image

15 Feb 2023 7:00 AM GMT

Premium

നിക്ഷേപകര്‍ക്ക് നൂറുമേനി വിളവുമായി വളം കമ്പനി; ഒരു വര്‍ഷത്തിനിടെ 400 ശതമാനം നേട്ടം!

MyFin Bureau

നിക്ഷേപകര്‍ക്ക് നൂറുമേനി വിളവുമായി വളം കമ്പനി; ഒരു വര്‍ഷത്തിനിടെ 400 ശതമാനം നേട്ടം!
X

Summary

  • രാജ്യത്തെ പ്രധാന വളം ഉത്പാദകരിലൊന്നായ മധ്യ ഭാരത് അഗ്രോ പ്രോഡക്ട്സ് ലിമിറ്റഡ് 1997ലാണ് പ്രവര്‍ത്തനമാരംഭിച്ചത്


ഒരു വര്‍ഷത്തിനിടെ ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് അസാധാരണ നേട്ടം സമ്മാനിച്ച് ഫെര്‍ട്ട്ലൈസര്‍ കമ്പനിയായ മധ്യ ഭാരത് അഗ്രോ പ്രോഡക്ട്സ് ലിമിറ്റഡ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 395 ശതമാനത്തിന്റെ നേട്ടമാണ് ഈ കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. അതായത്, 2022 ഫെബ്രുവരി 15ന് 129 രൂപയായിരുന്ന ഓഹരി വില ഇന്ന് എത്തി നില്‍ക്കുന്നത് 640 രൂപയിലാണ്. 510 രൂപയുടെ വര്‍ധന!

കൂടാതെ, ഒരു മാസത്തിനിടെ 10 ശതമാനത്തിന്റെയും ആറ് മാസത്തിനിടെ 60 ശതമാനത്തിന്റെ ഉയര്‍ച്ചയും രാജസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മധ്യ ഭാരത് അഗ്രോ പ്രോഡക്ട്സ് ലിമിറ്റഡിന്റെ ഓഹരിവിലയിലുണ്ടായി. ഇതിനിടെ എക്കാലത്തെയും ഉയര്‍ന്നനിലയായ 674 രൂപയിലുമെത്തി. അഞ്ച് വര്‍ഷത്തിനിടെ 2,512 ശതമാനത്തിന്റെ നേട്ടവും. നിലവില്‍ 2,809 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

രാജ്യത്തെ പ്രധാന വളം ഉത്പാദകരിലൊന്നായ മധ്യ ഭാരത് അഗ്രോ പ്രോഡക്ട്സ് ലിമിറ്റഡ് 1997ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ബെനിഫിക്കേറ്റഡ് റോക്ക് ഫോസ്ഫേറ്റ് (ബിആര്‍പി), സിംഗിള്‍ സൂപ്പര്‍ ഫോസ്ഫേറ്റ്, ഡിഎപി/എന്‍പികെ കോംപ്ലക്സ് വളങ്ങള്‍, പൊട്ടാഷ്, കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള പ്രോം, സള്‍ഫ്യൂറിക് ആസിഡ്, മറ്റ് രാസവസ്തുക്കള്‍ തുടങ്ങിയവയാണ് കമ്പനി ഉല്‍പ്പാദിപ്പിക്കുന്നത്. 2004ല്‍ കമ്പനി ഓസ്റ്റ്വാള്‍ ഗ്രൂപ്പുമായി സംയോജിക്കുകയും ചെയ്തു. ഇതിനുശേഷമാണ് മധ്യ ഭാരത് അഗ്രോ പ്രൊഡക്ട്സ് ലിമിറ്റഡ് ശ്രദ്ധേയമായത്. 'അന്നദാത' എന്ന ബ്രാന്‍ഡിന് കീഴിലാണ് കമ്പനി ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്.

മികച്ച പാദഫലങ്ങള്‍

ഓഹരി വിപണിയില്‍ കുതിച്ചുചാട്ടം നടത്തിയ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മികച്ച പാദഫലങ്ങളാണ് സ്മോള്‍ ക്യാപ് കമ്പനിയായ മധ്യ ഭാരത് അഗ്രോ പ്രോഡക്ട്സ് ലിമിറ്റഡ് റിപ്പോര്‍ട്ട് ചെയ്തത്. 2022-23 സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ ഏകീകൃത അറ്റവില്‍പ്പനയില്‍ 188 ശതമാനത്തിന്റെ കുതിപ്പാണ് രേഖപ്പെടുത്തിയത്. അതായത് 248.90 കോടി രൂപയുടെ വില്‍പ്പന. 32.55 കോടി രൂപയായിരുന്നു ഇക്കാലയളവിലെ അറ്റാദായം.

അവസാനമായി ത്രൈമാസഫലം പുറത്തുവന്ന ഡിസംബര്‍ പാദത്തില്‍ ഏകീകൃത അറ്റവില്‍പ്പനയില്‍ 49.19 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 286.29 കോടി രൂപ. മുന്‍വര്‍ഷത്തെ കാലയളവില്‍ ഇത് 191.90 കോടി രൂപയായിരുന്നു.

അടുത്തിടെ, കമ്പനി മധ്യപ്രദേശിലെ സാഗറില്‍ 1,20,000 മെട്രിക് ടണ്‍ ശേഷിയുള്ള പ്ലാന്റ് സജ്ജമാക്കിയിരുന്നു. ഇതുവഴി ഡിഎപി/എന്‍പികെ കോംപ്ലക്സ് വളങ്ങള്‍ ഉത്പാദിപ്പിക്കാനും വിപണനം ചെയ്യാനും തുടങ്ങിയിട്ടുണ്ട്. കമ്പനിയുടെ 74.4 ശതമാനം ഓഹരികള്‍ പ്രൊമോട്ടര്‍മാരുടെ കൈവശമാണുള്ളത്. 25.6 ശതമാനം ഓഹരികളാണ് റീട്ടെയ്ല്‍ നിക്ഷേപകരുടെ പക്കലുള്ളത്.