10 March 2023 9:15 AM GMT
Summary
- ഡിസ്‌കൗണ്ടുകളോ ഫീസ് ഇളവുകളോ വാഗ്ദാനം ചെയ്യുന്ന ഫണ്ടുകളില്‍ നിക്ഷേപിക്കുക എന്നതാണ് ചെലവ് അനുപാതം കുറയ്ക്കുന്നതിനുള്ള മറ്റൊരു മാര്‍ഗം
നിക്ഷേപിച്ച തുകയില്‍ നിന്ന് നല്ലൊരു തുക ലാഭമെടുക്കുക എന്നത് തന്നെയാണ് ഏതൊരു നിക്ഷേപത്തിന്റെയും ലക്ഷ്യം. സ്ഥിര നിക്ഷേപത്തില്‍ നിക്ഷേപ ചെലവുകള്‍ എന്നൊരു ആശയം കടന്നു വരുന്നില്ല. എന്നാല്‍ മ്യൂച്വല്‍ ഫണ്ടിന്റെ സ്വഭാവം വേറെ തന്നെയായതിനാല്‍ ഇവിടെ ചെലവും നിക്ഷേപകന്‍ വഹിക്കേണ്ടതുണ്ട്. ഇതിനാല്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം വിജയമാകുന്നതില്‍ നിര്‍ണായക ഘടകമാണ് ചെലവ് അനുപാതം (Expenses Ratio). മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിന് മുന്‍പ് തന്നെ എന്താണ് ചെലവ് അനുപാതമെന്നും എങ്ങനെയാണ് മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപത്തെ ഇത് ബാധിക്കുന്നതെന്നും മനസിലാക്കി വെയ്‌ക്കേണ്ടതുണ്ട്.
എന്താണ് ചെലവ് അനുപാതം
മ്യൂച്വല്‍ ഫണ്ടുകളുടെ മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ്, അഡ്മിനിസ്‌ട്രേഷന്‍, കസ്റ്റോഡിയല്‍ ഫീസ്, മറ്റ് ചെലവുകള്‍ക്കും ഉപയോഗിക്കുന്ന മ്യൂച്വല്‍ ഫണ്ടിന്റെ ആസ്തികളുടെ ശതമാനമാണ് ചെലവ് അനുപാതം. മ്യൂച്വല്‍ ഫണ്ടിലേക്ക് നിക്ഷേപിക്കുന്നൊരാളുടെ നിക്ഷേപത്തിന്റെ എത്ര ശതമാനം ചെലവ് നികത്താന്‍ ഉപയോഗിക്കുന്നു എന്നതാണ് ചെലവ് അനുപാതം കൊണ്ട് അര്‍ഥമാക്കുന്നത്. ചെലവ് അനുപാതം ഫണ്ട് അനുസരിച്ച് വ്യത്യാസപ്പെടും. 2.5 ശതമാനം വരെ ചെലവ് അനുപാതം നല്‍കേണ്ടി വരും.
സെബി നിയന്ത്രണങ്ങള്‍ക്ക് അടിസ്ഥാനമായാണ് ചെലവ് നിരക്ക് കണക്കാക്കുന്നത്. അസറ്റ് അണ്ടര്‍ മാനേജ്മെന്റ് 500 കോടി വരെയുള്ള ഫണ്ടുകളില്‍ ചെലവ് അനുപാതം 2.25 ശതമാനം വരെ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. 500-700 കോടിക്ക് ഇടയില്‍ എയുഎം വരുമ്പോല്‍ രണ്ട് ശതമാനം വരെ ചെലവ് അനുപാതം ഈടാക്കാം. 2000 കോടി വരെ 1.75 ശതമാനം ഈടാക്കാനാണ് അനുമതി.
ആദായത്തെ ബാധിക്കും
ഫണ്ടിന്റെ ചെലവ് അനുപാതം ഉയര്‍ന്ന് നില്‍ക്കുന്നത് വരുമാനത്തെ ബാധിക്കും. ഉദാഹരണത്തിന്, ഒരേ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന രണ്ട് ഫണ്ടുകള്‍ സമാന പ്രകടനം നടത്തിയെന്ന് അനുമാനിക്കാം. ഇതില്‍ ഒരു ഫണ്ടിന് മറ്റൊന്നിനേക്കാള്‍ ഉയര്‍ന്ന ചെലവ് അനുപാതമുണ്ടെങ്കില്‍ കുറഞ്ഞ ചെലവ് അനുപാതമുള്ള ഫണ്ടില്‍ നിക്ഷേപിക്കുന്നതാണ് വരുമാനം കൂടുതല്‍ ലഭിക്കാന്‍ സഹായകമാകുന്നത്. രണ്ട് ചെലവ് അനുപാതമുള്ള ഫണ്ടില്‍ 50,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ ഫണ്ട് ഹൗസിന് 1,000 രൂപ ചെലവ് അനുപാതമായി നല്‍കണം. ഒരു ഫണ്ട് 10 ശതമാനം റിട്ടേണ്‍ നല്‍കുമ്പോള്‍ രണ്ട് ശതമാനം ചെലവ് അനുപാതം ഉണ്ടെങ്കില്‍ നിക്ഷേപകന് എട്ട് ശതമാനം റിട്ടേണ്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്.
എങ്ങനെ ചെലവ് അനുപാതം കുറയ്ക്കാം
മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലെ ചെലവ് അനുപാതം കുറയ്ക്കുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. ഫണ്ടുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ കുറഞ്ഞ ചെലവ് അനുപാതമുള്ള ഫണ്ടുകളില്‍ നിക്ഷേപിക്കുക എന്നതാണ് ഒരു മാര്‍ഗം. കുറഞ്ഞ ചെലവ് അനുപാതമുള്ള ഒരു തരം ഫണ്ടാണ് ഇന്‍ഡക് ഫണ്ടുകള്‍. എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) കുറഞ്ഞ ചെലവ് അനുപാതമുള്ള മറ്റൊരു തരം ഫണ്ടാണ്. ഡയറക്ട് ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍ ചെലവ് അനുപാതം കുറവായിരിക്കും. റെഗുലര്‍ ഫണ്ടുകളില്‍ ബ്രോക്കറേജ് ചാര്‍ജ് അടക്കമുള്ള ചെലവുകള്‍ അധികമായി വരുന്നുണ്ട്.
ഡിസ്‌കൗണ്ടുകളോ ഫീസ് ഇളവുകളോ വാഗ്ദാനം ചെയ്യുന്ന ഫണ്ടുകളില്‍ നിക്ഷേപിക്കുക എന്നതാണ് ചെലവ് അനുപാതം കുറയ്ക്കുന്നതിനുള്ള മറ്റൊരു മാര്‍ഗം. പല മ്യൂച്വല്‍ ഫണ്ട് കമ്പനികളും ചില മാനദണ്ഡങ്ങള്‍ പാലിക്കുന്ന നിക്ഷേപകര്‍ക്ക് അവരുടെ ചെലവ് അനുപാതത്തില്‍ കിഴിവ് നല്‍കുന്നുണ്ട്. ചില കമ്പനികള്‍ അവരുടെ ഫണ്ടുകളിലേക്ക് നിശ്ചിത തുക നിക്ഷേപിക്കുന്നവര്‍ക്ക് ചെലവ് അനുപാതത്തില്‍ ഇളവ് നല്‍കുന്നുണ്ട്. ചെലവ് അനുപാതം കുറയ്ക്കുമ്പോള്‍ മികച്ച ഫണ്ടുകള്‍ തന്നെയാണ് തിരഞ്ഞെടുക്കുന്നതെന്ന് ഉറപ്പാക്കണം.