16 March 2023 5:00 AM GMT
Summary
- മദ്യവില്‍പ്പനയിലൂടെ ഈ ഇന്ത്യന്‍ കമ്പനി പ്രതിവര്‍ഷം വരുമാനമായി നേടുന്നത് 1,360 കോടിയിലേറെ രൂപയാണ്
1994ല്‍ ഹരിയാനയിലെ ഒരു ചെറിയ വൈന്‍ കടയില്‍ അശോക് ജെയിന്‍ എന്നയാള്‍ ജോലിക്കെത്തി. പിന്നീട് സുഹൃത്തിനൊപ്പം ചേര്‍ന്ന് വൈന്‍ കട വിലയ്ക്ക് വാങ്ങാന്‍ കുറച്ച് പണം അയാള്‍ സ്വരൂപിച്ചു. ലഹരി പാനീയങ്ങളുടെ ആവശ്യം വര്‍ധിച്ചതോടെ കൂടുതല്‍ ഉത്പന്നങ്ങള്‍ എത്തിച്ചു. വില്‍പ്പന വിചാരിച്ചതിലും കൂടിയതിനാല്‍ കടകളുടെ എണ്ണം കൂടി.
ക്രമേണ അശോക് ലഹരി പാനീയങ്ങളുടെ അംഗീകൃത റിട്ടെയ്ലറായി മാറി. ധാന്യം വാറ്റി കുപ്പികളിലാക്കി ബിസിനസ് ചെയ്തു തുടങ്ങിയ അദ്ദേഹം 1996 ആയപ്പോഴേക്കും സ്വന്തം മദ്യ കമ്പനി എന്‍വി ഗ്രൂപ്പ് എന്ന പേരില്‍ സ്ഥാപിച്ചു. ഇന്ന് ധാന്യങ്ങളില്‍ നിന്ന് മദ്യം വാറ്റുന്ന ഇന്ത്യയിലെ പ്രമുഖ കമ്പനിയാണ് എന്‍വി ഗ്രൂപ്പ്. നാല് ഡിസ്റ്റിലറികളും മൂന്നു ബോട്ടിലിംഗ് പ്ലാന്റുകളും സ്വന്തമായുണ്ട്.
പ്രതിദിനം 78,500 ബോട്ടിലുകളിലായി ഇഎന്‍എ വിസ്‌കി (എക്സ്ട്ര ന്യൂട്രല്‍ ആല്‍ക്കഹോള്‍) നിറയ്ക്കുന്നു. പ്രതിദിന ഉത്പാദനം 2,64,000 ലിറ്റര്‍. 500ഓളം ജീവനക്കാര്‍. ബിസിനസിന് ചുക്കാന്‍പിടിക്കുന്നത് മകന്‍ വരുണ്‍ ആണ്. ബ്രിട്ടണിലെ കാര്‍ഡിഫ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് വരുണ്‍ ബിരുദമെടുത്തത്. പുതിയ ബ്രാന്‍ഡുകള്‍ വികസിപ്പിക്കുന്നതിലും മാര്‍ക്കറ്റ് ചെയ്യുന്നതിലുമാണ് അദ്ദേഹം ശ്രദ്ധയൂന്നുന്നത്. അശോക് ജെയിന്‍ കമ്പനിയുടെ ചെയര്‍മാനും വരുണ്‍ സിഇഒയുമാണ്. കമ്പനിയെ പ്രതിമാസം 120 കോടി രൂപയോളം വരുമാനമുള്ളതായി വളര്‍ത്തിയത് വരുണ്‍ ജയിനാണ്. മദ്യവില്‍പ്പനയിലൂടെ ഈ ഇന്ത്യന്‍ കമ്പനി പ്രതിവര്‍ഷം വരുമാനമായി നേടുന്നത് 1,360 കോടിയിലേറെ രൂപയാണ്.
കമ്പനി സ്‌കോട്ട്ലന്‍ഡില്‍ നിന്ന് സ്‌കോച്ച് ഇറക്കുമതി ചെയ്ത് ഇവിടെ വിസ്‌കി നിര്‍മിക്കുകയാണ് ചെയ്യുന്നത്. പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ മദ്യനിര്‍മാണ യൂണിറ്റുകള്‍ സ്വന്തമായുണ്ട്. ഛത്തീസ്ഗഢിലും ചണ്ഡീഗഢിലും ലീസിനെടുത്ത യൂണിറ്റുകളും ഉത്തരാഖണ്ഡില്‍ പങ്കാളിത്ത സ്ഥാപനവുമുണ്ട്.
വിതരണരംഗത്തേക്ക്
ഇപ്പോള്‍ മദ്യനിര്‍മാണത്തിനു പുറമെ വിതരണ രംഗത്തും കമ്പനി പ്രവര്‍ത്തിക്കുന്നു. ഡല്‍ഹിയില്‍ മദ്യവും വൈനും വിതരണം ചെയ്യുന്ന പ്രമുഖ കമ്പനികളിലൊന്നാണിത്.
വിദേശത്തും വിപണി കണ്ടെത്തിയിരിക്കുകയാണ് എന്‍വി ഗ്രൂപ്പ്. യുഎസ്എ, സിംഗപ്പൂര്‍, യുഎഇ, ബഹ്റൈന്‍, ഘാന, നൈജീരിയ, കെനിയ, നമീബിയ, സാംബിയ തുടങ്ങി വിവിധ രാജ്യങ്ങളില്‍ മദ്യം വിതരണം ചെയ്യുന്നുണ്ട്. ഉത്പാദനവും വിതരണവും ശക്തിപ്പെടുത്താന്‍ 300 കോടി രൂപയാണ് ഉടന്‍ നിക്ഷേപിക്കാന്‍ പോകുന്നത്. യൂറോപ്പിലേക്കും ചൈനയിലേക്കും കയറ്റുമതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. വിദേശത്ത് മദ്യനിര്‍മാണം തുടങ്ങാന്‍ തയ്യാറെടുക്കുകയാണ് വരുണ്‍.
ബ്രാന്‍ഡുകള്‍
എന്‍വി ഗ്രൂപ്പ് ആദ്യമായി ആരംഭിച്ചപ്പോള്‍ വിപണിയില്‍ ബ്ലാക്ക് ലേബലിനായിരുന്നു ആവശ്യക്കാര്‍ ഏറെ. പിന്നീട് വൈറ്റ് സ്പിരിറ്റും ബക്കാര്‍ഡിയും ഒക്കെ എത്തി. രാജ്യത്ത് ലഹരിപാനീയങ്ങളുടെ വര്‍ധിച്ചുവരുന്ന ഡിമാന്‍ന്റിനെ തുടര്‍ന്ന് കമ്പനി സ്വന്തം ഉത്പന്നങ്ങളുമായി ബിസിനസ് വളര്‍ത്തുകയായിരുന്നു. പാര്‍ട്ടി സ്പെഷ്യല്‍, റോയല്‍ എന്‍വി തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ എന്‍വി ഗ്രൂപ്പ് ഇപ്പോള്‍ സ്വന്തമായി വിസ്‌കി നിര്‍മിക്കുന്നു.