image

23 March 2023 9:00 AM GMT

Premium

വിപണി ഇടിഞ്ഞാലും കട്ടയ്ക്ക് നില്‍ക്കുന്ന സ്വര്‍ണം; നിക്ഷേപിക്കാനുള്ള 5 വഴികള്‍

MyFin Bureau

investment in gold
X

Summary

  • ഭൗതിക സ്വര്‍ണത്തില്‍ ഉയര്‍ന്ന പണിക്കൂലി, ജിഎസ്ടി, സുരക്ഷ, കാലഹരണപ്പെട്ട ഡിസൈനുകള്‍ തുടങ്ങിയ അപകട സാധ്യതകളുണ്ട്.


യുഎസിലെ സിലിക്കണ്‍ വാലി, സിഗ്നേച്ചര്‍ ബാങ്കുകളുടെ തകര്‍ച്ച, പിന്നീട് വന്ന ക്രെഡിറ്റ് സ്യൂസ് ബാങ്ക് തകര്‍ച്ച എന്നിവയിലൊക്കെ ഓഹരി വിപണി ഇടിഞ്ഞപ്പോള്‍ നേട്ടമുണ്ടാക്കിയത് സ്വര്‍ണമാണ്. സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ കാണുന്നതിനാല്‍ സ്വര്‍ണം വാങ്ങികൂട്ടാനുള്ള തിരക്കില്‍ സ്വര്‍ണ വില കുതിച്ചു കയറി.

എംസിഎക്സ് കമ്മോഡിറ്റി വിപണിയില്‍ ആദ്യമായി 10 ഗ്രാം സ്വര്‍ണ വില 60,000 ഭേദിച്ചു മുന്നേറി. വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ സ്വര്‍ണ വില ഔണ്‍സിന് 2000 ഡോളര്‍ കടക്കുകയും ചെയ്തു. പോര്‍ട്ട്ഫോളിയോയില്‍ ഇക്വിറ്റികള്‍ തകരുമ്പോള്‍ സ്വര്‍ണം കുതിക്കുന്ന കാഴ്ചയാണ് കണ്ടത്.

സ്വര്‍ണമുണ്ടാകേണ്ടതിന്റെ ആവശ്യകത മനസിലാക്കി തന്ന ദിവസങ്ങളാണ് ഈയിടെ കഴിഞ്ഞത്. സ്വര്‍ണമുള്ള പോര്‍ട്ട്ഫോളിയോകള്‍ക്ക് വിപണിയിലെ നഷ്ടത്തെ ഒരു പരിധി വരെ ബാലന്‍സ് ചെയ്യാന്‍ സാധിക്കുമായിരുന്നു. ആകെ നിക്ഷേപത്തിന്റെ 10-15 ശതമാനമെങ്കിലും സ്വര്‍ണത്തിലാകാമെന്നാണ് വിദഗ്ധരുടെ നിര്‍ദ്ദേശം. സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ലഭ്യമായ, സൗകര്യപ്രദമായ 5 മാര്‍ഗങ്ങള്‍ നോക്കാം.

ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍

സ്വര്‍ണത്തില്‍ നിക്ഷേപിക്കാവുന്ന സുരക്ഷിതമായൊരു രൂപമാണ് ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്. ഓഹരി വിപണി നിക്ഷേപത്തിന്റെ വഴക്കവും സ്വര്‍ണ നിക്ഷേപങ്ങളുടെ ലാളിത്യവും ചേര്‍ന്ന നിക്ഷേപമാണ് ഇടിഎഫ് എന്ന് പറയാം. നിബന്ധനകളില്ലാതെ വിപണി വിലയില്‍ വാങ്ങാനും വില്‍ക്കാനും കഴിയും. സ്വര്‍ണ ഇടിഎഫുകള്‍ സ്വര്‍ണ വിലയെ അടിസ്ഥാനമാക്കിയുള്ളതും സ്വര്‍ണ ബുള്ളിയനില്‍ നിക്ഷേപിക്കുന്നതുമായ നിക്ഷേപ ഉപകരണങ്ങളാണ്.

ഗോള്‍ഡ് ഇടിഎഫില്‍ നിക്ഷേപിക്കുന്നത് മ്യൂച്വല്‍ ഫണ്ട് സ്‌കീമിന്റെ യൂണിറ്റുകള്‍ വാങ്ങുന്നതിന് തുല്യമാണ്. എസ്ഐപിയായി ഇടിഎഫ് നിക്ഷേപം സാധിക്കില്ല. ഗോള്‍ഡ് ഇടിഎഫുകള്‍ക്ക് സാധാരണയായി കുറഞ്ഞത് 1 ഗ്രാം സ്വര്‍ണ നിക്ഷേപം ആവശ്യമാണ്. ഭൗതിക സ്വര്‍ണ നിക്ഷേപങ്ങളെ അപേക്ഷിച്ച് ഇടിഎഫുകള്‍ക്ക് ചെലവ് വളരെ കുറവാണ്.

സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍

സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയൊരു സൗകര്യമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട്. റിസര്‍വ് ബാങ്ക് വര്‍ഷത്തില്‍ നിശ്ചിത ഇടവേളകളില്‍ പുറത്തിറക്കുന്നൊരു ജനപ്രിയ നിക്ഷേപ മാര്‍ഗമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍.

ഭൗതിക സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിന് പകരമായി ഇവ ഉപയോഗിക്കാം. കുറഞ്ഞത് 1 ഗ്രാം മുതല്‍ വാങ്ങാം. വ്യക്തിഗത നിക്ഷേപകര്‍ക്ക് പരമാവധി 4 കിലോ വരെ വാങ്ങാന്‍ സാധിക്കും. ട്രസ്റ്റുകളാണെങ്കില്‍ 20 കിലോ സ്വര്‍ണത്തില്‍ നിക്ഷേപിക്കാം. 8 വര്‍ഷമാണ് കാലാവധി. സ്വര്‍ണം വാങ്ങുന്ന തുകയ്ക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ 2.50 ശതമാനം പലിശ ലഭിക്കും.

ഡിജിറ്റല്‍ ഗോള്‍ഡ്

ഡിജിറ്റല്‍ ആപ്പുകള്‍ ഡിജിറ്റലായി സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള അവസരം ഒരുക്കുന്നുണ്ട്. 24 കാരറ്റ് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിനുള്ള വെര്‍ച്വല്‍ മാര്‍ഗമാണ് ഡിജിറ്റല്‍ സ്വര്‍ണം. ഗൂഗിള്‍പേ, ഫോണ്‍ പേ പോലുള്ള ഡിജിറ്റല്‍ വാലറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞത് 1 രൂപ മുതല്‍ ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാനാവും.

ഭൗതികമായി സ്വര്‍ണം കയ്യിലില്ലെങ്കിലും ഡിജിറ്റല്‍ സ്വര്‍ണത്തിന്റെ മൂല്യത്തില്‍ മാറ്റമില്ല. 99.9 ശതമാനം പരിശുദ്ധിയുള്ള 24 കാരറ്റ് സ്വര്‍ണമാണ് ഡിജിറ്റലായി വില്‍ക്കപ്പെടുന്നത്.

ആഭരണങ്ങള്‍

സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ പലരും തിരഞ്ഞെടുക്കുന്ന വഴിയാണ് ആഭരണങ്ങള്‍ വാങ്ങുക എന്നത്. നിക്ഷേപിക്കാനാണെങ്കില്‍ ഭൗതിക സ്വര്‍ണം വാങ്ങുന്നത് പ്രോത്സാഹിപ്പിക്കപ്പെടരുത്. ഭൗതിക സ്വര്‍ണത്തില്‍ ഉയര്‍ന്ന പണിക്കൂലി, ജിഎസ്ടി, സുരക്ഷ, കാലഹരണപ്പെട്ട ഡിസൈനുകള്‍ തുടങ്ങിയ അപകട സാധ്യതകളുണ്ട്.

ഭൗതിക സ്വര്‍ണത്തില്‍ തന്നെ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്വര്‍ണ നാണയങ്ങള്‍ വാങ്ങാം. ജ്വല്ലറികള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നാണയങ്ങള്‍ ലഭിക്കും. പണിക്കൂലി ഇവിടെ വളരെ കുറവായിരിക്കും.