2 March 2023 12:00 PM IST
Summary
- ഒരാള്‍ക്കു 500 രൂപയില്‍ തുടങ്ങി നിക്ഷേപിക്കാം. നിക്ഷേപത്തിന് ഉയര്‍ന്ന പരിധി ഇല്ല
ജീവിതത്തിന്റെ ഏറ്റവും നല്ല കാലഘട്ടത്തില്‍ സമ്പാദിച്ച് ഭാവിയില്‍ നല്ലൊരു തുക പെന്‍ഷനും വാങ്ങി വിശ്രമജീവിതം കളര്‍ഫുള്‍ ആക്കാന്‍ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രം കുത്തകയായി നമ്മള്‍ കണ്ടിരുന്ന പെന്‍ഷന്‍ വഴി ലഭിക്കുന്ന ഈ സാമ്പത്തിക സ്വാതന്ത്ര്യം ഇന്ന് എല്ലാവര്‍ക്കും അനുഭവിക്കാന്‍ കഴിയും
ദേശീയ പെന്‍ഷന്‍ പദ്ധതിയിലൂടെ (NPS) ഉയര്‍ന്ന റിട്ടയേര്‍മെന്റ് ബെനിഫിറ്റ് എല്ലാവര്‍ക്കും ലഭിക്കുന്നു. ഏറ്റവും സുരക്ഷിതവും ലാഭകരവുമായ ഒരു നിക്ഷേപ മാര്‍ഗം ആണ് നാഷണല്‍ പെന്‍ഷന്‍ സ് കീം.
രണ്ടു തരം അക്കൗണ്ടുകള്‍
നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ രണ്ടു തരം അക്കൗണ്ടുകള്‍ ആണ് ഉള്ളത്. ടയര്‍ 1, ടയര്‍ 2 അക്കൗണ്ടുകള്‍ ആണ് ഇവ. ടയര്‍ 1 അക്കൗണ്ട് നിയന്ത്രിതവും ഉപാധികളോടെ മാത്രം പിന്‍വലിക്കാന്‍ സാധിക്കുന്നതും ആണ്. നികുതിയിളവുകള്‍ ലഭിക്കും എന്നതാണ് ഈ അക്കൗണ്ടിന്റെ ഏറ്റവും വലിയ ഗുണം. ടയര്‍ 2 അക്കൗണ്ട് ഉപാധികള്‍ ഇല്ലാതെ പിന്‍വലിക്കാവുന്ന പെന്‍ഷന്‍ ഫണ്ട് ആണ്. എന്നാല്‍ ഇതിനു നികുതിയിളവുകള്‍ ബാധകമല്ല. നികുതിയിളവുകള്‍ ലഭിക്കുന്ന ടയര്‍ 1 അക്കൗണ്ടുകള്‍ ആണ് സര്‍ക്കാര്‍ ജീവനക്കാര്‍ അല്ലാത്തവര്‍ക്ക് അഭികാമ്യം.
ആര്‍ക്കൊക്കെ അംഗമാവാം
18 വയസു പൂര്‍ത്തിയായ ആര്‍ക്കും ഈ പദ്ധതിയില്‍ അംഗമാവാം. 60 വയസു പൂര്‍ത്തിയാവുമ്പോള്‍ നിശ്ചിത ശതമാനം റിട്ടേണ്‍ ലഭിക്കുകയും ബാക്കി ജീവിതാവസാനം വരെ പെന്‍ഷന്‍ ലഭിക്കുന്നത് തുടരുകയും ചെയ്യും. ഒരാള്‍ക്കു ഒന്നില്‍ കൂടുതല്‍ എന്‍പിഎസ് അക്കൗണ്ടുകള്‍ നിലനിര്‍ത്താന്‍ സാധിക്കില്ല
നികുതിയിളവ് തന്നെ താരം
ഈ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാവുന്നതിലൂടെ ആദായ നികുതി വകുപ്പ് 80 CCD (1) പകരം 1.5 ലക്ഷം വരെ നികുതിയിളവ് ലഭിക്കും. ആദായ നികുതി വകുപ്പ് 80 CCD (1B) പ്രകാരം ടി ഡി എസ് ഇനത്തില്‍ 50000 രൂപയുടെ അധിക നികുതിയിളവ് കൂടെ ലഭിക്കും. അതിനാല്‍ 2 ലക്ഷം രൂപം വരെ നികുതിയിളവ് ഇത് വഴി ലഭിക്കും. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അതോറിറ്റിയാണ് എന്‍പിഎസ് പെന്‍ഷന്‍ സംവിധാനം നിയന്ത്രിക്കുന്നത്.
ഏറ്റവും കുറഞ്ഞ തുക
ഒരാള്‍ക്കു 500 രൂപയില്‍ തുടങ്ങി നിക്ഷേപിക്കാം. നിക്ഷേപത്തിന് ഉയര്‍ന്ന പരിധി ഇല്ല.
നാലു അസറ്റ് ക്ലാസുകളിലായി നിക്ഷേപിക്കുന്നു
നമ്മള്‍ നിക്ഷേപിക്കുന്ന തുക നാലു വ്യത്യസ്ത അസറ്റ് ക്ലാസ്സുകളില്‍ ആയി നിക്ഷേപിക്കപ്പെടുന്നു. അസറ്റ് ക്ലാസ്സ് E (സ്റ്റോക്കുകളില്‍ )അസറ്റ് ക്ലാസ്സ് സി ( കോര്‍പ്പറേറ്റ് ബോണ്ടുകളില്‍) അസറ്റ് ക്ലാസ്സ് ജി (ഗവണ്‍മെന്റ് ബോണ്ടുകള്‍) അസറ്റ് ക്ലാസ്സ് എ (ആള്‍ട്ടര്‍നെയ്റ്റ് ബോണ്ട്‌സ് )നിക്ഷേപിക്കപെടുന്നു.
നിക്ഷേപകന് രണ്ടു ഓപ്ഷനുകള്‍
നമ്മള്‍ നിക്ഷേപിക്കുന്ന തുക വ്യത്യസ്ത അസറ്റ് ക്ലാസ്സുകളില്‍ എത്ര ശതമാനം വേണമെന്ന് തീരുമാനിക്കാന്‍ രണ്ടു തരം ചോയ്‌സുകള്‍ ഉണ്ട്. ഓട്ടോ ചോയ്‌സ്, ആക്റ്റീവ് ചോയ്‌സ് എന്നീ രണ്ടു ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കാം. ഒന്നാമത്തേത് വ്യത്യസ്ത രീതികളില്‍ എങ്ങനെയൊക്കെ തന്റെ പണം നിക്ഷേപിക്കണം എന്ന് നിക്ഷേപകന് സ്വയം തീരുമാനിക്കാവുന്ന ആക്റ്റീവ് ചോയ്‌സ്. നിക്ഷേപകന്റെ പ്രായത്തിനനുസരിച്ചു ഡിഫോള്‍ട് ആയി പണം നിക്ഷേപിക്കുന്ന സംവിധാനമാണ് ഓട്ടോ ചോയ്‌സ്.
ഓട്ടോ ചോയ്‌സിന് കീഴില്‍ 3 ഓപ്ഷനുകള്‍
ഈ രീതി പ്രകാരം അഗ്രെസ്സീവ്, മോഡറേറ്റ്, കണ്‍സെര്‍വറ്റീവ് രീതികളില്‍ ഏതെങ്കിലും ഒന്ന് നമുക്ക് തെരെഞ്ഞെടുക്കാം. അഗ്രെസ്സീവ് പ്ലാന്‍ പ്രകാരം നമ്മുടെ വയസിനനുസരിച്ച് പരമാവധി 75 ശതമാനം വരെ ഇക്വിറ്റികളില്‍ നിക്ഷേപിക്കുന്നു. പ്രായം കൂടുന്നതിനനുസരിച്ച് റിസ്‌ക് എടുക്കാനുള്ള കപ്പാസിറ്റി കുറയുകയും ഇക്യുറ്റിയില്‍ നിക്ഷേപിക്കുന്ന തുക കുറയുന്നു.
മോഡറേറ്റ് രീതി പ്രകാരം പ്രായത്തിനനുസരിച്ച പരമാവധി 50 ശതമാനം വരെ മാത്രമേ താരതമ്യേന റിസ്‌ക് കൂടിയ ഇക്വിറ്റികളില്‍ നിക്ഷേപിക്കുന്നുള്ളു.
കണ്‍സെര്‍വറ്റീവ് രീതിയില്‍ വളരെ കുറഞ്ഞ റിസ്‌ക് എടുക്കുകയും 25 ശതമാനം വരെ മാത്രം ഇക്വിറ്റികളില്‍ നിക്ഷേപിക്കുന്നു ആക്റ്റീവ് ചോയ്‌സ് തെരെഞ്ഞെടുക്കുന്നവര്‍ക്കും 50 വയസ് തികയും വരെ 75 ശതമാനം വരെ മാത്രമേ ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ സാധിക്കുള്ളു. ഇക്വിറ്റിയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നത് റിട്ടേണ്‍ കൂടുവാന്‍ സഹായിക്കുന്നു 60 വയസാവുമ്പോള്‍ ഇത് 50 ശതമാനം ആയി കുറയുന്നു.
പണം പിന്‍വലിക്കല്‍
60 വയസു പൂര്‍ത്തിയാവുമ്പോള്‍ 60 ശതമാനം തുക വരെ പിന്‍വലിക്കാം. ബാക്കി 40 ശതമാനം വരെ ആന്വറ്റികളില്‍ നിക്ഷേപിച്ചു ജീവിതാവസാനം വരെ പെന്‍ഷന്‍ ലഭിക്കുന്നു. കാലാവധി പൂര്‍ത്തിയാവും മുമ്പ് പണം പിന്‍വലിക്കണമെകില്‍ 3 വര്‍ഷം കഴിഞ്ഞു ചില അടിയന്തിര ഘട്ടങ്ങളില്‍ 25 ശതമാനം മാത്രം പിന്‍വലിക്കാം. 5 വര്‍ഷം ഇടവേളകളില്‍ 3 തവണ മാത്രമേ ഈ ആനുകൂല്യം ലഭിക്കുള്ളു. പദ്ധതി പൂര്‍ണമായി നിര്‍ത്തണമെങ്കിന്‍ 10 വര്‍ഷം കഴിയണം. 1 ലക്ഷത്തില്‍ കൂടുതലാണ് തുക എങ്കില്‍ 20 ശതമാനം മാത്രം പിന്‍വലിക്കാം.
കാലാവധിക്കു മുമ്പ് മരണം സംഭവിച്ചാല്‍
വിരമിക്കലിന് മുമ്പ് മരണം സംഭവിക്കുകയാണെങ്കില്‍ മുഴുവന്‍ പെന്‍ഷന്‍ തുകയും നോമിനിക്കു ലഭിക്കും.
എത്ര റിട്ടേണ്‍ ലഭിക്കും
എന്‍ പി എസ് എന്നത് ഒരു മാര്‍ക്കറ്റ് ലിങ്ക്ഡ് ആയ പദ്ധതി ആയത് കൊണ്ട് കൃത്യമായ പലിശ നിരക്ക് കണക്കാക്കാന്‍ കഴിയില്ല. എന്നിരുന്നാലും 9- 12 ശതമാനം റിട്ടേണ്‍ പ്രതീക്ഷിക്കാം. 30 വയസുള്ള ഒരു വ്യക്തിക്ക് ഒരു വര്‍ഷം 1ലക്ഷം രൂപ ഏകദേശം 9 ശതമാനം പലിശ നിരക്കില്‍ 30 വര്‍ഷം നിക്ഷേപിക്കുകയാണെങ്കില്‍ അറുപതാമത്തെ വയസില്‍ അദ്ദേഹത്തിന് ഏകദേശം 1.5 കോടി റിട്ടേണ്‍ ലഭിക്കുന്നു. അതായത് 30 ലക്ഷം മാത്രം നിക്ഷേപിച്ച വ്യക്തിക്ക് ഏതാണ്ട് 1.20 കോടി അധികം നേട്ടമുണ്ടാക്കുന്നു. മാത്രവുമല്ല നികുതിയിനത്തില്‍ ഏകദേശം 4.68 ലക്ഷം രൂപ നികുതിയിളവും ലഭിക്കുന്നു.
എന്തുകൊണ്ടും പിപിഎഫ്, എഫ്ഡി എന്നീ നിക്ഷേപ മാര്‍ഗങ്ങളേക്കാള്‍ ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കുന്നു. നികുതിയിനത്തില്‍ ഇളവുകള്‍ ലഭിക്കുന്നതോടൊപ്പം പണപ്പെരുപ്പം നേരിടാനും ഉയര്‍ന്ന റിട്ടയേര്‍മെന്റ് ആനുകൂല്യം ലഭിക്കാനും സുരക്ഷിതമായ നിക്ഷേപം ലക്ഷ്യം വക്കുന്നവര്‍ക്കും എന്‍പിഎസ് ഒരു നല്ല നിക്ഷേപ മാര്‍ഗം ആണ്.