image

22 Aug 2023 7:03 AM IST

Premium

പണവിചാരം: ചൈനീസ് വളർച്ച തളരുമ്പോൾ....

റ്റി.സി. മാത്യു

How serious is Chinas economic slowdown
X

Summary

  • വ്യക്തിവാഴ്ചയിലേക്കു മാറുന്ന ഏത് ഭരണാധികാരിക്കും വരുന്ന പിഴവുകൾ ഷിക്കും സംഭവിച്ചു
  • കഴിഞ്ഞ പത്തുവർഷം ആഗാേളവളർച്ചയുടെ 41 ശതമാനം ചെെനയുടെ സംഭാവന
  • ചെറുപ്പക്കാർക്കിടയിൽ തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നു


"ചൈനീസ് സാമ്പത്തിക വളർച്ചയുടെ ജഡം തീരത്തടിഞ്ഞു. ഇനി ഉയിർപ്പ് ഉണ്ടാകില്ല." ഇൻഡിപ്പെൻഡന്റ് സ്ട്രാറ്റജി എന്ന നിക്ഷേപ ഉപദേശക സ്ഥാപനത്തന്റെ പ്രസിഡന്റ് ഡേവിഡ് റോഷ് സിഎൻബിസി ടിവിയിലെ അഭിമുഖത്തിൽ പറഞ്ഞു. സോവിയറ്റ് യൂണിയൻ പോലെ തകരാവുന്ന ചെറിയ സമ്പദ്ഘടനയല്ല ചെെനയുടേത്, പക്ഷേ ചെെന നിൽക്കുന്ന തറ ഇളകുന്നുണ്ട് എന്ന് ''ഗാർഡിയൻ' എഴുതി.

രണ്ടും അതിശയോക്തിയും അതിമോഹവും കലർന്ന അഭിപ്രായങ്ങളാകാം. പക്ഷേ, അങ്ങനെയൊക്കെ പറയാനും എഴുതാനും പറ്റുന്ന വിധത്തിലായി ചെെന എന്നതു സത്യം.

പലതാണു ചൈന നേരിടുന്ന പ്രശ്നങ്ങൾ.

വളർച്ച കുറയുന്നു

ഒന്ന്: സാമ്പത്തിക വളർച്ച കുറയുന്നു. കഴിഞ്ഞ വർഷത്തെ ജിഡിപി വളർച്ച 2.99 ശതമാനം മാത്രം. ഈ വർഷം ലക്ഷ്യം അഞ്ചു ശതമാനത്തിനു മുകളിൽ. പകുതിവർഷം കഴിഞ്ഞപ്പോൾ 5.5 ശതമാനം വളർന്നു. പക്ഷേ, രണ്ടാം പകുതിയിൽ ഈ വളർച്ച തുടരാൻ കഴിയുമെന്ന വിശ്വാസമില്ല. ഈ വളർച്ച വാർഷികാടിസ്ഥാനത്തിലാണ്. ഓരാേ പാദത്തിലെയും ജിഡിപി തലേ പാദത്തിലേതുമായി താരതമ്യപ്പെടുത്തിയാൽ വളർച്ച 0.8 ശതമാനം മാത്രമാണെന്നു കാണാം.

വ്യവസായ ഉൽപാദന വളർച്ച കഴിഞ്ഞ മാസം 3.8 ശതമാനമായി താണു. ഫാക്ടറികളുടെ പ്രവർത്തനം തുടർച്ചയായ നാലാം മാസവും താഴോട്ടാണെന്നു കണക്കുകൾ കാണിക്കുന്നു. റിയൽ എസ്റ്റേറ്റ് മേഖലയുടെ ക്ഷീണം വ്യവസായ തളർച്ച കൂട്ടുന്നു.

രണ്ട്: കയറ്റുമതി ഇടിയുന്നു. കഴിഞ്ഞ മാസം കയറ്റുമതിയിലെ ഇടിവ് 14.5 ശതമാനം. തുടർച്ചയായ മൂന്നാം മാസമാണ് ഇടിവ്. രാജ്യത്തെ ഡിമാൻഡും കുറയുന്നു. അതിനാൽ ഇറക്കുമതിയും താഴ്ന്നു.

സ്തംഭിച്ചു നിർമാണമേഖല

മൂന്ന്: പാർപ്പിടനിർമാണം അടക്കമുള്ള നിർമാണമേഖല സ്തംഭനത്തിൽ. വലിയ നിർമാതാക്കൾ സാമ്പത്തിക തകർച്ചയിലായി. കഴിഞ്ഞ വർഷം എവർ ഗ്രാൻഡെ കമ്പനി തകർന്നപ്പോൾ സഹായഹസ്തം നീട്ടാൻ സർക്കാർ തയാറായില്ല. ഇപ്പോൾ ഏറ്റവും വലിയ നിർമാതാക്കളായ കൺട്രി ഗാർഡൻ പ്രതിസന്ധിയിൽ. സഹായത്തിന് ആരുമില്ല. ഒട്ടുമിക്ക റിയൽ എസ്റ്റേറ്റ് കമ്പനികളും കുഴപ്പത്തിൽ. അവർക്കു പണം നൽകിയ ചോങ് റോങ് പാേലുള്ള വലിയ ട്രസ്റ്റുകളും ഗഡുക്കൾ മുടങ്ങി തകർച്ചയുടെ വക്കിൽ. ഡവലപ്പർമാരെയും ധനകാര്യ കമ്പനികളെയും രക്ഷിക്കാനായി നികുതിപ്പണം ചെലവാക്കാൻ പ്രസിഡന്റ് ഷി ചിൻപിംഗ് തയാറല്ല.

നാല്: തദ്ദേശഭരണ സ്ഥാപനങ്ങൾ കടബാധ്യതയിൽ മുങ്ങിത്താഴുന്നു. റിയൽ എസ്റ്റേറ്റുകാർക്കു വേണ്ടി തരിശുഭൂമിയും ചതുപ്പുകളും മറ്റും വാങ്ങി സജ്ജീകരിച്ചു നൽകിയ മുനിസിപ്പാലിറ്റികൾ കടക്കെണിയിൽ. കേന്ദ്ര ഭരണകൂടമോ പ്രവിശ്യാ ഭരണകൂടങ്ങളാേ അവരെ സഹായിക്കാൻ തയാറില്ല.

അഞ്ച്: റിയൽ എസ്റ്റേറ്റുകാരെ തുണച്ച ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ. കൊടുത്ത പണമാേ മാസ ഗഡുക്കളാേ കിട്ടുന്നില്ല. അവർക്കു പണം നൽകിയ ബാങ്കുകളും പ്രെെവറ്റ് ഇക്വിറ്റികളും കുഴപ്പത്തിൽ. ചോങ് റോങ് ഇന്റർനാഷണൽ ട്രസ്റ്റ് ഇത്തരത്തിൽ ഒന്നാണ്. ഒരു മാസമായി ഗഡുക്കൾ മുടങ്ങിയിട്ട്. ഇവ തകരുമ്പോൾ ബാങ്കുകൾ കുഴപ്പത്തിലാകും.

വിലകൾ ഇടിയുന്നു

ആറ്: ചൈനയിൽ വിലക്കയറ്റം മാറി വിലയിടിവായി. മാെത്തവിലയിൽ ആറു മാസമായി ഇടിവ് തുടങ്ങിയിട്ട്. ജൂലൈയിൽ ചില്ലറവിലകളും ഇടിഞ്ഞു തുടങ്ങി. ആവശ്യം കുറവായതു കൊണ്ടാണ് ഒട്ടു മിക്കപ്പോഴും വിലയിടിവ് സംഭവിക്കുന്നത്. അതു വ്യാപകമാകുമ്പോൾ രാജ്യത്തു പൊതുവേ ആവശ്യം കുറഞ്ഞു എന്നു മനസിലാക്കാം. ആളുകൾക്കു വരുമാനം കുറയുമ്പോഴാണ് ആവശ്യം കുറയ്ക്കുന്നത്. അതത്ര നല്ല കാര്യമല്ല. മാന്ദ്യത്തിലേക്കു വരെ കാര്യങ്ങൾ എത്താം. അതായത് സമ്പദ്ഘടന ചുരുങ്ങും. വളർച്ചയ്ക്കു പകരം തളർച്ചയാകും. ചൈന അങ്ങനെയൊരു ദുരിതപർവത്തിന്റെ വക്കിലാണെന്നു കാണിക്കുന്നതാണു ചില്ലറ വിലക്കയറ്റം വിലയിടിവായി മാറിയത്.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലെ ഏഴു വർഷവും പത്തു ശതമാനത്തിലധികം ജിഡിപി വളർച്ച കാഴ്ചവച്ച രാജ്യമാണു ചൈന. വിസ്മയകരമായിരുന്നു അത്. ആ രാജ്യമാണ് ഇന്ന് ഈ അവസ്ഥയിൽ. എന്താണു സംഭവിച്ചത്?

ഷിയുടെ പിഴവുകൾ

വാഴ്ചയുടെ രണ്ടു കാലാവധി കഴിഞ്ഞു മൂന്നാമത്തെ കാലാവധിയിലേക്കു പ്രവേശിക്കുകയും തനിക്ക് ആയുഷ്കാലം വാഴാവുന്ന വിധം ഭരണഘടന മാറ്റിയെഴുതുകയും ചെയ്ത ഷി ചിൻപിംഗിന് എവിടെയാണു പിഴച്ചത്.

വ്യക്തിവാഴ്ചയിലേക്കു മാറുന്ന ഏത് ഭരണാധികാരിക്കും വരുന്ന പിഴവുകൾ തന്നെ ഷിക്കും സംഭവിച്ചു. രാജ്യത്തിന്റെ വളർച്ചയേക്കാൾ പ്രധാനം സുരക്ഷയായി കണക്കാക്കി. സാമ്പത്തികപുരോഗതിയേക്കാൾ പ്രധാനം ഉച്ചസാങ്കേതികവിദ്യയിലെ നായകത്വമായി കരുതി. സുരക്ഷ ഉറപ്പായില്ല, നായകത്വം ലഭിച്ചുമില്ല.

ചൈനയിലെ ഫിൻടെക് കമ്പനികളെ ഒതുക്കുന്നതിലായിരുന്നു കഴിഞ്ഞ ഒന്നുരണ്ടു വർഷം ഷിയുടെ ശ്രദ്ധ. ആലിബാബയും അനുബന്ധ ഗ്രൂപ്പുകളുമൊക്കെ ഇനി ഉയരാതിരിക്കാൻ വേണ്ടതു ചെയ്തു. അവ ഒത്തിരി വലുതായി എന്നു ഷി ഭയന്നു. ഒതുക്കിയാൽ ആർക്കാണു നഷ്ടം എന്നു ചിന്തിച്ചില്ല. ഉച്ചസാങ്കേതിക വിദ്യയിൽ അമേരിക്കയെ മറികടക്കാൻ ആഗ്രഹിച്ചു. പക്ഷേ നടന്നില്ല. ഡോളറിനു ബദലായി ചെെനയുടെ യുവാനെ അവതരിപ്പിക്കാൻ പല വഴികൾ നോക്കി. നടന്നില്ല.

കമ്പോളത്തിനെതിരേ?

കമ്പോളത്തിന്റെ സ്വതന്ത്ര പ്രവർത്തനം തടയുന്നതായി ഷിയുടെ ഇടപെടലുകൾ. മാവോ സേ ദൂംഗിന്റെ കാലത്തേക്കു ചൈന മടങ്ങിപ്പോയതു പോലെയാണു പലർക്കും തോന്നിയത്. വലിയ തദ്ദേശീയ വ്യവസായ ഗ്രൂപ്പുകളെ ദുർബലമാക്കാൻ ഷി നടത്തിയ നീക്കങ്ങൾ 1950 കളിലെ പല നടപടികളെയും ഓർമിപ്പിച്ചു.. അന്നു മാവോ വിദേശ മൂലധനത്തെ ആശ്രയിച്ചിരുന്നില്ല. പക്ഷേ ഷിയുടെ കാലത്തു വിദേശ മൂലധനമാണു രാജ്യത്തെ പ്രധാന തൊഴിൽ ദാതാവായിരുന്നത്. ദെംഗ് സിയാവോ പിംഗിന്റെ പരിഷ്കാരങ്ങളെ തുടർന്നു നാലു ദശകമായി ചെെനയിൽ എത്തിയ വിദേശമൂലധനത്തിന്റെ അളവ് ചെറുതൊന്നുമായിരുന്നില്ല.

മൂന്നാമത്തെ വാഴ്ചയിൽ ഷി വേറൊരു അവതാരമാണെന്നു കണ്ടതോടെ വിദേശമൂലധനം ചൈനയിൽ നിന്നു പിന്മാറാൻ തുടങ്ങി. ഇന്ത്യ, വിയറ്റ്നാം, ബംഗ്ലാദേശ്, തായ്ലൻഡ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും പടിഞ്ഞാറൻ മൂലധനം നീങ്ങി.

തൊഴിലിന് ആളുമില്ല

ജനനനിരക്ക് കുറഞ്ഞ് ചൈനയിൽ അധ്വാനിക്കാവുന്ന പ്രായത്തിലുള്ളവരുടെ എണ്ണം കുറഞ്ഞതു പലർക്കും പിന്മാറാനുള്ള കാരണമായി. കുറഞ്ഞ വേതനത്തിൽ തൊഴിലാളികളെ കിട്ടാനുള്ള സാധ്യത കുറഞ്ഞു. ഈ വിഷയം വരും വർഷങ്ങളിൽ രൂക്ഷമാകും. ജനന നിരക്ക് ഓരോ വർഷവും കുറഞ്ഞുവരുകയാണ്. പല ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടും പ്രസവത്തിൽ നിന്നു മാറി നിൽക്കാനാണ് ചെറുപ്പക്കാർ ആഗ്രഹിക്കുന്നത്.

ചെെന സാമ്പത്തിക - രാഷ്ട്രീയ - സൈനിക വെല്ലുവിളി ഉയർത്തുമ്പോൾ യുഎസ് മൂലധനം അവിടെ മുടക്കുന്നതിലുള്ള എതിർപ്പ് വളർന്നതും മൂലധനപിന്മാറ്റത്തിനു പ്രേരിപ്പിച്ചു. കാേവിഡിനു ശേഷം വന്ന ചൈന പ്ലസ് വൺ (ചൈനയ്ക്കു പുറമേ ഒരിടത്തു കൂടി ഫാക്ടറി തുടങ്ങി ഉൽപന്നലഭ്യത ഉറപ്പാക്കണമെന്ന ആശയം) അതിന് ആക്കം കൂട്ടി.

ചുരുക്കം ഇതാണ്: വിദേശമൂലധന നിക്ഷേപം കുറയുന്നു. വളർച്ചക്കുറവും സുപ്രധാന മേഖലകളിലെ തളർച്ചയും സ്വദേശി മൂലധന നിക്ഷേപത്തിൽ കുറവു വരുത്തുന്നു. പുതിയ സംരംഭങ്ങൾ കുറയുന്നു.

ഫലം: രാജ്യത്തു തൊഴിലില്ലായ്മ കൂടുന്നു.

ഭീഷണമായ തൊഴിലില്ലായ്മ

ഔദ്യോഗിക കണക്കനുസരിച്ച് ചൈനയിലെ നഗരങ്ങളിലെ തൊഴിലില്ലായ്മ 5.3 ശതമാനമാണ്. ചെറുപ്പക്കാർക്കിടയിൽ തൊഴിലില്ലായ്മ വളരെ കൂടുതലാണ്. ജൂൺ മാസത്തിലെ സർവേ അനുസരിച്ച് 16-24 വയസുകാർക്കിടയിൽ തൊഴിലില്ലായ്മ 21.3 ശതമാനമായി. ഈ കണക്ക് വന്നതോടെ യുവാക്കളുടെ തൊഴിലില്ലായ്മ കണക്ക് പ്രസിദ്ധീകരിക്കുന്നതു നിർത്തിവച്ചു. (കണ്ണും വായും മൂടിക്കെട്ടുന്നതു കൊണ്ട് പ്രശ്നം പരിഹരിക്കുമോ എന്ന പരിഹാസചോദ്യം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു). 1.15 കാേടി യുവാക്കൾ ഓരോ വർഷവും വിദ്യാഭ്യാസം കഴിഞ്ഞ് ഇറങ്ങുന്ന രാജ്യത്തെ സ്ഥിതിയാണിത്. വിദ്യാസമ്പന്നർക്കു തൊഴിൽ കിട്ടാനില്ല. വിദ്യാഭ്യാസം കുറഞ്ഞവർക്കു ഫാക്ടറി ജോലികൾ ഉണ്ട്. പക്ഷേ വേതനം കുറവ്.

പരിഹാരം സങ്കീർണമാകാം. തൊഴിലാളികളുടെ ക്ഷാമം മുതൽ മൂലധനദൗർലഭ്യം വരെയുള്ള പ്രശ്നങ്ങൾ എളുപ്പം പരിഹരിക്കാനാകില്ല. എങ്കിലും ചില അടിയന്തര നടപടികൾ എടുക്കും എന്നു പലരും കരുതി. പക്ഷേ ഉണ്ടായില്ല.

വേണ്ടതു ചെയ്യുന്നില്ല

നിർമാണ മേഖല ഉയിർത്തെഴുന്നേറ്റാലേ സാമ്പത്തിക വളർച്ച തിരിച്ചുവരൂ. പക്ഷേ ഡവലപ്പർമാരെയും സമാന്തര ബാങ്കുകളെയും സഹായിക്കുന്നു എന്നു വരുത്താൻ ഷി ആഗ്രഹിക്കുന്നില്ല. അതാണു പ്രശ്നം.

ഈയാഴ്ച ആദ്യം ചൈനീസ് കേന്ദ്ര ബാങ്ക് ഹ്രസ്വകാല പലിശ കുറച്ചെങ്കിലും ദീർഘകാല പലിശയിൽ മാറ്റം വരുത്തിയില്ല. ഹ്രസ്വകാല പലിശയിൽ 0.15 ശതമാനം കുറയ്ക്കുമെന്നു കരുതിയെങ്കിലും 0.10 ശതമാനമാണ് കുറച്ചത്. ഭവനവായ്പയുടെ നിരക്കിനെ ബാധിക്കുന്ന ദീർഘകാല പലിശനിരക്ക് കുറച്ചില്ല. ഇതെല്ലാം വിപണിക്കു നിരാശയായി. യുവാന്റെ വിനിമയ നിരക്ക് വീണ്ടും താണു. ഈ വർഷം ഇതുവരെ യുവാന്റെ നിരക്ക് ആറു ശതമാനത്തിലധികം താണിട്ടുണ്ട്.

ചൈന വളർച്ചയുടെ പാതയിൽ നിന്നു വഴുതി വീഴും എന്നു പറയാറായിട്ടില്ല. പക്ഷേ വളർച്ചത്തോത് തീരെ കുറവാകാം. ഈ വർഷം 5.2 ശതമാനം വളർച്ച നേരത്തേ പ്രവചിച്ച യുബിഎസ് ഇപ്പോൾ പറയുന്നത് 4.8 ശതമാനമേ ഉണ്ടാകൂ എന്നാണ്. അടുത്ത വർഷത്തെ വളർച്ചപ്രതീക്ഷ അഞ്ചിൽ നിന്നു 4.2 ശതമാനമായും കുറച്ചു.

ചൈന ക്ഷീണിച്ചാൽ

കഴിഞ്ഞ പത്തുവർഷം ആഗാേളവളർച്ചയുടെ 41 ശതമാനം ചെെനയുടെ സംഭാവനയായിരുന്നു. അമേരിക്കൻ സംഭാവന 22 ശതമാനവും. വരുന്ന പത്തു വർഷം ചെെനയ്ക്കു ഗണ്യമായ സംഭാവന നൽകാൻ പറ്റുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

ചൈനയുടെ വളർച്ച കുറഞ്ഞ തോതിലാകുമ്പോൾ എന്തു സംഭവിക്കും? ലോക ജിഡിപിയുടെ 18 ശതമാനം കൈയാളുന്ന രാജ്യം പിന്നോട്ടു പോകുമ്പോൾ ആഗാേള വളർച്ച ചുരുങ്ങും. ലോകവാണിജ്യം ചുരുങ്ങും. ചൈനയിലേക്ക് ഉൽപന്നങ്ങൾ നൽകുന്ന ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ, ഏഷ്യൻ രാജ്യങ്ങളും ഓസ്ട്രേലിയയും ഒക്കെ ക്ഷീണം അറിയും. യുഎസ് പരുത്തി, ചോളം, പോർക്ക് കർഷകരുടെ ഉൽപന്നങ്ങൾക്കും ഫാക്ടറി ഉൽപന്നങ്ങൾക്കും ഡിമാൻഡ് കുറയും. ഇന്ത്യയുടെ ഇരുമ്പയിര്, പിണ്ണാക്ക്, സമുദ്രാേൽപന്ന കയറ്റുമതിക്കും ക്ഷീണമാകും. ചൈനയിൽ നിന്നു കുറഞ്ഞ വിലയ്ക്ക് ഉൽപന്നങ്ങൾ കിട്ടാതാകുമ്പോൾ യൂറോപ്പും അമേരിക്കയും മറ്റു രാജ്യങ്ങളും വിഷമത്തിലാകും.

ചൈന ക്ഷീണിക്കുന്നത് മറ്റുള്ളവർക്കു നേട്ടമല്ല, കോട്ടമാണു വരുത്തുക എന്നു വ്യക്തം.