image

4 Nov 2023 12:51 PM GMT

Premium

2025കളോടെ ഇന്ത്യൻ ഇലക്ട്രിക്ക് വാഹനവിപണി 50,000 കോടിരൂപയുടെ വളർച്ച കൈവരിക്കും

എം.കുമാർ

2025കളോടെ ഇന്ത്യൻ ഇലക്ട്രിക്ക് വാഹനവിപണി 50,000 കോടിരൂപയുടെ വളർച്ച കൈവരിക്കും
X

Summary

2022 സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ചു 22.93 ദശലക്ഷം വാഹങ്ങളാണ് ഇന്ത്യയിൽ ഉത്പാദിപ്പിച്ചത്.


ഇന്ത്യയുടെ സാമ്പത്തികരംഗത്തിന്റെ നേർസുചീകയാണ് ഇന്ത്യയിലെ വാഹനവിപണി എന്ന് പൊതുവെ പറയാറുണ്ട്. ഇത് വലിയൊരു പരിധി വരെ ശരിയുമാണ്. ഇന്ത്യയിൽ ഇരുചക്രവാഹനവിപണിയാണ് വലുപ്പത്തിന്റെ കാര്യത്തിൽ മുന്നിട്ടു നിൽക്കുന്നത്. ഒപ്പം ഇത് ഇന്ത്യയിലെ വളരുന്ന മധ്യവർഗ്ഗത്തിന്റെ വാങ്ങൽ ശേഷിയുടെ സൂചകവും, ഇന്ത്യയിലെ ജനസംഖ്യയിലെ വർധിച്ചുവരുന്ന യുവജനതയുടെ ചലനാത്മകതയുടെ പ്രതീകം കൂടിയാണ്. ചെറുതും, വലുതുമായ പാസ്സഞ്ചർ വാഹനങ്ങളുടെ വിപണിയും, ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന ട്രക്കുകളുടെ വിപണിയുമാണ് ഇന്ത്യയിലെ കോമ്മേഴ്സ്യൽ വാഹനവിപണിയെ മുന്നോട്ടു നയിക്കുന്നത്. ഹെവി-വെഹിക്കിൾസ് വിപണിയിൽ ഇന്ത്യയ്ക്ക് വളരെ പ്രസക്തമായ സ്ഥാനമാണ് ആഗോളരംഗത്തുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടർ നിർമ്മാതാക്കളാണ് ഇന്ത്യ. ബസ്സ് നിര്മ്മാണത്തിൽ ഇന്ത്യയുടെ സ്ഥാനം ആഗോളതലത്തിൽ രണ്ടാമതാണ്. ഉയർന്ന ശേഷിയുള്ള ട്രക്കുകളുടെ നിർമ്മാണത്തിൽ ലോകത്തു മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 2022 സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ചു 22.93 ദശലക്ഷം വാഹങ്ങളാണ് ഇന്ത്യയിൽ ഉത്പാദിപ്പിച്ചത്.

കയറ്റുമതിയുടെ കാര്യത്തിലായാലും, തദ്ദേശിയ ഉപഭോഗത്തിന്റെ കാര്യത്തിലായാലും ഇന്ത്യൻ ഓട്ടോമൊബൈൽ മേഖല ശക്തമായ വളർച്ചയാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. 2023 സാമ്പത്തിക വർഷത്തിൽ 3.89 ദശലക്ഷം പാസ്സഞ്ചർ വാഹനങ്ങളാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞത്. ഇതേ കാലയളവിൽ 47,61,487 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) 7.1 ശതമാനമാണ് ഓട്ടോമൊബൈൽ മേഖല സംഭാവന. 1992-1993 കാലയളവിൽ ഇത് 2.77 ശതമാനമായിരുന്നു എന്നുള്ളത് കണക്കിലെടുക്കുമ്പോഴാണ് ഈ മേഖലയുടെ പ്രാധാന്യം വ്യക്തമാകുന്നത്. 2021-ൽ 32.70 ബില്യൺ യുഎസ് ഡോളറിന്റെതായിരുന്നു ഇന്ത്യൻ പാസ്സഞ്ചർ കാർ വിപണി. വർഷാവർഷം ശരാശരി ഒൻപതു ശതമാനം വളർച്ചയോടെ, 2027 ആകുമ്പോഴേക്കും 54.84 ബില്യൺ യുഎസ് ഡോളറിന്റെ മൂല്യമായിരിക്കും ഇന്ത്യൻ പാസ്സഞ്ചർ കാർ വിപണി കൈവരിക്കുക എന്ന് കണക്കുകൂട്ടപ്പെടുന്നു. കൂടാതെ പത്തൊൻപതു ദശലക്ഷം ആളുകൾക്ക് നേരിട്ടും അല്ലാതെയുമായി തൊഴിൽ ലഭ്യമാക്കുന്ന മേഖല കൂടിയാണിത്.

ഇത് കൂടാതെ നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ കാര്യത്തിലും ഓട്ടോമൊബൈൽ മേഖല മുന്നിലാണ്. 2000 ഏപ്രിൽ മുതൽ 2023 മാർച്ചു വരെയുള്ള കാലയളവിൽ 34.74 ബില്യൺ യുഎസ് ഡോളറിന്റെ വിദേശനിക്ഷേപമാണ് ഈ മേഖലയിലേക്ക് ആകർഷിക്കപ്പെട്ടത്. 2023 അവസാനത്തോടെ എട്ടു മുതൽ പത്തു വരെ അധിക ബില്യൺ യുഎസ് ഡോളറിന്റെ വിദേശനിക്ഷേപമാണ് ഗവണ്മെന്റ് ഈ മേഖലയിൽ പ്രതീക്ഷിക്കുന്നത്. 2026 വരെയുള്ള വർഷങ്ങളിൽ നിലവിലുള്ള കയറ്റുമതി അഞ്ചു മടങ്ങ് വർധിക്കുമെന്നും പ്രതീക്ഷിക്യപ്പെടുന്നു (2023 സാമ്പത്തിക വർഷത്തിൽ 47,61,487 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്). ഈ മേഖലയിൽ നൂറു ശതമാനം വിദേശനിക്ഷേപം ഓട്ടോമാറ്റിക് റൂട്ടിലൂടെ കൊണ്ടുവരാം എന്നുള്ള സർക്കാരിന്റെ നയവും വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ ഉതകുന്നതാണ്.

ഇ.വി.(ഇലക്ട്രിക്ക് വെഹിക്കിൾ)-യിലേക്കുള്ള ചുവടുമാറ്റമാണ് ഓട്ടോമൊബൈൽ മേഖലയിലെ സുപ്രധാന വഴിത്തിരിവ്. അന്തരീക്ഷമലിനീകരണവും, പരിസ്ഥിതിആഘാതവും കുറക്കുക എന്ന വിശാലമായ ലക്ഷ്യത്തോടെ ലോകരാജ്യങ്ങൾ മുഴുവൻ ഈ വിപ്ലവത്തിൽ പങ്കാളികളാകാൻ ഒരുങ്ങുകയാണ്. 2030 കളോടെ, പുതുതായി നിരത്തിലിറങ്ങുന്ന വാഹനങ്ങളിൽ 30ശതമാനവും ഇലക്ട്രിക്ക് വാഹനങ്ങളാകണം എന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത നയം. ആഗോള ഇലക്ട്രിക്ക് വാഹനവിപണിയുടെ മൂല്യം 2021-ൽ ഏതാണ്ട് 250 ബില്യൺ യുഎസ് ഡോളറിന്റെതായിരുന്നു. 2028 കളിൽ ഇത് അഞ്ച് മടങ്ങ് അധിക വളർച്ച കൈവരിച്ചു 1,318 ബില്യൺ യുഎസ് ഡോളറിന്റെതാവും എന്നു കരുതപ്പെടുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ, 2023 ഓഗസ്റ്റ് വരെ ഇന്ത്യയിൽ ഏതാണ്ട് 8,32,434 ഇലക്ട്രിക്ക് വാഹനങ്ങൾ വിറ്റഴിഞ്ഞു എന്നത് തികച്ചും പ്രതീക്ഷാവഹമായ ഒരു കാര്യമാണ്. 2025-ടെ ഇന്ത്യൻ ഇലക്ട്രിക്ക് വാഹനവിപണി ഏകദേശം 50,000 കോടിരൂപയുടെ മൂല്യം കൈവരിക്കും എന്ന് കണക്കുകൂട്ടപ്പെടുന്നു. 2030-കളോടെ ഇന്ത്യയിലെ ഇലക്ട്രിക്ക് വാഹനവിപണി ഏതാണ്ട് 1,452,750 കോടിരൂപയുടെ (206 ബില്യൺ യുഎസ് ഡോളർ) അവസരങ്ങൾ ഈ മേഖലയിൽ പ്രദാനം ചെയ്യും എന്ന് ചില പഠനങ്ങൾ പറയുന്നു. 180 ബില്യൺ യുഎസ് ഡോളറിന്റെ പുതിയ നിക്ഷേപം വാഹനനിർമ്മാണ രംഗത്തും, ബാറ്ററി ചാർജിങ്ങ് അനുബന്ധ മേഖലയിലും ഇത് സംജാതമാക്കും.

2026 വരെ 36ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്കാണ് ഇലക്ട്രിക്ക് വാഹനവിപണി ഇന്ത്യയിൽ കൈവരിക്കുക. ഇലക്ട്രിക്ക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററികളുടെ വിപണി ഇതേ കാലയളവിൽ 30 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക് കൈവരിക്കുമെന്നും പഠനങ്ങൾ പറയുന്നു. ഈ മേഖലയിലെ പഠനങ്ങൾ സൂചിപ്പിക്കുന്നത് 2030 കളോടെ ഇന്ത്യ ഇലക്ട്രിക്ക് വാഹന നിർമ്മാണ,വിപണന രംഗത്ത് അതിശയകരമായ വളർച്ച കൈവരിക്കുമെന്നാണ്. വരുന്ന എട്ടു-പത്തു വർഷങ്ങൾക്കുള്ളിൽ ചുരുങ്ങിയത് 200 ബില്യൺ യുഎസ് ഡോളറിന്റെ പുതിയ നിക്ഷേപ സാദ്ധ്യതകൾ ഈ മേഖലയിൽ തുറക്കപ്പെടും എന്ന് കരുതപ്പെടുന്നു. ഇതിലെല്ലാമുപരി അഞ്ചുകോടി പുതിയ തൊഴിൽ അവസരങ്ങളും ഈ മേഖലയിൽ സംജാതമാകും എന്ന് കരുതപ്പെടുന്നു.

ഇന്ത്യൻ ഗവൺമെന്റിന്റെ നയങ്ങളും ഈ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാണ്. 2019 ഏപ്രിൽ മുതൽ 2024 മാർച്ച് വരെ നീളുന്ന FAME (ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാച്ചറിംഗ്‌ ഓഫ് ഇലക്ട്രിക്ക് ആൻഡ് ഹൈബ്രിഡ് വെഹിക്കിൾസ് ഇൻ ഇന്ത്യ) പദ്ധതിയുടെ മൊത്തം ബഡ്ജറ്റ് അലോക്കേഷൻ പതിനായിരം കോടി രൂപയുടേതാണ്. ഇതും, സ്ക്രാപ്പേജ് പോളിസിയും, ഓട്ടോമോട്ടീവ് മിഷൻ പ്ലാൻ-2026-ഉം, ഉല്പാദന ബന്ധിത ഉത്തേജക പദ്ധതിയുമെല്ലാം ഈ മേഖലയുടെ വേഗതയേറിയ വളർച്ചയ്ക്ക് സഹായകമാവും എന്ന് വിലയിരുത്തപ്പെടുന്നു. അവസരങ്ങളുടെ വലുപ്പം മനസിലാക്കി ഓട്ടോമൊബൈൽ വ്യവസായ മേഖലയിലെ പല പ്രമുഖരും വലിയ തോതിൽ നിക്ഷേപം നടത്താൻ തയ്യാറെടുക്കുകയാണ്. നേരിട്ടുള്ള വിദേശനിക്ഷേപവും ഈ മേഖലയിലേക്ക് വലിയ തോതിൽ ആകര്ഷിക്കപെടുന്നുണ്ട്. മുൻപ് പറഞ്ഞതുപോലെ 34.74 ബില്യൺ യുഎസ് ഡോളറിന്റെ വിദേശ നിക്ഷേപമാണ് 2000-2023 കാലയളവിൽ ഈ മേഖലയിലേക്ക് ഒഴുകിയെത്തിയത്.

തങ്ങളുടെ ഇലക്ട്രിക്ക് വാഹന നിർമ്മാണ യൂണിറ്റിനുവേണ്ടി അയ്യായിരം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുന്നതിനുവേണ്ടി, മഹീന്ദ്രാ ആൻഡ് മഹീന്ദ്രാ ചില പ്രമുഖ വിദേശ നിക്ഷേപകരുമായി നടത്തുന്ന ചർച്ചകൾ പുരോഗമിക്കുകയാണ് . തങ്ങളുടെ ഉത്പന്നശ്രേണിയുടെയും, നിർമ്മാണസൗകര്യങ്ങളുടെയും വിപുലീകരണത്തിനായി ടാറ്റാ മോട്ടോർസ് ഏതാണ്ട് പതിനാലായിരത്തിൽപരം കോടി രൂപയുടെ നിക്ഷേപമാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. ആയിരത്തിഅഞ്ഞുറു കോടിരൂപയുടെ നിക്ഷേപ പദ്ധതിയാണ് ഹീറോ മോട്ടോകോപ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. മുപ്പത്തൊൻപത്തിനായിരത്തിൽപരം കോടി രൂപയുടെ നിക്ഷേപപദ്ധതികളാണ് മാരുതി-സുസുക്കിക്കുള്ളത്. പവർ ഫിനാൻസ് കോർപറേഷൻ അറുനൂറ്റിമുപ്പത്തിമൂന്നു കോടി രൂപയുടെ വായ്പ്പയാണ്‌ ഇലക്ട്രിക്ക് വാഹനങ്ങൾ വാങ്ങുന്നതിനായി ലഭ്യമാക്കാൻ ഒരുങ്ങുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും, ഭാരത് പെട്രോളിയം കോർപ്പറേഷനും, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനുമായി ചേർന്ന് സെൻട്രൽ ഗവർമെന്റ് ഏകദേശം എണ്ണൂറു കോടി രൂപയുടെ നിക്ഷേപമാണ് പൊതു-അതിവേഗ ബാറ്ററി ചാർജിങ്ങ് സൗകര്യങ്ങളുടെ വികസനത്തിനായി ചിലവഴിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.