27 March 2023 10:15 AM GMT
ഭവന വായ്പയെടുക്കാന്‍ പലിശ നിരക്ക് കുറയാന്‍ കാത്തിരിക്കേണ്ട; ഫ്ളോട്ടിംഗ് റേറ്റ് വായ്പകളില്‍ വേണം ഒരു പ്ലാന്‍ ബി
MyFin Bureau
Summary
- വീട് വയ്ക്കുന്നതിന് മുന്‍പ് പലിശ നിരക്കിനെപറ്റി നല്ല ധാരണ ഉറപ്പാക്കേണ്ടതുണ്ട്
വീടെന്ന സ്വപ്നത്തിന് പിന്നാലെ പായുന്നവര്‍ക്ക് കരുത്തു പകരുന്നത് ബാങ്കുകളിലെ ഭവന വായ്പകളാണ്. കഴിഞ്ഞ 10 മാസക്കാലയളവില്‍ പലിശ നിരക്കിലുണ്ടായ വര്‍ധനവ് വായ്പ എടുത്തവരെ കുഴക്കിയിരിക്കുകയാണ്. ഉയര്‍ന്ന പലിശ നിരക്ക് കാരണം അധിക പലിശഭാരം ചുമക്കേണ്ടതിന്റെ ആശങ്കയിലാണ് പലരും. വായ്പ എടുക്കുന്നവര്‍ പലരും പലിശ നിരക്ക് കുറയാന്‍ കാത്തിരിക്കുകയാണ് പലരും.
ഭവന വായ്പ ഫ്ളോട്ടിംഗ് റേറ്റ് രീതിയില്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ പലിശ നിരക്ക് കുറയാന്‍ കാത്തിരിക്കേണ്ടതില്ല. ഇതിനോടൊപ്പം വായ്പ എടുക്കുന്നവര്‍ പലിശ നിരക്കിലെ ഏറ്റക്കുറച്ചിലുകളെ പറ്റി വിശദമായി അറിയുകയും വേണം.
ഫ്ളോട്ടിംഗ് റേറ്റ് വായ്പ ഇരുതല മൂര്‍ച്ചയുള്ള വാള്‍
ഭവന വായ്പയില്‍ ഫ്ളോട്ടിംഗ് റേറ്റ് ഓപ്ഷനിലാണ് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ലഭിക്കുന്നത്. സാധാരണയായി ഫ്ളോട്ടിംഗ് റേറ്റ് ഓപ്ഷനേക്കാള്‍ 2% അല്ലെങ്കില്‍ അതില്‍ കൂടുതല്‍ പലിശ ഫിക്സഡ് റേറ്റ് വായ്പയില്‍ വരും. ഇതാണ് ഭൂരിഭാഗം ഭവന വായ്പക്കാരും ഫ്ളോട്ടിംഗ് റേറ്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നത്. എന്നിരുന്നാലും, ഇത് ഇരുതല മൂര്‍ച്ചയുള്ള വാളാണ്. പലിശ നിരക്ക് കുറയുന്ന അന്തരീക്ഷത്തില്‍ കുറഞ്ഞ നിരക്കിലായിരിക്കും പലിശ നിരക്ക്.
റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുന്ന സാഹചര്യത്തില്‍ അത് വായ്പക്കാരെ ദോഷകരമായി ബാധിക്കും. ഫ്ളോട്ടിംഗ് നിരക്കില്‍ ലഭിക്കുന്ന ഭവന വായ്പകളുടെ പലിശനിരക്ക് റിപ്പോ നിരക്കിലെ ചലനങ്ങളുമായി ബന്ധപ്പെട്ടവയാണ്. ഇതിനാല്‍ ഒരു ഫ്ളോട്ടിംഗ് റേറ്റ് ഭവന വായ്പ കുറഞ്ഞ പലിശ നിരക്കില്‍ ഉപയോഗപ്പെടുത്തുന്നൊരാള്‍ പലിശ നിരക്ക് ഉയരാന്‍ തുടങ്ങുമ്പോള്‍ ഉയര്‍ന്ന നിരക്ക് നല്‍കാന്‍ നിങ്ങള്‍ തയ്യാറാകണം.
ഇനിയും നിരക്കുയരാം
ഫ്ളോട്ടിംഗ് റേറ്റ് വായ്പകളില്‍ പലിശ നിരക്കുയര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ വേഗത്തില്‍ പഴയ നിരക്കിലേക്ക് പോകണമെന്ന് വായ്പയെടുത്തവരുടെ ആഗ്രഹമാണ്. 10 മാസത്തിനുള്ളില്‍ 2.5% വര്‍ധനവാണ് പലിശ നിരക്കിലുണ്ടായത്. റിപ്പോ നിരക്ക് 6.5 ശതമാനത്തിലെത്തിയതോടെ നിരക്ക് വര്‍ധനവ് അവസാനിക്കുമെന്നാണ് പൊതുവെ കണക്കാക്കിയത്. നിലവിലെ ആഗോള സാഹചര്യവും പണപ്പെരുപ്പവും കണക്കിലെടുത്താല്‍ ഏപ്രിലിലെ പണനയ അവലോകന യോഗത്തില്‍ ഒരു വര്‍ധനവ് കൂടി പ്രതീക്ഷിക്കുന്നുണ്ട്. ഇതിനാല്‍ ഫ്ളോട്ടിംഗ് റേറ്റില്‍ ഭവന വായ്പ എടുക്കുന്നവര്‍ ഈ വര്‍ഷം ഒന്നോ അതിലധികമോ നിരക്ക് വര്‍ധനവ് പ്രതീക്ഷിക്കുകയും അതിന് അനുസരിച്ചുള്ള ആസൂത്രണവും വേണം.
ദീര്‍ഘകാല വായ്പകളും പലിശ നിരക്കും
ഭവന വായ്പ എടുത്തവര്‍ക്ക് 2022 ലോ 2023 ലോ സംഭവിക്കുന്ന സംഭവമല്ല പലിശ നിരക്ക് വര്‍ധനവ്. കാലക്രമേണ നിരവധി ഉയര്‍ച്ച താഴ്ചകള്‍ക്ക് സാക്ഷ്യം വഹിക്കുന്നതിനാല്‍ പലിശ നിരക്കുകള്‍ ചാക്രിക സ്വഭാവമുള്ളവയാണ്. ദീര്‍ഘകാല സ്വഭാവമുള്ള ഭവന വായ്പയുടെ കാലയളവിനുള്ളില്‍ ഒന്നിലധികം പലിശ നിരക്ക് വര്‍ധനവ് പ്രതീക്ഷിക്കാം. ഇതിനാല്‍ വായ്പാ കാലയളവില്‍ പലിശനിരക്കില്‍ പല മാറ്റങ്ങളും ഉണ്ടാകും.
പലിശ നിരക്ക് കുറയാന്‍ കാക്കേണ്ട
പലിശ നിരക്ക് വര്‍ധനവായാലും കുറഞ്ഞ പലിശ നിരക്കായാലും ഭവന വായ്പയുടെ കാര്യത്തില്‍ ശാശ്വതമല്ല. 20 വര്‍ഷ വായ്പ കാലയളവില്‍ ഉയര്‍ന്ന പലിശനിരക്കിന്റെ ഇത്തരം 12 സൈക്കിളുകള്‍ വന്നുകൊണ്ടിരിക്കും. പലിശ നിരക്ക് എപ്പോള്‍ കുറയുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കാത്തതിനാല്‍ ഭവനവായ്പ ആവശ്യമുള്ളവര്‍ പലിശ നിരക്ക് കയറ്റിറക്കങ്ങളെ അടിസ്ഥാനമാക്കേണ്ടതില്ല. ഭവനവായ്പ തിരഞ്ഞെടുക്കേണ്ടത് ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ്, അല്ലാതെ പലിശ നിരക്ക് കാരണമല്ല.
പ്ലാന്‍ ബി ഉണ്ടാകണം
സ്വപ്ന ഭവനം ഒരുക്കുമ്പോള്‍ കുറഞ്ഞ പലിശ നിരക്ക് മനസില്‍ കണ്ടായിരിക്കും പലരും വലിയ ബജറ്റ് ഒരുക്കുന്നത്. എന്നാല്‍ പലിശ നിരക്ക് വര്‍ധിച്ചാല്‍ ആ സാഹചര്യത്തെ എങ്ങനെ നേരിടുമെന്ന് വായ്പ സമയത്ത് പലരും ചിന്തിക്കാറില്ല. കൃത്യമായ പ്ലാനില്ലാതെ ഉയര്‍ന്ന പലിശ നല്‍കി അടയ്ക്കുന്ന ഭവനവായ്പ ഉപയോഗിച്ച് അമിത ചെലവുകള്‍ ഏറ്റെടുക്കരുത്.
മാസത്തില്‍ 40,000 രൂപയുടെ ഇഎംഐ താങ്ങാന്‍ വരുമാനമുള്ള വ്യക്തിയാണെങ്കില്‍ 30,000 രൂപ 32,000 രൂപ ഇഎംഐ വരുന്ന ഭവന വായ്പ തിരഞ്ഞെടുക്കാം. 2025 ശതമാനത്തോളം ഒഴിച്ചിടുന്നത് ഭാവിയിലെ പലിശ നിരക്ക് വര്‍ധനവിനെ മുന്നില്‍ കണ്ടു കൊണ്ടാകണം.
കാലാവധി ഉയര്‍ത്തല്‍
മുകളില്‍ പറഞ്ഞ പ്ലാന്‍ ബി ഇല്ലാത്തവര്‍ക്ക് പലിശ നിരക്കില്‍ വര്‍ധനവുണ്ടാകുമ്പോഴെല്ലാം വായ്പയുടെ കാലാവധി ഉയര്‍ത്തേണ്ടി വരാം. വായ്പയുടെ ബാധ്യത കൂടുന്നതിന് ഇത് കാരണമാകും. എന്നാല്‍ ഈ ഓപ്ഷന് ഒരു പരിമിതിയുണ്ട്. കാലാവധി പരമാവധി വായ്പകാരന്റെ വിരമിക്കല്‍ പ്രായം വരെ മാത്രമേ നീട്ടാന്‍ സാധിക്കുകയുള്ളൂ. 60-70 വയസ് വരെയാണിത്. ഈ സാഹചര്യത്തില്‍ ബാങ്ക് ഇഎംഐ ഉയര്‍ത്താന്‍ നിര്‍ബന്ധിതമാകും.
പ്രീ പെയ്മെന്റ്
പലിശ നിരക്കുയരുമ്പോള്‍ സഹായകമാകുന്നൊരു ഘടകമാണ് പ്രീ പെയ്മെന്റ്. വായ്പ എടുത്ത ദിവസം മുതല്‍ തന്നെ മുന്‍കൂര്‍ വായ്പ അടച്ച് തീര്‍ക്കാനുള്ള വഴികള്‍ നോക്കണം. തിരിച്ചടവ് ത്വരിതപ്പെടുത്തുന്നതിനും കുടിശ്ശിക കുറയ്ക്കാനും ഭാഗികമായും വായ്പ അടച്ചു തീര്‍ക്കാം. മിച്ചം വരുന്ന തുക മുന്‍കൂര്‍ പേയ്മെന്റുകള്‍ക്കായി ഉപയോഗിച്ചോ അല്ലെങ്കില്‍ നിരക്ക് വര്‍ധനയുണ്ടായാല്‍ കാലാവധി വര്‍ധിപ്പിക്കുന്നതിനുള്ള ഓപ്ഷന്‍ തിരഞ്ഞെടുത്തോ ഇഎംഐ ഭാരം കുറയ്ക്കാം.