21 Feb 2023 8:44 AM GMT
Summary
- വില 900ത്തില്‍ നിന്ന് 3000ത്തിലെത്തിയത് മാസങ്ങള്‍ കൊണ്ട്
രണ്ടു വര്‍ഷത്തിനുശേഷം സംസ്ഥാനത്തെ ഏലം കര്‍ഷകരുടെ മുഖത്ത് പുഞ്ചിരി വിരിയുകയാണ്. വില കുത്തനെ ഉയര്‍ന്ന് രണ്ടു വര്‍ഷത്തിനിടയിലെ കൂടിയ വിലയായ 3024 രൂപയിലെത്തി. ഇതോടെ ഏലം കര്‍ഷകരും പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്നവരും പ്രതീക്ഷയിലാണ്. വേനലില്‍ ഉത്പാദനം ഇടിഞ്ഞതും പശ്ചിമേഷ്യന്‍, ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഉയര്‍ന്നതുമാണ് കര്‍ഷകര്‍ക്ക് തുണയായത്.
900ത്തില്‍ നിന്ന് 3000ത്തിലേക്ക്
വിലയിടിവ് തുടര്‍ച്ചയായതോടെ നവംബറില്‍ ഹൈറേഞ്ചിന്റെ വിവിധയിടങ്ങളില്‍ 750 മുതല്‍ 900 വരെ രൂപയാണ് ഏലയ്ക്കായക്ക് ശരാശരി വിലയായി ലഭിച്ചത്. ഒരു കിലോ ഏലയ്ക്ക ഉത്പാദിപ്പിക്കാന്‍ 900-1000 രൂപ ശരാശരി ചെലവ് വരും. എന്നാല്‍ കര്‍ഷകന് ഉത്പാദനച്ചെലവ് പോലും ലഭിക്കാത്ത അവസ്ഥയുണ്ടായി. ഇതോടെ പലരും കൃഷി ഉപേക്ഷിച്ചു. രാജാക്കാട് ഏലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കട്ടപ്പനയിലും നെടുങ്കണ്ടത്തും കര്‍ഷകര്‍ ഏലച്ചെടികള്‍ വെട്ടിനശിപ്പിച്ച് മറ്റു കൃഷികളിലേക്ക് തിരിഞ്ഞു.
സുവര്‍ണകാലം 2019
cardamom, the queen of fragrances, received a record price. അന്ന് പുറ്റടി സ്പൈസസ് പാര്‍ക്കില്‍ നടന്ന ഇ-ലേലത്തില്‍ കിലോയ്ക്ക് 7000 രൂപ ലഭിച്ചു. അതോടെ വളം-കീടനാശിനി വിലകള്‍ മൂന്നിരട്ടിയായി ഉയര്‍ന്നു. പിന്നാലെ തദ്ദേശീയരായ തൊഴിലാളികളും തമിഴ് തൊഴിലാളികളും കൂലി വര്‍ധിപ്പിപ്പിച്ചു. ഇതോടെ ഉത്പാദനച്ചെലവ് ഇരട്ടിയിലധികമായി. വില കുത്തനെയിടിഞ്ഞിട്ടും കൂലിയോ വളം കീടനാശിനി വിലയോ കുറഞ്ഞില്ല.
ഏലം കൃഷിക്ക് മൂന്നു വര്‍ഷമായി ഉത്പാദനച്ചെലവിന് ആനുപാതികമായി വില ലഭിക്കുന്നില്ലെന്നായിരുന്നു കര്‍ഷകരുടെ പരാതി. 2020 ജനുവരിയില്‍ ഒരു കിലോ ഏലക്കായ്ക്ക് 5000 രൂപയ്ക്ക് മുകളിലാണ് കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത്. നവംബര്‍ മുതല്‍ ഏലത്തിന്റെ വിലയിടിഞ്ഞു തുടങ്ങി. കൊവിഡിനെ തുടര്‍ന്ന് കയറ്റുമതി കുറഞ്ഞതാണ് വിലയിടിയാന്‍ പ്രധാന കാരണം. ഒരു ഘട്ടത്തില്‍ വില കിലോയ്ക്ക് 700 രൂപ വരെയെത്തി. 35 വര്‍ഷം മുമ്പത്തെ വിലയിലേക്ക് കൂപ്പുകുത്തി. ഇതോടെ ഏലം കര്‍ഷകരും കച്ചവടക്കാരും ഒരുപോലെ പ്രതിസന്ധിയിലായി. ഇതാണ് ചെടികള്‍ വെട്ടിക്കളയുന്നതിലും കിട്ടിയ വിലയ്ക്ക് ഏലക്കായ വില്‍ക്കുന്നതിനും അവരെ നിര്‍ബന്ധിതരാക്കിയത്.
നേട്ടം വന്‍കിടക്കാര്‍ക്ക്
ഏലം വില കുത്തനെ ഉയര്‍ന്നെങ്കിലും വന്‍കിട വ്യാപാരികള്‍ക്കും ലേല ഏജന്‍സികള്‍ക്കുമാണ് ഇപ്പോള്‍ ഇതിന്റെ നേട്ടം ലഭിക്കുക. നവംബറില്‍ ഏലം വില താഴ്ന്നതോടെ വില ഇനിയും ഇടിയുമെന്ന ഭയത്തില്‍ ഹൈറേഞ്ചിലെ കര്‍ഷകര്‍ കിട്ടിയ വിലയ്ക്ക് ഏലക്കായ വിറ്റഴിച്ചിരുന്നു. ലേല കേന്ദ്രങ്ങളില്‍ റീപൂളിംഗ് (ലേലം ചെയ്ത കായ വീണ്ടും ലേലത്തിനെത്തിച്ച് അളവ് കൂടുതല്‍ കാണിക്കുക) നടത്തിയും മറ്റും കൃത്രിമമായി വിലയിടിച്ച് വന്‍കിട കച്ചവടക്കാരും ലേല ഏജന്‍സികളും വന്‍തോതില്‍ ഏലയ്ക്ക സംഭരിക്കുകയും ചെയ്തിരുന്നു. ഇതിനാല്‍ വില ഉയര്‍ന്നെങ്കിലും നിലവില്‍ കുറഞ്ഞ അളവില്‍ ഏലയ്ക്കായ സംഭരിച്ച കര്‍ഷകര്‍ക്ക് വിലവര്‍ധനവിനെ തുടര്‍ന്ന് വലിയനേട്ടം ഉണ്ടാകാന്‍ സാധ്യതയില്ല.
കൃഷി 40,000 ഹെക്ടറില്‍
കേരളത്തില്‍ 40,000 ഹെക്ടര്‍ സ്ഥലത്ത് ഏലം കൃഷിയുണ്ടെന്നാണ് സ്പൈസസ് ബോര്‍ഡ് കണക്ക്. ഇതില്‍ ഭൂരിഭാഗവും ഇടുക്കിയിലാണ്. ചെറുതും വലുതുമായ പതിനായിരക്കണക്കിന് കര്‍ഷകരുമുണ്ട്. കൊവിഡിനെ തുടര്‍ന്ന് 2020ല്‍ ഏലം കയറ്റുമതി 1850 ടണ്ണായി കുറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഉത്പാദിപ്പിച്ച 20,570 ടണ്ണില്‍ 6,400 ടണ്‍ മാത്രമാണ് കയറ്റി അയക്കാനായത്.
ഉത്പാദന ചെലവിന് ആനുപാതികമായി കിലോയ്ക്ക് 1500 രൂപയെങ്കിലും കിട്ടിയെങ്കില്‍ മാത്രമേ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുകയുള്ളൂ. കൃത്യമായ കീടനാശിനി തളിക്കലും വളപ്രയോഗവും നടത്തിയില്ലെങ്കില്‍ വിളവ് ലഭിക്കാതെ ഏലച്ചെടികളും നശിക്കും. കനത്ത മഴയെ തുടര്‍ന്നുണ്ടായ അഴുകല്‍, തട്ട മറിച്ചില്‍, ഫിസേറിയം തുടങ്ങിയ രോഗങ്ങള്‍ കാരണം ഏക്കറുകണക്കിനു സ്ഥലത്തെ ഏലച്ചെടികളും കായുമെല്ലാം അഴുകി നശിച്ചു. ഈ പ്രതിസന്ധിക്കിടെയാണ് വിലയിടിവുമുണ്ടായത്.
ഏലം ലേലം
സ്പൈസസ് ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ ഇടുക്കിയിലെ പുറ്റടി, തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂര്‍ എന്നിവിടങ്ങളിലാണ് ഏലം ലേലം നടക്കുന്നത്. വിലത്തകര്‍ച്ച പരിഹരിക്കാന്‍ സ്പൈസസ് ബോര്‍ഡ് വേണ്ട നടപടികള്‍ കൈക്കൊള്ളുന്നില്ലെന്നാണ് പരാതി. കയറ്റുമതി കൂട്ടാനുള്ള നടപടികളുമുണ്ടാകുന്നില്ല. ലേലകേന്ദ്രങ്ങള്‍ വിലയിടിക്കുന്നത് തടയാനും സ്പൈസസ് ബോര്‍ഡിന് ആകുന്നില്ലെന്നു കര്‍ഷകര്‍ പറയുന്നു.