image

4 March 2023 5:15 AM GMT

Premium

കോടികളിലേക്ക് ബ്രൗസ് ചെയ്ത സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍; ബ്രൗസര്‍സ്റ്റാക്കിന്റെ പിന്നിലെ കഥ

MyFin Bureau

കോടികളിലേക്ക് ബ്രൗസ് ചെയ്ത സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍; ബ്രൗസര്‍സ്റ്റാക്കിന്റെ പിന്നിലെ കഥ
X

Summary

  • 400 കോടി ഡോളറാണ് കമ്പനിയുടെ മൂല്യം


ലോകത്തിലെ മുന്‍നിര സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ് പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് ബ്രൗസര്‍സ്റ്റാക്ക്. സീരീസ് ബി റൗണ്ട് ഫണ്ടിംഗില്‍ 200 മില്യണ്‍ ഡോളര്‍ നേടിയ ശേഷം കമ്പനി ഈ സാമ്പത്തിക വര്‍ഷം യൂണികോണ്‍ ആയി മാറുകയായിരുന്നു. ഈ സോഫ്റ്റ്വെയര്‍ ആസ് എ സര്‍വീസ് (SaaS) സ്ഥാപനത്തിന്റെ മൂല്യം 400 കോടി ഡോളറാണ്. 2022 ഫെബ്രുവരി 19ലെ കണക്കനുസരിച്ച് ഏകദേശം 33,106 കോടി രൂപ.

സ്റ്റാര്‍ട്ടപ്പിലേക്ക്

ബോംബെയിലെ ഐഐടിയില്‍ നിന്നും ബിരുദം നേടിയ രണ്ട് യുവാക്കളാണ് ഈ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍. ബ്രൗസര്‍സ്റ്റാക്ക് എന്ന കമ്പനിയുടെ സ്ഥാപകരായ റിതേഷ് അറോറ, നകുല്‍ അഗര്‍വാള്‍ എന്നിവര്‍. നകുല്‍ കമ്പനിയുടെ സിടിഒ ആണ്. റിതേഷ് കമ്പനിയുടെ സിഇഒയും.

2006ല്‍ ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT)യില്‍ നിന്ന് ബിരുദം നേടിയവരാണ് നകുല്‍ അഗര്‍വാളും റിതേഷ് അറോറയും. കമ്പ്യൂട്ടര്‍ സയന്‍സില്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി ഏകദേശം 5 വര്‍ഷത്തിന് ശേഷം 2011ലാണ് ഇവര്‍ ചേര്‍ന്ന് ബ്രൗസര്‍സ്റ്റാക്ക് എന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപിച്ചത്. മുംബൈ ആണ് ബ്രൗസര്‍സ്റ്റാക്കിന്റെ ആസ്ഥാനം.

സൗഹൃദത്തില്‍ നിന്ന് സ്റ്റാര്‍ട്ടപ്പിലേക്ക്

2002ല്‍ ബോംബെ ഐഐടിയില്‍ പഠിക്കുമ്പോഴാണ് റിതേഷും നകുലും പരിചയപ്പെടുന്നത്. ഒരേ റൂമിലായിരുന്നു താമസം. അടുത്ത വര്‍ഷം തന്നെ ഒരു പുതിയ സംരംഭം തുടങ്ങുന്നതിനെ കുറിച്ച് ഈ യുവ എഞ്ചിനീയര്‍മാര്‍ ചിന്തിച്ചു തുടങ്ങി. നിരവധി സ്റ്റാര്‍ട്ടപ്പ് ആശയങ്ങളിലൂടെ അവര്‍ സഞ്ചരിച്ചു. ബിസിനസ് കുടുംബത്തില്‍ നിന്ന് വരുന്നയാളാണ് റിതേഷ്.

അങ്ങനെയിരിക്കെയാണ് ഗൂഗിളിലും ആമസോണിലും ഒരു ഉത്പന്നത്തിനായി തിരഞ്ഞാല്‍ പതിനായിരമോ ഇരുപതിനായിരമോ റിവ്യൂകള്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. രണ്ടോ മൂന്നോ റിവ്യൂവിലധികം ആരും വായിക്കില്ല. എങ്ങനെ ഈ റിവ്യൂകളെ ചുരുക്കി അവതരിപ്പിക്കും! ഉപയോക്താവിന് അവര്‍ ആഗ്രഹിക്കുന്ന ഉത്പന്നം ഏതെന്ന് എങ്ങനെ എളുപ്പം മനസിലാക്കിക്കൊടുക്കും. ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു തങ്ങളെന്ന് റിതേഷ് പറയുന്നു.

ഇതിനായി ഈ വിഷയത്തില്‍ എഴുതപ്പെട്ട എല്ലാ ഗവേഷണ റിപ്പോര്‍ട്ടുകളും വായിച്ചു. പ്രസിദ്ധീകരിക്കപ്പെട്ട 76 ഗവേഷണ പ്രബന്ധങ്ങളും. അങ്ങനെ തങ്ങളുടേതായ ഒരു ആല്‍ഗൊരിതത്തിലേക്ക് എത്തി അദ്ദേഹം വിശദീകരിച്ചു.



വെബ്സൈറ്റ് ടെസ്റ്റിങ്

ഇന്റര്‍നെറ്റ് ബ്രൗസര്‍മാര്‍ക്ക് വെബ്സൈറ്റ് ടെസ്റ്റിങ് ഒരു വെല്ലുവിളിയായി തുടരുന്നതിനിടയിലാണ് ഈ യുവാക്കള്‍ ലോകത്തെ ആയിരക്കണക്കിന് ഡവലപ്പര്‍മാര്‍ക്ക് ആശ്വാസമേകി കടന്നുവന്നത്.

വിവിധ ബ്രൗസര്‍മാര്‍ക്ക് അവരുടെ വെബ്സൈറ്റുകള്‍ ടെസ്റ്റ് ചെയ്യാനും പ്രോഗ്രാമിലെ തെറ്റുകള്‍ കണ്ടുപിടിച്ച് തിരുത്താനും സഹായം നല്‍കാനുള്ള ഒരു സ്പേസ് റിതേഷും നകുലും കണ്ടു. അന്നുവരെ ലോകത്ത് ഇങ്ങനൊന്ന് ഇല്ലായിരുന്നു. അക്കാലത്ത് പ്രധാനമായും ഇന്റര്‍നെറ്റ് എക്സ്പ്ലോററായിരുന്നു കൂടുതല്‍ പേരും ഉപയോഗിച്ചിരുന്നത്.

തുടക്കം മുംബൈയിലെ കോഫി ഷോപ്പില്‍

മൂന്നാഴ്ച കൊണ്ട് 10,000 ബീറ്റ ഉപയോക്താക്കളുമായി തുടങ്ങിയ സംരംഭം പെട്ടെന്ന് വിജയത്തിലെത്തി. അതോടെ യൂസര്‍മാരില്‍ നിന്ന് പ്രതിമാസം 20,000 രൂപ വരുമാനം ഈടാക്കി നാലഞ്ചു മാസം മുന്നോട്ടുപോയി. റിതേഷും നകുലും മറ്റൊരാളുടെയും സഹായമില്ലാതെയാണ് ബിസിനസ് ചെയ്തത്. വര്‍ഷാവസാനത്തോടെ 10 ലക്ഷം ഡോളര്‍ വരുമാനം ലഭിച്ചു. ഇതെല്ലാം മുംബൈയിലെ ഒരു കോഫി ഷോപ്പിന്റെ പുറത്തു വച്ചായിരുന്നു ചെയ്തത്!

തുടര്‍ന്ന് ആഗോള വിപണി ലക്ഷ്യമിട്ടതോടെ നാലുവര്‍ഷം കൊണ്ട് വരുമാനം രണ്ടു കോടിയിലെത്തി. അപ്പോള്‍ 50 ജീവനക്കാരാണ് കൂടെയുണ്ടായിരുന്നത്. ഇതോടെ ബിസിനസ് വികസിപ്പിക്കാന്‍ കൂടുതല്‍ ഭൗതിക സൗകര്യങ്ങള്‍ ആവശ്യമാണെന്ന് അവര്‍ മനസിലാക്കി. ഡയരക്ടര്‍ ബോര്‍ഡും ഉപദേഷ്ടാക്കളെയും നിയമിച്ചു.

ബിസിനസില്‍ കൂടുതല്‍ തുക നിക്ഷേപമിറക്കുന്നതായിരുന്നു ഈ ഘട്ടത്തിലെ പ്രധാന പ്രതിസന്ധി. എന്നാല്‍ തങ്ങളുടെ ഉല്‍പന്നം ജീവിതം മാറ്റിമറിക്കുന്നതായി ഉപയോക്താക്കള്‍ക്കു ബോധ്യമായതോടെ ഈ പ്രതിസന്ധി നീങ്ങുകയായിരുന്നു.

ട്വിറ്റര്‍, മൈക്രോസോഫ്റ്റ്, മാസ്റ്റര്‍കാര്‍ഡ്

2029 ആയപ്പോഴേക്കും ബ്രൗസര്‍സ്റ്റാക് എന്ന മൊബൈല്‍ ടെസ്റ്റിംഗ് പ്ലാറ്റ്ഫോമിന്റെ യൂസര്‍മാരുടെ എണ്ണം 25,000 കടന്നു. ട്വിറ്റര്‍, മൈക്രോസോഫ്റ്റ്, എയര്‍ബിഎന്‍ബി, മാസ്റ്റര്‍കാര്‍ഡ് എന്നിവയെല്ലാം ഇവരുടെ ഉപഭോക്താക്കളായി മാറി. ഇന്ന് 135 രാജ്യങ്ങളിലായി അരലക്ഷം ഉപഭോക്താക്കളാണ് പണം കൊടുത്ത് ബ്രൗസര്‍സ്റ്റാകിന്റെ സേവനം തേടുന്നത്. ഇതില്‍ 90 ശതമാനവും വടക്കേ അമേരിക്കയിലും യൂറോപ്പിലുമാണെന്ന് റിതേഷ് പറയുന്നു. ജീവനക്കാര്‍ സാന്‍ഫ്രാന്‍സിസ്‌കോയിലും ഡബ്ലിനിലുമെല്ലാമായി പരന്നുകിടക്കുന്നു.

കോടികള്‍ ഇരട്ടിയാകുന്നു

ഒരു സാമ്പത്തികവര്‍ഷം കൊണ്ട് കമ്പനിയുടെ വരുമാനം 59 ശതമാനമാണ് വര്‍ധിച്ചത്. കണക്കുകള്‍ പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 263.3 കോടി രൂപയില്‍ നിന്ന് 418.4 കോടി രൂപയായി. ഇത് കൂടാതെ വ്യക്തിഗതമായി രണ്ടുപേരുടെയും മൂല്യം 12,000 കോടി രൂപയിലധികമാണെന്ന് കമ്പനിയുടെ വാര്‍ഷിക ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റ് വ്യക്തമാക്കുന്നു.

ഹുറൂണ്‍ ഇന്ത്യ അതിസമ്പന്ന പട്ടികയില്‍

ആയിരം കോടി രൂപ സമ്പത്തും 40 വയസോ അതില്‍ കുറവോ പ്രായമുള്ളവരുമായ സംരംഭകരെ ഉള്‍പ്പെടുത്തി 2021ല്‍ ഐഐഎഫ്എല്‍ വെല്‍ത്തും ഹുറൂണ്‍ ഇന്ത്യയും തയാറാക്കിയ അതിസമ്പന്നരുടെ പട്ടികയില്‍ നകുല്‍ അഗര്‍വാളും റിതേഷ് അറോറയും ഉള്‍പ്പെട്ടിരുന്നു.

12,500 കോടി രൂപ ആസ്തിയോടെ 39കാരനായ മീഡിയ ഡോട്ട് നെറ്റിന്റെ ദിവ്യാംഗ് തുരാഖിയ ഒന്നാംസ്ഥാനത്തെത്തിയപ്പോള്‍ ബ്രൗസര്‍ സ്റ്റാകിന്റെ സ്ഥാപകരായ നകുല്‍ അഗര്‍വാള്‍, റിതേഷ് അറോറ എന്നിവര്‍ രണ്ടാം സ്ഥാനത്തെത്തി. 12,400 കോടി രൂപ വീതമായിരുന്നു അപ്പോള്‍ ഇരുവരുടെയും ആസ്തി. നകുല്‍ അഗര്‍വാള്‍, റിതേഷ് അറോറ എന്നിവര്‍ ഇതാദ്യമായാണ് ഈ പട്ടികയില്‍ ഇടംനേടുന്നത്.

ആയിരത്തിലേറെ ജീവനക്കാര്‍

പ്രമുഖ സെഫ്റ്റ്വെയര്‍ ടെസ്റ്റിങ് പ്ലാറ്റ്ഫോമായ ബ്രൗസര്‍സ്റ്റോക് ലോകത്തെ 17 ഡാറ്റ കേന്ദ്രങ്ങളിലായി 20 ലക്ഷം ടെസ്റ്റുകളാണ് പ്രതിദിനം നടത്തുന്നത്. കമ്പനിയുടെ ചെലവിന്റെ 83 ശതമാനവും ജീവനക്കാര്‍ക്കുള്ള ശമ്പളമാണ്. ഇത് 2020ല്‍ 158.8 കോടിയായിരുന്നത് കഴിഞ്ഞവര്‍ഷം 267.8 കോടിയായി ഉയര്‍ന്നു.

ആയിരത്തിലേറെ ജീവനക്കാരാണ് ഈ സ്ഥാപനത്തിനു കീഴില്‍ ജോലിനോക്കുന്നത്. അരലക്ഷത്തിലേറെ ഉപഭോക്താക്കളാണ് ഇവര്‍ക്കുള്ളത്. ആമസോണ്‍, നാഷനല്‍ ജിയോഗ്രഫിക്, വാര്‍ണര്‍ മീഡിയ, അഡിഡാസ്, ഡിസ്‌കവറി തുടങ്ങിയ പ്രമുഖ കമ്പനികളും ഉള്‍പ്പെടും.