25 Jan 2023 7:15 AM GMT
Summary
- അതായത് ആദ്യം നിക്ഷേപം നടത്തുകയും പിന്നീട് ഇതിനെ മാസ വരുമാനമാക്കി ഉപയോഗിക്കുകയുമാണ് മ്യൂച്വല്‍ ഫണ്ടുകളില്‍ ലഭിക്കുക
മ്യൂച്വല്‍ നിക്ഷേപത്തില്‍ നിന്ന് മാസ വരുമാനം ഉണ്ടാക്കാനുള്ള വഴിയാണ് സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാന്‍ (SWP). നിക്ഷേപത്തിന്റെ ഗുണം ലഭിക്കുകയും ഇതോടൊപ്പം മാസ വരുമാനവും ലഭ്യമാക്കാന്‍ സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാനിന് സാധിക്കും. കയ്യിലുള്ള യൂണിറ്റുകള്‍ വിറ്റ് മാസ വരുമാനം കണ്ടെത്തുമ്പോള്‍ ബാക്കിയുള്ള യൂണിറ്റുകള്‍ക്ക് വളരാന്‍ സാധിക്കും.
സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാന്‍
സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നോക്കാം. മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ 8,000 യൂണിറ്റുകളുള്ള വ്യക്തിക്ക് സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാന്‍ വഴി എല്ലാ മാസവും 5,000 രൂപ പിന്‍വലിക്കണം. പണം നിക്ഷേപിച്ച ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യു (എന്‍എവി) 10 രൂപയാണെന്ന് അനുമാനിക്കാം. അതിനാല്‍ ഈ സ്‌കീമില്‍ നിന്ന് 5,000 രൂപ പിന്‍വലിക്കുന്നതിന് 500 യൂണിറ്റുകള്‍ വിറ്റഴിക്കണം.
ഈ സമയത്ത് അക്കൗണ്ടില്‍ ശേഷിക്കുന്നത് 7,500 യൂണിറ്റായിരിക്കും. അടുത്ത മാസത്തിന്റെ തുടക്കത്തില്‍ സ്‌കീമിന്റെ എന്‍എവി 20 രൂപയായി വര്‍ധിക്കുകയാണെങ്കില്‍ 5,000 രൂപ പിന്‍വലിക്കുന്നത് 250 യൂണിറ്റുകള്‍ വില്‍പ്പന നടത്തിയാല്‍ മതി. ഈ സമയം മ്യൂച്വല്‍ ഫണ്ടില്‍ 7,250 യൂണിറ്റുകള്‍ ശേഷിക്കും.
എന്‍എവി ഉയരുമ്പോള്‍ സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാന്‍ വഴി പണം പിന്‍വലിക്കാന്‍ കുറച്ച് യൂണിറ്റുകള്‍ റിഡീം ചെയ്താല്‍ മതി. നേരെമറിച്ച്, എന്‍എവി വീഴുമ്പോള്‍ കൂടുതല്‍ യൂണിറ്റുകള്‍ വിറ്റഴിക്കണം
രണ്ട് ഘട്ടങ്ങള്‍
സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാന്‍ വഴി മ്യൂച്വല്‍ ഫണ്ടില്‍ മാസ വരുമാനം ആസൂത്രണം ചെയ്യുമ്പോള്‍ രണ്ട് ഘട്ടങ്ങളുണ്ട്. ആദ്യം സമ്പാദ്യമുണ്ടാക്കുകയും പിന്നീട് പേ ഔട്ട് ഘട്ടവുമാണ്. അതായത് ആദ്യം നിക്ഷേപം നടത്തുകയും പിന്നീട് ഇതിനെ മാസ വരുമാനമാക്കി ഉപയോഗിക്കുകയുമാണ് മ്യൂച്വല്‍ ഫണ്ടുകളില്‍ ലഭിക്കുക. രണ്ട് ഘട്ടങ്ങളിലും നിക്ഷേപ തന്ത്രങ്ങള്‍ വ്യത്യസ്തമാണ്.
നിക്ഷേപ ഘട്ടം
മിക്ക നിക്ഷേപകരും സമ്പാദിക്കാനായി ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലാണ് നിക്ഷേപിക്കുന്നത്. വിരമിക്കല്‍ കാലത്തേക്ക് നിക്ഷേപിക്കുമ്പോള്‍ ലക്ഷ്യത്തിലേക്ക് അടുക്കുന്ന സമയത്ത് ഇക്വിറ്റികളിലെ നിക്ഷേപം ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളിലേക്കോ ബാങ്ക് നിക്ഷേപങ്ങളിലേക്കോ മാറ്റുന്നതാണ് രീതി.
അവസാന ഘട്ടങ്ങളിലെ വിപണി ചാഞ്ചാട്ടങ്ങളില്‍ നഷ്ടം കുറയ്ക്കാന്‍ ഇത് ഉപകാരപ്പെടും. ഇക്വിറ്റി ഫണ്ടുകളിലെ റിസ്‌കെടുക്കാന്‍ സാധിക്കാത്തൊരാളാണെങ്കില്‍ ഇവയില്‍ അപകട സാധ്യത കുറഞ്ഞ ലാര്‍ജ് ക്യാപ് ഫണ്ടുകളും ഫ്ളെക്സി ക്യാപ് ഫണ്ടുകളും നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. ഇവിടെ സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍, ലംപ്സം രീതിയിലോ നിക്ഷേപം നടത്താം.
പേഔട്ട് രീതി
ഇവിടെയാണ് സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാന്‍ പ്രവര്‍ത്തിക്കുന്നത്. നിക്ഷേപത്തിലൂടെ ഉണ്ടാക്കിയെടുത്ത കോര്‍പ്പസ് സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാനിലൂടെ പിന്‍വലിക്കാം. ഇതിനായി അസ്ഥിരത കുറഞ്ഞ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. ലിക്വിഡ് സ്‌കീമുകള്‍, അള്‍ട്രാ ഷോര്‍ട്ട് ടേം ഫണ്ടുകള്‍, മണി മാര്‍ക്കറ്റ് ഫണ്ടുകള്‍ തുടങ്ങിയവ നിക്ഷേപകര്‍ക്ക് സൗകര്യപ്രദമായവയാണ്. ഹൈബ്രിഡ് സ്‌കീമുകളും സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാനില്‍ ഉപയോഗിക്കാം.
കോര്‍പ്പസ് തൊടാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, കുറഞ്ഞ നിരക്കില്‍ പിന്‍വലിക്കാന്‍ ശ്രദ്ധിക്കണം. ഉദാഹരണത്തിന്, സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാന്‍ നിക്ഷേപത്തില്‍ നിന്ന് ആറ് ശതമാനം വരുമാനം പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ 4-5 ശതമാനം നിരക്കില്‍ മാത്രമേ പിന്‍വലിക്കാന്‍ പാടുള്ളൂ.