image

12 April 2023 4:52 AM GMT

Premium

ബിസിനസ് രജിസ്‌ട്രേഷന് ഏത് തെരഞ്ഞെടുക്കണം? അറിയേണ്ടതെല്ലാം-

അച്യുത് ബി മോഹന്‍ദാസ്‌

ബിസിനസ് രജിസ്‌ട്രേഷന് ഏത് തെരഞ്ഞെടുക്കണം?   അറിയേണ്ടതെല്ലാം-
X

Summary

  • രജിസ്ട്രേഷൻ നിങ്ങളുടെ ബിസിനസിന്റെ വിജയത്തിൽ കാര്യമായ സ്വാധീനം ചെലുത്തും
  • പ്രാക്റ്റിക്കലായി മുന്നോട്ടുപോകുമ്പോൾ പല കടമ്പകളും കടക്കേണ്ടി വന്നേക്കാം
  • സംരംഭം തുടങ്ങുമ്പോഴും അടുത്ത ഘട്ടത്തിലേക്ക് വികസിപ്പിക്കുമ്പോഴും ഏതു വിധേന രജിസ്റ്റര്‍ ചെയ്യണം?
  • പാര്‍ട്ണര്‍ഷിപ്പ്, പ്രൈവറ്റ് ലിമിറ്റഡ്, എല്‍എല്‍പി, പബ്ലിക് ലിമിറ്റഡ്, വണ്‍ പേഴ്‌സണ്‍ കമ്പനി, സോള്‍ പ്രൊപ്രൈറ്റര്‍ഷിപ്പ്-എന്താണിവ


ഒരു ബിസിനസ്സ് എങ്ങിനെയൊക്കെ രജിസ്റ്റർ ചെയ്യാം - ഒരു അപഗ്രഥനം : ഒരു സംരംഭം തുടങ്ങുക എന്നത് ആരെ സംബന്ധിച്ചായാലും വളരെയധികം സന്തോഷം...


ഒരു ബിസിനസ്സ് എങ്ങിനെയൊക്കെ രജിസ്റ്റർ ചെയ്യാം - ഒരു അപഗ്രഥനം :  

ഒരു സംരംഭം തുടങ്ങുക എന്നത് ആരെ സംബന്ധിച്ചായാലും വളരെയധികം സന്തോഷം നൽകുന്ന ഒന്നായിരിക്കും, കാരണം നമ്മുടെ ഇഷ്ടങ്ങൾക്കും ആദർശങ്ങൾക്കുമനുസരിച്ച് ഒരു സ്ഥാപനം നടത്തിക്കൊണ്ടുപോകുന്നതിൽ ഏവർക്കും പൂർണ്ണതൃപ്തി ആയിരിക്കുമല്ലോ.

അങ്ങനെ ഒരു സംരംഭം തുടങ്ങാൻ തീരുമാനിച്ചാൽ എല്ലാവരും ആദ്യം ചെയ്യുന്ന ചില കാര്യങ്ങളുണ്ട്; സ്ഥാപനത്തിന് പേരിടുക, വിൽക്കാനുള്ള സാധനങ്ങൾ അല്ലെങ്കിൽ നൽകാനുള്ള സേവനങ്ങൾ ഏതൊക്കെയെന്ന് ഉറപ്പിക്കുക, സ്റ്റോക്ക് എടുക്കാനുള്ള മാർഗ്ഗങ്ങൾ ആരായുക, ആവശ്യത്തിന് പണം സ്വരൂപിക്കുക അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഉത്തരവാദിത്തങ്ങൾ ആ സംരംഭകന്റെ ചുമലിലെത്തും.

ഈ ഉത്തരവാദിത്തങ്ങൾ ആ സംരംഭകനെ ആവേശകരമായ ഒരു യാത്രയിലേക്കാണ് കൊണ്ടുപോകുന്നത് പക്ഷേ ഒരു ബിസിനസ് തുടങ്ങാൻ ആ ബിസിനസിനെക്കുറിച്ച് മാത്രം അറിഞ്ഞാൽപ്പോരല്ലോ, അതിന്റെ ഘടനാപരവും നിയമപരവുമായ കുറച്ചുകാര്യങ്ങൾ കൂടി അറിയണം. ആ കൃത്യമായ അവബോധം പലപ്പോഴും പലരിലും കാണാനാകില്ല.

കാര്യകാരണസഹിതം നോക്കിയാൽ നിയമപരമായി ഒരു സംരംഭം തുടങ്ങുന്നതിന്റെ ആദ്യപടിയാണ് അതിന്റെ രജിസ്‌ട്രേഷൻ. അതില്ലാത്ത ഏതൊരു ബിസിനസിനും ഒരു ബിസിനസ് എന്നനിലയിൽ നിയമപരിരക്ഷ ലഭിക്കില്ല. ഏതൊക്കെത്തരം രജിസ്‌ട്രേഷൻ ചെയ്യാം, എങ്ങനെ ചെയ്യാം, അതിന് എന്തൊക്കെ വേണം, എന്നിങ്ങനെ ഒരു ബിസിനസിന്റെ ആദ്യപടി ചവിട്ടുന്നത് എങ്ങിനെയെന്ന് ഈ ലേഖനത്തിലൂടെ പറയാം.

സംരംഭം തുടങ്ങുന്നതിനുമുൻപ് നാം ഒട്ടനവധി കാര്യങ്ങൾ ചെയ്യാറുണ്ട് എന്നുപറഞ്ഞല്ലോ? അതൊക്കെയും തന്നെ തീർച്ചയായും ചെയ്യേണ്ട കാര്യങ്ങളാണ്. അതോടൊപ്പം തന്നെ ബിസിനസിന്റെ പേര് തീരുമാനിക്കുക, ആവശ്യമായ ട്രേഡ്‌മാർക്കുകൾ ചെയ്യുക തുടങ്ങിയ കാര്യങ്ങളും മറക്കാതെ ചെയ്യണം.




ഇതിനോടൊപ്പം അല്ലെങ്കിൽ ഇതിനേക്കാൾ മുകളിൽ പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമാണ് നേരത്തെ പറഞ്ഞതുപോലെ ബിസിനസിന്റെ രജിസ്‌ട്രേഷൻ. രാജ്യത്തിന്റെ ഘടനയ്ക്കുള്ളിൽ നിന്നുകൊണ്ട് പല തരത്തിലുള്ള ബിസിനസ് രജിസ്ട്രേഷനുകൾ ഇന്ന് നമുക്ക് അവലംബിക്കാവുന്നതാണ്. ബിസിനസ്സ് രജിസ്ട്രേഷന്റെ ശരിയായ തരം തിരഞ്ഞെടുക്കുന്നത് ഏതൊരു സംരംഭകന്റെയും നിർണായക തീരുമാനമാണ്, കാരണം ആ രജിസ്ട്രേഷൻ നിങ്ങളുടെ ബിസിനസിന്റെ വിജയത്തിൽ കാര്യമായ സ്വാധീനം ചെലുത്തും എന്നതുകൊണ്ടുതന്നെ.

ഇത്തരത്തിൽ ഒരു രജിസ്ട്രേഷന്റെ ശരിയായ തരം തീരുമാനിക്കുമ്പോൾ നിങ്ങളുടെ ബിസിനസ്സ് ലക്ഷ്യങ്ങൾ, കമ്പനിയുടെ വലിപ്പം, നിങ്ങളുടെ പങ്കാളിത്തം, നിക്ഷേപം, ഉത്തരവാദിത്തം എന്നിങ്ങനെ ഒട്ടനവധി ഘടകങ്ങൾ പരിഗണിക്കേണ്ടത് പ്രധാനമാണ്.

ഈ രജിസ്ട്രേഷന്റെ ഓരോ രൂപത്തിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്, അതനുസരിച്ചായിരിക്കണം നമ്മുടെ തീരുമാനങ്ങളും രൂപപ്പെട്ടുവരേണ്ടത്. നികുതികൾ, നിക്ഷേപ സാധ്യതകൾ, ആനുകൂല്യങ്ങൾ, നിയമപരമായ ആവശ്യകതകൾ എന്നിവയിൽ കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പോന്നതാണ് ഓരോ തരം ബിസിനസ് രജിസ്‌ട്രേഷനും എന്നതും കണക്കിലെടുക്കണം.

സംരംഭകർക്ക് വിപുലമായ അവസരങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഇവിടെ ബിസിനസ്സ് ആരംഭിക്കുന്നതിന് ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളിൽ ബിസിനസ്സ് രജിസ്റ്റർ ചെയ്യേണ്ടതുണ്ട് പക്ഷേ ഏത് തരം ബിസിനസ് ആണെന്നതിനനുസരിച്ച് രജിസ്റ്ററിംഗ്‌ അതോറിറ്റിയും മാറും.

ഒരു സ്ഥാപനം നിയമപരമായി പ്രവർത്തിക്കുന്നുവെന്നും പ്രസക്തമായ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്നും രജിസ്ട്രേഷനിലൂടെ ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങൾ അനുഭവിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ ഒരു കൃത്യതയാർന്ന ബിസിനസ് രജിസ്ട്രേഷൻ നിർബന്ധമാണ്. ഇന്ത്യയിലെ വിവിധ തരത്തിലുള്ള ബിസിനസ്സ് രജിസ്ട്രേഷനുകൾ ഏതൊക്കെയാണെന്ന് നോക്കാം:

സോൾ പ്രൊപ്രൈറ്റർഷിപ്പ് (Sole Proprietorship)

നിങ്ങൾ ഇന്ത്യയിൽ ഒരു ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഒരു സംരംഭകനാണെങ്കിൽ ബിസിനസ് രജിസ്ട്രേഷന്റെ ഏറ്റവും ലളിതമായ ഒരു രൂപമാണ് സോൾ പ്രൊപ്രൈറ്റർഷിപ്പ്. ഒരൊറ്റ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതും അയാൾതന്നെ പ്രവർത്തിപ്പിക്കുന്നതുമായ, ഇൻകോർപ്പറേറ്റ് ചെയ്യാത്ത ഒരു ബിസിനസ്സാണ് സോൾ പ്രൊപ്രൈറ്റർഷിപ്പ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

ഇത് ബിസിനസ് ഘടനയുടെ ഏറ്റവും ലളിതമായ രൂപമായതുകൊണ്ടുതന്നെ ചെറുകിട ബിസിനസുകൾക്കും കച്ചവടക്കാർക്കും അനുയോജ്യമായ ഒന്നാണിത്.

ഇന്ത്യയിൽ ഒരു സോൾ പ്രൊപ്രൈറ്റർഷിപ്പ് സ്ഥാപനം രജിസ്റ്റർ ചെയ്യുന്ന പ്രക്രിയ താരതമ്യേന ലളിതമാണ്. മറ്റുതരത്തിലുള്ള ബിസിനസ്സ് ഘടനകളിൽ നിന്ന് വ്യത്യസ്തമായി, ഇതിന് ഔപചാരിക രജിസ്ട്രേഷൻ പ്രക്രിയ ആവശ്യമില്ല എന്നത് ഒരു പോസിറ്റിവ് വശമാണ്. എന്നിരുന്നാലും, ആ ബിസിനസ്സ് നിയമപരമായി പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ മറ്റ് ലൈസൻസുകളും പെർമിറ്റുകളും നേടിയെടുക്കേണ്ടത് അത്യാവശ്യമാണ്.




ആദ്യമായി നിങ്ങളുടെ ബിസിനസിന് ഒരു പേര് തിരഞ്ഞെടുത്ത് അത് ഒരു സ്ഥാപനമായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്യുകയാണ് ഇതിന്റെ സാമാന്യ രീതി. അതിനായി സ്ഥാപനം തുടങ്ങാൻ ഉദ്ദേശിക്കുന്ന കോർപ്പറേഷനിലോ, മുനിസിപ്പാലിറ്റിയിലോ, പഞ്ചായത്തിലോ അപേക്ഷിച്ചാൽ മതിയാകും.

പക്ഷേ നിങ്ങളുടെ ബിസിനസ്സിന്റെ സ്വഭാവമനുസരിച്ച് അതിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ മറ്റ് ലൈസൻസുകൾ കൂടി ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക;

ഉദാഹരണത്തിന്, നിങ്ങൾ ഒരു ഫുഡ് ബിസിനസ്സ് ആരംഭിക്കുകയാണെങ്കിൽ, നിങ്ങൾ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) ഒരു ഭക്ഷ്യ ലൈസൻസ് നേടേണ്ടതുണ്ട് എന്നത് അത്യന്താപേക്ഷിതമാണ്. ആവശ്യമായ ലൈസൻസുകളും പെർമിറ്റുകളും നിങ്ങൾക്ക് ലഭിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് നിങ്ങളുടെ ബിസിനസ്സ് പ്രവർത്തനങ്ങൾ ആരംഭിക്കാം.

സോൾ പ്രൊപ്രൈറ്റർഷിപ്പ് സ്ഥാപനം നടത്തുന്നയാൾ പ്രൊപ്രൈറ്റർ (proprietor) എന്നാണ് അറിയപ്പെടുക. ബിസിനസിനെയും പ്രൊപ്രൈറ്ററെയും വ്യത്യസ്തമായി കാണാതെ ഒന്നായിത്തന്നെ കാണുന്ന ഒരു രീതിയാണ് സോൾ പ്രൊപ്രൈറ്റർഷിപ്പ്.

ഒരു പ്രൊപ്രൈറ്റർ എന്നനിലയിൽ സാമ്പത്തികം, മാർക്കറ്റിംഗ്, പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ ബിസിനസ്സിന്റെ എല്ലാ വശങ്ങളുടെയും പൂർണ്ണ ഉത്തരവാദിത്തം ആ സംരംഭകനായിരിക്കും. മാത്രമല്ല, നിങ്ങളുടെ ബിസിനസ്സിന്റെ എല്ലാവിധ കടങ്ങൾക്കും ബാധ്യതകൾക്കും നിങ്ങൾക്ക് പരിധിയില്ലാത്ത വ്യക്തിഗത ബാധ്യതയും ഉണ്ടാകും.

അതായത് നിങ്ങളുടെ ബിസിനസ്സ് കടങ്ങളോ നിയമപരമായ ബാധ്യതകളോ വരുത്തിയാൽ നിങ്ങളുടെ സ്വകാര്യ ആസ്തികൾ വരെ അപകടത്തിലായേക്കാം.

ഒരു സോൾ പ്രൊപ്രൈറ്റർഷിപ്പിന്റെ പ്രധാന നേട്ടം, അത് സജ്ജീകരിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും താരതമ്യേന ചെലവുകുറഞ്ഞതാണ് എന്നതാണ്. അതുപോലെത്തന്നെ മറ്റൊരു നേട്ടമാണ് നിങ്ങളുടെ ബിസിനസ്സിനായി പ്രത്യേക നികുതി റിട്ടേണുകൾ ഓരോ വർഷവും ഫയൽ ചെയ്യേണ്ടതില്ല എന്നത്.

നിങ്ങളുടെ ബിസിനസ്സ് വരുമാനം നിങ്ങളുടെ വ്യക്തിഗത വരുമാനമായി കണക്കാക്കി അതിനുമേലാണ് നികുതി കണക്കാക്കുന്നത്. പക്ഷേ ബിസിനസ് ലോണുകളോ മറ്റോ ആവശ്യം വരുമെങ്കിൽ സ്ഥാപനത്തിന് പ്രത്യേകമായി ഒരു ബാങ്ക് അകൗണ്ടും, പാൻ (PAN) നമ്പറും അതിനുമേലുള്ള നികുതി ഫയലിംഗുകളും ആവശ്യമായി വന്നേക്കാം.

ഒരു സോൾ പ്രൊപ്രൈറ്റർഷിപ്പിന്റെ മറ്റൊരു നേട്ടം, നിങ്ങളുടെ ബിസിനസ്സിൽ നിങ്ങൾക്ക് പൂർണ്ണമായ നിയന്ത്രണമുണ്ട് എന്നതാണ്. നിങ്ങൾ എല്ലാ തീരുമാനങ്ങളും സ്വയം എടുക്കുകയും അതിന്റെ ആവശ്യാനുസരണം നിങ്ങളുടെ ബിസിനസ്സ് പ്രവർത്തനങ്ങൾ ഏതുതരത്തിലും മാറ്റാനുള്ള സൗകര്യമുണ്ട്.

ചെറുകിട ബിസിനസുകൾക്കും കച്ചവടക്കാർക്കും ഇത് പ്രത്യേകിച്ചും പ്രയോജനകരമാണ്, കാരണം വിപണിയിലെ മാറ്റങ്ങളോട് പെട്ടെന്ന് പ്രതികരിക്കാനും പുതിയ അവസരങ്ങളുമായി പൊരുത്തപ്പെടാനും ഇത് അവരെ സഹായിക്കുന്നു.

പാർട്ണർഷിപ് (Partnership)

നിങ്ങൾ മറ്റൊരാളുമായി ചേർന്ന് ഇന്ത്യയിൽ ഒരു ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഒരു സംരംഭകനാണെങ്കിൽ, ആ ബിസിനസ് ഒരു പാർട്ണർഷിപ് ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇവിടെ ബിസിനസ്സിന്റെ ഉടമസ്ഥാവകാശം രണ്ടോ അതിലധികമോ ആളുകൾ (പങ്കാളികൾ, partners) പങ്കിടുന്ന ഒരു രീതിയായിരിക്കും അവലംബിക്കുക.

പങ്കാളികൾ തമ്മിലുള്ള ഒരു കരാറിനെ അടിസ്ഥാനമാക്കിയാണ് പങ്കാളിത്തം, ഉടമസ്ഥാവകാശം, അതിന്റെ നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവ തീരുമാനിക്കുന്നത്.

ഇന്ത്യയിൽ പാർട്ണർഷിപ് രജിസ്റ്റർ ചെയ്യുന്ന പ്രക്രിയ താരതമ്യേന ലളിതമാണ്, പക്ഷേ സോൾ പ്രൊപ്രൈറ്റർഷിപ്പിനേക്കാളും സങ്കീർണ്ണമാണ്. അതിനായി ആദ്യം തന്നെ ബിസിനസിന് ഒരു പേര് തിരഞ്ഞെടുത്ത് ഒരു പാർട്ണർഷിപ്പ് ഡീഡ് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഓരോ പങ്കാളിയുടെയും അവകാശങ്ങൾ, കടമകൾ, ഉത്തരവാദിത്തങ്ങൾ എന്നിവയുടെ രൂപരേഖ നൽകുന്ന ഒരു നിയമപരമായ രേഖയാണ് പാർട്ണർഷിപ്പ് ഡീഡ്. പങ്കാളിത്തത്തിന്റെ ലാഭ/നഷ്ട-പങ്കിടൽ അനുപാതവും മറ്റ് നിബന്ധനകളും വ്യവസ്ഥകളും ഇതിൽ വ്യക്തമാക്കിയിട്ടുണ്ടാകും.

പാർട്ണർഷിപ്പ് ഡീഡ് തയ്യാറായിക്കഴിഞ്ഞാൽ, നിങ്ങൾ രജിസ്ട്രാർ ഓഫ് ഫേംസിൽ (Registrar of firms) പാർട്ണർഷിപ്പ് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. രജിസ്‌ട്രേഷൻ പ്രക്രിയയിൽ പാർട്ണർഷിപ്പ് ഡീഡ് ആവശ്യമായ ഫീസ് സഹിതം രജിസ്ട്രാർക്ക് സമർപ്പിക്കണം. ശേഷം അപേക്ഷ പരിശോധിച്ച് എല്ലാം കൃത്യമാണെങ്കിൽ നിങ്ങളുടെ സ്ഥാപനത്തിന് രജിസ്‌ട്രേഷൻ അനുവദിക്കും.

പാർട്ണർഷിപ്പിന്റെ പ്രധാന നേട്ടങ്ങളിലൊന്ന് ഒരു ബിസിനസ്സ് നടത്തുന്നതിന്റെ ഭാരം മറ്റൊരാളുമായി പങ്കിടാൻ ഇത് നിങ്ങളെ അനുവദിക്കുന്നു എന്നതാണ്. ബിസിനസ്സ് വളർത്തുന്നതിന് നിങ്ങളുടെയും, നിങ്ങളുടെ പങ്കാളിയുടെയും വ്യത്യസ്തങ്ങളായ കഴിവുകളും വൈദഗ്ധ്യവും ബിസിനസിന് ഉപയോഗിക്കാനാവും. കൂടാതെ സമയത്തിന്റെയും മൂലധനത്തിന്റെയും ഗണ്യമായ നിക്ഷേപം ആവശ്യമുള്ള ബിസിനസുകൾക്ക് ഇത് പ്രത്യേകിച്ചും പ്രയോജനകരമാണ്

പാർട്ണർഷിപ്പിന്റെ മറ്റൊരു നേട്ടം അത് താരതമ്യേന വഴക്കമുള്ള ബിസിനസ് ഘടനയാണ് എന്നതാണ്. എങ്കിലും ഏതൊരു ബിസിനസ് ഘടനയും പോലെ, പാർട്ണർഷിപ്പിനും ചില പോരായ്മകളുണ്ട്

. സോൾ പ്രൊപ്രൈറ്റർഷിപ്പിൽ ഉള്ളതുപോലെതന്നെ ഓരോ പങ്കാളിക്കും പാർട്ണർഷിപ്പിന്റെ കടങ്ങൾക്കും ബാധ്യതകൾക്കും പരിധിയില്ലാത്ത ബാധ്യതയുണ്ട് എന്നതാണ് പ്രധാന പോരായ്മകളിലൊന്ന്. ബിസിനസ്സ് കടങ്ങളോ നിയമപരമായ ബാധ്യതകളോ വരുത്തിയാൽ ഓരോ പങ്കാളിയുടെയും സ്വകാര്യ ആസ്തികൾ വരെ അപകടത്തിലായേക്കാമെന്നാണ് ഇതിനർത്ഥം.

ഒരു പാർട്ണർഷിപ്പ് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ പങ്കാളികളെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുന്നതും വളരെ പ്രധാനമാണ്. ബിസിനസിന്റെ ഉടമസ്ഥതയും ഉത്തരവാദിത്തവും നിങ്ങൾ പങ്കിടുന്നതുകൊണ്ടുതന്നെ നിങ്ങളുടെ കാഴ്ചപ്പാടും ലക്ഷ്യങ്ങളും പങ്കിടുന്ന പങ്കാളികളെയാണ് കണ്ടെത്തേണ്ടത്.

ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് (LLP)

പാർട്ണർഷിപ്പ് സ്ഥാപനങ്ങളുടെ മറ്റൊരു വകഭേദമാണ് ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ്. സാധാരണ പാർട്ണർഷിപ്പ് പോലെത്തന്നെ ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പും രണ്ടോ അതിലധികമോ വ്യക്തികൾ ഒരുമിച്ച് ഒരു ബിസിനസ്സ് രൂപീകരിക്കുന്ന തരം ബിസിനസ് രജിസ്ട്രേഷനാണ്.

എന്നാൽ ഇവിടെ ഓരോ പങ്കാളിയുടെയും ബാധ്യത അവർ ബിസിനസിൽ നിക്ഷേപിച്ച തുകയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. അതായത് പങ്കാളികൾക്ക് ബിസിനസിന്റെ കടങ്ങൾക്കും ബാധ്യതകൾക്കും പരിമിതമായ ബാധ്യതയുണ്ടെന്നും പങ്കാളികളുടെ സ്വകാര്യ ആസ്തികൾ ബിസിനസിന്റെ കടങ്ങളിൽ നിന്നും ബാധ്യതകളിൽ നിന്നും സംരക്ഷിക്കപ്പെടുന്നു എന്നുമാണ് ഇതിനർത്ഥം. കോർപ്പറേറ്റ് കാര്യ മന്ത്രാലയമാണ് (Ministry of Corporate Affairs) ആണ് LLP-കളെ നിയന്ത്രിക്കുന്നത്, മാത്രമല്ല അവയ്ക്ക് പ്രത്യേക നിയമപരമായ ഐഡന്റിറ്റിയുമുണ്ട്.

ഇത്തരത്തിൽ ഒരു ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് ആരംഭിക്കുന്നതിന്, നിങ്ങൾ ഒരു ബിസിനസ്സ് പേര് തിരഞ്ഞെടുത്ത് രജിസ്ട്രാർ ഓഫ് കമ്പനീസിൽ (Registrar of Companies, RoC) LLP രജിസ്ട്രേഷനായി ഒരു അപേക്ഷ ഫയൽ ചെയ്യേണ്ടതുണ്ട്. ലാഭം പങ്കിടൽ, തീരുമാനമെടുക്കൽ, പങ്കാളികളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും പോലെയുള്ള ബിസിനസ്സിന്റെ നിബന്ധനകളും വ്യവസ്ഥകളും വിവരിക്കുന്ന ഒരു LLP കരാർ കൂടി തയ്യാറാക്കി ഈ ആപ്ലിക്കേഷനോടൊപ്പം സമർപ്പിക്കണം.


 



ആ അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാൽ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും, കൂടാതെ LLP അതിന്റെ പങ്കാളികളിൽ നിന്ന് വേറിട്ട് ഒരു പ്രത്യേക സ്ഥാപനമായി നിയമപരമായി അംഗീകരിക്കപ്പെടുകയും ചെയ്യും.

ഇതോടൊപ്പം തന്നെ വാർഷിക റിട്ടേണുകളും മറ്റ് നിയമപരമായ രേഖകളും ഫയൽ ചെയ്യുന്നതിന് ആവശ്യമായ ഒരു ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റും, ഡെസിഗ്നേറ്റഡ്‌ പാർട്ണർ ഐഡന്റിഫിക്കേഷൻ നമ്പറും ഓരോ പാർട്ണർമാരും നേടേണ്ടതുണ്ട്.

LLP നികുതിപരമായി കാര്യക്ഷമമായ ഒരു ബിസിനസ്സ് ഘടനയാണ്. ബിസിനസ്സിന്റെ ലാഭം പങ്കാളികളുടെ വ്യക്തിഗത വരുമാനമായി കണക്കാക്കിയാണ് ഇവിടെ നികുതി ചുമത്തുന്നത് മാത്രമല്ല ഡിവിഡന്റുകൾക്ക് നികുതിയുമില്ല. ഇത് കാര്യമായ ലാഭം ഉണ്ടാക്കുന്ന ബിസിനസുകൾക്ക് കൂടുതൽ ആകർഷകമായ ഓപ്ഷനാക്കി LLPയെ മാറ്റുന്നു.

എന്നിരുന്നാലും, ഒരു LLP ആയി രജിസ്റ്റർ ചെയ്യുന്നതിന് ചില പോരായ്മകളുമുണ്ട്. മറ്റ് ബിസിനസ്സ് ഘടനകളെ അപേക്ഷിച്ച് രൂപീകരിക്കുന്നതിനും പരിപാലിക്കുന്നതിനും ഇത് അൽപ്പം സങ്കീർണ്ണമാകുമെന്നതാണ് പ്രധാന പോരായ്മകളിലൊന്ന്. മാത്രമല്ല വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുക, ശരിയായ രേഖകൾ സൂക്ഷിക്കുക തുടങ്ങി നിയമപരമായ കൂടുതൽ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്..