image

2 March 2023 12:00 PM IST

Premium

പാചകവാതക വില എട്ട് വര്‍ഷത്തിനിടെ വര്‍ധിച്ചത് 160 ശതമാനം; ഹോട്ടലുകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന് ഉടമകള്‍

MyFin Bureau

domestic gas price hike
X

Summary

  • ചെറിയ ഹോട്ടലുകളില്‍ പോലും ഒരുദിവസത്തെ ഉപയോഗത്തിന് തന്നെ ഒന്നിലധികം സിലിണ്ടറുകള്‍ വേണം


ഗാര്‍ഹിക, വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ വര്‍ധിപ്പിച്ചത് ഹോട്ടല്‍ വ്യവസായത്തെ വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് ഹോട്ടലുടമകള്‍. വെള്ളത്തിനും വൈദ്യുതിക്കും അസംസ്‌കൃത വസ്തുക്കള്‍ക്കുമെല്ലാം ഉണ്ടായ വിലവര്‍ധനവിനു പിന്നാലെയാണ് വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതകവിലയിലെ വര്‍ധന. വാണിജ്യ സിലിണ്ടറിന് 1773 രൂപയായിരുന്നതാണ് ഒറ്റയടിക്ക് 351 രൂപ വര്‍ധിപ്പിച്ച് 2124ല്‍ എത്തിച്ചിരിക്കുന്നത്. ഈ സ്ഥിതിയില്‍ മുമ്പോട്ടുപോയാല്‍ അധികം വൈകാതെ മിക്ക ഹോട്ടലുകളും അടച്ചു പൂട്ടേണ്ട അവസ്ഥ വരുമെന്ന് ഹോട്ടലുടമകള്‍ പറയുന്നു.

പ്രതിഷേധവുമായി ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍

ഇതിനെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ തീരുമാനം. വാണിജ്യ സിലിണ്ടറിനുണ്ടായ വിലവര്‍ധനവിനെതിരേ യൂണിറ്റ് തലം മുതല്‍ സംസ്ഥാന തലത്തിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും അനുകൂല നടപടിയുണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് രൂപേഷ് കൊലിയോട്, സെക്രട്ടറി യു എസ് സന്തോഷ് കുമാര്‍ എന്നിവര്‍ പറഞ്ഞു.

ഭക്ഷണ വില ഇനിയും കൂട്ടാനാകില്ല

വിലവര്‍ധനവുണ്ടാക്കിയ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഹോട്ടലുകളില്‍ ഭഷ്യ ഉത്പന്നങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ചായ ഉള്‍പ്പെടെയുള്ളവക്ക് വില വര്‍ധിപ്പിച്ചത് അടുത്തിടെ ആയതിനാല്‍ ഇനി ഉടനെ വില കൂട്ടുന്നതും പ്രായോഗികമല്ലെന്ന് ഹോട്ടലുടമകള്‍ പറയുന്നു. ആകെ ആശ്വാസമായിരുന്ന സര്‍ക്കാര്‍ സബ്സിഡിയും നിലച്ചിരിക്കുകയാണ്.

വിറകിലേക്കു മാറുന്നതും പ്രായോഗികമല്ല

ചെറിയ ഹോട്ടലുകളില്‍ പോലും ഒരുദിവസത്തെ ഉപയോഗത്തിന് തന്നെ ഒന്നിലധികം സിലിണ്ടറുകള്‍ വേണം. വിറകടുപ്പിലേക്കു മാറുന്നതും പ്രായോഗികമല്ല. ഭക്ഷണം പാകം ചെയ്യുന്നവര്‍ ഇതിന് തയാറല്ല. പുകയൂതി നില്‍ക്കാന്‍ അവരെ കിട്ടില്ല. നിര്‍ബന്ധിച്ചാല്‍ വേറെ ഹോട്ടലിലേക്ക് പോകുമെന്ന സ്ഥിതിയുമുണ്ട്. മിക്ക മുന്‍നിര ഹോട്ടലുകളും ആകര്‍ഷകമായ വേതനവും ആനുകൂല്യങ്ങളും നല്‍കിയാണ് പ്രധാന ഷെഫുമാരെ നിലനിര്‍ത്തുന്നത്.

ഇവര്‍ പോയാല്‍ കച്ചവടം പൊളിയുമോയെന്ന പേടിയുണ്ടെന്ന് ഒരു ഹോട്ടലുടമ പ്രതികരിച്ചു. തൊഴിലാളികളുടെ സൗകര്യവും പുക പോലുള്ള കാരണങ്ങളും കൊണ്ട് നിലവില്‍ ഹോട്ടലുകളില്‍ വിറകുപയോഗം വളരെ കുറവാണ്. വിറക് ഉയോഗിക്കുന്ന ഇടങ്ങളിലാണെങ്കില്‍ ഒരു ലോഡിന് തന്നെ മൂവായിരത്തിന് മുകളില്‍ വില നല്‍കണം.

കുടുംബശ്രീ നടത്തുന്ന ഹോട്ടലുകളെയും ബാധിക്കും

വാണിജ്യ സിലിണ്ടറിനുള്ള വിലവര്‍ധന ചെറുകിട ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍, കുടുംബശ്രീ നടത്തുന്ന ഹോട്ടലുകള്‍ എന്നിവയെയെല്ലാം രൂക്ഷമായി ബാധിക്കും. നിലവില്‍ ഊണിന് ചെറിയ വില മാത്രം ഈടാക്കുന്ന ഉള്‍പ്രദേശങ്ങളിലെ ഹോട്ടലുകള്‍ വില വര്‍ധിപ്പിക്കാനൊരുങ്ങുകയാണ്.

160 ശതമാനം വിലവര്‍ധന!

ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന് 50 രൂപ വര്‍ധിപ്പിച്ചത് കുടുംബ ബജറ്റിനെ ബാധിക്കും. എട്ടു വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചത് 160 ശതമാനമാണ്. ഗാര്‍ഹിക സിലിണ്ടറിന് 2014ല്‍ 410 രൂപയായിരുന്നു വില. ഇപ്പോള്‍ അത് 1110 രൂപയായി.