്‍ഷിക സാമ്പത്തിക പ്ലാന്‍ തയ്യാറാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

1. ആദ്യമായി ചെയ്യേണ്ടത് ഒരു ഡയറിയെടുത്ത് ഒരു വാര്‍ഷിക സാമ്പത്തിക പ്ലാന്‍ എഴുതുക എന്നതാണ്. ഒരു വാര്‍ഷിക സാമ്പത്തിക പ്ലാനില്‍ ഇടത്തെ പേജില്‍ ആസ്തിയും വലത്തെ പേജില്‍ കടബാധ്യതകളും എഴുതുക. ആസ്തിയുടെ കോളത്തില്‍ നമുക്കുള്ളതെല്ലാം വസ്തുക്കള്‍, വീട്, ജോലി, വരുമാനം, സമ്പാദ്യം ഇവയൊക്കെ എഴുതാം. ബാധ്യതയുടെ കോളത്തില്‍ ലോണ്‍, പിടിച്ച ചിട്ടികള്‍ ഇവയൊക്കെയാവാം.

2. പുതിയ സാമ്പത്തിക സ്ത്രോതസുകള്‍ കണ്ടെത്തുക. ജോലിയോടും ബിസിനസിനോടും ഒപ്പംതന്നെ നിങ്ങള്‍ക്ക് പാഷന്‍ അഥവാ അഭിനിവേശമുള്ള ഒരു മേഖലയിലും കൂടി കണ്ടെത്തി പ്രവര്‍ത്തിക്കുക. അത് കലാപരമോ, ഹോബിയോ മാര്‍ക്കറ്റിംഗോ എന്തുമാവാം. നിങ്ങളിലെ ഊര്‍ജത്തെ പ്രവര്‍ത്തിയിലേക്ക് കൊണ്ടുവരിക എന്നതാണ് പ്രധാനപ്പെട്ടത്. നമ്മളെയെല്ലാം കുടുകുടെ ചിരിപ്പിക്കുന്ന മിസ്റ്റര്‍ ബീന്‍ പഠിച്ചത് ഇലക്ട്രോണിക്ക് എഞ്ചിനീയറിങ്ങാണ്. പിന്നീട് തന്റെ പാഷനായ മിസ്റ്റര്‍ ബീന്‍ എന്ന കഥാപാത്രമായി മാറുകയാണുണ്ടായത്.

3. ഈ വര്‍ഷം പുതുതായി ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ എഴുതിവക്കുക. ഗൃഹനിര്‍മാണം, മക്കളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവയൊക്കെയാവാം. ഇതൊക്കെ അറിയാമല്ലോ, പിന്നെന്തിന് എഴുതിവക്കണം എന്ന ചോദ്യം മനസ്സിലുയരുന്നുണ്ടെങ്കിലും എഴുതിവക്കുന്നതാണ് ഉചിതം എന്നത് ആവര്‍ത്തിക്കുന്നു. ചിലര്‍ എഴുതി ഭിത്തിയില്‍ പതിപ്പിക്കാറുമുണ്ട്. അതിലേക്ക് നോക്കുന്നതുതന്നെ ആവേശമുണര്‍ത്തുന്നതാവണം. മുന്‍വര്‍ഷങ്ങളില്‍ എഴുതി ശീലമുള്ളവര്‍ക്ക് പഴയതിനോട് കൂട്ടിചേര്‍ക്കുകയും സാധിച്ചവ വെട്ടിക്കളയുകയും ചെയ്യാം.

4. ലോണ്‍ എടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഉത്പാദനക്ഷമകരമായ കാര്യത്തിനാണെന്ന് ഉറപ്പാക്കുക. ക്രെഡിറ്റ് ലിമിറ്റിനെക്കുറിച്ച് ബോധവാനാവുക. തിരിച്ചടക്കാന്‍ സാധിക്കും എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം ലോണ്‍ എടുക്കുക. നിലവിലുള്ള ലോണ്‍, ക്രെഡിറ്റ് ബില്ലുകള്‍ കൃത്യമായി അടക്കുമെന്ന് ഉറപ്പാക്കുക. ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താനാവുമോ എന്ന് ചിന്തിക്കുക. ക്രെഡിറ്റ് കാര്‍ഡിന്റെ ഉപയോഗം വിലയിരുത്തുക.

5. ആരോഗ്യപരിപാലനത്തായി നിശ്ചിതതുക മാറ്റിവക്കുക. വിവിധ ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ താരതമ്യം ചെയ്ത് തീരുമാനമെടുക്കുക. ഒരു മരമെങ്കിലും നട്ട് പരിസ്ഥിസംരംക്ഷണത്തില്‍ സ്വന്തം പങ്ക് ഉറപ്പാക്കുക. ലോകത്തിലെ പ്രശ്നങ്ങള്‍ക്ക് നിങ്ങള്‍ പരിഹാരമാണ് ആവേണ്ടത്, മറ്റൊരു പ്രശ്നമാവരുത്. മാനസിക, ആത്മീയ വളര്‍ച്ചക്ക് ഉതകുന്ന യാത്രകള്‍, വിനോദം, തീര്‍ത്ഥാടനം ഇവക്കായി സാമ്പത്തികമായി പ്ലാന്‍ ചെയ്യുക.

6. ഈ വര്‍ഷം ഒരു വ്യക്തിയെയെങ്കിലും സാമ്പത്തികമായി സഹായിക്കുമെന്ന് തീരുമാനിക്കുക. ഒരാള്‍ക്കും കൂടി തൊഴില്‍ കൊടുത്തോ, വിദ്യാഭ്യാസം, ചികിത്സ എന്നിവക്ക് സഹായം നല്‍കിയോ ആവാം. അതിനായി നിശ്ചിത തുക എല്ലാ മാസവും മാറ്റിവക്കുക. ഇത് ഔദാര്യമല്ല, അപരന്റെ അവകാശമാണ്.

7. പുതുവര്‍ഷം പുതിയ വിത്ത് പാകുവാന്‍ സാധിക്കണം. പുതിയ കോണ്‍ഫറന്‍സുകള്‍, പഠനങ്ങള്‍, പുതിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കല്‍, പുതിയ സൗഹൃദങ്ങള്‍ എന്നിവ ഉണ്ടാവട്ടെ. എല്ലാ മുട്ടകളും ഓരേ പാത്രത്തില്‍ വിരിയാന്‍ വക്കരുത് എന്നത് സാമ്പത്തികആസൂത്രണത്തിലെ നിക്ഷേപരംഗത്ത് കാത്തുസൂക്ഷിക്കുന്ന അലിഖിതനിയമമാണ്. സാമ്പത്തികമായി മുന്നേറുമ്പോഴും എല്ലാത്തിനോടും നിയതമായ അകലം കാത്തുസാക്ഷിക്കുന്നവര്‍ക്ക് സമാധാനവും സന്തോഷവുമുണ്ടാവും. കാരണം സന്തോഷം നമ്മുടെ തിരഞ്ഞെടുപ്പാണ്.

8. എനര്‍ജി പൂള്‍സ്, എനര്‍ജി ലീക്ക്സ് ഈ രണ്ടു പദങ്ങള്‍ ആസൂത്രണമേഖലയില്‍ പ്രധാനപ്പെട്ടതാണ്. സാമ്പത്തികമേഖലയില്‍ നിങ്ങളുടെ പാഷനും ഹോബിയും നിങ്ങളുടെ ഊര്‍ജസ്ത്രോതസാണ്. ഭാവിയില്‍ അത് നിങ്ങളുടെ ബിസിനസ് മേഖലയായേക്കാം. കഴിഞ്ഞവര്‍ഷം സാമ്പത്തികരംഗത്ത് പല ആഘാതങ്ങളും നിങ്ങള്‍ക്കുണ്ടായെന്നിരിക്കാം. സാരമില്ല. അതിനിടയാക്കിയ വ്യക്തികളോടും സാഹചര്യങ്ങളോടുമുള്ള അമര്‍ഷം മനസില്‍നിന്ന് നീക്കുക. കാരണം ഓരോ സങ്കടങ്ങളും ഊര്‍ജസ്‌ത്രോസാണ്. ഓര്‍ക്കുക ഒരു ദുരന്തത്തിനും നിങ്ങള്‍ അനുവദിക്കാതെ നിങ്ങളെ തടയാനാവില്ല.

9. എനര്‍ജി ലീക്ക്സ് എന്നതുകൊണ്ട് സാമ്പത്തികമേഖലയില്‍ ഉദ്ദേശിക്കുന്നത് ഇന്നും ഭാവിയിലും നഷ്ടമാണെന്നറിഞ്ഞിട്ടും ചില സാമ്പത്തികമേഖലകളില്‍നിന്ന് പിന്മാറാതെ നില്‍ക്കുന്ന അവസ്ഥയാണ്. അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് നിങ്ങളിലെ ഉല്‍സാഹം ചോര്‍ത്തിക്കളയാന്‍ സാധ്യതയുള്ള നാവുകളില്‍ നിന്നും സാഹചര്യങ്ങളില്‍നിന്നും ബോധപൂര്‍വം അകലാന്‍ ശ്രമിക്കുക എന്നത്. കാരണം അത് എനര്‍ജി ലീക്ക് ആണ്. വിജയകഥകള്‍ മാത്രമല്ല പരാജിതരുടെ കഥകളും ഒരേ പോലെ പ്രചോദനാന്മകമാണ്.

10. വ്യക്തിപരമായ ബജറ്റ് ആസൂത്രണം ചെയ്യാന്‍ സഹായകമായ നിരവധി ആപ്പുകള്‍ ലഭ്യമാണ്. അവ കണ്ടെത്തി ഉപയോഗിക്കുന്നതും സഹായകമാവും. വ്യക്തിപരമായ ബജറ്റിന് സഹായിക്കുന്ന ചില സാമ്പത്തിക കണ്‍സല്‍ട്ടന്‍സികളും ഉണ്ട്. അവരുടെ സേവനവും വിവേകപൂര്‍വം പ്രയോജനപ്പെടുത്തുന്നത് ഉചിതമാണ്. ഏതുമാര്‍ഗം സ്വീകരിച്ചാലും സാമ്പത്തിക വിനിമങ്ങളുടെ അന്തിമതീരുമാനം നിങ്ങളുടേതായിരിക്കണം.

ഓര്‍ഗനൈസ്ഡ് ബജറ്റിംഗ്

പേഴ്സണല്‍ ബജറ്റിംഗ് സാമ്പത്തിക ഇടപാടുകള്‍ ക്രമപ്പെടുത്താന്‍ സഹായിക്കുന്നു. കുടുംബങ്ങള്‍ ഒരു ദിവസത്തേയ്ക്ക്, ഒരു ആഴ്ചത്തേയ്ക്ക് ഒരു മാസത്തേയ്ക്ക് എന്നിങ്ങനെ കുടുംബ ബഡ്ജറ്റ് ക്രമപ്പെടുത്തേണ്ടതാണ്. മറ്റൊരു കുടുംബത്തിന്റെ ബജറ്റ് കോപ്പിയടിക്കാന്‍ ശ്രമിക്കരുത്. കാരണം ജീവിതമാകുന്ന പരീക്ഷയില്‍ ഓരോരുത്തര്‍ക്കും വ്യത്യസ്ത ചോദ്യപേപ്പറുകളാണ് നല്‍കപ്പെട്ടിരിക്കാന്നത്.

സാമ്പത്തിക ഫോര്‍മുല

നിങ്ങള്‍ക്കിണങ്ങിയ ഒരു നല്ല സാമ്പത്തിക ഫോര്‍മുല കണ്ടെത്തുക. ഉദാഹരണത്തിന് രണ്ട് രീതികള്‍ പരിചയപ്പെടുത്താം. ഒന്നാമത്തേത് 50, 20, 20, 10 പ്ലാന്‍ ആണ്. ഇതനുസരിച്ച് വരുമാനത്തിന്റെ 50 ശതമാനം ചെലവിനത്തിലേക്ക് മാറ്റിവക്കുന്നു. അടുത്ത 20 ശതമാനം സമ്പാദ്യമായും മറ്റൊരു 20 ശതമാനം ലോണ്‍ തിരിച്ചടവിനും പിന്നീടുള്ള 10 ശതമാനം ചാരിറ്റിക്കായി മാറ്റുന്നു.

മറ്റൊരു പ്ലാന്‍ 70, 20, 10 എന്ന വീതം വക്കലാണ്. എല്ലാ ചിലവുകളും കടം വീട്ടിലുള്‍പ്പെടെ 70 ശതമാനത്തിലും 20 ശതമാനം സമ്പാദ്യത്തിലും 10 ശതമാനം ചാരിറ്റിക്കും മാറ്റിവക്കുന്ന രീതിയാണിത്. മൂന്നാമത്തെ ഒരു പ്ലാന്‍ മോഡല്‍ കൂടി പരിചയപ്പെടുത്താം. സാമ്പത്തികശാസ്ത്രത്തില്‍ നികുതി കഴിഞ്ഞുള്ള വരുമാനമാണ് ചെലവാക്കുവാനുള്ള തുകയായി പരിഗണിക്കുന്നത്. അതനുസരിച്ച് നികുതിയേതര വരുമാനത്തിന്റെ 50 ശതമാനം ചെലവിനും 30 ശതമാനം കടം വീട്ടാനും ബാക്കി 20 ശതമാനം സമ്പാദ്യത്തിനുമാണ്.

ഓരോരുത്തര്‍ക്കും ഉചിതമായത് കണ്ടെത്താനാണ് ഇപ്രകാരം വ്യത്യസ്ഥ പ്ലാനുകള്‍ മുന്നോട്ടുവക്കുന്നത്. എല്ലാവരുടേയും ജീവിതരീതികള്‍ വ്യത്യസ്ഥമായതുകൊണ്ട് ഇതിലൊന്നുംതന്നെ ഏറ്റവും മികച്ചത് എന്ന് വിളിക്കാനാവില്ല. അതുകൊണ്ട് വ്യക്തികളും കുടുംബങ്ങളും ഉചിതമായത് സ്വയം കണ്ടെത്തുന്നതാണ് സ്വീകാര്യമായിട്ടുള്ളത്. ഏത് തിരഞ്ഞെടുത്താലും ചില സാമ്പത്തിക സൂചികകളുടെ വ്യത്യാസം മനസ്സിലാക്കുന്നത് സഹായകരമാണ്.

സ്ഥിരചിലവുകളും വ്യതിയാനചിലവുകളും

ഉത്പാദനരംഗത്ത് സ്ഥിരമെന്നും വ്യതിയാനമെന്നും രണ്ടു തരത്തില്‍ ചെലവുകള്‍ ഉള്ളതുപോലെതന്നെ വ്യക്തിപരവും കുടുബപരവുമായ ബജറ്റിലും ചിലവിനങ്ങള്‍ ക്രമീകരിക്കുമ്പോള്‍ സ്ഥിരചിലവുകളും വേരിയബിള്‍ അഥവാ വ്യതിയാനചിലവുകളും നിജ പ്പെടുത്തണം. വാടക, ഇന്‍ഷുറന്‍സ് പ്രിമിയം, വാഹന, ഭവന വായ്പകളുടെ അടവുകള്‍ തുടങ്ങിയവ സ്ഥിരമായി ഉള്ളതും ഭക്ഷണം, മരുന്ന്, യാത്രാ, പെട്രാള്‍ തുടങ്ങിയ ചിലവുകള്‍ വ്യതിയാനവുമായിരിക്കും.

ഹ്രസ്വകാലസമ്പാദ്യവും ദീര്‍ഘകാലസമ്പാദ്യവും

ഒറ്റതവണ സമ്പാദ്യങ്ങളും എസ് ഐ പി പോലെ ക്രമാനുഗതമായി അടക്കുന്ന സമ്പാദ്യങ്ങളും വ്യത്യസ്തരൂപത്തില്‍ ഉള്ളതിനാല്‍ പരിഗണിക്കുന്ന സമയത്തിന്റെ അടിസ്ഥാനത്തില്‍ സമ്പാദ്യങ്ങള്‍ ഹൃസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും ഉള്ളവയുണ്ട്. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ ഭാവിയില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ചിലവുകളെയും സാധ്യതകളെയും അവസരങ്ങളെയും മുന്നില്‍കണ്ടുവേണം സമ്പാദ്യരീതികള്‍ക്ക് മുതിരേണ്ടത്. അധികമായി സമ്പാദിച്ച് ഇന്ന് ജീവിതമില്ലാത്തവരെയും ഇന്നലെകളില്‍ അടിച്ച് പൊളിച്ച് ജീവിച്ച് ഇന്ന് സാമ്പത്തികമായി വിഷമിക്കുന്ന നിരവധി പേരെയും കണ്ടുമുട്ടുന്നത് സാമ്പത്തിക കൗണ്‍സിലിങ് സമയത്ത് എനിക്ക് സ്ഥിര അനുഭവമാണ്.

ആല്‍ബര്‍ട്ട് ആന്റോ, ഫ്രാങ്കോ മോഡിഗ്ലാനി എന്നീ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ അവതരിപ്പിച്ച ലൈഫ് സൈക്കിള്‍ സിദ്ധാന്തമനുസരിച്ച് ജീവിതചക്രത്തെ മൂന്നായി തരംതിരിക്കാം. ആദ്യത്തേത് വരുമാനമില്ലാത്തതും എന്നാല്‍ ചിലവുള്ളതുമായ ബാല്യകാലം. രണ്ടാമത് വരുമാനവും ചെലവും ഉള്ള യൗവനകാലം, മൂന്നാമത് വരുമാനം കുറഞ്ഞ് ചിലവുകള്‍ ഏറുന്ന വാര്‍ദ്ധക്യകാലം. ശരാശരി മലയാളിയുടെ ജീവിതക്രമം രസകരമാണ്. ബാല്യത്തില്‍ സമയമുണ്ട്, ആരോഗ്യമുണ്ട് പക്ഷെ പണമില്ല. യൗവ്വനത്തില്‍ ആരോഗ്യമുണ്ട് പണമുണ്ട് പക്ഷേ, സമയമില്ല. വാര്‍ധക്യത്തില്‍ സമയമുണ്ട് ആരോഗ്യമില്ല, പണവുമില്ല. പല മനുഷ്യരും ആരോഗ്യം വകവക്കാതെ പണിയെടുത്ത് കാശുണ്ടാക്കുന്നു. പിന്നീട് ആരോഗ്യം സംരക്ഷിക്കുവാനായി ആ പണം ചിലവഴിക്കുന്നു. ഇതാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. ഓസ്‌കാര്‍ വൈല്‍ഡ് അഭിപ്രായപ്പട്ടതുപോലെ നമ്മള്‍ സ്വന്തം അബദ്ധങ്ങള്‍ക്ക് അനുഭവം എന്ന് പേരിടുന്നവരാണ്.

ഓര്‍ക്കുക, ഇന്നലെകളെക്കുറിച്ച് അസ്വസ്ഥരാവുകയും നാളെയെക്കുറിച്ച് ആധി പിടിക്കുകയും ചെയ്യുന്നവര്‍ ഇന്ന് ജീവിക്കാന്‍ മറന്നുപോവുന്നു. ഇന്നലെകള്‍ കാലഹരണപ്പെട്ട ചെക്കാണ്. നാളെകള്‍ ബൗണ്‍സാവാന്‍ സാധ്യതയുള്ളതാണ്. ഇന്നാണ് ഡിമാന്‍ഡ് ഡ്രാഫ്റ്റ്, അത് എന്‍കാഷ് ചെയ്യൂ. ഇവയൊക്കെ കൃത്യമായി പാലിക്കാന്‍ സാധിക്കുമോ എന്ന് ചോദിച്ചാല്‍ ഉത്തരം കാര്‍ന്നോന്മാര്‍ പറഞ്ഞുവച്ചിട്ടുണ്ട്. വിവരമുള്ളവര്‍ മറ്റുള്ളവരുടെ അനുഭവം കണ്ടുപഠിക്കും. അല്ലാത്തവര്‍ കൊണ്ട് പഠിക്കും.