Summary
- ശേഷാദ്രി 2023 ഒക്ടോബർ 1മുതൽ ചുമതലയേൽക്കും
- മൂന്ന് വർഷത്തേക്കാണ് ചുമതല ലഭിക്കുക
- നിലവിലെ സി ഇ ഒ മുരളി രാമകൃഷ്ണന്റെ കാലാവധി 2023 സെപ്റ്റംബർ 30 ന് അവസാനിക്കും
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടറും സി ഇഒ യും ആയി പി ആർ ശേഷാദ്രി ചുമതലയേൽക്കും. 2023 ഒക്ടോബർ 1 മുതൽ മൂന്ന് വർഷത്തേക്കാണ് ചുമതല. എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ടു കൊണ്ടാണ് തൃശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബാങ്കിന്റെ പുതിയ മേധാവിയായി ശേഷാദ്രിയുടെ പേര് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകരിച്ചത്.
നിലവിലെ സി ഇ ഒ മുരളി രാമകൃഷ്ണന്റെ ഔദ്യോഗിക കാലാവധി 2023 സെപ്റ്റംബർ 30 ന് അവസാനിക്കും. കാലാവധി അവസാനിച്ച് ലഭിക്കാവുന്ന അധിക കാലയളവിലേക്ക് സിഇഒ ആയി തുടരേണ്ടതിലെന്ന തീരുമാനത്തെ തുടർന്നാണ് ശേഷാദ്രിയെ ബാങ്കിന്റെ പുതിയ മേധാവിയായി തെരെഞ്ഞെടുത്തത്.
പുതിയ സി ഇ ഒ നിയമനത്തിന് അംഗീകാരം നൽകുന്നതിനായി ബാങ്ക് ഡയറക്ടർ ബോർഡ് യോഗം താമസിയാതെ തന്നെ വിളിച്ചു ചേർക്കുമെന്നും ബാങ്ക് അറിയിച്ചു
.2013 ലെ കമ്പനി നിയമം, സെബി ലിസ്റ്റിംഗ് റെഗുലേഷൻസ് എന്നിവയിലെ വ്യവസ്ഥകൾക്കനുസൃതമായി ബോർഡ് അംഗീകാരം ലഭിച്ചതിനു ശേഷം ഓഹരി ഉടമകളുടെ അംഗീകാരവും ലഭ്യമാവും.
വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത ബിസിനസ് മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച ഒരു മികച്ച ബാങ്കർ ആണ് ശേഷാദ്രി. കാരൂർ വൈശ്യ ബാങ്ക് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ & സി ഇ ഒ, സിങ്കപ്പൂർ സിറ്റി ബാങ്ക് (ഏഷ്യ പസഫിക് ) മാനേജിങ് ഡയറക്ടർ & റീജിയണൽ സെയിൽസ് ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ്, സിറ്റി ഫിനാൻഷ്യൽ കൺസ്യുമർ ഫിനാൻസ് ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നിലവിൽ വിവിധ കമ്പനികളുടെ ബിസിനസുകൾക്ക് പ്രവർത്തനതലത്തിലും ബോർഡ് തലത്തിലും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന വ്യക്തിയാണ് അദ്ദേഹം.