image

9 March 2023 3:00 AM GMT

Premium

വിവാഹം, വേര്‍പിരിയല്‍, പീന്നീടൊരു സംരംഭക, വനിതകള്‍ക്ക് പ്രചോദനമാണ് ഡോ. അപര്‍ണ

MyFin Bureau

loma hair oil aparna
X

Summary

  • ഒറ്റയ്ക്കായാലും തനിക്ക് ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് സ്വയം മനസ്സിലാക്കുക. എന്നിട്ട് അതിനായി പ്രയത്‌നിക്കുക


ഇരുപത്തിനാലാം വയസില്‍ വിവാഹം. ഒത്തുപോകില്ലെന്ന് ബോധ്യമായതോടെ പിരിയാന്‍ തീരുമാനിച്ചു. കുഞ്ഞിനേയും കൊണ്ട് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ മുന്നില്‍ ശൂന്യത മാത്രമായിരുന്നു. ഇന്ന് സൗപര്‍ണിക ആയുവേദ എന്ന സ്ഥാപനത്തിന്റെ ഉടമ. കഠിനാധ്വാനത്തിലൂടെ സംസ്ഥാനത്തെ അറിയപ്പെടുന്ന സംരംഭകയായ ഡോ.അപര്‍ണയുടെ ജീവിതം വനിതകള്‍ക്ക് പ്രചോദനമാണ്.

പിരിഞ്ഞിട്ടും തളരാതെ

മലപ്പുറം ജില്ലയിലെ മഞ്ചേരിയിലാണ് അപര്‍ണ ജനിച്ചുവളര്‍ന്നത്. മഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പ്ലസ്ടു പഠനം. പിന്നീട് ആയുര്‍വേദ പഠനത്തിന് മണിപ്പാലിലേക്കു പോയി. ആയുര്‍വേദ ഡോക്ടറായിരിക്കെയായിരുന്നു വിവാഹം. രണ്ടുപേരും പിരിഞ്ഞ ശേഷമാണ് ഒരു സംരംഭക ആകുന്നതിനെ കുറിച്ച് ചിന്തിച്ചത്.

ബിസിനസിലേക്ക്

ഞാന്‍ തിരഞ്ഞെടുത്ത വഴി ആദ്യമൊന്നും ആര്‍ക്കും അംഗീകരിക്കാന്‍ പറ്റിയിരുന്നില്ല. സ്ഥിരവരുമാനം ഉള്ള ജോലി അല്ലാതിരുന്നതിനാല്‍ സ്വാഭാവികമായും വീട്ടില്‍ ആശങ്കയുണ്ടായിരുന്നുവെന്ന് അപര്‍ണ. അച്ഛനും അമ്മയും സ്‌നേഹത്തോടെ ചേര്‍ത്തുപിടിച്ചു. ധൈര്യം നല്‍കി. സുഹൃത്തുക്കളും ഒപ്പം ഉണ്ടായിരുന്നു. ആയുര്‍വേദ ഡോക്ടറായതിനാല്‍ സ്വാഭാവികമായും അതുമായി ബന്ധപ്പെട്ട സംരംഭം തന്നെയാണ് തിരഞ്ഞെടുത്തത്.

അങ്ങനെ ഉടലെടുത്തതാണ് 'സൗപര്‍ണിക ആയുര്‍വേദ' എന്ന സംരംഭം. ഒരുപക്ഷേ സഹായത്തിനായി ആരും ഇല്ലെങ്കിലും ജീവിതത്തില്‍ തോറ്റു പിന്മാറാന്‍ ഞാന്‍ ഒരിക്കലും തയാറായിരുന്നില്ല - അപര്‍ണ വ്യക്തമാക്കുന്നു.

ലോമ ഹെയര്‍ ഓയില്‍

മഞ്ചേരിയുടെ അടുത്തുള്ള നറുകര എന്ന സ്ഥലത്താണ് അപര്‍ണ താമസിക്കുന്നത്. പ്രകൃതിദത്തമായ അനേകം സസ്യങ്ങള്‍ കൊണ്ട് സമൃദ്ധമായ നാട്. ഔഷധഗുണങ്ങളുള്ള ഈ സസ്യങ്ങള്‍ ഉപയോഗിച്ച് വീട്ടിലെ തേങ്ങ ആട്ടിയ വെളിച്ചെണ്ണയില്‍ മികച്ച ഒരു ഹെയര്‍ ഓയില്‍ സൗപര്‍ണിക ആയുര്‍വേദ ഉണ്ടാക്കി. അതാണ് ലോമ ഹെയര്‍ ഓയില്‍.

മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുന്ന മരുന്നുകളാണ് ലോമ ഹെയര്‍ ഓയിലില്‍ അടങ്ങിയിരിക്കുന്നതെന്ന് ഡോ.അപര്‍ണ. അതുകൊണ്ടുതന്നെ മുടികൊഴിച്ചിലിന് ഉത്തമ പരിഹാരമാണ് ഈ ഹെയര്‍ ഓയില്‍.

മുടിക്ക് നല്ലതും എന്നാല്‍ തണുപ്പില്ലാത്തതുമായ മരുന്നുകള്‍, അലര്‍ജിയും കഫസംബന്ധമായ പ്രശ്‌നങ്ങളും പ്രതിരോധിക്കാനുള്ള മരുന്നുകള്‍ എന്നിവ ചേര്‍ത്തു പാകം ഉറപ്പുവരുത്തിയാണ് ലോമ തയാറാക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ കാലാവസ്ഥയിലും ഇത് അനുയോജ്യമാണ്. ചെറിയ കുട്ടികള്‍ മുതല്‍ പ്രായം ചെന്നവര്‍ക്കുവരെ ഉപയോഗിക്കാം.

സൗപര്‍ണിക ആയുര്‍വേദ

സൗപര്‍ണിക ആയുര്‍വേദയില്‍ പല രാജ്യങ്ങളില്‍ നിന്നും രോഗികള്‍ എത്തി ചികിത്സ നേടാറുണ്ട്. എല്ലാ ഉപഭോക്താക്കള്‍ക്കും മുടിയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവയ്ക്കാനും പരിഹാരങ്ങള്‍ അന്വേഷിക്കാനുമായി എപ്പോഴും സന്നദ്ധരായ ഡോക്ടര്‍മാരുണ്ട് എന്നതാണ് സൗപര്‍ണിക ആയുര്‍വേദയുടെ പ്രത്യേകത. വീട്ടില്‍ ഇരുന്നുകൊണ്ട് തന്നെ ഡോക്ടര്‍മാരോട് ഫോണില്‍ സംസാരിക്കാനും വിവരങ്ങള്‍ അറിയാനും സാധിക്കും.

മൗത്ത് പബ്ലിസിറ്റിയിലൂടെ

ആവശ്യക്കാരേറിയതോടെ കൊറിയര്‍ സര്‍വീസുകള്‍ ആരംഭിച്ചു. ആളുകള്‍ പറഞ്ഞ് അറിഞ്ഞാണ് ലോമ ഫോര്‍ ഹെല്‍ത്ത് ഹെയര്‍ എന്ന ബ്രാന്‍ഡ് ശ്രദ്ധ നേടിയത്. ഇപ്പോള്‍ ഫല്‍പ്കാര്‍ട്ടിലും ആമസോണിലും ഓയില്‍ ലഭ്യമാണ്. ഇത്രയും വിജയിക്കുമെന്ന് തുടക്കത്തില്‍ കരുതിയിരുന്നില്ല. ഇപ്പോള്‍ ഇവിടെ വരെ എത്തിനില്‍ക്കുന്നതില്‍ ഒരുപാട് സന്തോഷം- അപര്‍ണ പറയുന്നു.

സ്ത്രീ ശക്തി

വൈവാഹിക ജീവിതത്തില്‍ ഭര്‍ത്താവിനോട് അഡ്ജസ്റ്റ് ചെയ്ത് കാലം കഴിക്കേണ്ടവരല്ല സ്ത്രീകള്‍ എന്നാണ് ഡോ.അപര്‍ണയുടെ അഭിപ്രായം. സ്ത്രീ ഉറച്ച ഒരു തീരുമാനം എടുത്തുകഴിഞ്ഞാല്‍ എല്ലാ പ്രശ്‌നങ്ങളും തീരുമെന്നാണ് ഇവര്‍ പറയുന്നത്. ഒറ്റയ്ക്കായാലും തനിക്ക് ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് സ്വയം മനസ്സിലാക്കുക. എന്നിട്ട് അതിനായി പ്രയത്‌നിക്കുക.

മറ്റുള്ളവരെക്കാള്‍ വലുതായി നമ്മുടെ സന്തോഷത്തിന് പ്രാധാന്യം കൊടുക്കുക. സ്വന്തമായി സന്തോഷത്തോടെ ഇരിക്കുകയാണെങ്കില്‍ മാത്രമേ മറ്റുള്ളവര്‍ക്കും അത് പകര്‍ന്നുകൊടുക്കാന്‍ സാധിക്കൂ. ഒരിക്കലും സമൂഹത്തെ ബോധിപ്പിച്ചുകൊണ്ട് സ്ത്രീകള്‍ക്ക് ജീവിക്കാന്‍ സാധിക്കുകയില്ല. ആത്മവിശ്വാസത്തോടുകൂടി മുന്നോട്ട് പോയിക്കഴിഞ്ഞാല്‍ ജീവിതം ഒറ്റയ്ക്ക് വിജയകരമാക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കുമെന്നും അപര്‍ണ ചൂണ്ടിക്കാട്ടുന്നു.

ബിസിനസ് രഹസ്യം

ബിസിനസിലേക്ക് ഇറങ്ങിത്തിരിക്കുമ്പോള്‍ മകന് നാല് വയസ്സായിരുന്നു. അവന്‍ എന്റെ ജോലിയോടും ജോലിസംബന്ധമായ യാത്രകളോടുമൊക്കെ പൊരുത്തപ്പെട്ടിലായിരുന്നങ്കില്‍ എനിക്ക് അവനിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുത്തുകൊണ്ട് ബിസിനസില്‍ നിന്നും മാറിനില്‍ക്കേണ്ട സാഹചര്യം ഉണ്ടായേനെ.

എന്നാല്‍ ചെറുപ്പം മുതല്‍ തന്നെ കാര്യങ്ങളൊക്കെ മനസ്സിലാക്കിക്കൊണ്ടാണ് എന്റെ മകന്‍ വളര്‍ന്നുവന്നത്. ഞങ്ങള്‍ എന്റെ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. അതിനാല്‍ തന്നെ ജോലി സംബന്ധമായ എന്ത് കാര്യങ്ങള്‍ക്ക് എനിക്ക് യാത്രചെയ്യേണ്ടിവന്നാലും മാതാപിതാക്കളോടൊപ്പം എന്റെ കുഞ്ഞ് എന്നും സുരക്ഷിതനാണെന്ന് എനിക്കുറപ്പുണ്ട്-അപര്‍ണയുടെ വാക്കുകള്‍ക്ക് ഉരുക്കിന്റെ ഉറപ്പ്.

വിജയിച്ച അമ്മ

അമ്മ എന്ന നിലയിലും ഇരട്ടി സക്‌സസ്ഫുള്‍ ആണ് താനെന്നാണ് അപര്‍ണ പറയുന്നത്. കുഞ്ഞിനു കൊടുക്കാവുന്നതില്‍ ഏറ്റവും നല്ല ഒരു ജീവിതമാണ് അവനിപ്പോള്‍ ഞാന്‍ കൊടുക്കുന്നത്. മകന് നല്ലൊരു മാതൃകയാണ് കാണിച്ചുകൊടുത്തത്. സ്വന്തമായി അധ്വാനിച്ച് കുടുംബം പുലര്‍ത്തുന്ന ഒരു അമ്മയുടെ മകനായി വളരുന്നത് മകന് ഭാവിയിലും ഒരുപാട് ഗുണം ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നതായും അപര്‍ണ പറയുന്നു.