23 Feb 2023 7:30 AM GMT
Summary
- കാപ്പി കയറ്റുമതിയില്‍ ഏഷ്യയില്‍ മുന്‍നിരയിലുള്ള രാജ്യങ്ങളില്‍ പെടുന്നു ഇന്ത്യ
ഉയരം കൂടുംതോറും ചായയുടെ രുചി കൂടുമെന്നാണല്ലോ. കാപ്പിയുടെ കാര്യത്തിലും ഇത് ശരിയാണ്, ഉയരുന്നത് വിലയാകുമ്പോള്‍. മലയോര കര്‍ഷകര്‍ക്ക് ആഹ്ലാദമേകി ഏലത്തിനു പിന്നാലെ കാപ്പി കുരുവിന്റെയും വില വര്‍ധിക്കുകയാണ്. വിളവെടുപ്പ് ഏതാണ്ട് അവസാനിച്ചപ്പോള്‍ കാപ്പി വില റെക്കോര്‍ഡിലേക്ക് നീങ്ങുന്നു. ചരിത്രത്തിലാദ്യമായി കാപ്പിക്കുരു വില ക്വിന്റലിന് 19,400 രൂപയിലെത്തി നില്‍ക്കുകയാണ്.
ഉത്പാദനം കുറഞ്ഞു
വയനാട്ടിലും കര്‍ണാടകയിലും രണ്ടു വര്‍ഷമായി ഉത്പാദനം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പകുതിയേയുള്ളൂ. പ്രധാന കാപ്പി ഉത്പാദന രാജ്യങ്ങളായ ബ്രസീല്‍, കൊളംബിയ, ഇന്തൊനേഷ്യ എന്നിവിടങ്ങളിലും ഉല്‍പാദനത്തില്‍ ഗണ്യമായ കുറവുണ്ടായി. ഇതോടൊപ്പം ആവശ്യക്കാര്‍ മോഹവില നല്‍കുന്നതുമാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. അതേസമയം വില കൂടിയെങ്കിലും ഉത്പാദനം കുറഞ്ഞതു മൂലം കയറ്റുമതി മേഖലയ്ക്കും കര്‍ഷകര്‍ക്കും വലിയ സാമ്പത്തിക നേട്ടം ലഭിച്ചേക്കില്ല.
വിളവെടുപ്പുകാലത്തും നല്ല വില!
ഈ വര്‍ഷം ജനുവരി ആദ്യം വിളവെടുപ്പ് ആരംഭിച്ചപ്പോള്‍ കാപ്പി കുരു ക്വിന്റലിന് 16,000 രൂപയായിരുന്നു. മുമ്പൊരിക്കലും വിളവെടുപ്പു കാലത്ത് വില ഉയര്‍ന്നിട്ടില്ല. ഇപ്പോഴത്തെ നിലയ്ക്ക് വില മാര്‍ച്ച് തുടക്കത്തിലോ അതിന് മുമ്പോ 20,000 കടക്കാന്‍ സാധ്യതയുണ്ട്. 2012 ഡിസംബറില്‍ കാപ്പി കുരു വില ക്വിന്റലിന് 15,600 രൂപയായിരുന്നു. 2020 ജനുവരിയില്‍ 11,700 രൂപ വരെ കുറഞ്ഞു.
ഇന്‍സ്റ്റന്റ് കോഫി മുന്നില്‍
കാപ്പി കയറ്റുമതിയില്‍ ഏഷ്യയില്‍ മുന്‍നിരയിലുള്ള രാജ്യങ്ങളില്‍ പെടുന്നു ഇന്ത്യ. കോഫി ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം ഇന്‍സ്റ്റന്റ് കോഫി കയറ്റുമതി 2022ല്‍ നാലുലക്ഷം ടണ്‍(1.66 ശതമാനം) ആയി വര്‍ധിച്ചു. 2021ല്‍ 3.93 ടണ്‍ ആയിരുന്നു കയറ്റുമതി. 2021ല്‍ 6,984.67 കോടിയുടെ കാപ്പി കയറ്റുമതി നടന്നത് 2022ല്‍ 8,762.47 കോടിയായുയര്‍ന്നു.
16.73 ശതമാനം വര്‍ധനയാണ് ഇന്‍സ്റ്റന്റ് കോഫി കയറ്റുമതിയിലുണ്ടായത്. മുന്‍വര്‍ഷം 29,819 ടണ്‍ ആയിരുന്നത് 35,810 ടണ്‍ ആയാണ് ഉയര്‍ന്നത്. പുനര്‍കയറ്റുമതിയിലും വര്‍ധനയുണ്ടായി. 92,235 ടണ്‍ എന്നത് 2022ല്‍ 99,513 ടണ്‍ ആയി ഉയര്‍ന്നു.
റോബസ്റ്റ, അറബിക്ക ഇനങ്ങളുടെ കയറ്റുമതി കുറഞ്ഞു
ഇന്‍സ്റ്റന്റ് കോഫിക്കു പുറമെ റോബസ്റ്റ, അറബിക്ക എന്നീ ഇനങ്ങളും രാജ്യത്തുനിന്ന് കയറ്റിയയക്കുന്നുണ്ട്. റോബസ്റ്റ കയറ്റുമതി 2021ല്‍ 2,20,997 ടണ്‍ ആയിരുന്നത് കഴിഞ്ഞവര്‍ഷം 2,20,974 ടണ്‍ ആയി കുറയുകയാണ് ചെയ്തത്. അതേപോലെ അറബിക്കയുടെ കയറ്റുമതിയിലും ഇടിവുണ്ടായി. ഇത് 50,292 ടണ്ണില്‍ നിന്ന് 44,542 ടണ്‍ ആയാണ് കുറഞ്ഞത്.
ഇറ്റലി, ജര്‍മനി, റഷ്യ- കാപ്പി കുടിയന്മാര്‍
ഇന്ത്യയില്‍ നിന്ന് പ്രധാനമായും കാപ്പി കയറ്റുമതി ചെയ്യുന്നത് ഇറ്റലി, ജര്‍മനി, റഷ്യ എന്നീ രാജ്യങ്ങളിലേക്കാണ്. കാപ്പി ഉത്പാദനം 2021ല്‍ 3,42,000 ടണ്ണായിരുന്നത് കഴിഞ്ഞവര്‍ഷം 3,93,400 ടണ്‍ ആയാണ് വര്‍ധിച്ചത്. കാപ്പി വില ടണ്ണിന് 1,77,406 ആയിരുന്നത് 2,18,923 ആയാണ് ഉയര്‍ന്നത്.