image

26 Feb 2023 9:30 AM GMT

Premium

ഒരു വര്‍ഷത്തിനുള്ളില്‍ നേടാം 4 ലക്ഷം രൂപ, കെഎസ്എഫ്ഇ ചിട്ടിയിലൂടെ

MyFin Bureau

ഒരു വര്‍ഷത്തിനുള്ളില്‍ നേടാം 4 ലക്ഷം രൂപ, കെഎസ്എഫ്ഇ ചിട്ടിയിലൂടെ
X

Summary

  • ലോണായാലും ചിട്ടിയാലും മറ്റേതുമായാലും ചിന്തിച്ചുചെയ്യുക എന്നതാണ് പ്രധാനം.


പെട്ടെന്ന് പണം ആവശ്യമായി വന്നാല്‍ നമ്മള്‍ എന്തുചെയ്യും. ചിലര്‍ ലോണെടുക്കും, മറ്റു ചിലര്‍ കടംവാങ്ങും. അങ്ങനെ പലവിധത്തിലുള്ള വാതിലുകള്‍ നമ്മള്‍ കണ്ടെത്തും. ആവശ്യമായ തുക പലരില്‍ നിന്നു ലഭിക്കുമെങ്കിലും അതുകഴിഞ്ഞുള്ള കാര്യങ്ങള്‍ ചിലപ്പോള്‍ അത്ര സുഖകരമാകണമെന്നില്ല. തിരിച്ചുകൊടുക്കലും അത്യാവശ്യമാണല്ലോ.

പണം നേടാന്‍ പല വഴികളുണ്ട്. അതില്‍ നിന്നും ഏറ്റവും നല്ല വഴിയാണ് നാം തിരഞ്ഞെടുക്കേണ്ടത്. ലോണായാലും ചിട്ടിയാലും മറ്റേതുമായാലും ചിന്തിച്ചുചെയ്യുക എന്നതാണ് പ്രധാനം.

കേരള സര്‍ക്കാരിന്റെ കെഎസ്എഫ്ഇ ചിട്ടികളെ കുറിച്ച് കേള്‍ക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ ചുരുങ്ങിയ സമയം കൊണ്ട് കുറച്ചധികം തുക നേടാന്‍ ഏതു ചിട്ടിയില്‍ ചേരണമെന്നത് പലര്‍ക്കും അറിയാന്‍ വഴിയില്ല. അങ്ങനെയുള്ള ചിട്ടികളെ പരിചയപ്പെടാം.

പണത്തിനുള്ള ആവശ്യം പലര്‍ക്കും പലതാണ്. ആവശ്യത്തിനനുസരിച്ചാണ് ചിട്ടികളും തിരഞ്ഞെടുക്കേണ്ടത്. വേഗത്തില്‍ പണം ലഭിക്കുന്നതിനായി കെഎസ്എഫ്ഇയില്‍ ചേരേണ്ടത് ഹ്രസ്വകാല ചിട്ടിയിലാണ്. കുറഞ്ഞ വരിക്കാരും കുറഞ്ഞ കാലയളവുമായതിനാല്‍ തന്നെ പരമാവധി ലേലക്കിഴിവില്‍ ലേലം വിളിക്കുവാന്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാകില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ആവശ്യമുള്ള സമയത്ത് കുറവില്ലാത്ത ഒരു തുക തന്നെ ലഭിക്കും.

ചിട്ടിത്തുക പെട്ടെന്നു കിട്ടുന്നതിനായി 25 മാസം മുതല്‍ 60 മാസം വരെ കാലാവധിയുള്ള ഹ്രസ്വകാല ചിട്ടി തെരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. പരമാവധി കിഴിവില്‍ ലേലം വിളിക്കുവാന്‍ കൂടുതല്‍ പേരുണ്ടാകില്ല എന്നതുകൊണ്ടുതന്നെ വേഗത്തില്‍ ലേലം ആരംഭിക്കുകയും ആവശ്യമായ തുകയ്ക്ക് തന്നെ ലേലം വിളിച്ചെടുക്കാന്‍ സാധിക്കുകയും ചെയ്യുന്നു. മാസത്തില്‍ 1000 രൂപ മുതല്‍ 6 ലക്ഷംരൂപ വരെ തവണയുള്ള ചിട്ടികള്‍ ഈ വിഭാഗത്തില്‍ ഉണ്ട്. ഇതില്‍ ഏറ്റവും എളുപ്പത്തില്‍ പണം ആവശ്യമുള്ളവര്‍ക്ക് 60 മാസം വരെയുള്ള ഹ്രസ്വകാല ചിട്ടി രെഞ്ഞെടുക്കാവുന്നതാണ്.

2 വര്‍ഷത്തിനുള്ളില്‍ 4 ലക്ഷംരൂപ വരെ ആവശ്യമായി വരുന്നവര്‍ക്ക് ചേരാന്‍ സാധിക്കുന്ന ചിട്ടികള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

25 മാസചിട്ടി

25 മാസം കാലാവധിയുള്ള ചിട്ടിയാണിത്. പ്രതിമാസം 20,000 രൂപയാണ് ഇതിന് അടവായി വരുന്നത്. 5ലക്ഷം രൂപയുടെ ഈ ചിട്ടിയില്‍ നിന്നും വേഗത്തില്‍ 4 ലക്ഷംരൂപ നേടാന്‍ സാധിക്കും. 2 വര്‍ഷവും ഒരുമാസവുമുള്ള അടവില്‍ ചിട്ടിയില്‍ നിന്നും 30% കിഴിവില്‍ വിളിച്ചെടുത്താല്‍ മൂന്നര ലക്ഷം രൂപ നേടാന്‍ സാധിക്കും.

ഒരു വര്‍ഷം കൊണ്ട് 4 ലക്ഷം നേടാന്‍ ഈ ചിട്ടി ഉപകരിക്കും. 30 ശതമാനം കിഴിവില്‍ പോകുന്ന മാസങ്ങളില്‍ ചിട്ടാര്‍മാര്‍ക്ക് 5000 രൂപാവീതം ലാഭവിഹിതം ലഭിക്കും. മാസത്തില്‍ 15,000 20,000 രൂപയ്ക്ക് ഇടയില്‍ തവണ അടക്കാന്‍ സാധിക്കുന്നവര്‍ക്ക് ഈ ചിട്ടിയില്‍ ചേരാവുന്നതാണ്.

50 മാസചിട്ടി

10,000 രൂപ മാസ അടവില്‍ 50 മാസത്തില്‍ 5 ലക്ഷം രൂപ ലഭിക്കുന്ന ചിട്ടിയാണിത്. 10,000 രൂപ എന്നത് പരമാവധി മാസ അടവാണ്. കുറഞ്ഞ അടവായ 7500 രൂപയ്ക്കും ഈ ചിട്ടിയില്‍ ചേരാവുന്നതാണ്. ഏകദേശം 15 മാസത്തിനുള്ളില്‍ 4 ലക്ഷം രൂപ ആവശ്യമുള്ളവര്‍ക്ക് പരിഗണിക്കാവുന്ന റെഗുലര്‍ ചിട്ടിയാണിത്. റെഗുലര്‍ ചിട്ടിയായതുകൊണ്ടുതന്നെ പരമാവധി ലേലക്കിഴിവ് 30 ശതമാനം ആണ്. അതുകൊണ്ടുതന്നെ മാസത്തില്‍ മൂന്നരലക്ഷം വരെ നേടാന്‍ സാധിക്കും.

40 മാസചിട്ടി

ഒരു വര്‍ഷം കൊണ്ട് 4 ലക്ഷം രൂപ നേടാന്‍ സാധിക്കുന്ന മറ്റൊരു ചിട്ടിയാണ് 40 മാസചിട്ടി. 5 ലക്ഷത്തിന്റെ ഈ ചിട്ടിയുടെ മാസ അടവ് 12,500 രൂപയാണ്. 40 മാസമാണ് ഇതിന്റെ കാലാവധി (3 വര്‍ഷവും 4 മാസവും). 30 ശതമാനം കിഴിവിലാണ് ചിട്ടി പരമാവധി താഴ്ന്നുപോകുന്നത്. അങ്ങനെയുള്ള മാസങ്ങളില്‍ 9375 രൂപ ചിട്ടിയിലേക്ക് അടച്ചാല്‍ മതി. ചിട്ടിയില്‍ താഴ്ത്തി വിളിക്കാവുന്ന തുക എന്നത് ഒന്നരലക്ഷംരൂപയാണ്.

ചിട്ടി എങ്ങനെ ലഭിക്കും?

നമുക്കാവശ്യമായ ചിട്ടി എവിടെനിന്ന് ലഭിക്കും എന്നത് ഒരു ചോദ്യമാണ്. നമ്മുടെ ചുറ്റുവട്ടത്തെ കെഎസഎഫ്ഇകളുടെ ബ്രാഞ്ചില്‍ ഇത്തരത്തിലുള്ള ചിട്ടി നടക്കുന്നുണ്ടോ എന്നും നമുക്ക് ആവശ്യമായ ചിട്ടി ഉണ്ടോ എന്നും അറിയുക പ്രയാസമാണ്. ഇതറിയണമെങ്കില്‍ നേരിട്ടു പോയോ ഫോണ്‍ വിളിച്ചോ അന്വേഷിക്കുക എന്നതാണ് ഒരു ഓപ്ഷന്‍. അതല്ലെങ്കില്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗം എന്നത് കെഎസ്എഫ്ഇ ഓണ്‍ലൈനില്‍ കയറി നോക്കുക എന്നതാണ്. കെഎസ്എഫ്ഇയുടെ വെബ്സൈറ്റില്‍ നിന്നും വളരെ എളുപ്പത്തില്‍ തൊട്ടടുത്ത പ്രദേശങ്ങളില്‍ ഉള്ള കെഎസ്എഫ്ഇ ബ്രാഞ്ചുകളില്‍ പുതുതായി തുടങ്ങുന്ന ചിട്ടികളെ കുറിച്ചുള്ള വിശദവിവരങ്ങള്‍ അറിയാന്‍ സാധിക്കും.