16 Feb 2023 10:30 AM GMT
Summary
- മറ്റ് സാമ്പത്തിക ഉത്പന്നങ്ങളിലൂടെ ലഭ്യമല്ലാത്ത നിരവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍, ബാങ്ക് വായ്പകള്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നുണ്ട്
അച്യുത് മോഹന്‍ദാസ്
കാശിന് ആര്‍ക്കാണ് ആവശ്യമില്ലാത്തത്? അതും ലോണായിട്ടാണെങ്കില്‍ അത്രയും സന്തോഷം എന്നു കരുതുന്നവരാണ് ബഹുഭൂരിപക്ഷവും. ലോകത്തിലെ ഏറ്റവും സമ്പന്നരായ ആള്‍ക്കാരെ നോക്കിയാല്‍ അവരില്‍ പലരും ഇതേ ലോണുകള്‍കൊണ്ട് പല കളികളും കളിക്കുന്നവരാകും. അങ്ങനെ സമ്പത്തുണ്ടാക്കിയെടുത്ത പലരേയും നമുക്കറിയുകയും ചെയ്യാം. മനുഷ്യന് പരിണാമം സംഭവിക്കുന്നതുപോലെ ലോണുകള്‍ക്കും കാലാന്തരേണ പരിണാമം സംഭവിച്ചിട്ടുണ്ട്. അതിന്റെ ഫലങ്ങള്‍ കണ്ടും, കൊണ്ടും അറിഞ്ഞവരാണ് നമ്മളിന്ത്യാക്കാര്‍.
''തിരക്കഥ വേണോ തിരക്കഥ, തിരക്കഥ വേണോ തിരക്കഥ''-23 വര്‍ഷം മുന്‍പിറങ്ങിയ സ്വയംവരപ്പന്തല്‍ എന്ന സിനിമയില്‍ ശ്രീനിവാസന്‍ പറയുന്ന ഒരു ഡയലോഗാണിത്. ഏതാണ്ട് ഇതേ മാതൃകയിലാണ് ഇന്ന് ലോണ്‍ വേണോ എന്നുചോദിച്ചുള്ള ഓഫറുകള്‍ നമ്മെത്തേടിയെത്തുന്നത്. ഒന്നിനു പിന്നാലെ മറ്റൊന്ന് എന്നവണ്ണം നമ്മിലേക്കെത്തുന്ന ഈ ലോണ്‍ ഓഫറുകള്‍ എത്രത്തോളം വിശ്വസനീയമാണ്, ഇതില്‍ ഏതൊക്കെ അംഗീകൃതമാണ്, ഇതിന്റെ നൂലാമാലകള്‍ എത്രത്തോളമാണ് എന്നൊക്കെ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇതിപ്പോള്‍ പറയാന്‍ കാരണം ഈ 2023 ഫെബ്രുവരിയില്‍ നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പല മൊബൈല്‍ ആപ്ലിക്കേഷനുകളും നിരോധിച്ചുകൊണ്ട് ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്; അതില്‍ പല പേരെടുത്ത ആപ്പുകളും, ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളും പെടും. നിരോധിക്കപ്പെട്ട എല്ലാ ആപ്പുകളെപ്പറ്റിയും പറയുന്നില്ലെങ്കിലും ഈ സാഹചര്യത്തില്‍ അതിലെ ലോണ്‍ ആപ്പുകളെപ്പറ്റി പ്രത്യേകം എടുത്തുപറയേണ്ടതാണ് എന്ന് തോന്നുന്നു. let's start by talking about loans.
ലോണ്‍ ആപ്പ് എന്ന പൊല്ലാപ്പ്
ബാങ്കുകള്‍ എന്നുപറയുമ്പോള്‍ത്തന്നെ സാധാരണക്കാരുടെ മനസ്സിലേക്ക് വരുന്നത് രണ്ട് കാര്യങ്ങളായിരിക്കും; അക്കൗണ്ടുകളും ലോണുകളും. പതിറ്റാണ്ടുകളായി ബാങ്ക് വായ്പകള്‍ സാമ്പത്തിക വ്യവസ്ഥയുടെ ഒരു അവിഭാജ്യ ഘടകമാണ്, കാരണം വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും അവരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും ഉടനടി നിറവേറ്റുന്നതിനുള്ള ധനസഹായം നല്‍കുകയാണ് ലോണുകള്‍ വഴി ബാങ്കുകള്‍ ചെയ്യുന്നത്. ഇന്നത്തെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, മറ്റ് സാമ്പത്തിക ഉത്പന്നങ്ങളിലൂടെ ലഭ്യമല്ലാത്ത നിരവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍, ബാങ്ക് വായ്പകള്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.
ബാങ്ക് വായ്പകളുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് അവയുടെ പ്രവേശനക്ഷമതയാണ് (accessibility). ആര്‍ക്കും എളുപ്പത്തില്‍ ആശ്രയിക്കാവുന്ന ഒരു കാര്യമായി ലോണുകളെ മാറ്റിയതും ഇതേ പ്രവേശനക്ഷമത തന്നെയാണ്. ഇന്ത്യയില്‍ പ്രധാന ബാങ്കുകള്‍ക്കെല്ലാം ശാഖകളുടെയും, ഏജന്‍സികളുടെയും, എടിഎമ്മുകളുടെയും വിപുലമായ ശൃംഖലയുണ്ട്. അതുകൊണ്ടുതന്നെ വായ്പയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാനും, സ്വന്തം ലോണ്‍ അക്കൗണ്ട് നിയന്ത്രിക്കാനും, പേയ്മെന്റുകള്‍ നടത്താനുമുള്ള സൗകര്യം ഇതുവഴി ലഭിക്കുന്നു.
ബാങ്ക് വായ്പയുടെ മറ്റൊരു പ്രധാന നേട്ടം അവയുടെ വിശ്വാസ്യതയാണ്. ഇന്ത്യയില്‍ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമെല്ലാം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ധനകാര്യ മന്ത്രാലയത്തിന്റെയും നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. അതുകൊണ്ടുതന്നെ അവയ്ക്കെല്ലാം രാജ്യമൊട്ടുക്കും ഏറെക്കുറെ സമാനമായ രീതികളും, ചിട്ടവട്ടങ്ങളും ഉണ്ടാകും. കടം വാങ്ങുന്നയാളുടെ താല്‍പ്പര്യങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്ന കര്‍ശനമായ നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കുകവഴി ധാര്‍മികമായ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ ബാങ്കുകള്‍ ബാധ്യസ്ഥരാണ്.
ഇതിനൊക്കെയൊപ്പം ഉയര്‍ന്ന തലത്തിലുള്ള സുതാര്യത നിലനിര്‍ത്താന്‍ ബാങ്കുകള്‍ കര്‍മ്മനിബദ്ധരാണ്. മുതല്‍, പലിശ, പിഴപ്പലിശ, ചാര്‍ജുകള്‍ എന്നിങ്ങനെ എന്തൊക്കെ ഉപഭോക്താവ് അറിയേണ്ടതുണ്ടോ അതൊക്കെ അവരെ യഥാസമയം ബാങ്കുകള്‍ അറിയിച്ചുകൊണ്ടിരിക്കും. അതിനാല്‍ കടം വാങ്ങുന്നവര്‍ക്ക് തങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് കൃത്യമായി അറിയാന്‍ സാധിക്കും. മറ്റ് സാമ്പത്തിക ഉത്പന്നങ്ങളില്‍ ലഭ്യമല്ലാത്ത സുരക്ഷിതത്വവും മനഃസമാധാനവും ഇത് നല്‍കുന്നു.
ലോണുകളിലെ വൈവിധ്യം
ബാങ്കുകളുടെ പ്രധാന വരുമാന മാര്‍ഗമാണ് ലോണുകള്‍. അതുകൊണ്ടുതന്നെ കൂടുതല്‍ ലോണുകള്‍ ആവശ്യക്കാര്‍ക്ക് നല്‍കാനും അതുവഴി പലിശയിനത്തില്‍ കൂടുതല്‍ വരുമാനമുണ്ടാക്കാനും ബാങ്കുകള്‍ ശ്രമിക്കുന്നുണ്ട്. അതിനായി ഓഫറുകളും മത്സരാധിഷ്ഠിത പലിശ നിരക്കുകളും അവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതോടൊപ്പം തന്നെ വീട് വാങ്ങാന്‍, വീട് വയ്ക്കാന്‍, കാര്‍ വാങ്ങാന്‍, പഠനത്തിന്, വ്യക്തിഗത ആവശ്യങ്ങള്‍ക്ക് എന്നൊക്കെപ്പറഞ്ഞ് ഒരുപാട് ഓപ്ഷനുകള്‍ ഉപഭോക്താക്കള്‍ക്ക് കിട്ടുന്നുണ്ട്. മറ്റ് സാമ്പത്തിക ഉത്പന്നങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അനുകൂലമായ വ്യവസ്ഥകളില്‍ വായ്പകള്‍ വാഗ്ദാനം ചെയ്യാന്‍ കഴിയുന്നതുവഴി വായ്പയെടുക്കുന്നവര്‍ക്ക് അവരുടെ തിരിച്ചടവ് എന്തായിരിക്കുമെന്നും, എത്രയായിരിക്കുമെന്നും കൃത്യമായി അറിയാനും സാധിക്കും.
ഒരു സാധാരണ ലോണിന്റെ ജീവിതയാത്ര
ഒരു ലോണെടുക്കാന്‍ എന്തുചെയ്യണം എന്നത് ഇന്നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാം എന്നുപറയാറുണ്ട്, പക്ഷേ അതിനായി ബാങ്കിനെ സമീപിക്കുമ്പോഴാണ് നമ്മള്‍ ലോണെന്ന മഹാസാഗരത്തിനുമുന്നില്‍ അന്തവും കുന്തവുമില്ലാതെ നില്‍ക്കുന്ന അവസ്ഥയിലാണെന്ന് മനസ്സിലാകുന്നത്. ലോണിനുള്ള അപേക്ഷ എന്തായാലും സമര്‍പ്പിക്കണം, പക്ഷേ അതിനോടൊപ്പം നല്‍കേണ്ടുന്ന ബാക്കി രേഖകളും പേപ്പറുകളുമൊക്കെ ഒപ്പിക്കാന്‍ എത്രത്തോളം ഓടേണ്ടിവരുമെന്ന് ഓടിത്തന്നെ അറിയേണ്ടിവരും. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, മുന്നാധാരം, പിന്നാധാരം, കുടുംബ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിങ്ങനെ തുടങ്ങി ഇന്‍ഷുറന്‍സ് വരെ എടുക്കേണ്ടി വന്നേക്കാം. ഇതില്‍ പല രേഖകളും ഹാജരാക്കുമ്പോഴായിരിക്കും മറ്റുപല രേഖകള്‍ കൂടി വേണമെന്നുപോലും നമ്മളറിയുന്നത്. ഒപ്പം ബ്രാഞ്ചില്‍ നിന്നും, റീജിയണല്‍ ഓഫീസില്‍ നിന്നും, സോണല്‍ ഓഫീസില്‍ നിന്നുമൊക്കെ അനുമതി ലഭിക്കുക തുടങ്ങിയ കടമ്പകളും കടക്കേണ്ടി വരാം. മനഃപൂര്‍വ്വമല്ലെങ്കില്‍ക്കൂടി ബാങ്കുകളുടെ ഈ ചിട്ടവട്ടങ്ങള്‍ ഉപഭോക്താക്കളെ അല്‍പ്പമെങ്കിലും ബുദ്ധിമുട്ടിക്കാറുണ്ട്.
ഡിജിറ്റല്‍ യുഗവും ലോണുകളും
ലോണെടുക്കാനുള്ള പലതരം ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തുകൊണ്ട് നവയുഗ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ബാങ്കുകള്‍ ഡിജിറ്റല്‍ ലോണുകളുമായി രംഗത്തെത്തിയിട്ടുണ്ട്. കുറഞ്ഞ ആപ്ലിക്കേഷന്‍ നൂലാമാലകള്‍, എളുപ്പത്തിലുള്ള അനുമതി, ഉടനടിയുള്ള ഫണ്ട് വിതരണം തുടങ്ങി ഡിജിറ്റല്‍ ലോണുകള്‍ പല കെട്ടിലും മട്ടിലും ഉപഭോക്താക്കളെ തേടിയെത്താറുണ്ട്. ഒരിക്കല്‍പ്പോലും ബാങ്കിന്റെ പടി ചവിട്ടേണ്ടി വരില്ല എന്നതും, പലരുടേയും ദുര്‍മുഖം കാണണ്ട എന്നതും ഉപഭോക്താക്കളെ ഇത്തരം ഡിജിറ്റല്‍ ലോണുകളുടെ ആരാധകരാക്കി മാറ്റി.
ക്രെഡിറ്റ് സ്‌കോര്‍
ഒരു ലോണെടുക്കാന്‍ ബാങ്കിനെയോ ഒരു ബാങ്കിതര ധനകാര്യ സ്ഥാപനത്തെയോ സമീപിച്ചാല്‍ നിങ്ങളുടെ എല്ലാ രേഖകളും പരിശോധിക്കുന്നതിനോടൊപ്പം അവര്‍ പരിശോധിക്കുന്ന മറ്റൊരു ഘടകമാണ് ക്രെഡിറ്റ് സ്‌കോര്‍. നമുക്ക് ഇത്തരത്തില്‍ പലവിധമായ കൊടുക്കല്‍ വാങ്ങലുകളില്‍ മുന്‍പ് ഏര്‍പ്പെട്ട ചരിത്രമുണ്ടോ, അതിലൊക്കെ കൃത്യമായ തിരിച്ചടവ് നടത്തിയോ, ബാങ്കുകള്‍ക് നഷ്ടം വരുത്തിയോ എന്നിങ്ങനെയുള്ള വിവിധ വിവരങ്ങള്‍ ഏകോപിപ്പിച്ച് ചില ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ഏജന്‍സികള്‍ തയ്യാറാക്കുന്ന സ്‌കോറിനെയാണ് ക്രെഡിറ് സ്‌കോര്‍ എന്ന് പറയുന്നത്. സിബില്‍(CIBIL), ക്രിഫ് (CRIF), എക്‌സ്പീരിയന്‍ (Experian) തുടങ്ങിയ വിവിധ ഏജന്‍സികള്‍ ഇന്ത്യയില്‍ നിലവിലുണ്ടെങ്കിലും സിബില്‍ ആണ് ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്നതും പ്രയോഗിക്കപ്പെടുന്നതുമായ സ്‌കോര്‍. ഓരോ ഏജന്‍സികള്‍ക്കുമനുസരിച്ച് സ്‌കോര്‍ റിപ്പോര്‍ട്ടിംഗില്‍ വ്യത്യാസങ്ങള്‍ വരാമെങ്കിലും നിങ്ങളെക്കുറിച്ചുള്ള ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും മതിപ്പ് ഇതില്‍നിന്നും അറിയാന്‍ കഴിയും.
ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സാമ്പത്തിക മേഖലയില്‍ ഉയര്‍ന്നുകേള്‍ക്കുന്ന ഒരു പ്രയോഗമാണ് ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍. വളരെ എളുപ്പത്തില്‍ നമ്മുടെ മൊബൈല്‍ ഫോണില്‍ ഒരു ആപ്ലികേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ആര്‍ക്കും ലോണെടുക്കാവുന്ന ഒരു അവസ്ഥ ഇതോടെ സംജാതമായി. നൂലാമാലകളുടെ കുറവും, എളുപ്പത്തില്‍ ലഭിക്കുന്നവയുമാകയാല്‍ കുറഞ്ഞ കാലം കൊണ്ടുതന്നെ ലക്ഷക്കണക്കിന് ആളുകള്‍ ആപ്പുകള്‍ വഴി ലോണെടുത്തു.
ഇത്തരം ആപ്പുകള്‍ പലവിധമാണ്. നമ്മുടെ പാന്‍ നമ്പറും അക്കൗണ്ട് നമ്പറും കൊടുക്കുന്നതുമുതല്‍ സാലറി സര്‍ട്ടിഫിക്കറ്റും ബാങ്ക് സ്റ്റേറ്റ്മെന്റും വരെ ചോദിക്കുന്ന ആപ്പുകളുണ്ട്. പ്രധാനമായും കോവിഡ്, ലോക്ക്ഡൗണ്‍ പ്രതിസന്ധിയില്‍ ഉഴറി നിന്ന പലരേയും കൊണ്ട് ലോണെടുപ്പിക്കാന്‍ കഴിഞ്ഞതുവഴി കോടികളുടെ ഇടപാടാണ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍കൊണ്ട് ഈ ആപ്പുകാരെല്ലാവരും ചേര്‍ന്ന് നടത്തിയെടുത്തത്.
ആപ്പിനുള്ളിലെ ആപ്പുകള്‍
എളുപ്പത്തില്‍ ലോണ്‍ ലഭിക്കുന്നത് നല്ലതല്ലേ, നൂലാമാലകളുടെ കുറവ് ഉഗ്രനല്ലേ എന്നൊക്കെ ചോദിക്കുന്നതിനുമുന്‍പ് ഇത്തരം ലോണ്‍ ആപ്ലികേഷനുകള്‍ എങ്ങനെയാണ് കടം വാങ്ങുന്നവര്‍ക്ക് ഭീഷണിയാകുന്നത് എന്നുകൂടി അറിഞ്ഞിരിക്കണം. ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി ഭീഷണികള്‍ ഉപഭോക്താക്കള്‍ നേരിടാമെങ്കിലും അവയില്‍ പ്രധാനമായവ ഏതൊക്കെയെന്ന് നോക്കാം.
നിയന്ത്രണങ്ങളുടെ അഭാവം അല്ലെങ്കില്‍ കുറവ്: ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളുമായി ബന്ധപ്പെട്ട പ്രാഥമിക അപകടങ്ങളിലൊന്ന് നിയന്ത്രണത്തിന്റെയും മേല്‍നോട്ടത്തിന്റെയും അഭാവം അല്ലെങ്കില്‍ കുറവ് തന്നെയാണ്. സാധാരണ ബാങ്കുകള്‍ ആര്‍.ബി.ഐയുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഇത്തരം മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ പലതും പരമ്പരാഗത ബാങ്കിംഗ് സംവിധാനത്തിന് പുറത്താണ് പ്രവര്‍ത്തിക്കുന്നത്, തല്‍ഫലമായി, അവ പരമ്പരാഗത ബാങ്കുകളുടെ അതേ നിയന്ത്രണങ്ങള്‍ക്കും ഉപഭോക്തൃ സംരക്ഷണത്തിനും വിധേയമായേക്കില്ല. ഇത് കടം വാങ്ങുന്നവരെ കൊള്ളയടിക്കുന്ന വായ്പാ രീതികള്‍, ഉയര്‍ന്ന പലിശ നിരക്ക്, മറഞ്ഞിരിക്കുന്ന ചാര്‍ജുകള്‍, മറ്റ് ദുരുപയോഗ വായ്പാ രീതികള്‍ എന്നിവയ്ക്ക് ഉപഭോക്താക്കളെ ഇരയാക്കാം.
വ്യക്തിത്വ മോഷണം (Identity Theft): ഓണ്‍ലൈന്‍ ലോണ്‍ മൊബൈല്‍ ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന അപകടസാധ്യത വ്യക്തിത്വ മോഷണത്തിനും (Identity Theft) വഞ്ചനയ്ക്കും ഉള്ള സാധ്യതയാണ്. ഈ ആപ്ലിക്കേഷനുകളില്‍ പലതിലും കടം വാങ്ങുന്നവര്‍ വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്; അതായത് ആധാര്‍ നമ്പര്‍, പാന്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഇ-മാന്‍ഡേറ്റ് തുടങ്ങിയവ. സുരക്ഷിതം എന്നുകരുതിയാലും ഹാക്കര്‍മാര്‍ക്കും തട്ടിപ്പുകാര്‍ക്കും ചിലപ്പോള്‍ ഇതുവഴി കടം വാങ്ങുന്നയാളുടെ ഐഡന്റിറ്റി മോഷ്ടിക്കുന്നതിനും തുടര്‍ന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനും ഉപയോഗിക്കാനാകും.
ഓട്ടോമാറ്റിക് പേയ്മെന്റുകള്‍: ഓണ്‍ലൈന്‍ വഴിയെടുക്കുന്ന ലോണുകള്‍ ഓണ്‍ലൈന്‍ വഴി തന്നെ തിരിച്ചടക്കുന്നതാണ് നല്ലതെന്ന് നമുക്കേവര്‍ക്കും അറിയാം. ഇങ്ങനെയുള്ള തിരിച്ചടവുകള്‍ക്കായി പല ഓണ്‍ലൈന്‍ ലോണ്‍ ആപ്ലിക്കേഷനുകളും ഓട്ടോമാറ്റിക് പേയ്മെന്റുകളെ ആശ്രയിക്കുന്നു. ഇത് ചിലപ്പോഴെങ്കിലും കടം വാങ്ങുന്നയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് അനധികൃതമായി സംഭവിക്കുന്ന പണം പിന്‍വലിക്കലുകള്‍ക്ക് കാരണമായേക്കാം. പല സന്ദര്‍ഭങ്ങളിലും വായ്പയെടുക്കുന്നവര്‍ അവരുടെ അക്കൗണ്ടില്‍ നിന്ന് ഒന്നിലധികം അനധികൃത പിന്‍വലിക്കലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് അവരെ സാമ്പത്തിക പ്രതിസന്ധിയിലാക്കുകയും, മറ്റുകാര്യങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്ന പണം ഉപയോഗിക്കാന്‍ കഴിയാതെവരുന്ന സ്ഥിതിവിശേഷത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
തുടക്കത്തിലെ മനുഷ്യ ഇടപെടലുകള്‍ ഇല്ലാതിരിക്കുക: കടം വാങ്ങുന്നവര്‍ ഓണ്‍ലൈന്‍ ലോണ്‍ ആപ്പിലൂടെ ലോണിനായി അപേക്ഷിക്കുമ്പോള്‍ ഈ ലോണുകളുടെ നിബന്ധനകളും വ്യവസ്ഥകളും പൂര്‍ണ്ണമായി മനസ്സിലാക്കിയേക്കില്ല എന്നതൊരു പ്രധാന വസ്തുതയാണ്. ഈ ആപ്ലിക്കേഷനുകളില്‍ ചിലത് സങ്കീര്‍ണ്ണമായ ഭാഷയും വ്യവസായ പദപ്രയോഗങ്ങളും ഉപയോഗിക്കുന്നത് വഴി ഉപഭോക്താക്കള്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള നിബന്ധനകള്‍ മുന്നോട്ടുവച്ചേക്കാം. തത്ഫലമായി, കടം വാങ്ങുന്നവര്‍ അശ്രദ്ധമായി അനുകൂലമല്ലാത്ത നിബന്ധനകള്‍ അംഗീകരിക്കുകയും ഭാവിയില്‍ അത് അവരുടെ സാമ്പത്തിക ക്ഷേമത്തിന് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
ഒടുക്കത്തിലെ മനുഷ്യ ഇടപെടലുകള്‍: കടം വാങ്ങിയാല്‍ തിരിച്ചടക്കണം, പക്ഷേ പലര്‍ക്കും പലവിധ കാരണങ്ങള്‍കൊണ്ട് തിരിച്ചടവ് മുടങ്ങിപ്പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട് (മനഃപൂര്‍വ്വം തിരിച്ചടക്കാത്തവരെയല്ല ഉദ്ദേശിക്കുന്നത്). ഇത്തരത്തില്‍ ഒരു തിരിച്ചടവ് മുടങ്ങിയാല്‍ ഉടനെത്തന്നെ ഭീഷണി കോളുകള്‍ എത്തുന്നതും ലോണ്‍ ആപ്പുകളുടെ ഒരു പ്രത്യേകതയാണ്. കേട്ടാല്‍ അറയ്ക്കുന്ന ഭാഷയിലെ സംസാരവും, ഭീഷണിയും കൂടിയാകുമ്പോള്‍ ആളുകള്‍ പണം തിരിച്ചടയ്ക്കും എന്ന് അവര്‍ കരുതുന്നു. അടച്ചില്ലെങ്കില്‍ ഭീഷണിയുടെ തോത് കൂടുകയും, വീടുകളിലേക്ക് എക്‌സിക്യൂട്ടീവുകളെ (നവയുഗ ഗുണ്ടകള്‍) അയക്കുകയും ചെയ്യും. ഇനി അഥവാ അടച്ചാലോ, പിന്നെ അതിന്റെ പലിശ, പിഴ, പിഴപ്പലിശ, ചാര്‍ജുകള്‍, ടാക്‌സ് എന്നിങ്ങനെ ഓരോന്നുപറഞ്ഞ് ഭീഷണികളും തുടരും.
ഇതിനോടൊപ്പം തന്നെ നമ്മള്‍ അവരുടെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ തന്നെ കൊടുത്തിട്ടുള്ള പെര്‍മിഷനുകള്‍ വഴി നമ്മുടെ കോണ്ടാക്റ്റുകളും, ഫോണ്‍ വിളിയുടെ രേഖകളും, ഫോണിലെ ഫയലുകളും തുടങ്ങി ചിലപ്പോള്‍ പാസ്വേര്‍ഡുകള്‍ വരെ അവര്‍ കൈക്കലാക്കിയിട്ടുണ്ടാകും. അതുപയോഗിച്ച് നമ്മുടെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ബന്ധപ്പെട്ട് അവരോട് പണം ചോദിക്കുക, അവരെയാണ് ജാമ്യക്കാരായി നല്‍കിയിരിക്കുന്നത് എന്നുപറയുക, ഫോട്ടോകള്‍ എഡിറ്റ് ചെയ്ത് പലര്‍ക്കും അയക്കുക സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുക തുടങ്ങി പലതരം കുല്‍സിത പ്രവര്‍ത്തനങ്ങള്‍ ആപ്പുകാരുടെ കയ്യിലുണ്ട് എന്നും ഓര്‍ക്കുക.
ഇത്തരം അനുഭവങ്ങള്‍ പലരും പല സോഷ്യല്‍ മീഡിയകളിലും പങ്കുവച്ചിട്ടുണ്ട്. അതിലൊരെണ്ണം പറയാം. പ്രസ്തുത വ്യക്തിക്ക് ഒരു അത്യാവശ്യവുമായി ബന്ധപ്പെട്ട് കുറച്ച് പണം ആവശ്യമായി വന്നപ്പോള്‍ കുറേ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നോക്കിയിരുന്നു. മിക്കതിലും ലോണിനുള്ള അര്‍ഹത കാണിച്ചിരുന്നെങ്കിലും വിശ്വാസയോഗ്യമായ ഒന്നിനായി ഇയാള്‍ പരതിക്കൊണ്ടിരുന്നു. അങ്ങനെ ഒരു ആപ്പില്‍ രണ്ടായിരം രൂപ ലോണിന് അര്‍ഹതയുണ്ടെന്ന് കാണിച്ചിരുന്നെങ്കിലും അയാള്‍ക്ക് ആവശ്യമായ തുക അതിലൊക്കെ ഒരുപാട് കൂടുതല്‍ ആയിരുന്നതിനാല്‍ ഇത് തല്‍ക്കാലം വേണ്ട എന്നു വച്ചു. ലോണിനുള്ള അര്‍ഹത ചെക്ക് ചെയ്യുന്ന സമയത്തു തന്നെ ബാങ്ക് അക്കൗണ്ട് വിവരങ്ങളൊക്കെ കൊടുക്കേണ്ടതായി വന്നെങ്കിലും ലോണിനുള്ള അപേക്ഷ കാന്‍സല്‍ ചെയ്തതിനാല്‍ ലോണ്‍ അപേക്ഷ മുന്നോട്ടുപോകില്ലല്ലോ എന്നയാള്‍ വിശ്വസിച്ചു.
പക്ഷേ ഒന്നോ രണ്ടോ മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ അയാളുടെ ബാങ്ക് അക്കൗണ്ടില്‍ 1250 രൂപ ക്രെഡിറ്റ് ആയതായി മെസ്സേജ് വന്നു. ആദ്യം എന്തെങ്കിലും റീഫണ്ട് ആയതാകും എന്നോര്‍ത്തെങ്കിലും പിന്നീട് സംശയം തോന്നി ഈ ലോണ്‍ ആപ്പ് പരിശോധിച്ചപ്പോള്‍ അവര്‍ ഇയാള്‍ക്ക് ലോണിന് അര്‍ഹതയുണ്ടെന്ന് കാണിച്ച 2000 രൂപയില്‍ നിന്നും ചാര്‍ജുകളും ഫീസുകളും കുറച്ചശേഷമാണ് ഈ 1250 രൂപ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നത് എന്ന് മനസ്സിലായി. ഒപ്പം ഏഴ് ദിവസത്തിനു ശേഷം അടക്കേണ്ട തുക 2000 ആണെന്നും കാണിച്ചിരുന്നു.
എന്തായാലും ഒരു അബദ്ധം പറ്റി, എന്നാല്‍ 2000 അടച്ചേക്കാം എന്ന് അയാള്‍ വിചാരിച്ചിരിക്കവേയാണ് പണമടക്കേണ്ട തീയതിക്കും രണ്ടുദിവസം മുന്‍പേ രാവിലെ ഹിന്ദിയില്‍ ഒരു കോള്‍ വന്നത്. 'ലോണ്‍ എടുത്തിട്ട് അടക്കാന്‍ നിന്നോട് പ്രത്യേകം പറയണോടാ, മര്യാദക്ക് പൈസ അടച്ചോ, ഇല്ലെങ്കില്‍ നിന്നെ വച്ചേക്കില്ല' എന്നുതുടങ്ങി കേട്ടാലറയ്ക്കുന്ന രീതിയില്‍ സംസാരിച്ചുകൊണ്ടാണ് ആ സംഭാഷണം മുന്നോട്ടുപോയത്. തുടക്കത്തില്‍ തന്നെ ഇത്തരം ഭാഷയും പ്രതികരണവും കണ്ട് ആദ്യമൊന്നു പതറിയെങ്കിലും അയാള്‍ ഉടനെ ആ ആപ്പില്‍ പോയി 2000 രൂപ അടച്ചു, ഒപ്പം യു.പി.ഐ ഐഡിയും അപ്ലോഡ് ചെയ്തു.
എന്തായാലും സംഭവം തലയില്‍ നിന്ന് ഒഴിഞ്ഞല്ലോ എന്നു വിചാരിച്ചിരിക്കുമ്പോള്‍ അടുത്ത ദിവസം വീണ്ടും ഭീഷണിയുമായി അയാളുടെ കോള്‍ എത്തി. ഇങ്ങോട്ട് ഉപയോഗിച്ച അതേ ഭാഷയില്‍ തന്നെ അങ്ങോട്ടും തിരിച്ചു പറഞ്ഞപ്പോള്‍ ഫോണ്‍ വച്ചെങ്കിലും കുറച്ചു കഴിഞ്ഞു വാട്‌സ്ആപ്പില്‍ വേറൊരു നമ്പറില്‍ നിന്നും ഒരു അശ്ലീല ഫോട്ടോയോടൊപ്പം മറ്റൊരു മെസ്സേജ് അയാള്‍ക് ലഭിച്ചു; 'ഇതില്‍ നിന്റെ തല എഡിറ്റ് ചെയ്ത് എല്ലാവര്‍ക്കും അയക്കേണ്ട എങ്കില്‍ മര്യാദക്ക് ലോണ്‍ അടച്ചോ' എന്ന്. ആ നമ്പര്‍ ഉടനെ തന്നെ ബ്ലോക്ക് ചെയ്ത ശേഷം ആപ്പില്‍ കൊടുത്തിരുന്ന എല്ലാ വിധ പെര്‍മിഷനും മാറ്റി ആപ്പ് തന്നെ അണ്‍ഇന്‍സ്റ്റാള്‍ ചെയ്തു. എല്ലാം കഴിഞ്ഞെന്നോര്‍ത്ത് ഇരിക്കുമ്പോള്‍ രണ്ടുമൂന്ന് ദിവസം കഴിഞ്ഞ് ലോണ്‍ അടച്ചില്ല എന്നു പറഞ്ഞ് വീണ്ടും അവരുടെ കോള്‍ എത്തി. ഇത്തവണ 800 രൂപ റോള്‍ ഓവര്‍ പേയ്‌മെന്റ് ചെയ്യണം എന്നതായിരുന്നു ആവശ്യം.
ഈ ഒരു കുടുക്കില്‍ അകപ്പെട്ട നിമിഷത്തെ ശപിച്ചുകൊണ്ട് അപ്പോള്‍ത്തന്നെ അയാള്‍ 800 രൂപ പേയ്‌മെന്റ് ചെയ്ത് യു.പി.ഐ ഐഡിയും കൊടുത്തു. അവിടം കൊണ്ടും അവരുടെ ശല്യം തീര്‍ന്നില്ല. 800 രൂപ റോള്‍ ഓവര്‍ എമൗണ്ട് വീണ്ടും കൊടുക്കണം എന്നുപറഞ്ഞ് അവരുടെ കോളുകളും ഭീഷണിയും തുടര്‍ന്നുകൊണ്ടേയിരുന്നു. എന്തായാലും ഇത്തവണ വിട്ടു കൊടുക്കാന്‍ അയാള്‍ തയ്യാറല്ലായിരുന്നു. ഇങ്ങോട്ടു സംസാരിച്ചതിന്റെ നാലിരട്ടി അങ്ങോട്ടും സംസാരിച്ച് കോളും കട്ടാക്കി. അങ്ങനെ സമാധാനത്തില്‍ ഇരിക്കുമ്പോഴാണ് ഒരു സൗദി അറേബ്യന്‍ നമ്പറില്‍ നിന്നും പണമടയ്ക്കാന്‍ പറഞ്ഞുകൊണ്ട് വീണ്ടും കോള്‍ വന്നത്. അതായത് ലോണ്‍ പ്രോസസ് പോലും മുഴുവനാക്കാത്ത ഒരാളിന്റെ പക്കല്‍ നിന്നും ഇത്രയധികം പണം തിരികെ ഈടാക്കുക, മോശമായി സംസാരിക്കുക, ഭീഷണിപ്പെടുത്തുക എന്നിങ്ങനെയുള്ള ഗുരുതര അനുഭവങ്ങള്‍ ഓണ്‍ലൈന്‍ ലോണ്‍ ആപ്പില്‍ ഒളിഞ്ഞുകിടപ്പുണ്ടെന്ന് അയാളും അറിഞ്ഞിരുന്നില്ല.
പെട്ടതോ പെട്ടു, ഇനിയെന്ത്?
ഓണ്‍ലൈനായി ഒരു ആപ്പുവഴി ലോണെടുത്ത് കുടുക്കില്‍പ്പെട്ട് കിടക്കുകയാണ് നിങ്ങളെങ്കില്‍ ആദ്യം ചെയ്യേണ്ടത് ഈ ലോണ്‍ നല്‍കിയ ആപ്പ്/സേവനദാതാവ് അംഗീകൃതമായാണോ ഈ ഇടപാടുകള്‍ നടത്തുന്നത് എന്നന്വേഷിക്കുകയാണ്. ലോണ്‍ എടുക്കുന്നതിന് മുന്‍പുതന്നെ ഇത് അന്വേഷിക്കേണ്ടതാണെങ്കിലും അന്ന് ചെയ്തില്ലെങ്കില്‍ ഇന്നെങ്കിലും ചെയ്യുക. അംഗീകൃതമാണെങ്കില്‍ നിങ്ങളുടെ പരാതികള്‍ സഹിതം അവരുടെ കസ്റ്റമര്‍ കെയറില്‍ കോണ്‍ടാക്ട് ചെയ്യുകയോ ഇമെയില്‍ ചെയ്യുകയോ ചെയ്യുക.
അതുവഴി ലോണ്‍ റീസ്ട്രക്ചറിംഗ്, മൊറട്ടോറിയം തുടങ്ങിയ എന്തെങ്കിലും സഹായങ്ങള്‍ കിട്ടാം/കിട്ടാതിരിക്കാം. അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകളാണെങ്കില്‍ കസ്റ്റമര്‍ കെയറൊന്നും ഉണ്ടാകാനിടയില്ല, ഉണ്ടായാലും ഗുണവും ലഭിക്കാന്‍ പോകുന്നില്ല. പിന്നെ. ഇന്റര്‍നെറ്റ് വഴിയൊക്കെ കസ്റ്റമര്‍ കെയര്‍ നമ്പറെടുക്കുമ്പോള്‍ അത് ഒറിജിനലാണോ എന്നുകൂടി ഒന്ന് ശ്രദ്ധിക്കണം, അല്ലാതെ അടുത്ത കുടുക്കില്‍ പോയി ചാടരുത്. കൂടാതെ പ്രധാനപ്പെട്ട വ്യക്തിവിവരങ്ങള്‍, സാമ്പത്തിക വിവരങ്ങള്‍ എന്നിവയൊന്നും പങ്കുവയ്ക്കാതിരിക്കാനും ശ്രദ്ധിക്കണം.
ഇനി പിടിവള്ളിയൊക്കെ വിട്ട് ആപ്പുകാരുടെ ഭീഷണിയും മറ്റും അനുഭവിക്കേണ്ടി വരുന്നുണ്ടെങ്കില്‍ ഒട്ടും മടിക്കാതെ പൊലീസിലും, ആര്‍.ബി. ഐയിലും, ധനകാര്യ മന്ത്രാലയത്തിലുമൊക്കെ കൃത്യമായ തെളിവുകള്‍ സഹിതം പരാതി കൊടുക്കാവുന്നതാണ്.
പല വന്മരങ്ങളും വീണു, ഇനിയെന്ത്?
കേന്ദ്രസര്‍ക്കാര്‍ ഇതിനുമുന്‍പും പല ആപ്പുകളെയും ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പുതുതായി നടന്ന ഇടപെടലിലാണ് മറ്റുപല ആപ്പുകളുടെ കൂട്ടത്തില്‍ പല ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളും നിരോധിക്കപ്പെട്ടത്. ഈ ആപ്പുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയതിന് ശേഷമാണ് ഇത്തരമൊരുതീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത് എന്നാണ് നമുക്കറിയാന്‍ കഴിയുന്നത്. ഇത് കടം വാങ്ങുന്നവര്‍ക്കെതിരെ നടക്കുന്ന ചൂഷണത്തിന്റെയും വഞ്ചനയുടെയും അന്യായമായ നടപടികളുടെയും നിരവധി സംഭവങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നു. മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെ ആളുകള്‍ക്ക് വേഗത്തിലും എളുപ്പത്തിലും വായ്പ വാഗ്ദാനം ചെയ്യുന്ന പല ലോണ്‍ ആപ്പുകളും പൗരന്മാരുടെ സാമ്പത്തിക സ്ഥിരതയ്ക്കും സുരക്ഷയ്ക്കും വലിയ ഭീഷണിയായി മാറിയെന്ന് സര്‍ക്കാര്‍ മനസ്സിലാക്കിയതായി നമുക്കനുമാനിക്കാം.
ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ വായ്പയെടുത്തവരില്‍ നിന്ന് ഒട്ടനേകം പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ലോണ്‍ ആപ്പുകള്‍ സര്‍ക്കാരിന്റെ പരിശോധനയ്ക്ക് വിധേയമായത്. ഈ ആപ്പുകളില്‍ പലതും അമിത പലിശയും മറച്ചുവെച്ച ഫീസും വായ്പക്കാരില്‍ നിന്ന് അന്യായമായ പിഴയും ഈടാക്കുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞുവത്രേ. കൂടാതെ ഇത്തരം ആപ്പുകള്‍ കടം വാങ്ങുന്നവരുടെ വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായും അവരുടെ സ്വകാര്യതയും സുരക്ഷയും അപകടത്തിലാക്കുന്നതായും കണ്ടെത്തി. പൗരന്മാരുടെ സാമ്പത്തിക അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ അനാശാസ്യ സ്ഥാപനങ്ങളാല്‍ ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള ഒരു ചുവടുവെപ്പായിട്ടാണ് പല സാമ്പത്തിക വിദഗ്ധരും ഈ സര്‍ക്കാര്‍ നടപടിയെ കാണുന്നത്.
അപ്പോളിനി ലോണ്‍ അടയ്ക്കണ്ടേ?
ലോണ്‍ എന്നാല്‍ത്തന്നെ കൃത്യമായി തിരിച്ചടച്ചുകൊള്ളാം എന്ന ഒരു കരാറിന്റെ പുറത്ത് നമുക്ക് ലഭിക്കുന്ന പണമാണ്. അതുകൊണ്ടുതന്നെ തിരിച്ചടയ്ക്കണ്ട എന്നൊന്നും ആരും എവിടെയും പറയുന്നില്ല. മാത്രമല്ല, പലപ്പോഴും ഈ ലോണ്‍ തരുന്ന ആപ്പുകാരല്ല യഥാര്‍ത്ഥത്തില്‍ പണം തരുന്നത്; അവര്‍ ഇടനിലക്കാരായിരിക്കാം. ഏതെങ്കിലും രജിസ്ട്രേഷനും ലൈസന്‍സുമുള്ള ധനകാര്യ സ്ഥാപനമായിരിക്കാം ഈ ആപ്പ് വഴി നിങ്ങള്‍ക്ക് ലോണ്‍ നല്‍കിയിട്ടുണ്ടാവുക. അതുകൊണ്ടുതന്നെ ഈ ഇടനിലക്കാരനായ ആപ്പ് നിരോധിക്കപ്പെട്ടാലും ലോണ്‍ അവിടെത്തന്നെയുണ്ടാകും. അത് തിരിച്ചടച്ചില്ലെങ്കില്‍ സിബില്‍ പോലെയുള്ള ഏജന്‍സികളില്‍ റിപ്പോര്‍ട്ട് ചെയ്യുക വഴി ദൂരവ്യാപകമായ ഫലങ്ങളും ഉണ്ടാകാം. അപ്പോള്‍ നിങ്ങളുടെ ലോണിനെ കൂടുതല്‍ അടുത്തറിയാന്‍ ആദ്യം ശ്രമിക്കണം. എങ്കില്‍മാത്രമേ അടുത്ത പടി എന്തെന്ന് പറയാനാകൂ.
ലോണ്‍ ആപ്പുകളുടെ ഈ നിരോധനം ഇന്ത്യയിലെ ഫിന്‍ടെക് വ്യവസായത്തിന് ദൂരവ്യാപകമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നത് സത്യം തന്നെയാണ്. ഇത് ചൂഷണവും വഞ്ചനയും തടയാന്‍ സഹായിക്കുക മാത്രമല്ല സാമ്പത്തിക സാക്ഷരത പ്രോത്സാഹിപ്പിക്കുകയും കൂടുതല്‍ പരമ്പരാഗതവും നിയന്ത്രിതവുമായ വായ്പാ പദ്ധതികള്‍ തിരഞ്ഞെടുക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് സാമ്പത്തിക സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ക്കാരിന്റെ പ്രധാന ആശങ്കയായ കടക്കെണികള്‍ തടയുന്നതിനും സഹായിക്കും എന്നും വിലയിരുത്തപ്പെടുന്നുണ്ട്.
ഇന്ത്യയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതോ, മുന്‍പ് പ്രവര്‍ത്തിച്ചിരുന്നതോ ആയ എല്ലാ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളും പ്രശ്‌നക്കാരാണെന്നോ, ചൂഷകരാണെന്നോ അര്‍ത്ഥമാക്കുന്നില്ല, മറിച്ച് അവരില്‍ പലരും ആട്ടിന്‍തോലിട്ട ചെന്നായ്ക്കളാണെന്നുള്ള തിരിച്ചറിവിനെ പ്രമാണീകരിക്കുക മാത്രമാണ് ഈ ലേഖനത്തില്‍ ഉദ്ദേശിച്ചിരിക്കുന്നത്. നല്ല ട്രാക്ക് റെക്കോര്‍ഡോടുകൂടിയ, ഉപഭോക്താക്കളുടെ പണമല്ലാതെ മനസ്സുകവര്‍ന്ന പല ലോണ്‍ ആപ്പുകളും ഇവിടെയുണ്ട്. അതില്‍ പലതും ഇപ്പോഴും ഒരു തടസ്സവുമില്ലാതെ പ്രവര്‍ത്തിക്കുന്നുമുണ്ട്. അതായത് കടമെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ സ്വയം പരിരക്ഷിക്കുന്നതിനായി ലോണ്‍ സ്വീകരിക്കുന്നതിന് മുമ്പ് അതിന്റെ നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂര്‍വ്വം വായിക്കുകയും, വിശ്വസനീയവും നിയന്ത്രിതവുമായി വായ്പ നല്കുന്നവരേയും പരിഗണിക്കുകയും, ശരിയല്ലെന്ന് തോന്നുന്ന ലോണ്‍ ഓഫറുകളില്‍ ജാഗ്രത പാലിക്കുകയും വേണം എന്ന് ചുരുക്കം. ഈ മുന്‍കരുതലുകള്‍ എടുക്കുന്നതിലൂടെ കടം വാങ്ങുന്നവര്‍ക്ക് ഓണ്‍ലൈന്‍ ലോണ്‍ മൊബൈല്‍ ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ക്ക് ഇരയാകുന്നത് ഒഴിവാക്കാനും അവരുടെ സാമ്പത്തിക ക്ഷേമം സംരക്ഷിക്കാനും കഴിയും.