image

3 March 2023 7:00 AM GMT

Premium

ബാങ്ക് നിക്ഷേപങ്ങളോ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളോ? നിക്ഷേപത്തില്‍ ഏതാണ് ലാഭകരം

MyFin Bureau

bank invest mutual fund better
X

Summary

  • മൂലധന സുരക്ഷയുടെ ഉറപ്പ് നല്‍കുന്നതിനാല്‍ സ്ഥിര നിക്ഷേപങ്ങള്‍ അപകടരഹിത നിക്ഷേപമായി പരിഗണിക്കാം


അധികം അപകട സാധ്യതയില്ലാത്ത നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്കുള്ള ഓപ്ഷനാണ് സ്ഥിര നിക്ഷേപവും ഡെറ്റ് മ്യൂച്വല്‍ ഫണ്ടും. ഇവയില്‍ ഏതാണ് മികച്ചതെന്ന ചോദ്യത്തിന് പല ഘടകങ്ങള്‍ പരിഗണിക്കേണ്ടതായി വരും. ആദായം, നികുതി, ലിക്വിഡിറ്റി തുടങ്ങിയ ഘടകങ്ങള്‍ താരതമ്യം ചെയ്യേണ്ടി വരാം. സ്ഥിര നിക്ഷേപത്തിന്റെയും ഡെറ്റ് മ്യൂച്വല്‍ ഫണ്ടിന്റെയും കാര്യത്തില്‍ ഇത്തരമൊരു താരതമ്യം നോക്കാം. ആദ്യം എന്താണ് സ്ഥിര നിക്ഷേപമെന്നും ഡെറ്റ് മ്യൂച്വല്‍ ഫണ്ടെന്നും അറിയാം.

ഡെറ്റ് ഫണ്ട്, സ്ഥിര നിക്ഷേപം

നിക്ഷേപിക്കുന്ന തുക പലിശ സഹിതം തിരികെ നല്‍കുന്നവയാണ് സ്ഥിര നിക്ഷേപങ്ങള്‍. മൂലധന സുരക്ഷയുടെ ഉറപ്പ് നല്‍കുന്നതിനാല്‍ സ്ഥിര നിക്ഷേപങ്ങള്‍ അപകടരഹിത നിക്ഷേപമായി പരിഗണിക്കാം. 7 ദിവസം മുതല്‍ 10 വര്‍ഷത്തേക്കാണ് സ്ഥിര നിക്ഷേപം സ്വീകരിക്കുക. ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ മാര്‍ക്കറ്റ് റിസ്‌കുകള്‍ക്ക് വിധേയമായ നിക്ഷേപമാണ്.

കോമേഷ്യല്‍ പേപ്പറുകള്‍, ഡെപ്പോസിറ്റുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍, കോര്‍പ്പറേറ്റ് ബോണ്ടുകള്‍, ഗവണ്‍മെന്റ് ബോണ്ടുകള്‍ മുതലായവയില്‍ നിക്ഷേപിച്ച് ഇതില്‍ നിന്നുള്ള ലാഭമാണ് നിക്ഷേപകര്‍ക്ക് കൈമാറുന്നത്. 1 ദിവസം മുതല്‍ 7 വര്‍ഷത്തിന് മുകളിലേക്ക് വരെ നിക്ഷേപിക്കാം ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളുടെ കാര്യത്തില്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിശ്ചിത തുക വാഗ്ദാനം ചെയ്യുന്നില്ല. എന്നാല്‍ മികച്ച പ്രകടനം നടത്തുന്ന ഡെറ്റ് ഫണ്ടുകള്‍ സ്ഥിര നിക്ഷേപങ്ങളേക്കാള്‍ ആദായം നല്‍കുന്നു.

റിസ്‌ക്

ബാങ്ക് സ്ഥിര നിക്ഷേപങ്ങളില്‍ ബാങ്കിന് തിരിച്ചടവ് ശേഷി നഷ്ടപ്പെടുക, അല്ലെങ്കില്‍ ബാങ്ക് പൊളിയുക എന്നതാണ് നേരിടുന്ന റിസ്‌ക്. റിസര്‍വ് ബാങ്ക് കൃത്യമായ നിയന്ത്രണമുള്ളതിനാല്‍ ഇതിന് സാധ്യത കുറവാണ്. ഇത്തരത്തില്‍ സംഭവിക്കുകയാണെങ്കില്‍ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ സ്ഥിര നിക്ഷേപത്തില്‍ സുരക്ഷിതമായിരിക്കും. ഡിഐസിജിസി ഇന്‍ഷൂറന്‍സ് ഇവിടെ ലഭിക്കും.

രണ്ട് തരം റിസ്‌കുകളാണ് ഡെറ്റ് ഫണ്ടുകളിലുള്ളത്. പലിശ നിരക്ക് റിസ്‌ക്, ക്രെഡിറ്റ് റിസ്‌ക്. ഡെറ്റ് ഫണ്ടിന്റെ പലിശ നിരക്ക് റിസ്‌ക് ഫണ്ടുകളുടെ കാലാവധിയെ ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന്, പ്രധാനമായും മണി മാര്‍ക്കറ്റ് ഉപകരണങ്ങളില്‍ നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടുകള്‍ക്ക് പലിശ നിരക്ക് റിസ്‌ക് കുറവായിരിക്കും. അതേസമയം ദീര്‍ഘകാല കാലാവധിയുള്ള ഗില്‍റ്റ് ഫണ്ടുകള്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് റിസ്‌ക് ഉണ്ട്. ക്രെഡിറ്റ് റിസ്‌ക് നിക്ഷേപിക്കുന്ന സെക്യൂരിറ്റികളുടെ ക്രെഡിറ്റ് റേറ്റിംഗുകളെ ആശ്രയിച്ചിരിക്കുന്നു.

ആദായം

സ്ഥിര നിക്ഷേപം നിശ്ചിത കാലയളവിലേക്ക് പറഞ്ഞുറപ്പിച്ചൊരു പലിശ നല്‍കുന്നു. സാധാരണയായി ത്രൈമാസടിസ്ഥാനത്തിലാണ് സ്ഥിര നിക്ഷേപത്തില്‍ പലിശ നിരക്ക് ഈടാക്കുന്നത്. സ്ഥിര നിക്ഷേപത്തില്‍ നിന്ന് മാറി ഡെറ്റ് ഫണ്ടുകള്‍ ഉറപ്പുള്ള വരുമാനം നല്‍കുന്നില്ല. ഡെറ്റ് ഫണ്ടുകളുടെ വരുമാനം വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഡെറ്റ് ഫണ്ടുകള്‍ സാധാരണയായി സമാന കാലയളവിലെ സ്ഥിരനിക്ഷേപങ്ങളേക്കാള്‍ ആദായം നല്‍കുന്നുണ്ട്. സ്ഥിര നിക്ഷേപം 68 ശതമാനം വരെ പലിശ നല്‍കുമ്പോള്‍ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ 79 ശതമാനം വരെ ആദായം പ്രതീക്ഷിക്കാം.

ലിക്വിഡിറ്റി

സ്ഥിര നിക്ഷേപത്തിലും ഡെറ്റ് മ്യൂച്വല്‍ ഫണ്ടിലും ഉയര്‍ന്ന ലിക്വിഡിറ്റിയുണ്ട്. രണ്ട് നിക്ഷേപങ്ങളും ലോക്ഇന്‍ പിരിയഡ് ഇല്ലാത്തവയാണ്. എന്നാലും സ്ഥിര നിക്ഷേപങ്ങള്‍ പിന്‍വലിക്കുമ്പോള്‍ ബാങ്കുകള്‍ നേരത്തെയുളള പിന്‍വലിക്കലുകള്‍ക്ക് പിഴ ഈടാക്കും. എക്സിറ്റ് ലോഡ് കാലയളവിനുള്ളിലെ ഡെറ്റ് ഫണ്ട് റിഡീംഷനുകള്‍ക്കും തുക ഈടാക്കും. ഓവര്‍നൈറ്റ് ഫണ്ടുകള്‍ പോലുള്ള ചില ഡെറ്റ് ഫണ്ട് സ്‌കീമുകള്‍ എക്സിറ്റ് ലോഡ് ഈടാക്കുന്നില്ല. നിക്ഷേപിക്കുന്നതിന് മുമ്പ് ഡെറ്റ് ഫണ്ടുകളുടെ എക്സിറ്റ് ലോഡ് ഘടന പരിശോധിക്കണം.

നികുതി

ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ ഫണ്ട് എത്രകാലം കയ്യില്‍ വെച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണ് നികുതി കണക്കാക്കുന്നത്. 36 മാസം കൈവശം വെച്ചാല്‍ ഹ്രസ്വകാല മൂലധന നേട്ടമായി കണക്കാക്കും. ഇതിന് നിക്ഷേപകന്റെ നികുതി സ്ലാബിന് അനുസരിച്ചാണ് നികുതി നല്‍കേണ്ടത്. 36 മാസത്തിന് മുകളില്‍ ദീര്‍ഘകാല മൂലധന നേട്ട നികുതി ഈടാക്കും. ഇന്‍ഡക്സേഷന്‍ സൗകര്യത്തോടെ 20 ശതമാനം നിരക്കിലാണ് നികുതി ഈടാക്കുക. സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള പലിശയ്ക്ക് നികുതി സ്ലാബ് അനുസരിച്ചാണ് നികുതി ഈടാക്കുക.