4 July 2023 6:42 AM GMT
Summary
- 2014 ലെ റിസര്‍വ് ബാങ്ക് ഉത്തരവുപ്രകാരം ഇത്തരത്തിലുള്ള നിക്ഷേപങ്ങള്‍ ബാങ്കുകള്‍ റിസര്‍വ് ബാങ്കിലേക്ക് മാറ്റണം
- ഡെഫ് അക്കൗണ്ടിലേക്ക് മാറ്റിയാലും നിക്ഷേപത്തിന് പലിശ ലഭിക്കും
- ഡെഫ് അക്കൗണ്ടുകള്‍ തിരികെ നല്കാൻ പ്രത്യേക കാമ്പയിന്‍
പത്തു കോടിയിലധികം ബാങ്ക് അക്കൗണ്ടുകളാണ് ഇടപാടുകളൊന്നും നടത്താതെ പത്തു വര്‍ഷത്തിലധികമായി നിശ്ചലാവസ്ഥയില്‍ ഉള്ളത്. ഇതിലെല്ലാം കൂടി നാല്‍പ്പതിനായിരം കോടിയോളം രൂപയാണ് ആളും അവകാശികളും ഇല്ലാതെ റിസര്‍വ് ബാങ്കിന്റെ ഡെഫ് (DEAF - ഡെപ്പോസിറ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് അവേര്‍നെസ്സ് ഫണ്ട്) അക്കൗണ്ടില്‍ ഉള്ളത്.
എന്താണ് ഡെഫ് (DEAF) അക്കൗണ്ട്?
ബാങ്കുകളിലെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളോ കറന്റ് അക്കൗണ്ടുകളോ കാലാവധി കഴിഞ്ഞ സ്ഥിരനിക്ഷേപങ്ങളോ തുടര്‍ച്ചയായി പത്തു വര്‍ഷക്കാലം ഇടപാടുകള്‍ ഇല്ലാതെ തുടര്‍ന്നാല്‍ അത്തരം അക്കൗണ്ടുകളെ അണ്‍ ക്ലെയിംഡ് (തിരിച്ചു ചോദിക്കാത്ത) നിക്ഷേപങ്ങളായി കണക്കാക്കും. 2014 ലെ റിസര്‍വ് ബാങ്ക് ഉത്തരവുപ്രകാരം ഇത്തരത്തിലുള്ള നിക്ഷേപങ്ങള്‍ ബാങ്കുകള്‍ റിസര്‍വ് ബാങ്കിലേക്ക് മാറ്റണം. ബാങ്കിങ് റെഗുലേഷന്‍ ആക്ട് 1949 ല്‍ 26A എന്ന പുതിയ ഒരു സെക്ഷന്‍ കൊണ്ടുവന്നാണ് റിസര്‍വ് ബാങ്ക് ഈ അധികാരം കൈക്കൊണ്ടത്.
ഇത് അനുസരിച്ച് പത്തു വര്‍ഷം ഇടപാടുകള്‍ ഒന്നും നടത്താത്ത അക്കൗണ്ടുകളില്‍ ഉള്ള തുക അത് വരെയുള്ള പലിശ സഹിതം ഓരോ മാസവും ബാങ്കുകള്‍ റിസര്‍വ് ബാങ്കിലുള്ള ഡെഫ് അക്കൗണ്ടിലേക്ക് മാറ്റുന്നു.
ഡെഫ് അക്കൗണ്ടിലേക്ക് മാറ്റിയാല്‍ പിന്നെ നിക്ഷേപം തിരിച്ചുകിട്ടുമോ?
ഡെഫ് അക്കൗണ്ടിലേക്ക് മാറ്റിയ നിക്ഷേപം ഇടപാടുകാര്‍ വരുന്ന അല്ലെങ്കില്‍ ആവശ്യപ്പെടുന്ന മുറക്ക് തിരിച്ചു നല്‍കും. അതിന് അക്കൗണ്ടുള്ള ബാങ്കില്‍ നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. കൂട്ടത്തില്‍, പുതിയ തിരിച്ചറിയല്‍ രേഖകളടക്കമുള്ള കെവൈസി രേഖകളും കൂടെ നല്‍കേണ്ടതുണ്ട്. അപേക്ഷയും രേഖകളും നല്‍കിയാല്‍ ഉടന്‍ തന്നെ ഡെഫ് അക്കൗണ്ടിലേക്ക് മാറ്റിയ നിക്ഷേപം പലിശ സഹിതം തിരിച്ചു നല്‍കും. അക്കൗണ്ട് തുടരുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അങ്ങനെ ചെയ്യാവുന്നതാണ്. അക്കൗണ്ടുകള്‍ ഈവിധം തുടര്‍ന്ന് ഉപയോഗിക്കുവാന്‍ അനുവദിക്കുന്നതിന് സര്‍വീസ് ചാര്‍ജ് ഒന്നും തന്നെ ഈടാക്കാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശമുണ്ട്.
ഡെഫ് അക്കൗണ്ടിലേക്കു മാറ്റിയ തുക തിരിച്ചുനല്‍കാന്‍ ഇടപാടുകാര്‍ അപേക്ഷ നല്‍കിയാല്‍ അതും കെവൈസി രേഖകളും പരിശോധിച്ച് നാളിതു വരെയുള്ള പലിശ സഹിതം ബാങ്കുകള്‍ ഉടന്‍ തന്നെ നിക്ഷേപം തിരിച്ചു നല്‍കും. റിസര്‍വ് ബാങ്കില്‍ നിന്നും തുക തിരിച്ച് ലഭിക്കുവാനുള്ള നടപടികള്‍ ബാങ്കുകള്‍ തുടര്‍ന്ന് കൈക്കൊള്ളും. അതിന്റെ പൂര്‍ത്തീകരണത്തിനായി ഇടപാടുകാര്‍ കാത്തിരിക്കേണ്ടതില്ല.
ഡെഫ് അക്കൗണ്ടിലേക്ക് മാറ്റിയാലും നിക്ഷേപത്തിന് പലിശ ലഭിച്ചു കൊണ്ടേയിരിക്കും. എന്നാല്‍ ഡെഫ് അക്കൗണ്ടിലേക്ക് മാറ്റിയാല്‍ പിന്നെ പലിശ റിസര്‍വ് ബാങ്ക് കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന നിരക്കിലായിരിക്കും ലഭിക്കുക. ഇപ്പോള്‍ ഇത് മൂന്ന് ശതമാനമാണ്. കൂട്ടുപലിശ കണക്കാക്കില്ല.
ഇടപാടുകള്‍ നടക്കാത്ത അക്കൗണ്ടുകളില്‍ ബാങ്കുകള്‍ എന്ത് നടപടിയാണ് എടുക്കുക?
ഒരു വര്‍ഷമായി ഇടപാടുകള്‍ ഒന്നും നടത്താത്ത അക്കൗണ്ടുകള്‍ കണ്ടെത്തി അത്തരം ഇടപാടുകാര്‍ക്ക് കത്തയച്ച് ഇടപാട് നടത്താത്തതിന്റെ കാരണം ആരായണമെന്ന് റിസര്‍വ് ബാങ്ക് പറഞ്ഞിട്ടുണ്ട്. ഇങ്ങനെ അയക്കുന്ന കത്തുകള്‍ മടങ്ങിവന്നാല്‍ ഇടപാടുകാര്‍ക്ക് എന്ത് പറ്റിയെന്ന് അന്വേഷിക്കണം. ഇടപാടുകാര്‍ മരിച്ചുവെന്ന് വിവരം ലഭിച്ചാല്‍ അവരുടെ അവകാശികളെ കണ്ടെത്താനുള്ള ശ്രമം വേണം. ഇടപാടുകാരെ കണ്ടെത്താന്‍ കഴിയാതെ വന്നാല്‍ അല്ലെങ്കില്‍ അവരെ കുറിച്ച് വിവരമൊന്നും കിട്ടുന്നില്ലെങ്കില്‍ ഇടപാടുകാരെ ബാങ്കില്‍ പരിചയപ്പെടുത്തിയ ആളുണ്ടെങ്കില്‍ അവരെ ബന്ധപ്പെടാന്‍ ശ്രമിക്കണം. രണ്ടു വര്‍ഷമായിട്ടും ഇടപാടുകള്‍ നടത്താത്ത അക്കൗണ്ടുകളില്‍ ഇത്തരമൊരു പ്രത്യേക കാമ്പയിന്‍ തന്നെ നടത്തുന്നത് ഉചിതമായിരിക്കുമെന്ന് ധനകാര്യമന്ത്രി ബാങ്കുകളെ അറിയിച്ചിട്ടുണ്ട്.
ഡെഫ് അക്കൗണ്ടിലെ തുക കൊണ്ട് റിസര്‍വ് ബാങ്ക് എന്ത് ചെയ്യും?
നിക്ഷേപകരുടെ താല്‍പ്പര്യം പരിരക്ഷിക്കുന്ന കാര്യങ്ങള്‍ക്കാണ് ഡെഫ് തുക ചിലവഴിക്കുക. നിക്ഷേപകര്‍ക്ക് ആവശ്യമായ സാമ്പത്തിക വിദ്യാഭ്യാസം നല്‍കുക, ബാങ്കിങ് സാമ്പത്തിക മേഖലകളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും മറ്റുമുള്ള അവബോധം വര്‍ധിപ്പിക്കുക തുടങ്ങി ഇത്തരം കാര്യങ്ങളുമായി യുക്തമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് റിസര്‍വ് ബാങ്ക് ഡെഫ് തുക ഉപയോഗിക്കുക.
100 ഡേയ്‌സ് 100 പെയ്‌സ് - റിസര്‍വ് ബാങ്കിന്റെ പ്രത്യേക കാമ്പയിന്‍
അവകാശികള്‍ ഇല്ലാതെയും ദീര്‍ഘകാലമായി നിക്ഷേപം തിരിച്ചു ചോദിക്കാത്തതുമായ ഡെഫ് അക്കൗണ്ടുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഈ ഇടപാടുകാരെയോ അവരുടെ അവകാശികളോയോ കണ്ടുപിടിച്ചു നിക്ഷേപങ്ങള്‍ തിരികെ നല്‍കാനുള്ള ഒരു പ്രത്യേക കാമ്പയിന്‍ തന്നെ നടത്തുവാന്‍ റിസര്‍വ് ബാങ്ക്, ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. 100 ഡേയ്‌സ് 100 പെയ്‌സ് (100 days 100 pays) എന്ന പേരില്‍ നടത്തുന്ന ഈ കാമ്പയിനില്‍ എല്ലാ ബാങ്കുകളും തങ്ങളുടെ ബാങ്കിലെ ഡെഫ് അക്കൗണ്ടിലേക്ക് മാറ്റിയ നിക്ഷേപങ്ങളില്‍ ഓരോ ജില്ലയിലെയും 100 വലിയ നിക്ഷേപങ്ങള്‍ എങ്കിലും ഇടപാടുകാരെ കണ്ടെത്തി തിരിച്ചു നല്‍കണം എന്ന് ലക്ഷ്യമിടുന്നു.
ഇന്ത്യയിലെ എല്ലാ ജില്ലകളിലും ഈ കാമ്പയിന്‍ നടത്തുന്നുണ്ട്. ജൂണ്‍ ഒന്നാം തീയതി ഈ കാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഈ കാമ്പയിനിന്റെ സത്ത ഉള്‍ക്കൊണ്ടുകൊണ്ട് എല്ലാ ബാങ്കുകളും പ്രവര്‍ത്തിച്ചാല്‍ ഡെഫ് അക്കൗണ്ടിലുള്ള നല്ല ഭാഗം തുകയും ഇടപാടുകാര്‍ക്കോ അവരുടെ അവകാശികള്‍ക്കോ തിരിച്ചു നല്‍കാന്‍ കഴിയും.
ഡെഫ് അക്കൗണ്ടുകളുടെ വിവരങ്ങള്‍ക്ക് റിസര്‍വ് ബാങ്കിന്റെ വെബ് പോര്‍ട്ടല്‍
പത്തു വര്‍ഷം ഇടപാടുകള്‍ നടത്താത്ത അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ ഡെഫ് അക്കൗണ്ടിലേക്ക് മാറ്റുമ്പോള്‍ അതിന്റെ വിവരങ്ങള്‍, ഇടപാടുകാരന്റെ പേര്, വിലാസം എന്നിവ സഹിതം, അതതു ബാങ്കുകളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നുണ്ട്. അതുകൂടാതെ എല്ലാ ബാങ്കുകളുടെയും വിവരങ്ങള്‍ ഒരു സ്ഥലത്ത് ലാഭമാകുന്ന വിധം ഒരു വെബ് സൈറ്റ് നിര്‍മിക്കുവാനുള്ള തീരുമാനം ഏപ്രില്‍ മാസത്തിലെ മോനിറ്ററി പോളിസി അവലോകന സമയത്ത് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. ഡെഫ് അക്കൗണ്ടുകളുടെ വിവരങ്ങള്‍ വേഗത്തിലും സുഗമമായും ഇടപാടുകാര്‍ക്ക് ലഭിക്കുവാന്‍ ഈ പോര്‍ട്ടല്‍ സഹായകരമാകും.