6 Sept 2023 4:32 AM
Summary
- യുഎസിലെ സമീപകാല സാമ്പത്തിക ഉണർവിനു രണ്ടു ഗായികമാരും രണ്ടു ചലച്ചിത്രങ്ങളും പങ്കുവഹിച്ചു
- യുഎസിൽ മീഡിയ - എന്റർടെയിൻമെന്റ് മേഖല ജിഡിപി യുടെ 6.9 ശതമാനം
ജയിലർ സിനിമ വൻ വിജയമായി. നാലാഴ്ച എത്തുമ്പോഴേക്ക് 635 കോടിയിൽപരം രൂപയുടെ ആഗാേള ബോക്സ് ഓഫീസ് കളക്ഷൻ. നിർമാതാവ് കലാനിധി മാരൻ നായകൻ രജനി കാന്തിനു പ്രതിഫലത്തിനു പുറമേ നൽകിയത് ഒരു ബിഎംഡബ്ള്യു എക്സ് 7എസ് യു വി. വില ഒന്നേകാൽ കോടി രൂപ.
കോവിഡനന്തര ഇന്ത്യയിൽ റെക്കോഡ് കുറിച്ച ബോക്സ് ഓഫീസ് വിജയമാണു ജയിലറുടേത്. വീടുകളിൽ നിന്നു തിയേറ്ററുകളിലേക്ക് ആൾക്കാരെ വീണ്ടും എത്തിക്കാൻ ജയിലർ സഹായിച്ചു. ആ സമയത്തിറങ്ങിയ സണ്ണി ഡിയോളിന്റെ ഗദ്ദര്‍ 2ഉം വൻവിജയമായി.
രണ്ടു പാട്ടുകാരും രണ്ടു സിനിമകളും
ഇതിലൊക്കെ എന്താ ഇത്ര വലിയ കാര്യം എന്നു തോന്നാം. കാര്യം ഉണ്ട്. ഉല്ലാസവും ആഘോഷവുമൊക്കെ സാമ്പത്തിക വളർച്ചയെ സഹായിക്കുന്ന കാര്യങ്ങളാണ്. യുഎസില്‍ ഈയിടക്കുണ്ടായ സാമ്പത്തിക ഉണർവിനു രണ്ടു ഗായികമാരോടും രണ്ടു ചലച്ചിത്രങ്ങളോടുമാണു കടപ്പാട് എന്നു പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും ധനശാസ്ത്രജ്ഞരുമൊക്കെ എടുത്തു പറയുന്നുണ്ട്.
കോവിഡ് മനുഷ്യരെ ആൾക്കൂട്ടങ്ങളിൽ നിന്ന് അകറ്റി. ആൾക്കൂട്ടങ്ങൾ കുറഞ്ഞതു സാമ്പത്തിക വളർച്ച കുറച്ചു. കോവിഡ് കഴിഞ്ഞിട്ടും ആൾക്കൂട്ടം പഴയതു പോലെ ആയില്ല. സാമ്പത്തികവളർച്ച മുരടിച്ചു തുടർന്നു. കൂനിന്മേൽ കുരു പോലെ വിലക്കയറ്റവും കൂടി. അതിനു ചികിത്സയായി പലിശ കൂട്ടിയത് ജനങ്ങളുടെ ക്രയശേഷി വീണ്ടും കുറച്ചു.
ഇവിടെയാണ് രജനി കാന്തും '''ബാർബൻഹൈമറും' ടെയ്ലർ സ്വിഫ്റ്റും ബീയോൺസെയുമാെക്കെ വരുന്നത്. തിയറ്ററുകളിലേക്കും ഓഡിറ്റാേറിയങ്ങളിലേക്കും ആൾക്കാരെ എത്തിക്കാൻ ആ സിനിമകൾക്കും കലാകാരികളുടെ ടൂറുകൾക്കും കഴിഞ്ഞു. മുരടിച്ചു നിന്ന പല സമ്പദ്ഘടനകൾക്കും അനക്കം വച്ചു, ചൂടുപിടിച്ചു.
ജനത്തെ വിളിച്ചുവരുത്തി
ഗ്രെറ്റാ ഗെർവിഗിന്റെ ബാർബീയും ക്രിസ്റ്റഫർ നോലന്റെ ഓപ്പൺഹൈമറും ജൂലെെ 21നു റിലീസ് ചെയ്തു. മൂന്നാമത്തെ വാരാന്ത്യമായപ്പോൾ മാർഗോട് റോബീ മുഖ്യ കഥാപാത്രമായ ബാർബീ നൂറു കോടി ഡോളർ ബോക്സ് ഓഫീസ് വരുമാനം കവിഞ്ഞു. സിലിയൻ മർഫി മുഖ്യ വേഷമിട്ട ഓപ്പൺഹൈമർ 50 കോടി ഡോളർ കടന്നു. തിയറ്ററുകളിൽ ആളുകൾ കൂടി. ബാർബീ പാവകളും ലിപ്സ്റ്റിക്കും വസ്ത്രങ്ങളും ഓപ്പൺഹൈമറുടെ ജീവചരിത്രവും ഒക്കെ ചൂടപ്പം പോലെ വിറ്റുപോയി.
ടെയ്ലർ സ്വിഫ്റ്റിന്റെ ദ ഇറാസ് ടൂർ ആദ്യ ഘട്ടത്തിൽ 100 കോടിയിലേറെ ഡോളർ കവിഞ്ഞു. 160 കോടി ഡോളറിലേക്കു കളക്ഷൻ എത്തുമെന്നു ഫോർബ്സ് കണക്കാക്കി. പിന്നീട് ഈ കണക്കിനെയും അതിശയിക്കുന്നതായി വരുമാനം. ബീയോൺസെയുടെ റിനയസൻസ് വേൾഡ് ടൂറും വലിയ കളക്ഷനിലെത്തി. രണ്ടു പേരും കൂടി 540 കോടി ഡോളർ ജിഡിപിയിൽ വർധിപ്പിച്ചതായാണ് ഇപ്പോൾ കണക്കാക്കുന്നത്.
ബാർബൻ ഹൈമർ
'ബാർബൻഹൈമർ' പ്രദർശനം തുടങ്ങിയ ജൂലൈ രണ്ടാം പകുതിയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു വിനോദ പരിപാടികളുടെ ടിക്കറ്റ് വാങ്ങലിൽ 13.2 ശതമാനം വർധന ഉണ്ടായെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ ഒരു പഠനം പറയുന്നത്. മറ്റിനങ്ങളിലെ ചെലവ് 1.9 ശതമാനം മാത്രം വർധിച്ചപ്പോഴാണിത്. ബാർബീ, ഓപ്പൺ ഹൈമർ സിനിമകൾ യുഎസ് ജിഡിപിയിലേക്ക് മൊത്തം 310 കോടി ഡോളർ കൂട്ടിച്ചേർത്തു.
ടെയ്‌ലർ സ്വിഫ്റ്റും ബീയോൺസെയും ബാർബീയും ഓപ്പൺഹൈമറും കൂടി 850 കോടി ഡോളർ - യുഎസ് ജിഡിപിയുടെ അരശതമാനത്തിലധികം വരുന്ന തുക - ജിഡിപിയിലേക്കു ചേർത്തെടുത്തു.
ഇതും ഉത്തേജകം
ശതകാേടിക്കണക്കിനു ഡോളർ മുടക്കുള്ള ഉത്തേജക പദ്ധതികൾ പോലെ ഈ വിനോദപരിപാടികൾ സമ്പദ്ഘടനകളെ ചൂടുപിടിപ്പിക്കുന്നു. അതാണു പ്രധാനം.
ദുരിതകാലത്ത് ആദ്യം കുറയ്ക്കുന്ന ചെലവിനങ്ങൾ വിനോദവും ഉല്ലാസവും ആണ്. ആ ഇനങ്ങളിൽ വീണ്ടും ചെലവ് ചെയ്യണമെങ്കിൽ അതിനു പ്രേരിപ്പിക്കുന്ന തരം വിനോദ പരിപാടികൾ വരണം. അതാണു മുകളിൽ പറഞ്ഞ ചലച്ചിത്രങ്ങളും സംഗീത പര്യടനങ്ങളും ചെയ്തത്. അതിന്റെ മൂല്യം മനസിലായിട്ടു തന്നെയാണ് ടെയ്‌ലർ സ്വിഫ്റ്റിനോട് കാനഡയിൽ കുറേ ഷോകൾ നടത്തണമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അഭ്യർഥിച്ചത്.
ഔഡി നൽകണ്ടേ?
വികസിത രാജ്യങ്ങളിൽ ഉല്ലാസ -വിനോദ മേഖല ജിഡിപി വളർച്ചയിൽ ഗണ്യമായ പങ്കു വഹിക്കുന്നതാണ്. യുഎസിൽ മീഡിയ - എന്റർടെയിൻമെന്റ് മേഖല ജിഡിപി യുടെ 6.9 ശതമാനം നൽകുന്നു എന്നാണു കണക്കാക്കുന്നത്.
ഇന്ത്യൻ ചലച്ചിത മേഖല ജിഡിപിയുടെ ഒരു ശതമാനത്തിൽ താഴെയേ നൽകുന്നുള്ളൂ എന്നാണു നിഗമനം. അങ്ങനെ വരുമ്പോൾ രജനി കാന്തിനു നിർമാതാവ് മാത്രമല്ല കേന്ദ്ര ധനമന്ത്രിയും ബിഎംഡബ്ള്യു കാർ നൽകേണ്ടതല്ലേ?