25 March 2023 6:15 AM GMT
ഭവന വായ്പ പലിശയില്‍ ഇളവ് നല്‍കി ബാങ്കുകള്‍; ഇപ്പോള്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ നടത്തുന്നത് നേട്ടമോ?
MyFin Bureau
Summary
- ഭവന വായ്പ മാറ്റാന്‍ തിരഞ്ഞെടുത്ത ബാങ്ക് നല്‍കുന്ന കുറഞ്ഞ പലിശ, ഇതുവഴിയുള്ള ലാഭം, പ്രോസസ്സിംഗ് ഫീസ്, പ്രീപേയ്മെന്റ് ചാര്‍ജുകള്‍ തുടങ്ങിയ ബാലന്‍സ് ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട എല്ലാ ഫീസുകളും അറിയണം
രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണത്തിലാക്കാന്‍ 2022 മെയ് മുതല്‍ ആറ് തവണകളിലായി റിപ്പോ നിരക്ക് 250 അടിസ്ഥാന നിരക്കാണ് റിസര്‍വ് ബാങ്ക് ഉയര്‍ത്തിയത്. ഫെബ്രുവരിയില്‍ നടന്ന അവസാന മോണിറ്ററി പോളിസി യോഗത്തില്‍ 25 അടിസ്ഥാന നിരക്കു വര്‍ധിപ്പിച്ചതോടെ റിപ്പോ നിരക്ക് 6.50 ശതമാനമായി ഉയര്‍ന്നു.
സാധാരണക്കാരെ ഭവന വായ്പ പോലുള്ള വായ്പ പലിശ നിരക്ക് വഴിയാണ് റിപ്പോ നിരക്ക് ബാധിച്ചത്. കോവിഡ് കാലത്ത് ഫ്ളോട്ടിംഗ് വായ്പകള്‍ കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കിയവര്‍ക്ക് ഉയര്‍ന്ന പലിശയിലേക്ക് മാറി. പലിശ നിരക്ക് വര്‍ധിക്കുമ്പോള്‍ ബാങ്കുകള്‍ മാസ അടവ് വര്‍ധിപ്പിച്ചില്ലെങ്കിലും കാലാവധി കൂട്ടുകയാണ് ചെയ്തത്. ഇതോടെ മൊത്തത്തില്‍ വായ്പയായി അടയ്ക്കേണ്ട തുക കൂടും.
ഭവനവായ്പ പലിശ നിരക്ക് ഉയരുമ്പോഴും ചില ബാങ്കുകളുടെ ഭാഗത്ത് നിന്ന് ആശ്വാസ നടപടികളുണ്ടാകുന്നുണ്ട്. ചില ബാങ്കുകള്‍ ഭവന വായ്പ പലിശ നിരക്ക് കുറച്ചതായി കാണാം. സാമ്പത്തിക വര്‍ഷാവസാനത്തേക്ക് കുറഞ്ഞ പലിശ നിരക്കിലുള്ള ഭവന വായ്പ പ്ലാനുകളും ബാങ്കുകള്‍ പുറത്തിറക്കി. മറ്റു ബാങ്കുകളില്‍ ഉയര്‍ന്ന പലിശയില്‍ ഭവന വായ്പ അടച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് പലിശ നിരക്ക് കുറഞ്ഞ ബാങ്കുകളിലേക്ക് വായ്പ മാറ്റി പലിശ ഭാരം കുറയ്ക്കാവുന്നതാണ്. ഇതിന്റെ സാധ്യതകള്‍ വിശദമായി നോക്കാം.
പലിശ നിരക്ക് കുറച്ചത് പൊതുമേഖലാ ബാങ്കുകള്‍
പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് മഹാരാഷ്ട്രയും ബാങ്ക് ഓഫ് ബറോഡയുമാണ് ഭവന വായ്പയുടെ പലിശനിരക്ക് കുറച്ചത്. ബാങ്ക് ഓഫ് ബറോഡ ഭവനവായ്പ പ്രോസസ്സിംഗ് ഫീസ് ഒഴിവാക്കുകയും 40 അടിസ്ഥാന നിരക്ക് കുറച്ച് പലിശ നിരക്ക് 8.50 ശതമാനം ആക്കി. ബാങ്ക് ഓഫ് മഹാരാഷ്ട്ര ഭവനവായ്പ പലിശ നിരക്ക് 20 അടിസ്ഥാന നിരക്ക് കുറച്ച് 8.40 ശതമാനം ആക്കി. ബാങ്കുകളില്‍ ഏറ്റവും കുറഞ്ഞ ഭവന വായ്പ പലിശ നിരക്കാണിത്.
മികച്ച ക്രെഡിറ്റ് സ്‌കോറുള്ളവര്‍ക്ക് എച്ച്ഡിഎഫ്സി മികച്ചൊരു പ്ലാന്‍ അവതരിപ്പിച്ചു. 760 ന് മുകളിലോ ക്രെഡിറ്റ് സ്‌കോറുള്ള വ്യക്തിക്ക് 8.70 ശതമാനം നിരക്കില്‍ പ്രത്യേക ഭവനവായ്പ പദ്ധതിയാണ് എച്ച്ഡിഎഫ്സിയുടേത്. മാര്‍ച്ച് 31 വരെയാണ് ഈ സൗകര്യം കുറഞ്ഞ പലിശ നിരക്കുകള്‍ ലഭ്യമായ സാഹചര്യത്തില്‍ ഉയര്‍ന്ന പലിശയില്‍ നിന്ന് ഇങ്ങോട്ടേക്ക് ചുവട് മാറിയാല്‍ നേട്ടമുണ്ടാകുമോ?
ഭവന വായ്പ മാറ്റാം
പലിശ ബാധ്യത കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, പണം ലാഭിക്കാന്‍ ഭവന വായ്പയില്‍ അടയ്ക്കാന്‍ ബാക്കിയുള്ള തുക കുറഞ്ഞ പലിശയുള്ള ബാങ്കിലേക്ക് ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യാം. ഇതുവഴി പലിശ ബാധ്യത കുറയ്ക്കാനും പ്രതിമാസ അടവ് കുറയ്ക്കാനും സഹായിക്കും. എന്നാല്‍ കണ്ണുംപൂട്ടി ചെയ്യേണ്ടതല്ല ബാലന്‍സ് ട്രാന്‍സ്ഫര്‍. പല ഘടകങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.
ഫിക്സഡ് റേറ്റ് അനുയോജ്യം
വായ്പ ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ പുതിയ വായ്പ ഫ്ളോട്ടിംഗ് റേറ്റിലോ ഫിക്സഡ് റേറ്റിലോ ആണെന്ന് പരിശോധിക്കുക. ഫ്ളോട്ടിംഗ് റേറ്റിലാണെങ്കില്‍ ഇപ്പോള്‍ കാണുന്നൊരു ആകര്‍ഷണം മാത്രമെ ഇതിന് ഉണ്ടാവുകയുള്ളൂ. ബാങ്ക് പലിശ നിരക്ക് കൂട്ടാന്‍ തീരുമാനിച്ചാല്‍ ഈ മാറ്റത്തിന് അനുസരിച്ച് പലിശ നല്‍കേണ്ടി വരും. പലിശ നിരക്ക് വര്‍ധനവിന് യാതൊരു ഗ്യാരണ്ടിയുമില്ല.
എന്നിരുന്നാലും, നിലവിലെ ലെന്‍ഡറുടെ പലിശ നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഫിക്സഡ് നിരക്കിലാണ് പുതിയ വായ്പ ലഭിക്കുന്നതെങ്കില്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ കൂടുതല്‍ ലാഭകരമാക്കും.
ശ്രദ്ധിക്കണം
ഭവന വായ്പ മാറ്റാന്‍ തിരഞ്ഞെടുത്ത ബാങ്ക് നല്‍കുന്ന കുറഞ്ഞ പലിശ, ഇതുവഴിയുള്ള ലാഭം, പ്രോസസ്സിംഗ് ഫീസ്, പ്രീപേയ്മെന്റ് ചാര്‍ജുകള്‍ തുടങ്ങിയ ബാലന്‍സ് ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട എല്ലാ ഫീസുകളും അറിയണം. അതോടൊപ്പം പുതിയ വായ്പയുടെ നിബന്ധനകളും വ്യവസ്ഥകളും പരിഗണിക്കേണ്ടതുണ്ട്.
പുതിയ ബാങ്കില്‍ നേരത്തെയുള്ള തിരിച്ചടവിനുള്ള പിഴകള്‍, മാസ അടവ് വൈകിയാലുള്ള ഫീസ്, മറ്റ് ചാര്‍ജുകള്‍ എന്നിവ അറിഞ്ഞിരിക്കണം. കുറഞ്ഞത് 35-45 അടിസ്ഥാന നിരക്ക് കുറഞ്ഞ പലിശ നിരക്ക് നല്‍കുന്നൊരു ബാങ്കിലേക്ക് വായ്പ മാറ്റുന്നത് മൂല്യവത്തായ കാര്യമാണ്.
പ്രോസസ്സിംഗ് ഫീസ് പുതിയ ബാങ്കിലേക്ക് വായ്പ മാറ്റുമ്പോള്‍ അവിടെ പുതിയൊരു വായ്പ ആരംഭിക്കുകയാണ്. ഇതിന് ബാങ്കുകള്‍ നിശ്ചിത ശതമാനം ഫീസ് ഈടാക്കും. ലോണ്‍ മാറ്റുന്നൊരാള്‍ക്ക് ഇത് കാര്യമായ ചിലവാകും.
മുന്‍കൂര്‍ പേയ്മെന്റ് ഫീസ് കാലാവധി അവസാനിക്കുന്നതിന് മുന്‍പ് വായ്പ മുന്‍കൂര്‍ തുക അടച്ച് അവസാനിപ്പിക്കുമ്പോള്‍ ചില ബാങ്കുകള്‍ നിശ്ചിത ശതമാനം പിഴ ഈടാക്കാം. ബാങ്കുകള്‍ക്കനുസരിച്ച് ഇത് വ്യത്യാസപ്പെടാം.
ക്രെഡിറ്റ് സ്‌കോറിലെ ആഘാതം ഓരോ വായ്പയ്ക്ക് അപേക്ഷിക്കുമ്പോഴും അത് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തും.