17 March 2023 5:30 AM GMT
Summary
- 299 രൂപ മുതല്‍ ലഭിക്കുന്നൊരു അപകട ഇന്‍ഷൂറന്‍സാണ് പോസ്റ്റ് ഓഫീസ് പേയ്മെന്റ് ബാങ്ക് നല്‍കുന്നത്
ഓരോരുത്തരും ജീവിതത്തില്‍ ഉള്‍പ്പെടുത്തേണ്ടൊരു സാമ്പത്തിക ഉപകരമാണ് ഇന്‍ഷൂറന്‍സ്. ജീവിതത്തെ സുരക്ഷിതമാക്കിവയ്ക്കാനുള്ള ഒരു ടൂളെന്ന് തന്നെ പറയാം. ഇന്‍ഷൂറന്‍സ് നോക്കുന്നൊരാള്‍ക്ക് കുറഞ്ഞ ചെലവില്‍ ലഭിക്കുന്നൊരു ഇന്‍ഷൂറന്‍സ് സ്‌കീം പരിചയപ്പെടാം. തപാല്‍ വകുപ്പിന് കീഴിലുള്ള പോസ്റ്റ് ഓഫീസ് പേയ്മെന്റ് ബാങ്കാണ് കുറഞ്ഞ ചെലവില്‍ ഇന്‍ഷൂറന്‍സ് അവതരിപ്പിച്ചിട്ടുള്ളത്. 299 രൂപ മുതല്‍ ലഭിക്കുന്നൊരു അപകട ഇന്‍ഷൂറന്‍സാണ് പോസ്റ്റ് ഓഫീസ് പേയ്മെന്റ് ബാങ്ക് നല്‍കുന്നത്. ബാങ്കില്‍ അക്കൗണ്ടുള്ളവര്‍ക്കാണ് ഇന്‍ഷൂറന്‍സ് ലഭിക്കുക
രണ്ട് തരം പ്ലാനുകള്‍
പോസ്റ്റ് ഓഫീസ് പേയ്മെന്റ് ബാങ്കിന്റെ ഇന്‍ഷൂറന്‍സ് വഴി അപകട മരണങ്ങള്‍, അപകടത്തെ തുടര്‍ന്നുണ്ടായ ശാരീരിക വൈകല്യങ്ങള്‍ക്ക് എന്നിവയ്ക്ക് 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കും. ഇതിന് 299 രൂപ, 399 രൂപ എന്നിങ്ങനെ വാര്‍ഷിക പ്രീമിയം വരുന്ന രണ്ട് പോളിസികള്‍ വാങ്ങാം. 18 വയസിനും 65 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പോളിസി വാങ്ങാന്‍ സാധിക്കുക. പോളിസി വാങ്ങി 365 ദിവസത്തിനുള്ളില്‍ നടക്കുന്ന അപകടങ്ങള്‍ക്കാണ് താഴെ പറയുന്ന ആനുകൂല്യങ്ങള്‍ ലഭിക്കുക.
പൊതുവായ ആനുകൂല്യങ്ങള്‍
* അപകടത്തില്‍ പോളിസി ഉടമ മരണപ്പെട്ടാല്‍ 10 ലക്ഷം രൂപ ലഭിക്കും. വൈകല്യം, അവയവഛേദം എന്നിവ സംഭവിച്ചാലും 10 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും.
* പോളിസി ഉടമയുടെ ആശുപത്രി ചെലവിന് 60,000 രൂപ വരെ ലഭിക്കും. തുക 60,000 രൂപയില്‍ കുറവാണെങ്കില്‍ അത് അനുവദിക്കും.
* കിടത്തി ചികിത്സയ്ക്കാണ് 60,000 രൂപ ലഭിക്കുക. മറ്റു പരിശോധനകളാണെങ്കില്‍ 30,000 രൂപ വരെയോ കുറഞ്ഞ തുകയോ ആണ് അനുവദിക്കുക.
399 രൂപ പോളിസിയില്‍
399 രൂപ വാര്‍ഷിക പ്രീമിയമുള്ള പോളിസി വാങ്ങുന്നൊരാള്‍ക്ക് മുകളില്‍ പറഞ്ഞ ആനുകൂല്യങ്ങള്‍ക്കൊപ്പം അധിക നേട്ടങ്ങളുണ്ട്.
* ആശുപത്രിവാസ സമയത്തെ ദിവസ ചെലവുകള്‍ക്ക് തുക ലഭിക്കും. പ്രതിദിനം 1,000 രൂപ വീതം 10 ദിവസം ഇപ്രകാരം തുക അനുവദിക്കും.
* പോളിസി ഉടമയുടെ രണ്ട് മക്കളുടെ വിദ്യാഭാസ ചെലവുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ അനുവദിക്കും.
* അപകടത്തില്‍ മരണം സംഭവിച്ചാല്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി 5,000 രൂപ ലഭിക്കും.