Summary
- ഇന്ത്യന്‍ രൂപയില്‍ മാത്രമേ ഹരിത നിക്ഷേപം ഇപ്പോള്‍ അനുവദിച്ചിട്ടുള്ളൂ
- തങ്ങളുടെ നിക്ഷേപങ്ങള്‍ എങ്ങനെ ഉപയോഗിക്കണം എന്ന് നിക്ഷേപകര്‍ക്ക് തീരുമാനിക്കാം
- ഹരിത നിക്ഷേപവും ഹരിത വായ്പയും മുന്നോട്ടു വെക്കുന്ന ആശയം പ്രകൃതിയുടെ സംരക്ഷണമാണ്
കാലാവസ്ഥ വ്യതിയാനമാണ് ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഭൂമിയില്‍ ജീവന്റെ നിലനില്‍പിന് തന്നെ ഭീഷണി ഉയര്‍ത്തിക്കൊണ്ടാണ് ലോകമെമ്പാടും പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. അത് കൊടുങ്കാറ്റായും, കാട്ടുതീയായും, പ്രളയമായും, ഭൂകമ്പമായും, മഞ്ഞുരുകലായും പ്രത്യക്ഷപ്പെടുന്നു.
അശാസ്ത്രീയവും ബോധശൂന്യവും ആര്‍ത്തിയില്‍ അധിഷ്ഠിതവുമായ വികസന കാഴ്ചപ്പാടുകളും വികസന പ്രവര്‍ത്തനങ്ങളുമാണ് വിനാശകാരണം എന്ന് മനുഷ്യന്‍ വൈകിയാണെങ്കിലും മനസിലാക്കിയിരിക്കുന്നു. പ്രകൃതി സംരക്ഷണത്തിലൂന്നിയതും പരിസ്ഥിതി സൗഹൃദവുമായ വികസനം തന്നെയാണ് ആത്യന്തികമായി ജീവന്റെ നിലനില്‍പിന് ആധാരം.
ഈ കേവല സത്യത്തിന്റെ തിരിച്ചറിവാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക തീരുമാനങ്ങളും ഹരിതമായിരിക്കണം എന്ന ചിന്തയിലേക്ക് ലോകത്തെ നയിച്ചത്. ഈ കാഴ്ചപ്പാടിന്റേയും തീരുമാനത്തിന്റെയും ഭാഗമായാണ് ലോകമെമ്പാടും നിക്ഷേപകരും ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും നിക്ഷേപങ്ങള്‍ക്കും വായ്പകള്‍ക്കും ഹരിത നിറം നല്‍കാന്‍ തുടങ്ങിയിരിക്കുന്നത്.
ഹരിത നിക്ഷേപങ്ങള്‍, ഹരിത വായ്പകള്‍
ഹരിത നിക്ഷേപങ്ങളും ഹരിത വായ്പകളും വിദേശ രാജ്യങ്ങളില്‍ നേരത്തെ തന്നെ ചര്‍ച്ചാ വിഷയങ്ങള്‍ ആയിയെങ്കിലും ഇന്ത്യയില്‍ കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷമായിട്ടാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് ആക്കം വര്‍ധിച്ചത്.
ഇന്ത്യയില്‍ ആദ്യമായി വലിയ രീതിയില്‍ ഒരു ഹരിത മൂലധന ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് രംഗത്ത് നടത്തിയത് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (IFC) ആണ്. പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിലാണ് ഈ എസ് ജി (Environmental, Social & Governance) യുടെ ഭാഗമായി ഈ നിക്ഷേപം നടത്തിയത്.
സുസ്ഥിര വികസനത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ബാങ്കുകള്‍ വലിയ സ്ഥാപനങ്ങളില്‍ നിന്നെന്നപോലെ സാധാരണ ഇടപാടുകാരില്‍ നിന്നും ഹരിത നിക്ഷേപങ്ങള്‍ സ്വീകരിക്കുവാന്‍ തുടങ്ങുകയും അത് ഹരിത വായ്പകളായി നല്‍കുവാന്‍ തുടങ്ങുകയും ചെയ്ത ഈ സാഹചര്യത്തിലാണ് ഭാരതീയ റിസര്‍വ് ബാങ്ക് ഹരിത നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതും.
ഇങ്ങനെ സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ ഹരിത വായ്പകളായി നല്‍കുന്നതും സംബന്ധിച്ച് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഈ മാസം പതിനൊന്നാം തീയതി വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
എന്താണ് ഹരിത നിക്ഷേപങ്ങള്‍?
മറ്റേതൊരു ബാങ്ക് നിക്ഷേപവും പോലെ തന്നെ ഹരിത നിക്ഷേപവും കാലാവധി നിക്ഷേപം തന്നെയാണ്. പലിശയും ലഭിക്കും. കാലാവധിയാവുമ്പോള്‍ തിരിച്ചെടുക്കുകയോ പുതുക്കുകയോ ചെയ്യാം. ഇന്ത്യന്‍ രൂപയില്‍ മാത്രമേ ഹരിത നിക്ഷേപം ഇപ്പോള്‍ അനുവദിച്ചിട്ടുള്ളൂ.
എന്നാല്‍ ഹരിത നിക്ഷേപങ്ങള്‍ റിസര്‍വ് ബാങ്ക് നിശ്ചയിട്ടുള്ളതും അതാതു ബാങ്കിന്റെയോ നിക്ഷേപം സ്വീകരിക്കുവാന്‍ അനുവാദമുള്ള മറ്റു ധനകാര്യസ്ഥാപനങ്ങളുടെയോ ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചിട്ടുമുള്ള നയങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ടുള്ള ഹരിത പ്രൊജെക്ടുകള്‍ക്കും ആവശ്യങ്ങള്‍ക്കും മാത്രമേ വായ്പയായി നല്‍കാന്‍ പാടുള്ളൂ.
തങ്ങളുടെ നിക്ഷേപങ്ങള്‍ എങ്ങനെ ഉപയോഗിക്കണം എന്ന് നിക്ഷേപകര്‍ക്ക് തീരുമാനിക്കാം എന്നതാണ് ഹരിത നിക്ഷേപകര്‍ക്കു ലഭിക്കുന്ന അധികമൂല്യം. ഹരിത നിക്ഷേപങ്ങളിലൂടെ നിക്ഷേപകര്‍ക്ക് വന്നു ചേര്‍ന്നിരിക്കുന്ന ഈ അവകാശം തുടര്‍ന്ന് അഭിലഷണീയമായ മറ്റു മേഖലകളിലേക്കും വളര്‍ന്നേക്കാം.
അങ്ങനെയെങ്കില്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ ഏത് ആവശ്യത്തിന് എവിടെ ഉപയോഗിക്കണം എന്ന് തീരുമാനിക്കുവാനുള്ള അവകാശം സാവകാശം നിക്ഷേപകരിലേക്ക് എത്തുന്ന കാലം വിദൂരമല്ല.
എന്തെല്ലാമാണ് ഹരിത വായ്പകള്‍?
കാലാവസ്ഥ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ ഫലപ്രദമായി നേരിടുന്നതിനോ, മാറുന്ന കാലാവസ്ഥ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കോ, അവയെ പ്രതിരോധിക്കുന്നതിനോ, ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനോ, ജൈവീകമായ പരിഹാരമാര്‍ഗങ്ങള്‍ ആരായുന്നതിനോ എല്ലാം ഉപയുക്തമായ പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കുന്ന വായ്പകള്‍ ഹരിത വായ്പയുടെ പരിധിയില്‍ വരും.
കൂടാതെ യഥാര്‍ത്ഥത്തില്‍ ഹരിത സംരംഭങ്ങളുടെ ഗണത്തില്‍ വരില്ലായെങ്കിലും ഉത്പന്നങ്ങളും സേവനങ്ങളും ഹരിത സംരംഭങ്ങളുടെ ലേബലില്‍ ഇറക്കുന്നതും (greenwashing) വില്‍ക്കുന്നതും തടയുകയെന്നതും ഹരിത പദ്ധതികളുടെ ലക്ഷ്യമാണ്. വായ്പകള്‍ അവ നല്‍കുന്ന ഹരിത പ്രൊജെക്ടുകള്‍ക്ക് തന്നെ ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ധനകാര്യസ്ഥാപനങ്ങള്‍ക്കാണ്.
ഇത്തരം വായ്പകള്‍ വഴി നടത്തപ്പെടുന്ന പദ്ധതികള്‍ വിഭവങ്ങളുടെ ഉപയോഗത്തില്‍ ഊര്‍ജത്തിന്റെ ഉപയോഗം കാര്യക്ഷമമാക്കുന്നതും, കാര്‍ബണ്‍ പുറന്തള്ളുന്നതിന്റെ തോത് കുറയ്ക്കുന്നതും, തനതായ ജൈവവൈവിധ്യവും പ്രകൃതിപാരിസ്ഥിതി വ്യവസ്ഥകള്‍ നിലനിര്‍ത്തുന്നതും ആയിരിക്കണം.
പുനര്‍നിര്‍മ്മിക്കാവുന്ന ഊര്‍ജ്ജ സ്രോതസുകള്‍, ഇലക്ട്രിക്ക് വാഹനങ്ങള്‍ അടക്കമുള്ള അന്തരീക്ഷ മലിനീകരണം ഇല്ലാത്ത യാത്രാ സംവിധാനങ്ങള്‍, കാലാവസ്ഥ മാറ്റങ്ങളെ കാര്യക്ഷമമായി പ്രതിരോധിക്കാന്‍ കഴിവുള്ള അടിസ്ഥാന സൗകര്യങ്ങള്‍, ജലസ്രോതസുകളുടെ ഉത്തമമായ നടത്തിപ്പ്, ജലസേചനം അടക്കമുള്ള ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗം, അനുയോജ്യമായ മലിന ജല നിര്‍വ്വഹണം, വെള്ളപ്പൊക്ക നിയന്ത്രണം, വായു മലിനീകരണം കുറയ്ക്കുന്നതും നിയന്ത്രിക്കുന്നതുമായ പദ്ധതികള്‍, പ്രകൃതി സൗഹൃദമായ കെട്ടിടങ്ങളുടെ നിര്‍മാണം, കൃഷി, പശുവളര്‍ത്തല്‍, മീന്‍ പിടുത്തം, പ്രകൃതി ദത്തമായ കാടുകളുടെ സംരക്ഷണം, ഓര്‍ഗാനിക് കൃഷി, കടലും കടല്‍ത്തീര സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഹരിത വായ്പകളുടെ പരിധിയില്‍ വരും.
വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍
ബാങ്കുകളും മറ്റു ധനകാര്യസ്ഥാപനങ്ങളും ഹരിത നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതും ഹരിത വായ്പകള്‍ നല്‍കുന്നതും സംബന്ധിച്ച് തങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചിട്ടുള്ള ഹരിത നയരേഖകള്‍ വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണം.
ഹരിത വായ്പകള്‍ സ്വീകരിച്ചതും ആ നിക്ഷേപങ്ങള്‍ ഹരിത വായ്പകളായി നല്‍കിയതുമായ കാര്യങ്ങള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ സ്വതന്ത്രമായ മൂന്നാതൊരു സംവിധാനം വഴി പരിശോധിച്ച് റിപ്പോര്‍ട്ട് വാങ്ങണം. ഈ റിപ്പോര്‍ട്ടും വെബ് സൈറ്റില്‍ നല്‍കണം. മാത്രമല്ല ഹരിത നിക്ഷേപത്തിന്റെ ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ ഇനി മുതല്‍ ബാങ്കുകളുടെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ ഭാഗമായി പ്രസിദ്ധപ്പെടുത്തണം.
നിലവിലുള്ള പദ്ധതികള്‍
ബാങ്ക് വായ്പകള്‍ കൂടുതലായി ഹരിത വായ്പകളിലേക്ക് മാറുമ്പോള്‍ നിലവിലുള്ള ഹരിതമല്ലാത്ത വായ്പകള്‍ കുറയുകയോ നിലച്ചുപോകുകയോ ചെയ്യും. ഇത് ആ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും വ്യവസായങ്ങള്‍ക്കും തിരിച്ചടിയാകും. ഇത്തരം പദ്ധതികളും പ്രവര്‍ത്തനങ്ങളും താത്കാലികമായി ചില ബുദ്ധിമുട്ടുകള്‍ നേരിടാം.
എന്നാല്‍, ഹരിത നിക്ഷേപവും ഹരിത വായ്പയും മുന്നോട്ടു വെക്കുന്ന ആശയം പ്രകൃതിയുടെ സംരക്ഷണമാണ്. പ്രകൃതി ദുരന്തങ്ങളില്‍ നിന്നുള്ള രക്ഷയാണ്. നല്ല വായുവാണ്. കുടിവെള്ളമാണ്. സര്‍വ ജീവജാലങ്ങളുടെയും ജീവനും നിലനില്‍പുമാണ്. അതിനപ്പുറം മറ്റെന്താണുള്ളത്?