14 April 2023 8:32 AM GMT
Summary
- വാര്‍ഷിക വരുമാനത്തില്‍ ഇടിവ് സംഭവിച്ചിട്ടില്ല
- 3.5 കോടി മുതല്‍ 6 കോടി രൂപ വരെയാണ് ഒരു ബ്രാന്‍ഡില്‍ നിന്ന് പരസ്യയിനത്തില്‍ ലഭിക്കുന്നത്
- മികച്ച ബിസിനസുകാരന്‍, നിക്ഷേപകന്‍ എന്നീ നിലയിലാണ് നിലവില്‍ ധോണി കളി നിയന്ത്രിക്കുന്നത്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചെങ്കിലും ജാര്‍ഖണ്ഡില്‍ ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന വ്യക്തിയാണ് എം.എസ് ധോണി. ആദായനികുതി വകുപ്പിന്റെ കണക്കനുസരിച്ച്, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ കരിയര്‍ ആരംഭിച്ചതു മുതല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്നയാളാണ്.
മുന്‍കൂര്‍ നികുതിയായി അടച്ചത് 38 കോടി രൂപ
ഈ വര്‍ഷം മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ധോണി ഐ.ടി വകുപ്പിന് മുന്‍കൂര്‍ നികുതിയായി 38 കോടി രൂപ അടച്ചുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷവും ഇതേ തുക അദ്ദേഹം മുന്‍കൂര്‍ നികുതിയായി അടച്ചിരുന്നു. 1030 കോടി രൂപയാണ് ധോണിയുടെ മൂല്യം. പരസ്യക്കാര്‍ ഇദ്ദേഹത്തിനായി കാത്തുനില്‍ക്കുകയാണ് ഇപ്പോഴും.
ഐ.പി.എല്ലില്‍ നിന്ന് 12 കോടി
നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം അംഗമായ ധോണി ആ ഇനത്തില്‍ മാത്രം 12 കോടി രൂപ സീസണില്‍ വാങ്ങുന്നു. 3.5 കോടി മുതല്‍ 6 കോടി രൂപ വരെയാണ് ഒരു ബ്രാന്‍ഡില്‍ നിന്ന് തന്നെ ധോണിക്ക് പരസ്യയിനത്തില്‍ ലഭിക്കുന്നത്. 2021ല്‍ 54 ടി.വി പരസ്യങ്ങളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.
ബിസിനസുകാരന്‍, നിക്ഷേപകന്‍
മികച്ച ബിസിനസുകാരന്‍, നിക്ഷേപകന്‍ എന്നീ നിലയിലാണ് നിലവില്‍ ധോണി കളി നിയന്ത്രിക്കുന്നത്. ഹോംലെയ്ന്‍, കാര്‍സ് 24, ഖതാബുക്ക് തുടങ്ങി നിരവധി കമ്പനികളില്‍ ഈ ക്രിക്കറ്റ് താരം നിക്ഷേപം നടത്തിയിട്ടുണ്ട്. റാഞ്ചിയില്‍ 43 ഏക്കറോളം കൃഷിഭൂമിയും അദ്ദേഹത്തിനുണ്ട്. 2022-23 വര്‍ഷത്തെ അദ്ദേഹത്തിന്റെ വരുമാനം, ആദായനികുതി വകുപ്പിന് മുന്‍കൂര്‍ നികുതി അടച്ചതിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തിന് ഏതാണ്ട് തുല്യമാണ്. 2020 ഓഗസ്റ്റ് 15 ന് വിരമിച്ചിട്ടും ധോണിയുടെ വാര്‍ഷിക വരുമാനത്തില്‍ കാര്യമായ ഇടിവ് സംഭവിച്ചിട്ടില്ലെന്നു കണക്കുകളില്‍ നിന്നു വ്യക്തമാണ്.
വാര്‍ഷിക വരുമാനം 130 കോടി
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും 2022-23 വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന നികുതിദായകന്‍ എംഎസ് ധോണിയാണെന്ന് ആദായ നികുതി വകുപ്പിനെ ഉദ്ധരിച്ച് ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ഏജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2020-21 വര്‍ഷത്തില്‍ 30 കോടിയോളം രൂപ മുന്‍കൂര്‍ നികുതിയായി ധോണി നിക്ഷേപിച്ചിരുന്നു. നിലവില്‍ ധോണി അടച്ച 38 കോടി മുന്‍കൂര്‍ നികുതി കണക്കാക്കുമ്പോള്‍, അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം ഏകദേശം 130 കോടി രൂപ വരുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2019-20ല്‍ അദ്ദേഹം 28 കോടി രൂപയാണു മുന്‍കൂര്‍ നികുതിയായി അടച്ചത്. 2018-19ലും ഏതാണ്ട് ഇതിനു തുല്യമായ തുക അടച്ചിരുന്നു. 2017-18ല്‍ 12.17 കോടിയും 2016 -17ല്‍ 10.93 കോടിയുമാണ് മുന്‍കൂര്‍ നികുതിയായി ധോണി അടച്ചത്. ധോണിയുടെ വരുമാനം വര്‍ഷാവര്‍ഷം വര്‍ധിക്കുന്നുവെന്നാണ് നികുതിക്കണക്കുകള്‍ വ്യക്തമാക്കുന്നത്.