image

12 Sep 2023 11:03 AM GMT

Premium

നിക്ഷേപകരെ സമ്പന്നരാക്കി എസ്എംഇ ഓഹരികൾ

Ahammed Rameez Y

sme shares make investors rich
X

Summary

  • എസ്എംഇ ഇഷ്യൂവിന് വന്‍ പ്രതികരണം
  • 105 കമ്പനികള്‍ 2600 കോടി രൂപയാണ് സ്വരൂപിച്ചത്
  • എസ്എംഇ ഇഷ്യുവില്‍ മുന്നിട്ടു നില്ക്കുന്നത് ഗുജറാത്ത്.


വന്‍ കമ്പനികള്‍ക്കു മാത്രമല്ല, ചെറുകിട, ഇടത്തരം കമ്പനികള്‍ക്കും പണം നല്കാന്‍ ഇന്ത്യയിലെ നിക്ഷേപകർക്കു യാതൊരു മടിയുമില്ല. നല്ല ഉത്പന്നവും മാനേജ്മെന്‍റം ബിസിനസ് തന്ത്രവുമൊക്കെയുണ്ടെങ്കില്‍ ഇന്ത്യ നിക്ഷേപകർ രണ്ടും കൈയും നീട്ടി അവരെ സ്വീകരിക്കും.

2023 -ലെത്തിയ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ( എസ്എംഇ) പബ്ളിക് ഇഷ്യുകള്‍ക്ക് ലഭിച്ച പ്രതികരണം വെളിപ്പെടുത്തുന്നത് അതാണ്. 2023-ല്‍ ഇതുവരെ (2023 ഓഗസ്റ്റ് 30) ഇഷ്യുമായി വന്ന 105 കമ്പനികള്‍ 2600 കോടി രൂപയാണ് സ്വരൂപിച്ചത്. ഈ ഓഹരികള്‍ക്കായി ലഭിച്ചത് 1.44 ലക്ഷം കോടി രൂപയ്ക്കുള്ള അപേക്ഷകളാണ്. ബിഎസ്ഇയുടെയും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെയും എസ്എംഇ പ്ലാറ്റുഫോമുകൾ 2012-ൽ അവതരിപ്പിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന മൂലധനസമാഹരണമാണ് ഈ വര്‍ഷത്തേത്.

2018ൽ 141 സ്ഥാപനങ്ങൾ സമാഹരിച്ച 2,287 കോടി രൂപയുടെ റെക്കോർഡാണ് 2023 -ല്‍ മറികടന്നത്. ഇതില്‍ പതിനൊന്ന് ഇഷ്യുവിന് 200 മുതൽ 400 വരെ ഇരട്ടിയും 13 ഇഷ്യൂവിനു 100 മുതൽ 200 വരെ ഇരട്ടിയും അപേക്ഷകൾ കിട്ടി. 2022ൽ 109 കമ്പനികൾ എസ്എംഇ പ്ലാറ്റ്‌ഫോമില്‍ 1,875 കോടി രൂപ സമാഹരിച്ചപ്പോൾ, 2021ൽ 59 കമ്പനികൾ 746 കോടി രൂപ സമാഹരിച്ചു.

ബിഎസ്ഇ എസ്എംഇ പ്ലാറ്റ്ഫോമില്‍ ഇതുവരെ 415 കമ്പനികള്‍ ലിസ്റ്റ് ചെയ്തു. അവയുടെ വിപണി മൂല്യം 75000 കോടി രൂപയ്ക്കു മുകളിലെത്തിയിട്ടുണ്ട്.

എസ്എംഇ ഇഷ്യുവില്‍ മുന്നിട്ടു നില്ക്കുന്നത് ഗുജറാത്താണ്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ നൂറാമത്തെ ഗുജറാത്ത് കമ്പനിയാണ് എന്‍എസ്ഇ എസ്എംഇ പ്ലാറ്റ്ഫോമില്‍ ലിസ്റ്റ് ചെയ്തത്.

എസ്എംഇ ഇഷ്യൂവിന് വന്‍ പ്രതികരണം

ഓഗസ്റ്റ് ആദ്യം എത്തിയ ശ്രീവരി സ്‌പൈസസ് ആൻഡ് ഫുഡ്‌സിന്റെ 9 കോടി രൂപയുടെ ഇഷ്യൂവിന് 450 ഇരട്ടി അപേക്ഷകളാണ് വന്നത്, അതേസമയം ആൻലോൺ ടെക്‌നോളജി സൊല്യൂഷൻസിന്റെ 15 കോടി രൂപയുടെ ഇഷ്യുന് 429 മടങ്ങായിരുന്നു അപേക്ഷ. അതുപോലെ, എം കോൺ രസായൻ ഇന്ത്യ, ക്വാളിറ്റി ഫോയിൽസ് (ഇന്ത്യ), ക്രിഷ്ക സ്ട്രാപ്പിംഗ് സൊല്യൂഷൻസ് എന്നിവയുടെ ഇഷ്യൂവിനു 330-380 ഇരട്ടി അപേക്ഷകല്‍ ലഭിച്ചു.

സോളാർ എനർജി സൊല്യൂഷൻസ് പ്രൊവൈഡറായ നോയിഡ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ഒറിയാന പവറിന്റെ 60 കോടി രൂപയുടെ ഇഷ്യൂവിനു 177 ഇരട്ടി അപേക്ഷകൾ വന്നു. ഇത് 10,535 കോടിരൂപയുടെ ഓഹരിക്കുള്ള അപക്ഷയാണ് ഇതിന്‍ ഇഷ്യുവിനു ലഭിച്ചത്.

ഡ്രോൺ ഡെസ്റ്റിനേഷൻ 44.2 കോടി രൂപയുടെ ഇഷ്യു കഴിഞ്ഞ മാസം 191.65 തവണ അപേക്ഷയില്‍ ലഭിച്ചിരുന്നു. 8,571 കോടി രൂപയുടെ അപേക്ഷകളാണ് വന്നത്. ഡ്രോൺ ഡെസ്റ്റിനേഷൻ ഓഹരികൾ 57% നേട്ടത്തോടെയാണ് ലിസ്റ്റിംഗ് നടത്തിയത്.

"മഹാമാരിക്ക് ശേഷം, എംഎസ്എംഇകൾ മുതൽ വൻകിട കോർപ്പറേറ്റുകൾ വരെയുള്ളവ വലിയതോതില്‍ മൂലധന നിക്ഷേപത്തിനു തുനിയുന്നുണ്ട്. ഓഹരി, കടം എന്നിവയിലൂടെയാണ് അവരുടെ ഫണ്ട് സ്വരൂപണം. പക്ഷെ, കഴിഞ്ഞ 36 മാസങ്ങളിൽ ഏറ്റവും കൂടുതൽ മൂലധനസമാഹരണ പ്രവർത്തനങ്ങൾ ഐ‌പി‌ഒകളിലൂടെ നടക്കുന്നതായാണ് ഞങ്ങള്‍ കണ്ടത്, ”യുണിസ്റ്റോൺ കാപ്പിറ്റലിന്റെ സ്ഥാപകനും ഡയറക്ടറുമായ ബ്രിജേഷ് പരേഖ് പറഞ്ഞു. "എച്ച്എൻഐ, റീട്ടെയിൽ നിക്ഷേപകര്‍ക്കിടയില്‍ എസ്എംഇ ഐപിഒകൾക്ക് നല്ല ഡിമാൻഡുണ്ട്.", അദ്ദേഹം പറയുന്നു.

ഉയർന്ന ആസ്തിയുള്ള വ്യക്തികൾ (എച്ച്എൻഐകൾ) എസ്എംഇ ഐപിഒകളിൽ വലിയ തോതില്‍ അപേക്ഷ നല്‍കാന്‍ താല്പര്യം കാണിക്കുന്നുണ്ട്. നല്ല ബിസിനസ് ആശയവും സുതാര്യമായ ബിസിനസ് പ്രവർത്തനങ്ങളുമുണ്ടെങ്കില്‍ പണം നല്കാന്‍ നിക്ഷേപകരുണ്ട് എന്നതാണ് എസ്എംഇ ഇഷ്യുകള്‍ തെളിയിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ എസ്എംഇകള്‍ക്ക് മുമ്പില്ലാത്തവിധം വായ്പയായും നിക്ഷേപമായും പണം സ്വരൂപിക്കുന്നതിനുള്ള അവസരം ഉയർന്നുവന്നിരിക്കുകയാണ്. അതേ സമയം നിക്ഷേപകർക്കു മോശമല്ലാത്ത റിട്ടേണ്‍ ലഭിക്കുവാനും നിക്ഷേപത്തില്‍നിന്നു പുറത്തു കടക്കുവാനും അവസരമുണ്ടായിരിക്കുന്നു.

ഇന്ത്യയെപ്പോലുള്ള ഒരു വികസിത രാജ്യത്തിന്, ചെറുകിട, ഇടത്തരം സംരംഭങ്ങളാണ് സമ്പദ്‌വ്യവസ്ഥയെ ഉയർത്തുന്നത്. എസ്എംഇകൾ ഇന്ത്യയുടെ ജിഡിപിയുടെ മുപ്പതു ശതമാനത്തോളം സംഭാവന ചെയ്യുന്നുണ്ടെങ്കിലും അവയ്ക്കു ലഭിക്കുന്ന വായ്പ ആനുപാതികമല്ലെന്നു മാത്രമല്ല വളരെ താഴെയുമാണ്. വികസിത രാജ്യങ്ങളിലെല്ലാം തന്നെ തൊഴില്‍ നല്കുന്നതിലും ജിഡിപി സംഭാവനയിലും എസ്എംഇകള്‍ പ്രധാന പങ്കു വഹിച്ചുപോരുന്നുണ്ട്. പല രാജ്യങ്ങളിലും ജിഡിപിയുടെ 50 ശതമാനത്തോളം സംഭാവന ചെയ്യുന്നത് എസ്എംഇകളാണ്. ജർമ്മനിയിൽ മൊത്തത്തിലുള്ള മൂല്യവർദ്ധനയുടെ 54.4 ശതമാനവും ജർമ്മൻ നോൺ-ഫിനാൻഷ്യൽ ബിസിനസില്‍ 63.7 ശതമാനം തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നത് എസ്എംഇകളാണ്. യു എസ് സമ്പദ്ഘടനയുടെ ജീവരക്തംതന്നെ എസ്എംഇകളാണ്. യു എസ് ജിഡിപിയുടെ പകുതിയിലധികം എസ്എംഇയുടെ സംഭാവനയാണ്.

നേട്ടം നല്കി എസ് എം ഇ ഓഹരികള്‍

വിപണിയിൽ മികച്ച മുന്നേറ്റം കാഴ്ച വെക്കുന്ന ചില കമ്പനികളിലൊന്നാണ് കൃഷ്ക സ്ട്രാപ്പിംഗ് സൊല്യൂഷൻസ്. ഇഷ്യൂ വിലയിലായ 54 രൂപയിൽ നിന്ന് 375 ശതമാനം ഉയർന്നു 245 രൂപയ്ക്കാണ് നിലവിൽ വ്യാപാരം നടക്കുന്നത്. 52 ആഴ്ച്ചയിലെ ഉയന്ന നിരക്ക് 299 രൂപയും താഴ്ന്നത് 119 രൂപയുമാണ്. എക്സിക്കോൺ ഇവന്റ്സ് മീഡിയ സൊല്യൂഷൻസ് ലിമിറ്റഡാണ് വിപണിയിൽ മുന്നേറ്റം കുറിക്കുന്ന മറ്റൊരു കമ്പനി. നിലവിൽ 285 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഇഷ്യൂ വില ഓഹരിക്ക് 64 രൂപയായിരുന്നു. 52 ആഴ്ച്ചയിലെ ഉയന്ന നിരക്ക് 350.90 രൂപയും താഴ്ന്നത് 64 രൂപയുമാണ്.

ഇത്തരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മുന്‍നിര ഓഹരികളുടെ പട്ടിക ചുവടെ. നൂറു ശതമാനത്തിലധികം റിട്ടേണ്‍ നല്കിയ ഓഹരികള്‍ നിരവധിയാണ്.

നഷ്ടം നല്കിയ എസ്എംഇ ഓഹരികള്‍

എന്നാല്‍ ഇഷ്യു നടത്തിയ എല്ലാ ഓഹരികളും നിക്ഷേപകനെ സന്തോഷിപ്പിക്കുന്നില്ല എന്ന വസ്തുതയും മനസില്‍ വയ്ക്കുക. ഏതാണ്ട് ഇരുപത്തഞ്ചോളം കമ്പനികളുടെ ഇപ്പോഴത്തെ വില ഇഷ്യു വിലയ്ക്കു താഴയാണ്. മോശം പ്രകടനം കാഴ്ച വച്ച ഏതാനും ഓഹരികളെക്കുറിച്ചുകൂടി ചുവടെ നല്തുകുയാണ്.

ഫാർമസ്യൂട്ടിക്കൽ അസംസ്കൃത വസ്തുക്കൾ മെഗായിൽ പ്രവൃത്തിക്കുന്ന പട്രോൺ എക്സിം ലിമിറ്റഡ് ഓഹരികൾ നിലവിൽ 9.95 വ്യാപാരം നടക്കുന്നുണ്ട്. എന്നാൽ ഇഷ്യൂ വില 27 രൂപയായിരുന്നു ഇത് ഇഷ്യൂ വിലയിൽ നിന്നും 63.15 ശതമാനം താഴ്ന്നാണ് കൈമാറ്റം നടക്കുന്നത്.

എസ് വി എസ് വെഞ്ചേഴ്സ് ലിമിറ്റഡ് ഇഷ്യൂ വിലയിൽ നിന്നും 60 ശതമാനം താഴ്ന്നു നിലവിൽ 8 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഓഹരിയുടെ ഇഷ്യൂ വില 20 രൂപയായിരുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിലാണ് കമ്പനി പ്രവർത്തിക്കുന്നത്.

ബിസോട്ടിക് കൊമേഴ്‌സ്യൽ ലിമിറ്റഡ് ഇഷ്യൂ വില 175 രൂപയായിരുന്നു, നിലവിൽ അതിൽ നിന്നും 59.85 ഇടിഞ്ഞു 70.27 എത്തിയിട്ടുണ്ട്. അർബൻ യുണൈറ്റഡ് എന്ന ബ്രാൻഡിൽ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ നിർമ്മാണം, രൂപകൽപ്പന, വിപണനം കമ്പനി നടത്തുന്നുണ്ട്.

സെൽ പോയിന്റ് (ഇന്ത്യ) ലിമിറ്റഡ് ഓഹരികൾ നിലവിൽ 56.45 രൂപയ്ക്കാണ് വ്യാപാരം നടത്തുന്നത്. ഇത് ഇഷ്യൂ വിളയായ 100 നിന്നും 43.55 ശതമാനം താഴ്ന്നാണ് കൈമാറ്റം നടക്കുന്നത്. ആപ്പിൾ, സാംസങ്, ഓപ്പോ, റീയൽമി, നോക്കിയ, വൺപ്ലസും, വിവോ, സയോമി, റെഡ്മി, തുടങ്ങിയ നിർമ്മാതാക്കളിൽ നിന്ന് സ്മാർട്ട് ഫോണുകൾ, ടാബ്‌ലെറ്റുകൾ, മൊബൈൽ ആക്‌സസറികൾ, മൊബൈലുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ, അനുബന്ധ ആക്‌സസറികൾ എന്നിവയുടെ മൾട്ടി-ബ്രാൻഡ് റീട്ടെയിൽ വിൽപ്പനയിൽ സെൽ പോയിന്റ് (ഇന്ത്യ) ലിമിറ്റഡ് ഏർപ്പെട്ടിരിക്കുന്നു.

ബാധ്യതാനിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല