27 March 2023 5:30 AM GMT
Summary
- സ്വര്‍ണക്കടത്തിന്റെ പിന്നാമ്പുറം
- സ്വര്‍ണക്കടത്തിന്റെ പേരില്‍ പിടിക്കപ്പെട്ടവരില്‍ എയര്‍ഹോസ്റ്റസ് വരെയുണ്ട്
- സ്വര്‍ണത്തിന് നികുതിയില്ലാത്തതാണ് ദുബായ് കള്ളക്കടത്തുകാരുടെ പറുദീസയാകാന്‍ കാരണം
രണ്ട് തരത്തിലുള്ള യാത്രക്കാരാണ് സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെടാറുള്ളത്. ഡ്യൂട്ടി ഒഴിവാക്കി നിശ്ചിത പരിധിയില്‍ കൂടുതല്‍ ആഭരണങ്ങള്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്ന സാധാരണക്കാരാണ് ആദ്യ വിഭാഗം. കസ്റ്റംസിന്റെ കണ്ണില്‍ പെടാതെ വിമാനത്താവളത്തിന് പുറത്ത് സ്വര്‍ണം എത്തിക്കുക എന്നതാണ് ഇവരുടെ ഉദ്ദേശ്യം. ഇവര്‍ ശരീരത്തില്‍ ധരിച്ചോ ലഗേജുകളിലാക്കിയോ ആണ് സ്വര്‍ണം കടത്തുന്നത്.
വലിയ സ്വര്‍ണക്കടത്ത് സംഘങ്ങളാണ് രണ്ടാം വിഭാഗത്തില്‍ പെടുന്നത്. പലപ്പോഴും ശരീരത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തുന്നതാണ് ഇവരുടെ രീതി. സ്വര്‍ണം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ഗുളികകളുടെ രൂപത്തിലാക്കി മലാശയത്തിലോ യോനിയിലോ ഒളിപ്പിച്ചും കടത്തുന്നു. ചില സമയത്ത് വിമാനത്താവള ജോലിക്കാരുടെ ഒത്താശയോടെയാണ് ഇത് ചെയ്യാറുള്ളത്. കസ്റ്റംസ് അറിയാതെ സ്വര്‍ണം വിമാനത്താവളത്തിന് പുറത്തെത്തിക്കാന്‍ ഇവര്‍ കള്ളക്കടത്തുകാരെ സഹായിക്കുകയാണ് ചെയ്യുന്നത്.
തങ്ങള്‍ വാഹകരാണെന്ന് അറിയാതെ കള്ളക്കടത്തുകാരുടെ സ്വര്‍ണം കടത്തുന്നവരുമുണ്ട്. ഇത്തരക്കാരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അല്ലെങ്കില്‍ അറിയാവുന്ന ഏതെങ്കിലും വ്യക്തികളോ സ്വര്‍ണം അടങ്ങിയ വസ്തുക്കള്‍ ഇത്തരക്കാരുടെ കൈയ്യില്‍ കൊടുത്ത് വിടുകയാണ് പതിവ്. പാഴ്സലില്‍ എന്താണ് ഉള്ളതെന്നതിനെക്കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരിക്കില്ല. ഇവര്‍ ഈ സാധനങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുമ്പോള്‍ അവിടെ ഏറ്റുവാങ്ങാനുള്ള ആള്‍ കാത്തിരിക്കുന്നുണ്ടാകും. കുട്ടികളെ ഉപയോഗിച്ചും സ്വര്‍ണം കടത്താറുണ്ട്. കസ്റ്റംസിനെ എളുപ്പത്തില്‍ ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും.
എന്തുകൊണ്ട് ദുബായ്?
ആറുമാസം വിദേശത്ത് താമസിച്ച യാത്രക്കാരന് മാത്രമാണ് ഒരു കിലോ സ്വര്‍ണം നിയമപരമായി കൊണ്ടുവരാന്‍ അവകാശമുള്ളത്. ഇതിനു തന്നെ കസ്റ്റംസ് നിയമങ്ങള്‍ പാലിച്ചിരിക്കണം. സ്വര്‍ണം വാങ്ങിയതിന്റെ ബില്ല്, വാങ്ങാനായി സ്വന്തം അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചതിന്റെ തെളിവ്, വരുമാന സ്രോതസ് തുടങ്ങിയവ നല്‍കണം. ഇതോടൊപ്പം 12.50 ശതമാനം വിദേശ കറന്‍സിയില്‍ നികുതിയും അടയ്ക്കണം.
എന്നാല്‍ ദുബായില്‍ സ്വര്‍ണത്തിന് നികുതിയില്ല. ഇതാണ് ദുബായ് കള്ളക്കടത്തുകാരുടെ പറുദീസയാകാന്‍ കാരണം. ഒരു കിലോ സ്വര്‍ണം കസ്റ്റംസിനെ വെട്ടിച്ച് കടത്തിയാല്‍ നാലു മുതല്‍ അഞ്ച് ലക്ഷം വരെ ലാഭം നേടാം. വിമാന ടിക്കറ്റും കുറഞ്ഞ തുകയും നല്‍കി യാത്രക്കാരെ വലവീശിപ്പിടിക്കുകയാണ് സ്വര്‍ണക്കടത്ത് സംഘം ചെയ്യുന്നത്.
കാരിയര്‍മാര്‍
സ്വര്‍ണക്കടത്ത് സംഘത്തിന്റെ പ്രധാന താവളം ദുബായ് ആണെങ്കിലും വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഇവര്‍ക്ക് ഇടനിലക്കാരുണ്ട്. എന്നാല്‍, കാരിയര്‍മാര്‍ മുഖേന കള്ളക്കടത്ത് നടത്തുന്നത് കൂടുതലും ദുബായ് കേന്ദ്രീകരിച്ചാണ്. കാരിയര്‍മാര്‍ കേസില്‍ പിടിയിലായാലും പ്രധാന സൂത്രധാരനെ പിടികൂടാറില്ല.
വിസിറ്റിങ് വിസയിലും മറ്റും പോകുന്നവര്‍, ഗള്‍ഫില്‍ തൊഴില്‍ ലഭിക്കാതെ അലയുന്നവര്‍, പെട്ടെന്ന് നാട്ടിലേക്ക് ടിക്കറ്റെടുത്ത് മടങ്ങാന്‍ കഴിയാത്തവര്‍ തുടങ്ങിയവരെയാണ് കള്ളക്കടത്ത് സംഘം കൂടുതലും കാരിയറാക്കുന്നത്. ആഢംബര ജീവിതത്തിനായി പണം കണ്ടെത്താന്‍ കാരിയര്‍മാരാകുന്നവരുമുണ്ട്. കള്ളക്കടത്ത് സംഘത്തിന് കാരിയര്‍മാരെ പരിചയപ്പെടുത്താനും ഏജന്റുമാരുണ്ട്.
കടത്തുകാരില്‍ എയര്‍ഹോസ്റ്റസും
കേരളത്തില്‍ സ്വര്‍ണക്കടത്തിന്റെ പേരില്‍ പിടിക്കപ്പെട്ടവരില്‍ യാത്രക്കാര്‍ മാത്രമല്ല, എയര്‍ഹോസ്റ്റസ് വരെയുണ്ട്. കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയര്‍ഹോസ്റ്റസായ താല്‍ക്കാലിക ജീവനക്കാരിയില്‍ നിന്ന് മൂന്നുകിലോ സ്വര്‍ണം പിടികൂടിയിരുന്നു.
ദുബായില്‍ നിന്ന് കുടുംബസമേതം എത്തുന്ന സ്ത്രീകളെയും കുട്ടികളെയും വരെ സ്വര്‍ണക്കടത്ത് കരിയര്‍മാരാക്കുന്നുണ്ട്. നെടുമ്പാശ്ശേരിയില്‍ കള്ളക്കടത്ത് സൂത്രധാരന്‍ ഫയാസിനു വേണ്ടി സ്വര്‍ണമെത്തിച്ചത് രണ്ടു സ്ത്രീകളാണ്. വിമാന ടിക്കറ്റും 15,000 മുതല്‍ 30,000 രൂപ പാരിതോഷികവുമാണ് കരിയര്‍മാര്‍ക്ക് കള്ളക്കടത്ത് സംഘം നല്‍കുന്നത്.
തുടരും......
ആദ്യ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക