31 Aug 2023 1:16 PM GMT
Summary
- കാർഷിക മേഖലയിലെ വളർച്ച 3.5 ശതമാനം.(തലേ വർഷം 2.4 ശതമാനം)
- സ്വകാര്യ ഉപഭാേഗം കുറയുന്നു. മൂലധന നിക്ഷേപം വർധിക്കുന്നില്ല
- ഈ വർഷം 6.5 ശതമാനം വളർച്ച എന്ന റിസർവ് ബാങ്ക് കണക്കുകൂട്ടൽ പാളും
ഈ ധനകാര്യ വർഷത്തെ വളർച്ച സംബന്ധിച്ച് ആശങ്ക ജനിപ്പിക്കുന്നതായി ഒന്നാം പാദ ജിഡിപി വളർച്ച. റിസർവ് ബാങ്ക് പ്രതീക്ഷിച്ച എട്ടു ശതമാനത്തിനു താഴെ 7.8 ശതമാനം വളർച്ചയേ ഏപ്രിൽ - ജൂണിൽ ഉണ്ടായുള്ളു. ഒരു വർഷം മുൻപ് 13.1 ശതമാനവും തലേ പാദത്തിൽ 6.1 ശതമാനമായിരുന്നു വളർച്ച.
സ്ഥിരവിലയിലെ ജിഡിപി ഒന്നാം പാദത്തിൽ 40.37 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വർഷം ഒന്നാം പാദത്തിൽ 37.44 ലക്ഷം കോടി. നിലവിലെ വിലയിൽ ജിഡിപി 70.67 ലക്ഷം കോടി രൂപ വരും. എട്ടു ശതമാനമാണു വളർച്ച.
കാർഷിക മേഖലയിലെ വളർച്ച 3.5 ശതമാനമാണ്. ഇതു തലേ വർഷം 2.4 ശതമാനമായിരുന്നു.
ഖനന വളർച്ച 9.5-ൽ നിന്ന് 5.8 ശതമാനമായി ഇടിഞ്ഞു. ഫാക്ടറി ഉൽപാദന വളർച്ച 6.1 ൽ നിന്ന് 4.7 ശതമാനമായി കുറഞ്ഞു. നിർമാണ മേഖലയുടെ വളർച്ച 16 ൽ നിന്ന് 7.9 ശതമാനമായി ചുരുങ്ങി. വൈദ്യുതി മേഖലയുടെ വളർച്ച 14.9-ൽ നിന്ന് 2.9 ശതമാനത്തിലേക്കു വീണു. വ്യാപാര - ഗതാഗത-ഹോട്ടൽ - കമ്യൂണിക്കേഷൻ മേഖലയുടേത് 25.7 ൽ നിന്ന് 9.2 ശതമാനത്തിലേക്കു കൂപ്പുകുത്തി. സർക്കാർ ചെലവും പ്രതിരോധവും ഉൾപ്പെട്ട മേഖലയുടെ വളർച്ച 21.3 ൽ നിന്ന് 7.9 ശതമാനത്തിലേക്ക് വീണു.
വളർച്ച കാണിച്ച ഏക കാർഷികേതര മേഖല ധനകാര്യ സേവന, റിയൽ എസ്റ്റേറ്റ്, പ്രഫഷണൽ സർവീസ് വിഭാഗമാണ്. 8.5 ൽ നിന്നു 12.2 ശതമാനത്തിലേക്ക് ഈ മേഖലയുടെ വളർച്ച കയറി.
മൂലധനച്ചെലവ് കൂട്ടിയതിനെപ്പറ്റി സർക്കാർ വലിയ അവകാശവാദം ഉന്നയിച്ചെങ്കിലും സ്ഥാവര മൂലധന നിക്ഷേപം 12.98 ലക്ഷം കോടിയിൽ നിന്ന് 14.01 ലക്ഷം കോടി രൂപയേ ആയിട്ടുള്ളൂ. ജിഡിപിയിൽ 34.7 ശതമാനം മാത്രമായി സ്ഥാവര മൂലധന നിക്ഷേപം തുടർന്നു. സർക്കാരിന്റെ റവന്യു ചെലവ് ജിഡിപിയുടെ 11 ശതമാനമായിരുന്നത് 10.1 ശതമാനമായി കുറഞ്ഞു. സ്വകാര്യ ഉപഭോഗം തുകയിൽ വർധന കാണിച്ചെങ്കിലും ജിഡിപിയുടെ 58.3 ശതമാനത്തിൽ നിന്ന് 57.3 ശതമാനമായി കുറഞ്ഞു. കയറ്റുമതി 24.4 ൽ നിന്ന് 20.9 ശതമാനമായി കുറഞ്ഞു.
ചുരുക്കം: സ്വകാര്യ ഉപഭാേഗം കുറയുന്നു. മൂലധന നിക്ഷേപം വർധിക്കുന്നില്ല. സർക്കാർ ചെലവ് കുറയുന്നു. കയറ്റുമതി ഇടിയുന്നു. ഒട്ടും ആശാവഹമല്ല ചിത്രം.
വരും പാദങ്ങളിൽ മഴക്കുറവിന്റെയും കാർഷികാേൽപാദനത്തിലെ ഇടിവിന്റെയും പ്രത്യാഘാതങ്ങൾ ഉണ്ട്. വിലക്കയറ്റവും ഉയർന്ന പലിശയും വരുത്തുന്ന ആഘാതങ്ങൾ വേറെ. ഈ വർഷം 6.5 ശതമാനം വളർച്ച എന്ന റിസർവ് ബാങ്ക് കണക്കുകൂട്ടൽ പാളും എന്നു തീർച്ച.