image

13 Feb 2023 6:00 AM GMT

Premium

ജിഎസ്ടി വരുമാന വര്‍ധന കേരളത്തിന് കരുത്താകും

MyFin Bureau

ജിഎസ്ടി വരുമാന വര്‍ധന കേരളത്തിന് കരുത്താകും
X

Summary

  • പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം ആകെ ജിഎസ്ടി വരുമാനത്തിന്റെ 41 ശതമാനമാണ് സംസ്ഥാനത്തിനു ലഭിക്കുന്ന വിഹിതം


ഇന്ത്യയുടെ ജിഎസ്ടി വരുമാനം ഈ വര്‍ഷം ജനുവരിയില്‍ 1.56 ലക്ഷം കോടി രൂപയാണ്. ഇതില്‍ 28,963 കോടി രൂപ സിജിഎസ്ടിയും 36,730 കോടി രൂപ എസ്ജിഎസ്ടിയുമാണ്. 79,599 കോടി രൂപ ഐജിഎസ്ടിയിയുമാണ്. ഇതു കൂടാതെ 10,630 കോടി സെസും (ഇറക്കുമതി നികുതിയായി ലഭിച്ച 768 കോടി ഇതില്‍ ഉള്‍പ്പെടുന്നു).രണ്ടാമത്തെ ഉയര്‍ന്ന ജിഎസ്ടി വരുമാനമാണ് ഈ ജനുവരിയിലുണ്ടായത്.

സംസ്ഥാനത്തിന് ലഭിക്കുക 41 ശതമാനം

പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം ആകെ ജിഎസ്ടി വരുമാനത്തിന്റെ 41 ശതമാനമാണ് സംസ്ഥാനത്തിനു ലഭിക്കുന്ന വിഹിതം. മൂല്യവര്‍ധിത നികുതി, വിനോദനികുതി, ആര്‍ഭാടനികുതി, പ്രവേശനനികുതി എന്നിവയെല്ലാം എസ്ജിഎസ്ടി (സ്റ്റേറ്റ് ഗുഡ്സ് ആന്‍ഡ് സര്‍വിസ് ടാക്സ്) യില്‍ ലയിപ്പിച്ചിട്ടുണ്ട്.

2022 ഡിസംബറില്‍ ജിഎസ്ടി 1,49,507 കോടി ആയിരുന്നപ്പോള്‍ കേരളത്തിന്റെ എസ്ജിഎസ്ടി 33,357 കോടി രൂപയായിരുന്നു. റഗുലര്‍ സെറ്റില്‍മെന്റ് പ്രകാരം 36,669 കോടി കേന്ദ്രങ്ങള്‍ക്കും 31,094 കോടി സംസ്ഥാനങ്ങള്‍ക്കുമായി ആദ്യം തീരുമാനിച്ചിരുന്നു. എന്നാല്‍ റഗുലര്‍ സെറ്റില്‍മെന്റിനു ശേഷം 2022 ഡിസംബറിലെ കേന്ദ്രത്തിന്റെ ആകെ വരുമാനം 63,380 കോടിയും സംസ്ഥാനങ്ങളുടേത് 64,451 കോടിയുമായി.

റെക്കോര്‍ഡ് നേട്ടം ഏപ്രിലില്‍

2022 ഡിസംബറിലെ ജിഎസ്ടി വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലേതിനെക്കാള്‍ 15 ശതമാനം കൂടുതലായിരുന്നു. 2022-23 സാമ്പത്തികവര്‍ഷം ഓരോ മാസവും 2021-22 ല്‍ ഉള്ളതിനേക്കാള്‍ ജിഎസ്ടി വരുമാനം വര്‍ധിച്ചു. പുതിയ സാമ്പത്തികവര്‍ഷമാരംഭിക്കുന്ന ഏപ്രിലിലായിരുന്നു റെക്കോര്‍ഡ് വരുമാനം. 1,67,540 കോടി രൂപ. 2021 ഏപ്രിലിലിത് 1,39,708 കോടിയായിരുന്നു. 2021 ഡിസംബറില്‍ 1,29,780 കോടിയായിരുന്നത് 2022 ഡിസംബറില്‍ 1,49,507 കോടി രൂപയായുയര്‍ന്നു.

കേരളത്തില്‍ 15 ശതമാനം വര്‍ധന

2022 ല്‍ കേരളത്തിന്റെ ജിഎസ്ടി വരുമാനത്തില്‍ 15 ശതമാനം വര്‍ധനവാണുണ്ടായത്. 2021ല്‍ 1,895 കോടിയായിരുന്നത് 2,185 കോടിയായുയര്‍ന്നു. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ 25 ശതമാനവും കര്‍ണാടകയില്‍ 21 ശതമാനവും വര്‍ധന ഉണ്ടായപ്പോഴാണിത്. എല്ലാ സംസ്ഥാനങ്ങളിലുമായി നോക്കുമ്പോള്‍ ജിഎസ്ടി വരുമാനം മുന്‍ വര്‍ഷത്തേക്കാള്‍ ആകെ 18 ശതമാനമാണ് വര്‍ധിച്ചത്. 2021ല്‍ 91,639 കോടിയായിരുന്നത് 1,08,394 കോടിയായി വര്‍ധിച്ചു. ജിഎസ്ടി വരുമാനത്തില്‍ മുന്നിലുള്ള മഹാരാഷ്ട്രയില്‍ 20 ശതമാനം വര്‍ധനയുണ്ടായി. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ ജിഎസ്ടി പിരിക്കുന്നതില്‍ വന്‍ അനാസ്ഥയാണ് കാണിച്ചത്.

നികുതി പിരിവില്‍ പരാജയമായി ഒഡീഷയും ഗോവയും

മണിപ്പൂര്‍, ഒഡീഷ, ഛത്തീസ്ഗഢ്, ഗോവ എന്നീ സംസ്ഥാനങ്ങളും ഡാമന്‍ ആന്‍ഡ് ഡിയു, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍ തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളും നികുതി പിരിവില്‍ അലംഭാവം കാണിച്ചത് രാജ്യത്തിന്റെ നികുതി വരുമാനത്തിലെ കുതിപ്പിന്റെ ആക്കം കുറച്ചു. ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളില്‍ 2021ല്‍ 26 കോടി ജിഎസ്ടി വരുമാനം ലഭിച്ചത് 2022 ല്‍ 21 കോടിയായി കുറഞ്ഞു. ലക്ഷദ്വീപിലും -൩൬ ശതമാനം ആയി കുറഞ്ഞു.

മുന്‍വര്‍ഷം രണ്ടുകോടി പിരിച്ച ഡാമന്‍ ആന്‍ഡ് ഡിയു 2022 ല്‍ -86% എന്ന നിലയില്‍ ഏറെ പിന്നോട്ടുപോയി. 592 കോടി പിരിച്ച ഗോവ 460 കോടിയേ 2022ല്‍ പിരിച്ചുള്ളൂ. 2021ല്‍ 4080 കോടി ജിഎസ്ടി വരുമാനം സമാഹരിച്ച ഒഡീഷ 2022ല്‍ 3,854 കോടിയേ പിരിച്ചെടുത്തുള്ളൂ. കേന്ദ്രഭരണ പ്രദേശങ്ങളില്‍ 30 ശതമാനം വളര്‍ച്ചയോടെ പുതുച്ചേരി മാത്രം മികച്ചുനിന്നു.

ജിഎസ്ഡിപിയില്‍ 6.8 ശതമാനം വളര്‍ച്ച

2021-22ല്‍ സംസ്ഥാനത്തിന്റെ ആകെ സംസ്ഥാന ആഭ്യന്തര ഉത്പാദനത്തില്‍(ജിഎസ്ഡിപി) 6.8 ശതമാനം വളര്‍ച്ചയാണുണ്ടായത്. ഈ കാലയളവില്‍ ദേശീയ ജിഡിപി 8.9 ശതമാനം ആയിരുന്നു. 2021-22ല്‍ സംസ്ഥാനത്ത് നിര്‍മാണ മേഖലയിലും സേവന മേഖലയിലും 7.3 ശതമാനം വളര്‍ച്ചയേ ഉണ്ടായുള്ളൂ.

മികച്ചുനിന്നത് സേവന മേഖല തന്നെയാണ്. സംസ്ഥാന സമ്പദ് വ്യവസ്ഥയുടെ 66 ശതമാനവും സേവന മേഖലയുടെ വകയായിരുന്നു. കാര്‍ഷികരംഗം 12ശതമാനം, നിര്‍മാണമേഖല 23ശതമാനം സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവന നല്‍കി.

പ്രതിശീര്‍ഷ ജിഎസ്ഡിപി 2021-22ല്‍ 2,36,093 ആയിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ ഒന്‍പത് ശതമാനം വര്‍ധന. ഇതേ കാലയളവില്‍ 1,72,761 ആയിരുന്നു രാജ്യത്തിന്റെ ദേശീയ ജിഡിപി. 2022-23ലെ ജിഎസ്ഡിപി 2021-22നെ അപേക്ഷിച്ച് 10.8 ശതമാനം വര്‍ധിച്ച് 9,99,643 കോടി രൂപയാകുമെന്നാണ് കണക്കാക്കുന്നത്.

ഭീഷണിയായി നികുതിവെട്ടിപ്പ്

സംസ്ഥാനത്തിന്റെ ആകെ നികുതി വരുമാനത്തിന്റെ 22.33 ശതമാനം (21,800 കോടി രൂപ) നികുതി കുടിശ്ശികയായി ഉണ്ടെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനു പുറമെ നികുതിവെട്ടിപ്പും സംസ്ഥാനത്ത് നികുതിവരുമാന വര്‍ധന നാമമാത്രമാവാന്‍ ഇടയാക്കിയെന്ന് നികുതി വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. സ്വര്‍ണം, കെട്ടിട നിര്‍മാണ സാമഗ്രികള്‍, വിവിധ സേവനങ്ങള്‍ എന്നീ മേഖലകളിലെല്ലാം വ്യാപകമായ നികുതി വെട്ടിപ്പ് നടക്കുന്നതായി ഉന്നത ഉദ്യോഗസ്ഥര്‍ തുറന്നു സമ്മതിക്കുന്നു.

അതേസമയം വാഹന വില്‍പന, ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലകളില്‍ നിന്നുള്ള നികുതി വരുമാനത്തില്‍ വളര്‍ച്ചയുണ്ടായി. ആര്‍ടിഒ രജിസ്ട്രേഷന്‍ നിര്‍ബന്ധമായതിനാല്‍ നികുതി വെട്ടിപ്പിന് അവസരമില്ലാത്തതാണ് വാഹന വില്‍പന മേഖലയിലെ നികുതി വരുമാനം ഉയരാനിടയാക്കിയത്. കൊവിഡ് സൃഷ്ടിച്ച ആരോഗ്യ പ്രശ്നങ്ങളും പഴയ വാറ്റ് നിയമത്തില്‍ ഉത്പാദകര്‍ക്ക് മേല്‍ മാത്രമേ നികുതി ചുമത്തിയിരുന്നുള്ളൂ എന്നതും ഫാര്‍മസ്യൂട്ടിക്കല്‍സല്‍ മേഖലയും നികുതി വര്‍ധനവുള്ളതാക്കി.