image

13 April 2023 12:30 PM IST

Premium

സ്വര്‍ണം കടത്തിയാല്‍ ശിക്ഷയില്ലേ? എന്തൊക്കെയാണ് നടപടികള്‍?

Bureau

സ്വര്‍ണം കടത്തിയാല്‍ ശിക്ഷയില്ലേ? എന്തൊക്കെയാണ് നടപടികള്‍?
X

Summary

  • ഡിആര്‍ഐ മാസംതോറും 1000 കോടി രൂപയോളം കള്ളക്കടത്ത് ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുന്നുണ്ട്
  • രഹസ്യ വിവരങ്ങളിലൂടെയാണ് കള്ളക്കടത്തിന്റെ ഏറിയ പങ്കും പിടിക്കുന്നത്


സാങ്കേതികവിദ്യയുടെയും സൂക്ഷ്മ പരിശോധനയുടെയും സഹായത്തോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളില്‍ മിക്കവാറും...

സാങ്കേതികവിദ്യയുടെയും സൂക്ഷ്മ പരിശോധനയുടെയും സഹായത്തോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളില്‍ മിക്കവാറും എല്ലാ ദിവസങ്ങളിലും സ്വര്‍ണക്കടത്തുകാരെ പിടികൂടാറുണ്ട്. മെറ്റല്‍ ഡിറ്റക്ടറുകളും എക്സ്റെ സ്‌കാനുകളുമാണ് പ്രധാനമായും ഇത്തരം പരിശോധനകള്‍ക്കായി ഉപയോഗിക്കാറുള്ളത്. യാത്രക്കാരെ ഇത്തരം സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വിശദമായി പരിശോധിക്കുന്നു. ആവശ്യമെങ്കില്‍ മെഡിക്കല്‍ സംഘത്തിന്റെ സഹായവും തേടാറുണ്ട്. പരിചയസമ്പന്നരായ ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണക്കടത്തുകാരെ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും.

രഹസ്യ വിവരത്തില്‍ കുടുങ്ങും

മാര്‍ച്ച് എട്ടിന് സ്വര്‍ണ കള്ളക്കടത്ത് നടത്തിയ എയര്‍ ഇന്ത്യ കാബിന്‍ ക്രൂ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയിലായിരുന്നു. വയനാട് സ്വദേശി ഷാഫിയെയാണ് 1487 ഗ്രാം സ്വര്‍ണ മിശ്രിതവുമായി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് പിടികൂടിയത്. ബഹ്റൈന്‍- കോഴിക്കോട്- കൊച്ചി സര്‍വീസ് നടത്തുന്ന വിമാനത്തിലെ കാബിന്‍ ക്രൂവായ ഷാഫി സ്വര്‍ണം കൊണ്ടുവരുന്നതായി പ്രിവന്റീവ് കമീഷണറേറ്റിന് രഹസ്യ വിവരം ലഭിച്ചിരുന്നു. കൈകളില്‍ സ്വര്‍ണം ചുറ്റിവച്ച ശേഷം ഷര്‍ട്ടിന്റെ കൈ മൂടിയിട്ട് ഗ്രീന്‍ ചാനലിലൂടെ കടക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.

കള്ളക്കടത്തുകാര്‍ ശരീരത്തില്‍ ഒളിപ്പിക്കുന്നത് കൂടാതെ വസ്ത്രങ്ങളിലും മറ്റു വസ്തുക്കളിലും ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നുണ്ട്. കസ്റ്റംസിന്റെ ഡിആര്‍ഐ വിഭാഗത്തിന് രഹസ്യവിവരം ലഭിക്കുന്നതില്‍ നിന്ന് കള്ളക്കടത്ത് പിടിക്കാന്‍ സാധിച്ചിട്ടുണ്ട്. ഡിആര്‍ഐ എല്ലാ മാസവും ശരാശരി 1000 കോടി രൂപയുടെ കള്ളക്കടത്ത് ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുന്നുണ്ട്. സ്വര്‍ണ കള്ളക്കടത്ത് പിടിക്കപ്പെടുന്നതില്‍ കൂടുതലും രഹസ്യവിവരം വഴി ചോരുന്നതു മൂലമാണ്.

ഒരു കോടിക്ക് മുകളില്‍ കോഫെപോസ

ഒരു കോടിക്ക് മുകളില്‍ മൂല്യമുള്ള സ്വര്‍ണം പിടിക്കപ്പെട്ടാലാണ് കോഫെപോസ ചുമത്തി കേസെടുക്കുക. ഇവരെ എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ ഹാജരാക്കി കേസ് നടത്തും. എന്നാല്‍, ഒരു കോടിക്ക് താഴെയുള്ള സ്വര്‍ണം പിടിക്കപ്പെട്ടാല്‍ കസ്റ്റംസ് കമ്മിഷണര്‍ക്ക് ജാമ്യം നല്‍കാം.

പിടിക്കപ്പെട്ട സ്വര്‍ണമൂല്യത്തിന്റെ 25 ശതമാനം വരെ പിഴ അടയ്ക്കണം. സ്വര്‍ണം കണ്ടുകെട്ടി കസ്റ്റംസ് കസ്റ്റഡിയിലെടുക്കും. ഇതു യാത്രക്കാരന് തിരിച്ചു വേണമെങ്കില്‍ രേഖകള്‍ ഹാജരാക്കി നികുതിയും പിഴയും അടച്ച് വാങ്ങാനാവും. എന്നാല്‍, നഷ്ടം സഹിച്ച് ആരും ഇതിന് മുതിരാറില്ല. ഇതോടെ ഈ സ്വര്‍ണം സര്‍ക്കാരിലേക്ക് കണ്ടുകെട്ടും. കസ്റ്റംസിനെ വെട്ടിച്ച് കടത്തുന്ന സ്വര്‍ണം യാത്രക്കാരനില്‍നിന്ന് തട്ടിയെടുക്കാനാണ് ഇപ്പോള്‍ വഴിയോരങ്ങളില്‍ ക്വാട്ടേഷന്‍ സംഘങ്ങള്‍ കാത്തുനില്‍ക്കുന്നത്.

ആദ്യ മൂന്ന് ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക